Sorry, you need to enable JavaScript to visit this website.

സ്‌നേഹത്തിന്റെ നൂലിഴ പാകിയ പെരുന്നാൾ കനവുകൾ

ഉപ്പ എടുത്തു തരുന്ന കോടിയുടുപ്പിന്റെ മണം, പെരുന്നാൾ ദിനം അത് ധരിക്കാൻ മോഹിച്ച് ഉറങ്ങാതെ കഴിച്ചു കൂട്ടുന്ന രാത്രി, ഉമ്മയുണ്ടാക്കുന്ന പത്തിരിയുടെ നേർമ, കല്ലിലരച്ച മൈലാഞ്ചിയുടെ മാന്ത്രിക ഗന്ധം. ഉളുഹിയത്ത് ഇറച്ചിയുടെ കൊടുക്കൽ വാങ്ങലുകൾ, അങ്ങനെ എത്രയെത്ര ഓർമകളാണ്, എന്നും ചുണ്ടിൽ കോർത്തു വയ്ക്കാൻ പാകത്തിലുള്ള നേർത്ത ചിരിയായ് ഓരോ പ്രവാസിയുടേയും ഹൃത്തടത്തിൽ നിറയുന്നത്. 


നാട്ടിലെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവാസത്തിന് കൃത്യനിഷ്ഠക്കുറവ് പ്രകടമാണ്. സ്വന്തം മനോധർമങ്ങൾക്ക് വഴിപ്പെട്ട ഒരു തോന്നിയവാസം എന്ന് വേണമെങ്കിൽ ചുരുക്കിപ്പറയാം. കാർക്കശ്യങ്ങളുമായി കാർന്നോന്മാർ അടുത്തില്ലെങ്കിൽ ഏതൊരാളുടേയും അവസ്ഥ അങ്ങനെയൊക്കെത്തന്നെയാണ്. തോന്നുമ്പോൾ ഉറങ്ങുക, തോന്നുമ്പോൾ ഉണരുകയെന്ന സാധാരണ പ്രവാസി വീട്ടമ്മമാരുടെ പൊതു സമവാക്യങ്ങളിൽനിന്ന് വ്യത്യസ്തമായി ജോലിക്കാരി എന്ന നിലയിൽ അതിന്റേതായ ഒരു കൃത്യനിഷ്ഠത പാലിക്കേണ്ടതിനാൽ മാത്രം ജീവിതം അതിന്റേതായ ഒരു താളത്തിൽ ചലിക്കുന്നു എന്നു മാത്രം. പ്രവാസത്തിന്റെ ആണ്ടറുതികൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ, അതിനൊരു മധുരപ്പതിനേഴിന്റെ മൊഞ്ച് തെളിയുന്നു. സാമ്പത്തിക അഭയാർത്ഥിയായി പുറപ്പെട്ടതിന്റെ ഈ പതിനേഴ് വർഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് നാട്ടിൽ പെരുന്നാളാഘോഷിച്ചത്. 
ലോകത്തിന്റെ ഏത് കോണിലായാലും, എത്ര തന്നെ ഹൈടെക് ആഘോഷങ്ങളിൽ പങ്കെടുക്കാനായാലും സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം ചെലവിട്ട ആഘോഷ നിമിഷങ്ങൾ തന്നെയായിരിക്കും ഏതൊരാൾക്കും പ്രിയതരം. ഉപ്പ എടുത്തു തരുന്ന കോടിയുടുപ്പിന്റെ മണം, പെരുന്നാൾ ദിനം അത് ധരിക്കാൻ മോഹിച്ച് ഉറങ്ങാതെ കഴിച്ചു കൂട്ടുന്ന രാത്രി, ഉമ്മയുണ്ടാക്കുന്ന പത്തിരിയുടെ നേർമ, കല്ലിലരച്ച മൈലാഞ്ചിയുടെ മാന്ത്രിക ഗന്ധം. ഉളുഹിയത്ത് ഇറച്ചിയുടെ കൊടുക്കൽ വാങ്ങലുകൾ, അങ്ങനെ എത്രയെത്ര ഓർമകളാണ്, എന്നും ചുണ്ടിൽ കോർത്തു വയ്ക്കാൻ പാകത്തിലുള്ള നേർത്ത ചിരിയായ് ഓരോ പ്രവാസിയുടേയും ഹൃത്തടത്തിൽ നിറയുന്നത്.
പ്രവാസലോകത്ത് ആഘോഷങ്ങളാണ് മനുഷ്യരെ തമ്മിൽ ഒന്നിപ്പിക്കുന്നത്. പലരും പല വിധത്തിലാണ് ആഘോഷങ്ങളെ സ്വീകരിക്കുന്നത്. പ്രവാസികളിൽ കുറഞ്ഞ ശതമാനം ആളുകളെ, കുടുംബമായി കഴിയുന്നുള്ളു. അവരെ സംബന്ധിച്ച് പെരുന്നാൾക്കോടിയും, മൈലാഞ്ചിയും, ബിരിയാണിയുമൊക്കെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു. വിവിധ സംഘടനകളും, സൗഹൃദക്കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഈദ് മീറ്റുകൾ, കുടുംബ സംഗമങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ദൃശ്യ വിസ്മയങ്ങൾ എന്നിവ കുടുംബങ്ങൾക്ക് ആനന്ദത്തിന്റേയും വിനോദത്തിന്റേയും അവസരങ്ങളാണ്.  ലേബർ ക്യാമ്പ്, തർഹീൽ എന്നിവിടങ്ങളിലൊക്കെ, ആഘോഷങ്ങൾക്ക് വകയില്ലാതെ വലയുന്നവർ ധാരാളമുണ്ട്. അവർക്ക് ഭക്ഷണവും പുതുവസ്ത്രവുമെത്തിച്ച് പെരുന്നാൾ പുണ്യം നേടുന്ന വ്യക്തികളും സംഘടനകളുമുണ്ട്. ഇല്ലായ്മകളുടെ ജീവിത യാഥാർത്ഥ്യം മറ്റുള്ളവരെ അറിയിക്കാത്തവരുടെ നഷ്ടപ്പെടലുകളെ ചേർത്തു പിടിക്കുന്ന പ്രവാസ മനസ്സിന്റെ നന്മ വെളിച്ചം. 
കുടുംബങ്ങളില്ലാതെ ബാച്ചിലേഴ്‌സ് എന്ന ഓമനപ്പേരിൽ കഴിയുന്നവരുടെ ആഘോഷങ്ങൾക്ക് നിറപ്പകിട്ട് കുറവായിരിക്കും. രാവിലെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞാൽ ഒന്നിച്ച് ഭക്ഷണമുണ്ടാക്കി, സുപ്രയിലേക്ക് ചൊരിഞ്ഞിട്ട് ഒന്നിച്ച് കഴിക്കുന്ന കാഴ്ച കാണാം. പെരുന്നാൾ യാത്രകൾക്ക് സമയം കണ്ടെത്തുന്നവരാണ് അവരിൽ ചിലർ. മറ്റു ചിലരാകട്ടെ, ഭക്ഷണ ശേഷം, അവരവരുടെ മൊബൈൽ ഫോണുകളുമായി സന്തം കിടക്കയിലമർന്ന് ഓരോരോ വൻകരകളായി പരിണമിക്കും. സ്വയം പെരുന്നാൾക്കോടി ഉടുത്തില്ലെങ്കിലും, ദൂരെ തന്റെ കുടുംബത്തിലുള്ളവർ പുത്തനുടുപ്പിട്ട്, വയറു നിറയെ, ഇഷ്ടഭക്ഷണം കഴിച്ച് ആഹഌദിക്കുന്നത് കണ്ട് അവർ ആനന്ദത്തിന്റെ നിറവിലെത്തും. കുഞ്ഞു മക്കളുടെ കിളിയൊച്ചകൾ, ഉപ്പയും ഉമ്മയും മാറി മാറി ചോദിക്കുന്ന സുഖവിവരങ്ങൾ, നല്ല പാതിയുടെ പരിഭവപ്പേച്ചുകൾ.  
ഫോൺ വച്ചു കഴിഞ്ഞാലും വീണ്ടും വീണ്ടും അവയോരോന്നും, മനസ്സിലേക്ക് റിവൈന്റ് ചെയ്ത് അവയോരോന്നായി തലയിണയിലെ കണ്ണീരിൽ മുക്കിയെടുക്കുന്നു. കവിളിൽ തൊടുന്ന മഴ പോലെ, പ്രഭാതക്കുളിര് പോലെ, അവരോടൊത്തുള്ള ഓർമകളിൽ താഴ്ന്നു കിടന്ന് സ്‌നേഹത്തിന്റെ നൂലിഴ പാകിയ പെരുന്നാൾ കനവുകൾ കണ്ട് കണ്ട്,  മെല്ലെ ഉറക്കത്തിലേക്ക് ഊളിയിടും.  പക്ഷേ ചുട്ടുപൊള്ളുന്ന ഗ്രീഷ്മതാപത്തിൽ, ഒരു തുണ്ട് മഴക്കാറിനായി കാത്തിരിക്കുന്ന ഓരോ പ്രവാസിയും ഇന്ന്, നാട്ടിൽ നെഞ്ചത്തടിച്ച് നിലവിളിക്കുന്ന മഴയുടെ രൗദ്രത കണ്ട് തേങ്ങിയും അതിന്റെ ഭീകരത വരുത്തി വച്ച കെടുതികളിൽ മനം നൊന്തും കഴിയുകയാണ്. ജീവിത വഴികളിൽ ഇടറിവീഴുന്നവരുടെ കിതപ്പും കണ്ണീരും കണ്ട് കൊണ്ട്, ഇനിയൊരാൾക്കും പെരുന്നാൾ ആഘോഷമാക്കാൻ കഴിയില്ല. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന് ശേഷം ആഘോഷങ്ങളെയെല്ലാം ഉപേക്ഷിച്ചവരാണ് പ്രവാസികൾ. ഇല്ലായ്മകളെ മനസ്സിലാക്കാൻ പ്രവാസികളോളം മറ്റാർക്കും കഴിയില്ല. ആഘോഷങ്ങൾക്കായി നീക്കി വച്ച തുക മുഴുവൻ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് സംഭാവന നൽകിയ മനസ്സിന്റെ ധന്യതയുടെ ചിത്രങ്ങൾ നാം കണ്ടതാണ്. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആയുസ്സിന്റെ സമ്പാദ്യങ്ങൾ മുഴുവൻ നഷ്ടപ്പെട്ടവരും ധാരാളമുണ്ട് ഈ പ്രവാസമണ്ണിൽ. നാട്ടിലെ കണ്ണീർക്കാഴ്ചകൾ കണ്ട് മനസ്സും ശരീരവും വിറങ്ങലിച്ചവർ, ശരീരം മാത്രം മരുഭൂമിയിലും മനസ്സും ആത്മാവും സ്‌നേഹത്തിന്റെ നനവുള്ള സ്വന്തം നാട്ടിലും അർപ്പിച്ച് കഴിയുന്നവർ ഇത്തവണ എങ്ങനെ പെരുന്നാൾ ആഘോഷിക്കാനാണ്. ചാനലുകളും സോഷ്യൽ മീഡിയയും മരണങ്ങളെണ്ണുമ്പോൾ, മരണത്തേക്കാൾ ഭീകരമായ ഏകാന്തതയിൽ മനസ്സ് വെന്ത് കഴിയുകയാണവർ. പുത്രനെ ബലി നൽകാനുള്ള ആജ്ഞ അല്ലാഹുവിന്റെ ഒരു പരീക്ഷണം മാത്രമാണെന്ന് ഉറച്ച് വിശ്വസിച്ച ഇബ്രാഹീം നബിയുടെ പാത പിന്തുടർന്ന്, പ്രകൃതിക്ഷോഭങ്ങളെ ദൈവീക പരീക്ഷണങ്ങളായി കണക്കാക്കുന്നവർ. തീവ്രവ്യഥകൾ മനസ്സിനെ മഥിക്കുമ്പോൾ മനസ്സറിഞ്ഞ് പെരുന്നാളുണ്ണാൻ കെൽപ്പില്ലാത്തവർ.

Latest News