Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബേക്കറി പലഹാരം കഴിക്കുന്നവരോട് പറയാനുള്ളത്

കേരളത്തിൽ മുക്കിലും മൂലയിലും പെരുകിക്കൊണ്ടിരിക്കുന്ന ബേക്കറികളെയും അവിടുത്തെ ഭക്ഷണത്തെയും പറ്റി ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥൻ മുരളി തുമ്മാരുകുടി എഴുതുന്നു.

ബേക്കറി യുദ്ധം.

നാട്ടിലാണെന്നു പറഞ്ഞല്ലോ. വ്യക്തിപരമായ പല കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് കൊണ്ടാണ് പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നതെങ്കിലും കേരളത്തിൽ യാത്രകൾ ചെയുന്നുണ്ട്.

നാട്ടിൽ വന്ന അന്ന് തന്നെ എൻറെ എഞ്ചിനീയറിങ്ങ്  ക്ലാസ്മേറ്റ് മരിച്ച വിവരമാണ് അറിയുന്നത്, കോഴിക്കോടായിരുന്നു. അടുത്ത വർഷം റിട്ടയർ ആവേണ്ടിയിരുന്ന ആളാണ്. എഞ്ചിനീയറിങ്ങ് പാസ്സ് ആയ മുപ്പത്തിയാറു പേരിൽ ആദ്യമായിട്ടാണ് ഒരാൾ 'വാർധക്യ സഹജമായി' മരിക്കുന്നത്. പെട്ടെന്ന് തന്നെ മറ്റു സഹപാഠികൾ എല്ലാവരും കൂടി പുറപ്പെട്ടു. യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഞാനും കൂടി. അതിരാവിലെ പെരുന്പാവൂരിൽ നിന്നും പുറപ്പെട്ട് സുഹൃത്തിന്റെ മൃതദേഹം അവസാനമായി കണ്ട് കുടുംബത്തെ ആശ്വസിപ്പിച്ചു.
കോഴിക്കോട് നിന്നുള്ള മടക്കയാത്രയിൽ ഇനി ലിസ്റ്റിൽ ആരുടെ പേരായിരിക്കും അടുത്തത് എന്നായിരുന്നു ഞങ്ങളുടെ ചിന്ത. കാര്യം കേരളത്തിൽ ആളുകൾ മരിക്കുന്ന ശരാശരി പ്രായം കൂടി വരികയായതിനാൽ എൻറെ കൂടെ പഠിച്ചവർ പലരും തൊണ്ണൂറു കഴിഞ്ഞും ജീവിച്ചിരിക്കും. എങ്കിലും കുറച്ചുപേരൊക്കെ വഴിയിൽ വീഴും, ഉറപ്പാണ്.

പണ്ട് സാംക്രമിക രോഗങ്ങളാണ് ആളുകളെ ചെറുപ്പത്തിലേ കൊന്നുകൊണ്ടിരുന്നത്. ഇപ്പോൾ അത് മാറി. ജീവിതശൈലി രോഗങ്ങളാണ് ആളുകളെ ആയുസ്സെത്തി മരിക്കാൻ അനുവദിക്കാത്തത്. അമിതാഹാരം, വേണ്ടത്ര വ്യായാമം ഇല്ലാത്തത്, ടെൻഷൻ കുറക്കാനുള്ള സൗഹൃദങ്ങളുടെ അഭാവം എന്നിങ്ങനെ കാരണങ്ങൾ പലതുണ്ട്.

കോഴിക്കോട് നിന്നുള്ള മടക്കയാത്രയിൽ ഇക്കാര്യങ്ങൾ മനസ്സിൽ ഉള്ളതുകൊണ്ടാവാം വഴിയരികിലുള്ള ബേക്കറികൾ ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. പണ്ടൊന്നും ചെറിയ ഗ്രാമങ്ങളിൽ ബേക്കറികളില്ല. പെരുന്പാവൂർ പോലുള്ള വലിയ നഗരങ്ങളിൽ പോലും ഒന്നോ രണ്ടോ മാത്രം. അതിൽത്തന്നെ വലിയ ചില്ലുഭരണികളിൽ ബിസ്‌ക്കറ്റ്, കുറച്ചു ചെറി, ചില്ലലമാരയിൽ കുറച്ചു ലഡ്ഡുവും ജിലേബിയും, പുറകിൽ കുറച്ചു മിക്‌സ്ചർ, വലിയ ടിന്നിൽ റെസ്‌ക്, ക്രിസ്തുമസ് കാലത്ത് പ്ലം കേക്ക് ഇതാണ് അന്നത്തെ ബേക്കറിയുടെ സെറ്റ് അപ്പ്.

ഇപ്പോൾ കാര്യങ്ങളാകെ മാറി. ചെറു ഗ്രാമങ്ങളിൽ പോലും വലിയ ബേക്കറികളായി. ബേക്കറി എന്നാൽ ആയിരക്കണക്കിന് സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് നാടനും മറുനാടനുമായ മധുര വിഭവങ്ങൾ, വറുത്തതും പൊരിച്ചതും, കോളകളും ജ്യൂസുകളും, ഓരോ ബേക്കറിയിലും ആൾത്തിരക്കാണ്.

വാസ്തവത്തിൽ മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നും ബേക്കറിയിലില്ല. കേരളത്തിലെ ബേക്കറികളെല്ലാം അടച്ചുപൂട്ടിയാലും ജനജീവിതത്തിന് ഒരു ബുദ്ധിമുട്ടും സംഭവിക്കില്ല. ബേക്കറിയുടെ ഓരോ ഷെൽഫിലും മനുഷ്യനെ ജീവിതശൈലീ രോഗങ്ങളിലേക്ക് തള്ളി വിടുന്ന വസ്തുക്കൾ നിറച്ചുവെച്ചിരിക്കുകയാണ്.

കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ബേക്കറി വിപ്ലവവും നാട്ടിൽ വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളും തമ്മിലുള്ള ബന്ധം തീർച്ചയായും അറിയാമായിരിക്കണം. എന്നിട്ടും ബേക്കറി ഭക്ഷണങ്ങൾക്കെതിരെ വ്യാപകമായ ഒരു പ്രചാരണം ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ഫ്രീ മാർക്കറ്റ് എക്കൊണോമിയിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലക്ക് ബേക്കറികൾ അടച്ചുപൂട്ടി ആളുകളുടെ ആരോഗ്യം സംരക്ഷിക്കണം എന്നൊന്നും എനിക്ക് അഭിപ്രായമില്ല. പക്ഷെ സർക്കാർ നിർബന്ധമായും ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ട്.

1. നമ്മുടെ ബേക്കറിയിൽ കിട്ടുന്ന ഓരോ ഭക്ഷണ വസ്തുവിന്റെയും കലോറി തീർച്ചയായും ഉപഭോക്താവിന് ലഭ്യമായിരിക്കണം. ഈ വിഷയത്തിൽ നമ്മുടെ ഡയറ്റീഷ്യന്മാർ വലിയ പരാജയമാണ്. ഉന്നക്കായുടെയും ഉഴുന്ന് വടയുടേയും കലോറി എന്തുകൊണ്ടാണ് അവർ നമ്മളെ പറഞ്ഞു മനസ്സിലാക്കാത്തത്?

2. സിഗരറ്റ് പാക്കറ്റിന്റെ മീതെ സിഗരറ്റ് വലിച്ചുണ്ടാകുന്ന രോഗങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നതു പോലെ പഞ്ചസാര കലോറി ബോംബുകളായ ബേക്കറി വസ്തുക്കളുടെ പാക്കറ്റിൽ അതിലൂടെയുണ്ടായേക്കാവുന്ന ജീവിത ശൈലീ രോഗങ്ങളുടെ ചിത്രമോ വർണ്ണനയോ വേണം.

3. ബേക്കറി ഭക്ഷണം ഏതൊക്ക ജീവിത ശൈലീ രോഗങ്ങൾ ഉണ്ടാക്കുന്നു എന്നതിന് സ്‌കൂളുകളിൽ നിന്നേ വ്യാപകമായ ബോധവൽക്കരണം നടത്തണം.

കേരളം ആരോഗ്യ രംഗത്ത് ഏറെ മുന്നേറിയിരിക്കുന്ന സ്ഥലമാണ്. ഓരോ പഞ്ചായത്തിലും ഡയാലിസിസ് യൂണിറ്റും ഓരോ ജില്ലയിലും കാൻസർ ചികിത്സ കേന്ദ്രങ്ങളും ഉണ്ടാക്കിയല്ല നാം ആരോഗ്യ രംഗത്ത് മുന്നേറേണ്ടത്. മറിച്ച്, ആരോഗ്യകരമായ ജീവിതശൈലി കുട്ടികളെ വരെ പഠിപ്പിച്ച് അവരെ ആരോഗ്യത്തോടെ നൂറു വർഷം ജീവിക്കാൻ പ്രാപ്തരാക്കുകയാണ്.

കേരളത്തിലെ ബേക്കറി ഐറ്റങ്ങൾക്ക് ഇപ്പോഴുള്ള ടാക്‌സ് ഇരട്ടിയാക്കി ആ പണം ആരോഗ്യരംഗത്തെ ബോധവൽക്കരണത്തിന് ഉപയോഗിക്കണമെന്നാണ് എൻറെ അഭിപ്രായം.
 

Latest News