കിംഗ്സ്റ്റൺ - ഓപണർ എവിൻ ലൂയിസിന്റെ തട്ടുതകർപ്പൻ സെഞ്ചുറി ഇന്ത്യക്കെതിരായ ട്വന്റി20 യിൽ വെസ്റ്റിൻഡീസിന് ഒമ്പതു വിക്കറ്റിന്റെ ഉജ്വല വിജയം സമ്മാനിച്ചു. ആറിന് 190 എന്ന ഇന്ത്യയുടെ മികച്ച സ്‌കോർ ഒരോവർ ശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിൻഡീസ് മറികടന്നു. തുടക്കത്തിൽ കിട്ടിയ ജീവൻ മുതലാക്കിയ എവിൻ (62 പന്തിൽ 125 നോട്ടൗട്ട്, 6-12, 4-6) പന്ത്രണ്ടാമത്തെ സിക്‌സറിലൂടെ ടീമിന് വിജയം സമ്മാനിച്ചാണ് മടങ്ങിയത്. ട്വന്റി20 ചെയ്‌സിൽ ഉയർന്ന സ്‌കോറാണ് ഓപണറുടേത്.
ഇന്ത്യക്കെതിരായ തുടർച്ചയായ രണ്ടാമത്തെ ട്വന്റി20 യിലാണ് എവിൻ തകർത്തടിക്കുന്നത്. ഫ്‌ളോറിഡയിൽ നടന്ന ഇന്ത്യക്കെതിരായ അവസാന ട്വന്റി20 യിൽ 49 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ എവിൻ ഇത്തവണ ഒമ്പത് സിക്‌സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 53 പന്തിലാണ് സെഞ്ചുറി പിന്നിട്ടത്. ക്രിസ് ഗയ്ൽ (18) നിരാശപ്പെടുത്തിയെങ്കിലും മാർലൺ സാമുവേൽസിനൊപ്പം (29 പന്തിൽ 36 നോട്ടൗട്ട്) എവിൻ വിജയം പൂർത്തിയാക്കി. രാജ്യാന്തര ട്വന്റി20 യിൽ വിൻഡീസ് ബാറ്റ്‌സ്മാന്റെ ഉയർന്ന സ്‌കോറാണ് ഇത്.
വിരാട് കോഹ്‌ലിയും (22 പന്തിൽ 39) ശിഖർ ധവാനും (12 പന്തിൽ 23) അരങ്ങേറ്റക്കാരൻ റിഷഭ് പന്തും (35 പന്തിൽ 38) ദിനേശ് കാർത്തികുമാണ് (29 പന്തിൽ 48) ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിച്ചത്.