Sorry, you need to enable JavaScript to visit this website.

കശ്മീരിലെ മണ്ണും മരങ്ങളും മാത്രമല്ല, മനുഷ്യരും ഇന്ത്യയുടെ ഭാഗമാണ്-മുനവ്വറലി തങ്ങൾ

മലപ്പുറം- ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആർട്ട്ക്ക്ൾ 370 എടുത്തുകളയാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. കശ്മീരിലെ മണ്ണും മഞ്ഞും മരങ്ങളും മാത്രമല്ല മനുഷ്യരും ഇന്ത്യയുടെ ഭാഗമാണെന്ന് നമുക്ക് തോന്നുന്നതോടൊപ്പം അതവരെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.

കശ്മീര്‍ തീരുമാനം മൂന്ന് പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്ന് മുനവ്വറലി തങ്ങള്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ഒന്ന്, അത് ഇന്ത്യയുടെ ഭണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ് എന്നതാണ്.രാജ്യത്തിന്റെ ഭരണഘടനയിൽ വളരെ സൂക്ഷ്മമായ കൂടിയാലോചനകൾക്കും പരിശോധനകൾക്കും ശേഷം എഴുതിചേർത്തതാണ് ആർട്ട്ക്കിൾ 370. ഈ ആർട്ടിക്ക്ൾ ഭരണഘടനയിലേക്ക് എഴുതിച്ചേർക്കുമ്പോൾ കശ്മീരിസമൂഹത്തിന് രാജ്യം നൽകിയ ഒരു ഉറപ്പുണ്ട്.അതാണിപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടേയും വിഭജനാനന്തരം പാക്കിസ്ഥാന്റെയും ഭാഗമാകാതെ നിലനിൽക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു സ്വതന്ത്രരാജ്യമായിരുന്നു കാശ്മീർ.ഇങ്ങനെ സ്വതന്ത്രമായി നിന്നിരുന്ന ഒരു രാജ്യത്തെ ഇന്ത്യയിലേക്ക് ചേർത്തപ്പോൾ അവർക്ക് പ്രത്യേക പദവി നൽകുമെന്ന വാഗ്ദാനം ഉറപ്പായി നൽകിയാണ് നാം അവരെ ഭാരതത്തോട് ചേർത്തത്. ഇത് ഭരണഘടനാപരമായി രാജ്യം അവർക്കു നൽകിയിട്ടുള്ള പരിരക്ഷയാണ്. ആ പരിരക്ഷ എടുത്തു കളയുന്നത് ഭരണഘടനാനുസൃതമായി, കശ്മീർ ജനതയെ വിശ്വാസത്തിലെടുത്ത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ എല്ലാ സാധ്യതകളും ആരാഞ്ഞശേഷം വേണമായിരുന്നു.ഭരണഘടനക്കും ജനാധിപത്യത്തിനും ഒരു വിലയും നൽകാതെ എടുത്തിട്ടുള്ള ഈ തീരുമാനം ഭാരതം ഒരു ഫാഷിസ്റ്റ് ഭരണത്തിന്റെ ഏറ്റവും വലിയ കെടുതിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ നിദർശനമായി മാറുകയാണ്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളത്രയും പരിഗണിക്കപ്പെടാത്ത, അഥവാ ഇന്ത്യയെന്ന മഹത്തായ ആശയം ഇല്ലാതാവുന്നു എന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ഇതിന്റെ ഒന്നാമത്തെ പ്രത്യാഘാതം.

രണ്ട്, ദേശീയ, അന്തർദേശീയ തലത്തിൽ ഈ തീരുമാനം ഇന്ത്യയുടെ ചില ഇടപെടലുകൾക്ക് പ്രതിബന്ധമായി മാറും. ജമ്മു & കശ്മീർ എന്ന് പറയുന്ന പ്രദേശം മൂന്ന് രാജ്യങ്ങൾക്കിടയിലാണ് ഇപ്പോൾ ചിതറപ്പെട്ട് കിടക്കുന്നത്.പാക്കധീന കശ്മീർ ഒരു ഭാഗം.1963ലെ യുദ്ധത്തിൽ ചൈന കയ്യടക്കിയ മറ്റൊരു ഭാഗം.പിന്നെ ഇന്ത്യയുടെ കയ്യിലുണ്ടായിരുന്ന ശേഷിച്ചൊരു ഭാഗം. ഈ മൂന്ന് ഭാഗങ്ങളും ചേർന്ന കശ്മീരായിരുന്നു രാജാ ഹരിസിംഗ് പ്രത്യേക അവകാശത്തോടെ ഇന്ത്യക്ക് നൽകാമെന്നേറ്റ രാജ്യം. ആ ഒരു ഭാഗമാണ് ഇന്ന് നാം കാണുന്ന നമ്മുടെ രാജ്യത്തിന്റെ ഭാഗമായ, നമ്മുടെ ഭൂപടത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന കാശ്മീർ.ഇപ്പോൾ ഇന്ത്യ അതിന്റെ ഭാഗമായ കശ്മീരിൽ അവിടുത്തെ ജനങ്ങളുടെ താൽപര്യ പ്രകാരമല്ലാതെ കൈകടത്തുമ്പോൾ ഇക്കാലമത്രയും ഐക്യരാഷ്ട്രസഭ പോലുള്ള വേദികളിൽ പാക്കധീന കശ്മീരിനു വേണ്ടിയും ചൈന കൈയ്യടക്കിയ കശ്മീരിനു വേണ്ടിയും വാദിച്ചിരുന്ന നാം ഇനി എങ്ങനെ ഐക്യരാഷ്ട്രസഭകളിലും അന്തർദേശീയ വേദികളിലും ആ രണ്ട് കശ്മീരധിഷ്ഠിത പ്രദേശങ്ങളും രാജ്യത്തിന് തിരിച്ചുകാട്ടാൻ വേണ്ടി വാദമുഖങ്ങളുയർത്തും ? കാരണം ആ രണ്ട് രാജ്യങ്ങൾക്കും നമ്മുടെ വാദങ്ങളെ ഖണ്ഡിക്കാൻ ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുന്നു. ഇന്ത്യ അവരുടെ കയ്യിലുള്ള കശ്മീരിൽ പോലും അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, അവരിലേക്ക് സ്വന്തം രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നുവെന്ന മറുവാദം അവരുയർത്തും. ഇത്തരം ഏകപക്ഷീയ രീതികൾക്ക് തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങൾ നൽകാനാവിലെന്ന് ചൈനയുടെയും പാക്കിസ്ഥാന്റെയും നിലപാട് അന്തർദേശീയ വേദികളിൽ കുറെ കൂടി സ്വീകാര്യ യോഗ്യമാകും.രാഷ്ട്രാന്തരീയ തലത്തിൽ സംഭവിക്കാവുന്ന വലിയ പ്രത്യാഘാതമാണിത്.

മൂന്ന്, കശ്മീരിന്റെ ഭാവിയാണ്.കശ്മീരിസമൂഹത്തെ തീർത്തും വിശ്വാസത്തിലെടുക്കാത്ത തരത്തിൽ, വാർത്താ വിനിമയ സംവിധാനങ്ങളെ മുഴുവൻ മറച്ചുവെച്ച് ഒരു സുപ്രഭാതത്തിൽ കേന്ദ്രഭരണ പ്രദേശമാക്കി അവിടം മാറ്റിയപ്പോൾ അവർ ഇനി ഇന്ത്യയോട്, ഇവിടുത്തെ ജനാധിപത്യ പ്രക്രിയയോട്, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തോട് മാനസ്സികമായി എത്രത്തോളം ഐക്യം പുലർത്തും എന്നുള്ള വലിയൊരു ആശങ്കയുണ്ട്. അതിനപ്പുറം അവരുടെ വിയോജിപ്പുകളോട് ഭരണകൂടം സ്വീകരിക്കുന്ന ആക്രമണ രീതി വംശീയ ഉന്മൂലനം അല്ലെങ്കിൽ കൂട്ടക്കൊല പോലുള്ള സാധ്യതകളാണ് തുറന്നിടുന്നത്. ഈ മൂന്ന് പ്രത്യാഘാതങ്ങളാണ് കശ്മീർ വിഷയത്തിൽ നമുക്ക് മുമ്പിലുള്ളത്.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.കശ്മീരിലെ മണ്ണും മഞ്ഞും മരങ്ങളും മാത്രമല്ല മനുഷ്യരും ഇന്ത്യയുടെ ഭാഗമാണെന്ന് നമുക്ക് തോന്നുന്നതോടൊപ്പം അതവരെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം.അതവരെ ബോധ്യപ്പെടുത്തി അവരെ രാജ്യത്തിന്റെ ഭാഗമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അതാകമായിരുന്നു നമ്മുടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം. തോക്കിൻ മുനമ്പിലെ ഇപ്പോഴത്തെ നയതന്ത്രം എത്രത്തോളം വിജയിക്കുമെന്ന് ആശങ്കയുണ്ട്. സുപ്രീം കോടതി ഈ ഭരണഘടന ലംഘനത്തെ തിരസ്‌കരിക്കുമെന്ന് തന്നെയാണ് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷിക്കുന്നത്.. പ്രാർത്ഥനകൾ.
 

Latest News