Sorry, you need to enable JavaScript to visit this website.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മരിച്ച നിലയില്‍

ചെന്നൈ - തമിഴ്‌നാട്ടുകാരനായ മുന്‍ ഇന്ത്യന്‍ ഓപണര്‍ വി.ബി. ചന്ദ്രശേഖര്‍ മരിച്ച നിലയില്‍. തൂങ്ങിമരിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. അമ്പത്തേഴുകാരന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ആത്മഹത്യാകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. തമിഴ്‌നാട് ട്വന്റി20 ലീഗില്‍ ചന്ദ്രശേഖറിന് വി.ബി കാഞ്ചിവീരന്‍സ് എന്ന ഫ്രാഞ്ചൈസി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടതാവാം കടബാധ്യതയെന്നാണ് കരുതുന്നത്. എം.എസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൊണ്ടുവന്നത് ചന്ദ്രശേഖറായിരുന്നു. മൂന്നു വര്‍ഷത്തോളം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മാനേജറായിരുന്നു അദ്ദേഹം. തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ എക്‌സ്‌പേര്‍ട് കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്നലെ വൈകിട്ട് ചായ കഴിച്ച ശേഷം സ്വന്തം മുറിയിലേക്ക് പോയതായിരുന്നു ചന്ദ്രശേഖര്‍. രണ്ടു മണിക്കൂറായിട്ടും മുറി അടച്ച നിലയില്‍ കണ്ടപ്പോള്‍ ഭാര്യ അന്വേഷിക്കുകയായിരുന്നു. 
ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യക്കു കളിച്ച ചന്ദ്രശേഖറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നാല്‍പതിനു മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്. ചന്ദ്രശേഖറിന്റെ അകാലമരണം ക്രിക്കറ്റ് കുടുംബത്തെ ഞെട്ടിച്ചു. ബി.സി.സി.ഐയും സുരേഷ് റയ്‌ന, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ തുടങ്ങിയ കളിക്കാരും അനുശോചിച്ചു. 
കേരളത്തിനെതിരെ ഗോവക്കു വേണ്ടി നേടിയ 237 റണ്‍സാണ് ചന്ദ്രശേഖറിന്റെ ഉയര്‍ന്ന സ്‌കോര്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 4999 റണ്‍സെടുത്തിട്ടുണ്ട്. 1988 ല്‍ ന്യൂസിലാന്റിനെതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. രണ്ടു വര്‍ഷത്തിനു ശേഷം ഹാമില്‍ടണില്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന ഏകദിനം കളിച്ചു. 
 

Latest News