Sorry, you need to enable JavaScript to visit this website.

ഷക്കീലയെ വിചാരണ ചെയ്യുന്നവരോട്

തോ കോമഡി ഷോയിൽ കണ്ടതാണ്. നമ്മളെല്ലാം ചിരിച്ചതാണ്. കൃത്യമായ സ്‌റ്റോപ്പിൽ ഇറങ്ങാതെ ബസിനുള്ളിൽ അകപ്പെട്ട ഭാര്യയെ വിളിച്ചിറക്കാൻ ഭർത്താവ് ലോകത്തുള്ള എല്ലാ ചെല്ലപ്പേരും വിളിക്കുന്നു. ആരെയും കാണാതെ വരുമ്പോൾ അക്ഷമനായി കണ്ടക്ടർ ഭാര്യയുടെ പേര് ചോദിക്കുമ്പോ വിഷണ്ണനായി തല താഴ്ത്തി അയാൾ പേര് പറയുമ്പോൾ കൂട്ടച്ചിരി ഉയരുന്നു . അയാൾ പറഞ്ഞ ആ പേരാണ് 'ഷക്കീല' .
അന്ന് ആ സ്‌റ്റേജിനു മുൻപിലും ടിവിയുടെ മുൻപിലും ആർത്തു ചിരിച്ചവരിൽ ഭൂരിഭാഗവും ഇന്നങ്ങനെ ചിരിക്കാൻ വകയില്ല. ഒരു ചാനൽ ഷോയിൽ ഷക്കീലയ്‌ക്കെതിരായി ഉയർന്ന ആക്രമണവും അതിനവർ നൽകിയ മറുപടിയും ഷക്കീലയെ മറ്റൊരു തരത്തിൽ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. അത് കൊണ്ടാണ് ഷക്കീലയ്ക്ക് വേണ്ടി എഫ് ബിയിൽ ഒരുപാട് പേർ എഴുതിയത് കാണാൻ പറ്റുന്നത്. സത്യത്തിൽ എന്താണ് സംഭവിച്ചത്? ഷക്കീലയെന്ന് കേട്ട് ചിരിച്ചവർ ഇന്ന് അവർക്ക് വേണ്ടി ചിന്തിക്കാൻ തയ്യാറാവുന്നത് എന്ത് കൊണ്ടാവും?

ഷക്കീല മാറിയിട്ടില്ല.അവരന്നും ഇന്നും ഒന്നു തന്നെയാണ്. മാറിയത് നമ്മളാണ്. നമ്മൾ ഇത്രനാളും അവരെ കണ്ടത് ശരീരം മാത്രമായാണ്. ചിന്ത വേണ്ടാത്ത ശരീരം മാത്രമുള്ള ഒരു സ്ത്രീ. അവരെ കാണാൻ തിയറ്ററുകളിൽ ഇരമ്പി എത്തിയവർ മാത്രമല്ല. അവരെ തിയറ്ററിൽ പോയി കാണാത്ത എന്നെ പോലുള്ള സ്ത്രീകളും അവരെ കണ്ടത് അങ്ങനെ തന്നെയാണ്. ആ പൊതുബോധമാണ് സത്യത്തിൽ രഞ്ജിനി മേനോനും ചാനൽ പരിപാടിയിൽ പങ്കുവെച്ചത്. ശരീരം മാത്രമായി അവരെ കണ്ടു പോന്ന ടിപ്പിക്കൽ മലയാളികളുടെ മനസ്സിലിരിപ്പ്.

എന്നാൽ, ശരീരം മാത്രമല്ല താനെന്ന് തെളിയിക്കാൻ കിട്ടിയ അവസരം ഷക്കീല ഉപയോഗിച്ചു. തന്റെ ഉടൽ കാണാനും അതിനെ വെച്ച് രോമാഞ്ചം കൊള്ളാനും അങ്ങനെ സിനിമാ വിപണിയെ ലാഭകരമാക്കാനും അതെല്ലാം കഴിഞ്ഞ് പുച്ഛിക്കാനും നിന്ന മലയാളിയുടെ മുഖത്ത് നോക്കി ഞാൻ ശരീരം മാത്രമല്ലെന്ന് വ്യക്തതയോടെ അവർ പറയുന്നു. തനിക്കൊരു മനസ്സുണ്ടെന്നും ചിന്ത ഉണ്ടെന്നും നിലപാട് ഉണ്ടെന്നും ഉടൽ മാത്രമായി നിങ്ങൾ കാണുന്ന എല്ലാ പെണ്ണുങ്ങൾക്കും മനസ്സ് കൂടി ഉണ്ടെന്നും അവർ പറയുന്നു.

ഇതാണ് നമ്മളെ ഞെട്ടിച്ചത്. ആഹാ ഇവരു കൊള്ളാമല്ലോ എന്ന് തോന്നിച്ചത്. പാവമൊരു സ്ത്രീയെ വെറുതെ അക്രമിച്ചല്ലോ എന്ന് ആ പരിപാടിയോട് ദേഷ്യപ്പെട്ടത്. ഷക്കീലയ്ക്കിത്തിരി പിന്തുണയും സഹതാപവും ആവാമെന്ന് കരുതിയത്. അങ്ങനെയാണ് നമ്മൾ ഇപ്പറയുന്ന കുലീന സദാചാര ടൈപ്പ് അല്ലെന്ന് തെളിയിച്ച് പോസ്റ്റിടുന്നതിൽ മൽസരിച്ചത്. അവർക്കൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചത്.

ഷക്കീല മാറ്റിയത് മലയാളികളുടെ ഈ കാപട്യത്തെയാണ്. ആ കാപട്യത്തിന്റെ കുപ്പായം ഊരിക്കളഞ്ഞ് സെൻസിറ്റിവിറ്റിയുടെ മറ്റൊരു കുപ്പായം തൽക്കാലമിട്ട് നമ്മൾ പുരോഗമനകാരികൾ ആവുന്നത് ആ അടി നമ്മുടെ പൊതുബോധത്തിനും കൂടി കൊണ്ടതിനാലാണ്. സ്വയം നാണക്കേട് തോന്നിയത് കൊണ്ടാണ്.

ഇന്ന് അവരോട് ;അവർ പറഞ്ഞ വാക്കുകളിലെ ആത്മാർത്ഥതയോട്.; ചെയ്തികളിലെ നന്മയോട് ആദരവ് കാണിക്കാൻ മടി കാണിക്കാത്തവരോട് ഒരു കാര്യം പറയാനുണ്ട്. ഷക്കീല മാത്രമല്ല മറ്റു പെണ്ണുങ്ങളും വെറും ശരീരമല്ല. അവർക്കും ചിന്തയുണ്ട്. മനസ്സുണ്ട്. നിലപാടുണ്ട്. അവരെ വെറും ശരീരമായി കാണുന്ന ആ പൊതുബോധം ബോറാണെന്ന് തിരിച്ചറിയാൻ ഈ അവസരം ഉപയോഗിക്കണം. കണ്ണു തുറക്കണം. അതിനുള്ള അവസരമാവണം ഇത്. ഇല്ലെങ്കിൽ നാളെ മറ്റൊരു ഷക്കീലയെ നമ്മളൊക്കെ ചേർന്ന് ഇതേ വിധം കൈകാര്യം ചെയ്യും. നാളുകളോളം. ഇതേ പോലൊരു തലക്കടി കിട്ടും വരെ അത് തുടരും.

മലയാള സിനിമയുടെ സമ്പദ്‌വ്യവസ്ഥയെ ഒരുകാലത്തു താങ്ങിനിർത്തിയ മഹത് വ്യക്തി എന്നൊക്ക മിമിക്രിക്കാർ ഇനിയും ട്രോളുമായിരിക്കാം. പക്ഷെ ഷക്കീലയുടെ വാക്കുകൾ അതിനു കൈയടിക്കുന്നവരെ ഇത്തിരി നേരം ചിന്തിപ്പിക്കുക തന്നെ ചെയ്യും.
 

Latest News