കേരളത്തിൽ മഴക്ക് താൽക്കാലിക ശമനമായെങ്കിലും ഇനിയും തിരിച്ചെത്താനുള്ള സാധ്യത നിലനിൽക്കുന്നു. അതേസമയം, ഒമാനിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ പ്രകമ്പനത്തിന് സാധ്യതയുണ്ട്. പോൾ സെബാസ്റ്റിയൻ എഴുതുന്നു..
ഈ ദിവസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേണ്ട കരുതലുകളെപ്പറ്റിയാണ് ഈ പോസ്റ്റ്.
ഇതോടൊപ്പം ചേർത്ത ചിത്രം നോക്കുക. ഇതിൽ അഞ്ചിടത്തായി ഞാൻ അക്കമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഒന്നാമത്തെത് പാകിസ്ഥാൻ കറാച്ചിയിലും ഇറാനിലും ഒമാനിലുമായി നില നിൽക്കുന്ന ന്യൂനമർദ്ദ പാളിയാണ്. ഏറെ മേഘങ്ങൾ ഇപ്പോഴും ഈ ന്യൂനമർദ്ദത്തിന്റെ പിടിയിലുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഏറെ നാശം വിതച്ച ഈ ട്രോപ്പിക്കൽ ഡിപ്രെഷൻ ഇപ്പോൾ പാകിസ്ഥാനിൽ കറാച്ചിയിൽ മഴയും പ്രളയവുമൊക്കെ ഉണ്ടാക്കി പടിഞ്ഞാറോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് ഒരുപക്ഷെ ഇറാനിലേക്കോ അല്ലെങ്കിൽ ഒമാനിലേക്കോ കയറാം. ഒരു പക്ഷെ, അവിടെ നില നിൽക്കുന്ന ശക്തമായ ചൂടിൽ ഒരൊറ്റ ദിവസം കൊണ്ട് അലിഞ്ഞില്ലാതാകാനും മതി. എന്തായാലും ശ്രദ്ധ വേണ്ട ഒരു ഭാഗമാണിത്. ഒമാന്റെ കിഴക്ക് വടക്കൻ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഒമാനിലേക്ക് കര കയറുന്നുണ്ടെങ്കിൽ മാത്രമേ തുടർന്ന് ഇതിന് മുന്നേറാൻ പറ്റൂ എന്നതിനാൽ യു എ ഇ സൗദി പോലുള്ള രാജ്യങ്ങൾക്ക് ഇപ്പോൾ മുന്നറിയിപ്പുകളില്ല.
രണ്ടാമത്തേത് ഇന്ത്യൻ മഹാസമുദ്രത്തിൽ കാണുന്ന മേഘപടലമാണ്. ഇന്നലത്തേതിൽ നിന്ന് ഇതിന്റെ കട്ടി കുറഞ്ഞിട്ടുണ്ടെങ്കിലും വിസ്തൃതി കൂടിയിരിക്കുകയാണ്. ഇന്നലെ മഹാരാഷ്ട്ര, കർണ്ണാടക തീരങ്ങളിലേക്ക് പോകുമെന്ന് കരുതിയിരുന്ന ഈ മേഘപാളി അല്ലെങ്കിൽ മേഘക്കൂട്ടം ഇപ്പോഴത്തെ അവസ്ഥയിൽ കേരളതീരത്തേക്കും എത്താം എന്നൊരു ദിശ കാണുന്നുണ്ട്. ഭൂമധ്യരേഖയിൽ 70 - 80 രേഖാംശത്തിൽ രൂപപ്പെട്ട അതിമർദ്ദം ഈ മേഘങ്ങളെ കിഴക്കോട്ട് നേരെ കൊണ്ട് പോകുന്നതിൽ നിന്ന് തടയുന്നു. അതെസമയം, ജപ്പാനിലുള്ള ചുഴലി ശക്തമായി തുടരുന്നതിനാൽ കാറ്റ് ഇതിനെ അങ്ങോട്ട് പിടിച്ചു വലിക്കുന്നുമുണ്ട്. ആയതിനാൽ ഇത് അതിമർദ്ദ മേഖലകളെ ചുറ്റി പോകുന്നതിന്റെ ഭാഗമായി കേരളതീരത്തും എത്തുമോ എന്ന് ആശങ്കപ്പെടുന്നു. കേരളത്തിലെ കാലാവസ്ഥാ വിഭാഗം ഈ മേഘപാളിയെ നിരീക്ഷിച്ചു വേണ്ട മുന്നറിയിപ്പുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒട്ടേറെ മേഘങ്ങൾ ഈ സിസ്റ്റത്തിന്റെ അനുബന്ധമായുണ്ട് എന്നതും കൂടുതൽ ഗൗരവപൂർണമായ ഒരു കാഴ്ച ആവശ്യപ്പെടുന്നുണ്ട്. ഈ മേഘങ്ങൾ കൂട്ടം പിരിഞ്ഞു വന്നാൽ നാളെ (തിങ്കളാഴ്ച) കേരളത്തിൽ മഴ കൂടാനുള്ള സാധ്യതയുണ്ട്. ഇപ്പോഴും പക്ഷെ, ഇത് നിരീക്ഷണത്തിലാണ്.
മൂന്നാമത്തേത് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥയാണ്. ഇന്ന് കനത്ത മഴ ഈ പ്രദേശങ്ങളിൽ പെയ്യുന്നുണ്ട്. ഒഡിഷയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ചുവടു പിടിച്ചു കരയ്ക്കു കയറിയ മേഘങ്ങൾ മുഴുവൻ വടക്കു കിഴക്കൻ ജില്ലകളെയും ബാധിക്കുന്നുണ്ട്. അതിതീവ്ര മഴ അനുഭവപ്പെടുന്ന ഈ സംസ്ഥാനങ്ങളിൽ നിന്ന് അധികം ദുരന്തവാർത്തകൾ കേൾക്കല്ലേ എന്ന് ആശിക്കുന്നു. അപ്പോഴും, വരുന്ന ദിവസങ്ങളിൽ കൂടുതൽ മേഘങ്ങൾ കര കയറാനുള്ള സാധ്യതയാണുള്ളത്. ഒഡിഷ തീരത്തു നിന്ന് ഈ മേഘങ്ങൾ ഒഡിഷ, തെലുങ്കാന, ആന്ധ്രാപ്രദേശ്, ച്ഛത്തീസ്ഘണ്ട് ഉത്തർപ്രദേശ്, ബീഹാർ മദ്ധ്യപ്രദേശ് എന്നിവയൊക്കെ അടുത്ത ദിവസങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കുന്ന വിധം പെയ്യുമോ എന്ന് ആശങ്കപ്പെടുന്നു.
നാലാമത്തേത് മ്യാന്മറിലാണ്. അതിതീവ്രമഴയുടെ പൊടിപൂരം നടക്കുന്ന അവിടുത്തെ അവസ്ഥ അതിദയനീയമായിരിക്കണം.
അഞ്ചാമത്തേത് ബംഗാൾ ഉൾക്കടലിൽ അടിഞ്ഞു കൂടുന്ന വമ്പൻ മേഘനിരയാണ്. വരുന്ന ദിവസങ്ങളിൽ ഈ മേഘങ്ങൾ ഇന്ത്യൻ തീരത്തേക്ക് കയറുമോ എന്നത് സൂക്ഷിച്ചു വീക്ഷിക്കേണ്ടതാണ്. ഇവ ഇന്ത്യൻ തീരങ്ങളിലേക്ക് തിരിച്ചു വന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷം നിറഞ്ഞതായിരിക്കും.
ഈ പോസ്റ്റ് ഒരു സൂചനാ മുന്നറിയിപ്പ് മാത്രമാണ്. കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നതോടെ അതത് കാലാവസ്ഥ വകുപ്പുകൾ വേണ്ട നിർദ്ദേശങ്ങൾ തരുന്നതാണ്.