Sorry, you need to enable JavaScript to visit this website.

ഓമനക്കുട്ടാ മാപ്പ്‌

ആദ്യം വഞ്ചകനാക്കി, പാർട്ടി പുറത്താക്കി പിന്നെ വിശ്വസ്തനാക്കി, മാപ്പപേക്ഷിച്ചു

'എന്റെ നാട്ടുകാർക്ക് എന്നെ അറിയാം. 24 വർഷമായി സി.പി.എമ്മിന്റെ പ്രാദേശിക നേതൃനിരയിൽ പ്രവർത്തിക്കുന്നു. മുഴുവൻ സമയവും പാവപ്പെട്ട ദളിതർക്കു വേണ്ടി ഓടി നടക്കുന്നു. ആരിൽ നിന്നും അഞ്ചു പൈസ പോലും വാങ്ങില്ല. ഈ നാട്ടുകാർക്ക് എന്നിൽ പൂർണ വിശ്വാസമാണ്. പാർട്ടിക്കും അങ്ങനെ തന്നെ. പെട്ടന്നൊരു വാർത്ത ചാനലുകളിൽ കണ്ടപ്പോൾ ജില്ലാ നേതൃത്വം സസ്‌പെൻഷൻ നടപടി സ്വീകരിച്ചു. സത്യം ബോധ്യപ്പെട്ടപ്പോൾ എല്ലാവരും കുറ്റസമ്മതം നടത്തി. ധനമന്ത്രി ഡോ.തോമസ് ഐസക് നേരിട്ടെത്തി. മന്ത്രി ജി.സുധാകരൻ ടെലിഫോണിലും വിളിച്ചു. എനിക്ക് ആരോടും പരിഭവമില്ല. പണപ്പിരിവെന്ന് പറഞ്ഞ് സർക്കാരിനെ മോശമാക്കാൻ ശ്രമിച്ച ചില ബി.ജെ.പിക്കാരുടെ പൂച്ച് പുറത്തായി.'
    ഓമനക്കുട്ടന്റെ വാക്കുകളാണിത്.


ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. 
ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ... 

ഓമനക്കുട്ടാ മാപ്പ്...


ഒറ്റ വാക്കിന്റെ മുനയാൽ നിസ്സഹായരായി പോകുന്ന മനുഷ്യരുണ്ട്. ആർക്കും അറിയാത്ത കാരണങ്ങളാൽ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്ന മനുഷ്യർ. അത്തരം ഒരു മനുഷ്യന്റെ നിസ്സഹായതയുടെ തൊട്ടുമുമ്പത്തെ ദിവസത്തെ പേരാണ് ഓമനക്കുട്ടൻ. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെ കണ്ണികാട്ട് അംബേദ്കർ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചുവരുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് ഓമനക്കുട്ടൻ എന്ന പൊതുപ്രവർത്തകൻ ഒരു പകൽ മുഴുവൻ സംശയത്തിന്റെ മുനയിൽ നിന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസും സ്ഥലത്തെത്തി പൊട്ടിത്തെറിച്ച് മന്ത്രി ജി. സുധാകരനും ഓട്ടക്കീശ മാത്രം സമ്പാദ്യമുള്ള ഒരു മനുഷ്യന് മേൽ പാഞ്ഞടുത്തു. രണ്ടാമതൊന്ന് ആലോചിക്കാതെ ചാനലുകളും പത്രങ്ങളും ഓമനക്കുട്ടനെ കള്ളനാക്കുകയായിരുന്നു. കള്ളനാക്കിയവരെല്ലാം അധികം വൈകാതെ ഓമനക്കുട്ടനൊപ്പം നിന്നു. സന്തോഷമായി, എന്നെ തിരിച്ചറിഞ്ഞല്ലോ എന്നു പറയുമ്പോഴും നിസ്സഹായതയും നിരാശയും മൂടിയ മുഖം ഒട്ടിച്ചുവെച്ചാണ് ആ മനുഷ്യൻ ചിരിക്കുന്നത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഓമനക്കുട്ടൻ ചെയ്ത തെറ്റ് അരിയുമായി വന്ന ഓട്ടോ റിക്ഷക്ക് കൊടുക്കാൻ 75 രൂപ പിരിച്ചെടുത്തതാണ്. മുപ്പത്തഞ്ചു വർഷമായി മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിൽ ഇപ്പോഴും വൈദ്യുതിയില്ല എന്നത് ഒരു മഴ വരുമ്പോഴേക്കും എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോകേണ്ടി വരുന്ന കുറെ മനുഷ്യരുടെ നിസ്സഹായതയുടെ കൂടി ബാക്കിപത്രമാണ്. എന്നും എപ്പോഴും എവിടെയും നഷ്ടങ്ങൾ മാത്രം സഹിച്ച് ജീവിക്കേണ്ടി വരുന്ന കുറെ മനുഷ്യർ. അവരുടെയെല്ലാം മുഖം ഓമനക്കുട്ടന്റെ മുഖം പോലെ തന്നെയാണ്. 

 

ഒന്നാം ഘട്ടം:

ചേർത്തല തെക്ക് പഞ്ചായത്തിലെ കുറുപ്പൻകുളങ്ങരയിലെ കമ്യൂണിറ്റി കേന്ദ്രത്തിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഒരു ഓട്ടോ റിക്ഷ നിറയെ അരിയും പച്ചക്കറിയുമെത്തി. റിക്ഷാ കൂലി കൊടുക്കാൻ 170 രൂപ വേണം. സ്ഥലം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും പൊതു പ്രവർത്തകനും ഇതേ ക്യാമ്പിലെ അന്തേവാസിയുമായ ഓമനക്കുട്ടൻ പോക്കറ്റിൽ തപ്പിയപ്പോൾ 100 രൂപയേ ഉള്ളൂ. 70 രൂപയുടെ കുറവുണ്ട്. അവിടെയുണ്ടായിരുന്ന അമ്മമാർ പത്തും ഇരുപതും വെച്ച് നൽകി. 170 രൂപയായപ്പോൾ ഓട്ടോയ്ക്ക് കൊടുത്തു വിട്ടു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഓമനക്കുട്ടന്റെ എഴുപത് രൂപ പിരിവ് ലോകമെങ്ങും പരന്നു. ഈ സമയവും ഓമനക്കുട്ടൻ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പും മറ്റുമായി തിരക്കിലായിരുന്നു. വൈദ്യുതി എത്താത്ത കമ്യൂണിറ്റി സെന്ററിൽ അടുത്ത വീട്ടിൽ നിന്ന് കറന്റ് എടുക്കാൻ ശ്രമം നടത്തുമ്പോഴാണ് ഓമനക്കുട്ടനെക്കുറിച്ചുള്ള വാർത്ത ടി.വിയിൽ കാണുന്നതായി ആരൊക്കെയോ വന്ന് പറഞ്ഞത്. ഉടൻ അടുത്ത വീട്ടിലെ ടി.വിക്കു മുന്നിലേക്ക് ഓടി. ഓമനക്കുട്ടനൊപ്പം അന്തേവാസികളായ ഭാര്യയും മക്കളും നാട്ടുകാരുമൊക്കെയുണ്ട്. വാർത്തയിൽ ഓമനക്കുട്ടനെ കാണിക്കുന്നു. ഒപ്പം സി.പി.എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പും. ദുരിതാശ്വാസ ക്യാമ്പിൽ അനധികൃത പിരിവ് നടത്തിയ ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ പാർട്ടിയിൽ പുറത്താക്കിയെന്ന്. ഒന്നും മിണ്ടാതിരുന്ന ഓമനക്കുട്ടനെ ആശ്വസിപ്പിച്ചത് ക്യാമ്പിലെ അന്തേവാസികളായ അമ്മമാരാണ്. ടി.വി വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയും മുഖവിലയ്‌ക്കെടുത്ത് ചേർത്തല തെക്ക് വില്ലേജ് ഓഫീസർ പോലീസിൽ പരാതി നൽകി. കേട്ടപാടെ, കേൾക്കാത്ത പാടെ അർത്തുങ്കൽ പോലീസ് ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. 

രണ്ടാം ഘട്ടം:

നാട്ടുകാർക്ക് മുഴുവൻ സഹായിയായ ഓമനക്കുട്ടന്റെ നിരപരാധിത്വം തെളിയിക്കാൻ പ്രദേശത്തെ ഒരു പറ്റം യുവാക്കൾ രംഗത്തെത്തി. അവർ ഓമനക്കുട്ടന് പറയാനുളളത് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ കേൾപ്പിച്ചു. 30 വർഷത്തിലേറെയായി തടർച്ചയായി 100 ലധികം പേരെത്തുന്ന ക്യാമ്പാണിത്. തെക്ക് പഞ്ചായത്തിലെ അംബേദ്കർ കോളനിയിൽ നിന്നുള്ള പാവപ്പെട്ട പട്ടികവർഗക്കാരാണധികവും. ഇവിടേക്ക് വല്ലപ്പോഴും കുറച്ച് അരിയും പച്ചക്കറിയും നൽകുമെന്നല്ലാതെ വില്ലേജ്  പഞ്ചായത്ത് അധികൃതർ യാതൊന്നും നൽകാറില്ല. ഓമനക്കുട്ടനെ പോലുള്ളവർ സുമനസ്സുകളെ കണ്ടെത്തി വല്ലതും സ്വരൂപിച്ച് എത്തിക്കും. അത് അന്തേവാസികൾ കൂടി പാചകം ചെയ്ത് വിളമ്പി ഭക്ഷിക്കും. ചില്ലറ ചെലവുകൾ വരുമ്പോൾ ഇതുപോലെ ചെറിയ പിരിവ് നടത്തി(പിരിവെന്നാൽ പലപ്പോഴും നൂറോ ഇരുന്നൂറോ രൂപയുടേതാണ്) കാര്യം നടത്തും. അടുത്ത വീട്ടിൽ നിന്ന് കറൻറ് എടുക്കുന്നതിനും ഇത്തരത്തിൽ പിരിവ് നടത്തിയാണ് നൽകുന്നത്. ഓമനക്കുട്ടനൊപ്പം ക്യാമ്പിലെ അന്തേവാസികളായ അമ്മമാരും മറ്റും ഇത് സമൂഹ മാധ്യമത്തിലൂടെ വിളിച്ചു പറഞ്ഞപ്പോൾ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മന്ത്രിമാരുമൊക്കെ ശ്രദ്ധിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയെന്നും ഓമനക്കുട്ടൻ നിരപരാധിയാണെന്നും ഫേസ് ബുക്കിൽ കുറിച്ചു. മാധ്യമങ്ങൾ ഇതും വാർത്തയാക്കി. ഒരു ദിവസം വഞ്ചകനായ ഓമനക്കുട്ടനോട് എല്ലാവരും മാപ്പ് പറഞ്ഞു. മന്ത്രി തോമസ് ഐസക്കും പാർട്ടി ജില്ലാ നേതാക്കളും ഓമനക്കുട്ടനെ കാണാനെത്തി. മന്ത്രിമാരായ ജി.സുധാകരനും പി. തിലോത്തമനും ഫോണിൽ വിളിച്ചു സംസാരിച്ചു.

 

ബി.ജെ.പിക്കാരുടെ കുതന്ത്രം

സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനെ മോശമാക്കാനുള്ള ബി.ജെ.പിക്കാരുടെ കുതന്ത്രമാണ് സംഭവത്തിന് പിന്നിലെന്ന് ഓമനക്കുട്ടൻ പറയുന്നു. പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രവർത്തകൻ പിരിവ് നടത്തുന്നുവെന്ന പ്രചാരണം നടത്തി സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാനാണ് സംഘ പരിവാർ ശ്രമം നടത്തിയത്. എന്നാൽ സത്യം എവിടെയാണെങ്കിലും വിജയിക്കും. ഇവിടെ അതിന് ഒട്ടും താമസിക്കേണ്ടി വന്നില്ല.

ചാനൽ നോക്കി സി.പി.എം നടപടി

ചാനലിലെ വാർത്തയും നവ മാധ്യമങ്ങളിലെ വീഡിയോയും നോക്കി പാർട്ടി എൽ.സി അംഗത്തിനെതിരേ നടപടി എടുത്തതിന് സി.പി.എം ജില്ലാ നേതൃത്വത്തിന് വിമർശനം. കാര്യങ്ങൾ തിരക്കാതെ കാലങ്ങളായി പാർട്ടിക്കൊപ്പം നിൽക്കുന്ന ഒരാളെ പുറത്താക്കാൻ തീരുമാനിക്കുമ്പോൾ കുറഞ്ഞ പക്ഷം നടപടി നേരിടുന്ന ആളിന്റെയെങ്കിലും ഭാഗം കേൾക്കാൻ തയാറായില്ലത്രേ. ഏരിയാ  ലോക്കൽ തലങ്ങളിലൊന്നും ജില്ലാ നേതൃത്വം അന്വേഷണം നടത്തിയില്ല.

ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ ശ്രമിച്ച പോലീസ് ഓമനക്കുട്ടനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിലും വിമർശനം. ഇതേ രീതിയിലാണ് സോഷ്യൽ മീഡിയ പോലീസിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ കാര്യങ്ങൾ ബോധ്യപ്പെട്ട പോലീസ് ഓമനക്കുട്ടനെ നിരപരാധിയായി പ്രഖ്യാപിച്ചു.

കുറ്റക്കാർ വില്ലേജ് ഓഫീസ് അധികൃതർ

പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ട വില്ലേജ് ഓഫീസ് അധികൃതരാണ് കുറ്റക്കാർ. അന്തേവാസികൾക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കേണ്ടവരാണവർ. ഇവിടുത്തെ ക്യാമ്പിൽ അരി എത്തിക്കാൻ ബാധ്യതപ്പെട്ടവർ മാറി നിന്നപ്പോൾ ഓമനക്കുട്ടൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വൈദ്യുതിയും കുടിവെള്ളവുമില്ലാതെ എത്രയോ ദിനങ്ങൾ. അന്നെല്ലാം നാട്ടുകാർക്ക് ആശ്വാസമായത് ഓമനക്കുട്ടനാണ്. കാര്യം അറിയാവുന്ന വില്ലേജ് അധികൃതർ വ്യാജവാർത്ത കേട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.


ഓമനക്കുട്ടനും ഭാര്യ രാജേശ്വരിയും രണ്ട് മക്കളും ഇന്നലെ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് പോയി. കുറുപ്പുകര ഭാവനാലയം. പണിതീരാത്ത ചെറിയ വീടാണ് ഈ അനധികൃത പിരിവുകാരന്റെ  വസതി.

ദുരന്ത നിവാരണ സമിതി തലവൻ വേണു വാസുദേവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഓമനക്കുട്ടനെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ ക്ഷമ ചോദിച്ചും അദ്ദേഹത്തോട് മാപ്പു പറഞ്ഞും റവന്യൂ സെക്രട്ടറിയും ദുരന്ത നിവാരണ തലവനുമായ വേണുവാസുദേവൻ നേരിട്ട് രംഗത്തെത്തുകയും ചെയ്തു. 
ക്യാമ്പിലെ അന്തേവാസികളിൽ നിന്നും പണപ്പിരിവ് നടത്തേണ്ട സാഹചര്യമില്ലെങ്കിലും പലപ്പോഴും ഇത് പ്രായോഗികമല്ലെന്നും റവന്യൂ സെക്രട്ടറി വേണു വാസുദേവൻ പറയുന്നു. പൊടുന്നനെ ഉണ്ടാകുന്നതോ അടിയന്തര ഇടപെടൽ വേണ്ടതോ ഒക്കെയായ സാഹചര്യങ്ങൾ ക്യാമ്പുകളിൽ സംജാതമായേക്കാം. ഒരുപക്ഷേ പെട്ടെന്നുണ്ടായ ഒരപകടമാവാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും. അന്തേവാസികൾ തന്നെ പെട്ടെന്ന് ക്രിയാത്മക ഇടപെടൽ നടത്തി അത് പരിഹരിക്കയും ചെയ്യാം. ചിലപ്പോൾ എന്തെങ്കിലും കുറവ് കണ്ടാൽ അത് നികത്താൻ അവർ റവന്യൂ അധികാരികൾക്കരികിലേക്ക് ഓടിയെത്തണമെന്നില്ല. അവരവർ പരസ്പരം കുറവുകൾ നികത്തും. പാരസ്പര്യത്തിന്റേയും പരസ്പര സ്‌നേഹ സഹകരണങ്ങളുടെയും ആ ഒരു നിമിഷത്തിൽ അവർ ചിലപ്പോൾ കയ്യിലെ അവസാന നാണയങ്ങളെയും ചെലവിടും. ഇത് ദുരിത മുഖത്ത് നിന്നും നാം പഠിച്ച, അറിഞ്ഞ ഒരു പ്രായോഗിക നേർക്കാഴ്ചയാണ് .
അംബേദ്കർ കമ്യൂണിറ്റി ഹാൾ, കണ്ണികാട്ട്, ചേർത്തല എന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സംഭവിച്ചതും അത്തരമൊരു സംഗതിയാണ് . അവിടത്തെ അന്തേവാസിയും പൊതുപ്രവർത്തകനുമാണു ഓമനക്കുട്ടൻ. വളരെ പരിമിതമായ ജീവിത സാഹചര്യത്തിൽ അവസ്ഥയിൽ നിന്നും എല്ലാം വലിച്ചെറിഞ്ഞ്, മഴക്കൊപ്പം കയറിവന്ന ഒരു കൂട്ടം ജനങ്ങളാണവിടെ. 35 വർഷമായി എല്ലാ വർഷവും ക്യാമ്പിലെത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ദുരിതാശ്വാസ ക്യാമ്പുകൾ അവർക്ക് പുതിയ അനുഭവമല്ല. അതിനാൽ അവശ്യ സാഹചര്യങ്ങളിൽ അവർ ഒന്നിച്ച് ഒന്നായി പ്രവർത്തിക്കുന്നു. ഇതിനിടെയാണ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയെന്ന് തെളിവു് സഹിതം പരാതി എത്തിയതെന്നും പോലീസിൽ പരാതി നൽകിയതെന്നും വേണു വാസുദേവൻ പറയുന്നു. എന്നാൽ അധികം വൈകാതെ റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നു.
ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂ വില്ലേജായ ചേർത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാൽ ഗവൺമെന്റ് ചട്ടപ്പടിക്ക് ക്യാമ്പംഗങ്ങൾ കാത്തു നിൽക്കാറില്ല. എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ പ്രവർത്തങ്ങളിലായതിനാൽ പെട്ടെന്ന് ഇത്തരം കാര്യങ്ങളിൽ തീർപ്പുണ്ടാക്കാനാകില്ല. ക്യാമ്പിൽ ആഹാര പദാർത്ഥങ്ങൾ തീരുമ്പോൾ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജോഫീസിലെത്തി, ഇന്റൻഡ് കൈപ്പറ്റി, അരിവാങ്ങി പെട്ടെന്നു തന്നെ ക്യാമ്പിലെത്തിക്കുന്ന ഒരു രീതിയും സ്വാഭാവികമാണെന്നും പ്രായോഗികമായി നടന്നു വരുന്നതാണെന്നും മനസ്സിലായി.
ഈ പതിവാണു കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കാൻ നിർബന്ധിതനായി. അന്വേഷണത്തിൽ മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണ് അദ്ദേഹമെന്നും ബോധ്യപ്പെട്ടു.
അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരമാണെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ്. അത്യധികം ആവശ്യമുള്ള സാഹചര്യത്തിൽ തികച്ചും സ്വാഭാവികമായി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പിറകിലുള്ളത്. ക്യാമ്പംഗങ്ങൾക്കിടയിൽ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശ്യശുദ്ധിയും പ്രവൃത്തിയിലെ സത്യസന്ധതയും ബോധ്യമായി. ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയുമല്ല. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയും. ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്ത നിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.
 

Latest News