Sorry, you need to enable JavaScript to visit this website.

കാര്‍ വിവാദത്തില്‍  നഷ്ടം രമ്യയ്ക്ക് മാത്രം 

പാലക്കാട്- ആലത്തൂരില്‍ നിന്നും തുടങ്ങിയ ഒരു കാറിന്റെ രാഷ്ട്രീയമാണിപ്പോള്‍ കേരളമാകെ വ്യാപിച്ചിരിക്കുന്നത്. ഒരു എം.പിക്ക് സഞ്ചരിക്കാന്‍ കാര്‍ വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാല്‍ അതില്‍ വലിയ തെറ്റൊന്നും പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുകയില്ല. ഓടി നടന്ന് വോട്ട് ചോദിച്ചവര്‍ വിജയിച്ചു കഴിഞ്ഞാല്‍ അതേ പാത പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഢികള്‍.
വടകര എം.എല്‍.എയും മുന്‍ മന്ത്രിയുമായ സി.കെ നാണുവിനെ പോലെയുള്ളവരുടെ ജീവിതം പുതിയ കാലത്ത് ആരും തന്നെ പിന്തുടരുകയില്ല. അത് പി.കെ ബിജുവായാലും രമ്യയായാലും അങ്ങനെയൊക്കെ തന്നെയാണ്. ജനപ്രതിനിധികളായി കഴിഞ്ഞാല്‍ ആര്‍ഭാടം കാണിക്കാനാണ് ഇപ്പോള്‍ മിക്കവര്‍ക്കും താല്‍പ്പര്യം. എം.പി ആയാലും എം.എല്‍.എ ആയാലും ഏത് വാഹനം വാങ്ങാം, എത്ര വലുപ്പത്തില്‍ വാഹനത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാം എന്നതാണ് അവരെ നയിക്കുന്ന ചിന്ത.
സി.കെ നാണു ഒരു പിന്തിരിപ്പന്‍ ബൂര്‍ഷ്വാ പാര്‍ട്ടിയുടെ നേതാവാണ്. ജനതാദള്‍ എന്തോ ഒരു ബ്രാക്കറ്റുമുള്ളത്. 
മുന്‍ മന്ത്രി സാധാരണക്കാര്‍ക്കൊപ്പം ജീവിക്കുന്നു. പഴയ സ്റ്റാന്റിന് മുമ്പിലെ ഹോട്ടലിലെ ചായയും കല്ലുമ്മക്കായ പൊരിച്ചതുമൊക്കെ ഇഷ്ട വിഭവങ്ങള്‍. റെയില്‍വേ സ്റ്റേഷന് പിന്നിലെ ചെറിയ പഴയ വീട് ഒരു മുന്‍ മന്ത്രിയുടേതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. ബസിലും ഓട്ടോറിക്ഷയിലും വരുന്ന ഈ എം.എല്‍.എയാണ് യഥാര്‍ത്ഥ ജനനേതാവ്. രമ്യ ഒന്നര ലക്ഷം വോട്ടിന് ജയിച്ചപ്പോള്‍ ആഹ്ലാദിച്ചവരാണ് ആഗോള മലയാളി സമൂഹം. 
ഇപ്പോള്‍ രമ്യയുടെ പ്രതിഛായ തകരുമ്പോള്‍ ദു:ഖിക്കുന്നതും ഇതേ വിഭാഗമാണ്. നാളെ യൂത്ത് കോണ്‍ഗ്രസുകാര്‍ പാലക്കാട്ട് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ആലോചിക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം. 

Latest News