Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ന് രാത്രി കേരളം അതീവ ജാഗ്രത പുലർത്തണം 

ഇന്ന് രാത്രി കേരളം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.    അറബിക്കടലിൽ കേരളത്തിന്റെ പടിഞ്ഞാറ് വലിയ മേഘക്കൂട്ടങ്ങൾ തമ്പടിച്ചിട്ടുണ്ട്.   ഈ മേഘങ്ങൾ കിഴക്കോട്ട് വന്നാൽ കേരളത്തിൽ കനത്ത മഴ ലഭിക്കും.    ഈ മഴയുടെ ഒരു പാളി ഇപ്പോൾ തന്നെ എറണാകുളം ആലപ്പുഴ ഭാഗത്തു എത്തിയിട്ടുള്ളതിനാൽ ഒന്നിന് പിറകെ ഒന്നായി കൂടുതൽ മേഘങ്ങൾ എത്താൻ സാധ്യതയുണ്ട്.    കൂടാതെ, കർണ്ണാടക തീരത്തു നിന്നുള്ള മേഘങ്ങളും വടക്കൻ തീരത്തേക്ക് എത്തുന്നുണ്ട്.

കാറ്റ് ഇപ്പോൾ തെക്കോട്ടുള്ള ദിശയിലാണ് വീശുന്നതെന്നതിനാൽ വടക്കു നിന്ന് വരുന്ന മേഘങ്ങൾ കേരളത്തിന്റെ വടക്കൻ ജില്ലകളിലെ തീരപ്രദേശങ്ങളിലെല്ലാം തുടർച്ചയായി നല്ല മഴ നൽകാം.  ഇതിനൊപ്പം പടിഞ്ഞാറു നിന്നുള്ള മേഘങ്ങൾ കൂടിയാവുമ്പോൾ മഴ കനക്കാം.   കാറ്റ് കിഴക്കോട്ട് വീശിയാലും പടിഞ്ഞാറു നിന്ന് വരുന്ന മേഘങ്ങൾ മൊത്തം കേരളത്തിലും നല്ല മഴ നൽകും.

എറണാകുളം ഭാഗത്തേക്ക് എത്തുന്ന മേഘങ്ങൾ പകലൊക്കെ കരയ്ക്ക് കയറാൻ മടിച്ചിരുന്നെങ്കിലും ഇപ്പോൾ കര കയറിത്തുടങ്ങിയിട്ടുണ്ട്.  ഏതെങ്കിലും ഒരു കരയിൽ കയറിയാൽ പിന്നെ തെക്കൻ കാറ്റിന്റെ ദിശയിൽ ഇത് പോകാം എന്നതിനാൽ ഈ മേഘങ്ങൾ മൊത്തം തെക്കൻ കേരളത്തിന്റെ തീരത്തും മഴ പെയ്യിക്കാം.  കേരളത്തിന്റെ ആകെ നീളത്തിലും പടിഞ്ഞാറേ ഭാഗത്ത് ഏറെ മേഘങ്ങളുണ്ടെന്നതിനാൽ അവ തീരം കയറാനുള്ള സാധ്യത കൂടുതലാണ്.  എറണാകുളം, ആലപ്പുഴ മാത്രമല്ല, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ ഏതിടത്തു  വെച്ചും ഇത് കര കയറാം.   അതിനാൽ തീരപ്രദേശങ്ങൾക്ക് ഇന്ന് രാത്രി അതീവ ജാഗ്രത നൽകേണ്ടിയിരിക്കുന്നു.  ഇപ്പോഴത്തെ നിലയിൽ കണ്ണൂർകോഴിക്കോട്, എറണാകുളംആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ മേഘങ്ങൾ കര കയറുന്നതിൽ വിജയിച്ചിരിക്കുന്നത്.

കാറ്റ് തെക്കോട്ടാണ് എന്നതാണ് ഇപ്പോൾ കേരളത്തിൽ ഈ മഴ ഇല്ലാത്തവനോ കുറഞ്ഞു പെയ്യാനോ അനുകൂലമായിട്ടുള്ള ഏക ഘടകം.   പക്ഷെ, ഏത് നിമിഷവും കാറ്റിന്റെ ഗതി കിഴക്കോട്ടെടുക്കാം.   ഉദാഹരണത്തിന് ഇന്നലെ രാത്രി കാറ്റ് തെക്കോട്ടായിരുന്നെങ്കിൽ ഇന്ന് കാലത്ത് അത് കിഴക്കോട്ടായിരുന്നു.  വൈകീട്ടായപ്പോൾ വീണ്ടും തെക്കോട്ടായി.    എന്തായാലും, ഇത് കിഴക്കോട്ടെടുത്താൽ കിഴക്കൻ ജില്ലകളിലെല്ലാം കനത്ത മഴ പെയ്യാം.   എറണാകുളം വഴി കര കയറുന്ന മേഘങ്ങൾ കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമെല്ലാം നല്ല മഴ നൽകാം.  മലപ്പുറം, തൃശൂർ ഭാഗത്തു കയറുന്ന മേഘങ്ങൾ പാലക്കാട്, ഇടുക്കി ജില്ലകളിൽ കൂടെ നല്ല മഴ നൽകാം.   വയനാടും ഇങ്ങനെ മഴ കിട്ടാം.  ഇതെഴുതുന്ന സമയത്ത് കാറ്റിന്റെ ഈ ദിശാമാറ്റത്തിന്റെ സൂചനകൾ ലഭിക്കുന്നതിനാൽ കേരളത്തിന്റെ ജാഗ്രത കാസര്‌ഗോടൊഴികെ മൊത്തം ജില്ലകളിലും ആവശ്യമായി വരാം എന്ന് ഞാൻ ഭയപ്പെടുന്നു.

തീരപ്രദേശങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേകിച്ച് വീടുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളവർ സൂക്ഷിക്കണം.  തീരദേശത്തു കൂടെ യാത്ര ചെയ്യുന്നവരും ജാഗ്രതയെടുക്കണം.    മലയോര ജില്ലകളിലുള്ളവർ സുരക്ഷ ഉറപ്പാക്കി ഉറങ്ങാൻ പോവുക.  പുലർച്ചെ പ്രത്യേകം ശ്രദ്ധിക്കണം. 

ജാഗ്രത ആവശ്യപ്പെടുന്ന ജില്ലകൾ മുൻഗണന ക്രമത്തിൽ 

1. തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്. (തീർത്തും ജാഗ്രത) 
2. ആലപ്പുഴ, കണ്ണൂർ (നല്ല ജാഗ്രത)
3. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് (കാറ്റ് തുടർച്ചയായി കിഴക്കോട്ടാണെങ്കിൽ അതീവ ജാഗ്രത)    
 4 കൊല്ലം, തിരുവനന്തപുരം (മേഘങ്ങൾ പടിഞ്ഞാറു നിന്ന് കര കയറുന്നുണ്ടെങ്കിൽ നല്ല ജാഗ്രത).

അനാവശ്യമായ പേടി വേണ്ട എന്ന് പറയുമ്പോഴും ആവശ്യമായ കരുതൽ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.   ഇപ്പോൾ കാണുന്ന രീതി വെച്ച് തെക്കൻ കേരളത്തേക്കാൾ മധ്യകേരളത്തിനും വടക്കൻ കേരളത്തിനുമാണ് കൂടുതൽ ജാഗ്രത ആവശ്യമായി വരിക.
 

Latest News