കൊല്‍ക്കത്ത - ആവേശകരമായ സെമി ഫൈനലില്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ അട്ടിമറിച്ച് ഗോകുലം കേരളാ എഫ്.സി ഡ്യൂറന്റ് കപ്പ് ഫുട്ബോളിന്റെ ഫൈനലിലെത്തി. നിശ്ചിത സമയത്തിന്റെ ഇഞ്ചുറി ടൈമില്‍ മാര്‍ക്കസ് ജോസഫിന്റെ ഗോളിലൂടെ 1-1 സമനില നേടിയാണ് ഗോകുലം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും ആയുസ്സ് നീട്ടിയത്. എക്സ്ട്രാ ടൈമില്‍ ഗോള്‍ പിറന്നില്ല. ഷൂട്ടൗട്ടില്‍ മലയാളി ഗോളിമാരാണ് ഇരു ടീമുകളുടെയും വല കാത്തത്. ഈസ്റ്റ് ബംഗാളിന് രണ്ടാമത്തെയും അഞ്ചാമത്തെയും കിക്കുകള്‍ ഗോകുലം ഗോളി സി.കെ ഉബൈദ് രക്ഷിച്ചു. സാന്റോസിനും തോണ്ടോംബക്കുമാണ് പിഴച്ചത്. ലാല്റിന്ഡികെ റാള്‍ടെ എടുത്ത ആദ്യ കിക്ക് ക്രോസ്ബാറിനിടിച്ചു മടങ്ങി. ഗോകുലത്തിന്റെ മാലെംഗാംബ മീഠെയിയുടെ കിക്ക് ഈസ്റ്റ് ബംഗാള്‍ ഗോളി കെ. മിര്‍ഷാദും തടുത്തു. ഷൂട്ടൗട്ടില്‍ 3-2 ന് ഗോകുലം ജയിച്ചു.