Sorry, you need to enable JavaScript to visit this website.

പ്രാര്‍ഥിക്കാന്‍ പള്ളി കാണിച്ചുതന്ന ബാലകൃഷ്‌ണേട്ടന്‍; നൊമ്പരമായി ഒരു കുറിപ്പ്

കോഴിക്കോട്-മകന്റെ റേഡിയേഷന്‍ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ പ്രശസ്ത എഴുത്തുകാരന്‍ നെല്ലിക്കുത്ത് ഹനീഫ അവിടെ വെച്ചുണ്ടായ ഒരു അനുഭവം ഫെയ്‌സ് ബുക്കില്‍  ചേര്‍ത്തിരിക്കുന്നു.
തിരുവനന്തപുരത്ത് വെച്ച് കണ്ട ബാലകൃഷ്ണനെ കുറിച്ചും അദ്ദേഹത്തിനു സംഭവിച്ച തീരാനാഷ്ടത്തെ കുറിച്ചുമുളള ഈ കുറിപ്പ് ആരിലും നൊമ്പരമുണര്‍ത്തും.

ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം.   

https://www.malayalamnewsdaily.com/sites/default/files/2019/07/12/haneefa.png

നെല്ലിക്കുത്ത് ഹനീഫ

ഹാഫിസ് മോന്റെ റേഡിയേഷന്‍ പൂര്‍ത്തിയായി. ആഴ്ചയില്‍ അഞ്ച് ദിവസം വീതം ആറാഴ്ചകളിലായി 33 റേഡിയേഷനാണ് മോന് നല്‍കിയത്. എന്റേയും, കുടുംബത്തിന്റേയും കൂടാതെ നിങ്ങള്‍ എല്ലാവരുടേയും പ്രാര്‍ത്ഥന കൊണ്ട് അവന് നേരിയ ശമനമുണ്ട്. ട്രീറ്റ്‌മെന്റ് പ്ലാനനുസരിച്ച് കീമോ തൊറാപ്പിയും, സര്‍ജ്ജറിയുമൊക്കെ ബാക്കി കിടക്കുകയാണ്. ഒരു മാസം കഴിഞ്ഞ് സ്‌കാന്‍ ചെയ്ത ശേഷമേ അതേക്കുറിച്ച് ഡോക്ടര്‍മാര്‍ തീരുമാനം എടുക്കുകയുള്ളൂ. എല്ലാവരുടെ പ്രാര്‍ത്ഥനയും ഹാഫിസ് മോന് വേണ്ടി തുടര്‍ന്നും ഉണ്ടായിരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഹാഫിസ് മോനെ തിരുവനന്തപുരം ശ്രീചിത്രയില്‍ അഡ്മിറ്റ് ചെയ്ത് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ്, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 24. കത്തുന്ന മധ്യാഹ്നം. അത്യുഷ്ണത്തിന്റെ പാരമ്യം. തിരുവനന്തപുരംഉള്ളൂര്‍ ക്ഷേത്ര (പേര് ഓര്‍ക്കുന്നില്ല)ത്തിന്റെ മതിലിന്റെ ഓരം പറ്റിയുള്ള ഇത്തിരി തണലില്‍ പതുങ്ങി നിന്ന് സിഗരറ്റ് വലിയ്ക്കാനൊരുങ്ങവേയാണ് ബാലകൃഷ്ണന്‍ എന്റെയടുത്തേയ്ക്ക് വന്നത്. പ്രായം ഏതാണ്ട് 60നടുത്ത്. ക്ഷീണിച്ച മുഖം. വെളുപ്പും, കറുപ്പും സമ്മിശ്രമായ കുറ്റിത്താടി. കാവി മുണ്ടും, വെളുത്ത ഷര്‍ട്ടും വേഷം. കൈത്തണ്ടയില്‍ രാഖിയും കെട്ടിയിട്ടുണ്ട്.
'ഞാനൂണ്ട് സിഗരറ്റ് വലിയ്ക്കാന്‍..' എന്നും പറഞ്ഞ് കൊണ്ടാണ് ബാലകൃഷ്ണന്‍ നിര്‍ത്താതെയുള്ള സംസാരത്തിന് തുടക്കമിട്ടത്. അയാളുടെ പെരുമാറ്റവും, വാക്കുകളും എന്നെ അല്‍ഭുതപ്പെടുത്തുകയായിരുന്നു. പ്രത്യേക ശൈലിയിലും, വേഗതയിലുമാണ് ബാലകൃഷ്ണന്‍ സംസാരിച്ചത്. ''ഞാന്‍ ബാലകൃഷ്ണന്‍... കാസര്‍കോഡ്‌ചെറുവത്തൂരിലാണ് വീട്. എനിയ്ക്ക് ആണും, പെണ്ണുമായിട്ട് ഒരു മകന്‍. അവന്റെ പേര് അഖില്‍. 25 വയസ്സുണ്ട്. എംടെക് ഉയര്‍ന്ന മാര്‍ക്കോടെയാണ് പാസ്സായത്. എഴുത്ത് പരീക്ഷയും, മറ്റ് ടെസ്റ്റുകളും, ഇന്റര്‍വ്യൂവും എല്ലാം പാസ്സായി ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോയിന്റ് ചെയ്യേണ്ട ദിവസമാണ് അഖിലിന് കലശലയായ 'പുറംവേദന' ഉണ്ടായത്. ആദ്യം കാസര്‍കോഡിലെ ഒരാശുപത്രിയില്‍ കാണിച്ചു. അവിടെ നിന്ന് പരിയാപുരം മെഡിക്കല്‍ കോളേജിലേക്കും, പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലേക്കും കൊണ്ട് പോരേണ്ടി വന്നു. പിന്നെ അഖിലിനെ ആര്‍.സി.സി യിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആര്‍.സി.സി യില്‍ വെച്ചാണ് അഖിലിന്റെ 'നട്ടെല്ലിന് കാന്‍സര്‍' ആണെന്ന് തരിച്ചറിഞ്ഞതും, ആ അറിവ് ബാലകൃഷ്ണനെ തളര്‍ത്തിയതും. ഒമ്പത് മാസമായി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തെത്തിയിട്ട്. നാട്ടില്‍ നിന്ന് വരുമ്പോള്‍ ബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന 60,000 രൂപ രണ്ടാഴ്ച കൊണ്ട് തന്നെ തീര്‍ന്നു. മിക്ക ദിവസവും തിരുവനന്തപുരത്ത് മേസന്‍ ജോലിയിക്ക് പോവുകയാണ് ബാലകൃഷ്ണന്‍. വൈകീട്ട് 6 മണിയ്ക്ക് മുമ്പായി ആര്‍.സി.സി യിലേക്ക് തിരിച്ചെത്താനായാല്‍ അയാള്‍ മകന്‍ അഖിലിന്റെ കൂടെ ആശുപത്രി വാര്‍ഡില്‍ കഴിയും. ഞായറാഴ്ചകളില്‍ എപ്പോഴും അഖിലിന്റെ കൂടെ ആശുപത്രിയില്‍ തന്നെ. ഇടയ്ക്ക് സംസാരം നിര്‍ത്തി ബാലകൃഷ്ണന്‍ ചോദിച്ചു.
'നിങ്ങടെ പേരെന്താ...?'
'ഹനീഫ...' ഞാന്‍ പറഞ്ഞു.
ബാലകൃഷ്ണന്‍ ദൂരേയ്ക്ക് കൈ ചൂണ്ടി പറഞ്ഞു. ' ദാനേരെ പോയാല്‍ ഒരു ട്രാഫിക് സിഗ്‌നലുണ്ട്.. അവിടെ കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്റിന് മുന്നിലൂടെ താഴേക്കുള്ള റോഡിലൂടെ കുറച്ച് പോയാല്‍ നിങ്ങളുടെ രണ്ട് പള്ളികളുണ്ട്... മനസ്സുരുകി ദൈവത്തോട് പ്രാര്‍ത്ഥിക്കുക...അതേ മാര്‍ഗ്ഗമുള്ളൂ.., അതല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല... എരിഞ്ഞ് തീരാറായ സിഗരറ്റ് കുറ്റി പൊടി മണ്ണില്‍ ചവിട്ടിയരച്ച് ബാലകൃഷ്ണന്‍ സംസാരം നിര്‍ത്തി. പോട്ടെ പിന്നെ കാണാം...'' ഞാന്‍ അല്‍ഭുതപ്പെട്ടു. ഏകപക്ഷീയമായാണ് ബാലകൃഷ്ണന്‍ എന്നോട് സംസാരിച്ചത്. എന്റെ പേരല്ലാതെ ബാലകൃഷ്ണന്‍ മറ്റൊന്നും എന്നോട് ചോദിച്ചതുമില്ല. എനിയ്‌ക്കൊന്നും പ്രതികരിക്കാനും തോന്നിയില്ല. ഞാന്‍ മുസ്ലിം ആണെന്ന് ഉറപ്പ് വരുത്തിയാണ് പള്ളിയുള്ള സ്ഥലം പറഞ്ഞ് എന്നോട് പ്രാര്‍ത്ഥന നടത്താനായി അയാള്‍ നിര്‍ദ്ദേശിച്ചത്. ബാലകൃഷ്ണന്‍ നേരിടുന്ന ജീവിത പരീക്ഷണം എന്നോട് വിവരിച്ചത് എന്നില്‍ നിന്ന് ഒന്നും നേടാനായിരുന്നില്ലെന്ന് പിന്നീടെനിയ്ക്ക് ബോധ്യമായി. ഒരു പക്ഷേ, ആശുപത്രിയില്‍ വെച്ചോ, മറ്റോ നേരത്തെ തന്നെ, എന്നെ ശ്രദ്ധിച്ചിരുന്ന ബാലകൃഷ്ണന്‍ എന്നെ സമാശ്വസിപ്പിക്കാനായിട്ടാണ് അത്രയുമൊക്കെ വിവരിച്ചതെന്നും ഞാനുള്‍ക്കൊണ്ടു.
സുഹൃത്തുക്കളേ.. നമ്മുടെ ചില തോന്നലുകളും, ചിന്തകളും എല്ലാം ശരിയാണെന്ന് കരുതരുത്. കാവി മുണ്ടും, രാഖിയും കണ്ടാല്‍ നമ്മില്‍ പലര്‍ക്കും ഒരു മുന്‍ വിധിയുണ്ട്. അവരൊക്കെ സംഘികളാണെന്നും, അവരെല്ലാം മറ്റ് സമുദായക്കാരുടെ ശത്രുക്കളുമാണെന്ന ഒരു തരം വിലയിരുത്തല്‍. ഞാനും ഒരു പക്ഷേ അങ്ങനെയൊക്കെ ആയിരുന്നിരിക്കണം. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞ് കാന്റീനില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് ബാലകൃഷ്ണനെ വീണ്ടും കാണുന്നത്. അയാളിരിക്കുന്ന മേശയുടെ അടുത്ത സീറ്റില്‍ ഞാനും ഇരുന്നു. കുശലം പറയാന്‍ തുടക്കമിടവേ ബാലകൃഷ്ണന്‍ എന്നോട് ചോദിച്ചു.
''നിങ്ങടെ പേഷ്യന്റാരാ...വൈഫാണോ...?''
'അല്ല ഇളയ മോനാണ്... എട്ട് വയസ്സ്...' ബാലകൃഷ്ണന്‍ പിന്നീടൊന്നും അതേക്കുറിച്ച് സംസാരിച്ചില്ല. തിരുവനന്തപുരത്തുകാരുടെ മീന്‍കറിയിലെ എരിവിനെക്കുറിച്ചും, അവിയലിനെക്കുറിച്ചുമൊക്കെ ബാലകൃഷ്ണന്‍ പിന്നെയും കുറേ എന്തോക്കെയോ പറഞ്ഞു. എല്ലാം കേട്ടിരുന്ന് ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്ന് ഇറങ്ങി, ഞങ്ങള്‍ രണ്ട് വഴിയേ പിരിഞ്ഞു. മൂന്നാല് ദിവസം ബാലകൃഷ്ണനെക്കുറിച്ച് പല സമയത്തും ഞാന്‍ ചിന്തിച്ചിരുന്നു. അയാളുടെ സംസാരത്തെക്കുറിച്ചും, ആശുപത്രി വാര്‍ഡില്‍ അയാളുടെ വരവും പ്രതീക്ഷിച്ച് കിടക്കുന്ന മകന്‍ അഖിലിനെക്കുറിച്ചുമൊക്കെ. ക്രമേണ വിഷമകരമായ സ്വന്തം അവസ്ഥയിലേക്ക് തന്നെ എന്റെ ചിന്തകള്‍ ഒതുങ്ങി.
ഹാഫിസ് മോന്റെ റേഡിയേഷന്‍ പൂര്‍ത്തിയായതോടെ, അഖിലിന്റെ രോഗ ശമന പുരോഗതിയേക്കുറിച്ചറിയാനായി, ബാലകൃഷ്ണന്‍ നേരത്തെ തന്ന നമ്പരില്‍ രണ്ട് ദിവസം മുമ്പ് ഞാന്‍ വിളിച്ചിരുന്നു. റിംഗ് ചെയ്ത് തീര്‍ന്നതല്ലാതെ ഫോണ്‍ എടുത്തില്ല. അല്‍പ്പം കഴിഞ്ഞ് മൂന്നാമതും വിളിച്ചപ്പോഴാണ് ബാലകൃഷ്ണന്‍ ഫോണെടുത്തത്. എന്റെ ഹൃദയം കീറിമുറിയ്ക്കുന്ന മറുപടിയാണ് ബാലകൃഷ്ണനില്‍ നിന്നുണ്ടായത്. എന്റെ മനസ്സിന് വല്ലാത്ത ഭാരമാണ് അനുഭവപ്പെട്ടത്. ഞാനാണോ, ബാലകൃഷ്ണനാണോ ഫോണ്‍ കട്ട് ചെയ്തത് എന്നറിയില്ല. എന്റെ സഹോദരന്‍ അഖിലിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ടും, പ്രണാമര്‍പ്പിച്ച് കൊണ്ടും... പ്രിയപ്പെട്ട ബാലകൃഷ്‌ണേട്ടാ... എന്റെ അനുശോചന വാക്കുകള്‍ ഞാനിവിടെ കുറിയ്ക്കട്ടെ

 

Latest News