തോല്‍വി വിജയത്തിന്റെ ചവിട്ടുപടി, ഇംഗ്ലണ്ടിന്റെ പാഠം

ബേമിംഗ്ഹാം - വിജയത്തെക്കാള്‍ തോല്‍വിയില്‍ നിന്നാണ് ഒരാള്‍ കൂടുതല്‍ പഠിക്കുന്നത് എന്നു പറയുന്നത് വെറുതെയല്ല. ഇംഗ്ലണ്ട് നല്‍കുന്ന പാഠം അതാണ്. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷം നാലു വര്‍ഷത്തോളം മികച്ച രീതിയില്‍ കളിച്ചതിന്റെ ഫലമായാണ് ഇംഗ്ലണ്ട് ഇത്തവണ ഫൈനലിലെത്തിയത്. 
കഴിഞ്ഞ ലോകകപ്പിനു ശേഷം ടീമിനെ അടിമുടി മാറ്റുകയും തന്ത്രങ്ങളില്‍ വലിയ തിരുത്തലുകള്‍ വരുത്തുകയും ചെയ്തിരുന്നു അവര്‍. ഓസ്‌ട്രേലിയക്കാരനായ ട്രവര്‍ ബെയ്‌ലിസിനെ ഇതിനായാണ് കോച്ചായി നിയമിച്ചത്. ഓയിന്‍ മോര്‍ഗന്റെ മികച്ച ക്യാപ്റ്റന്‍സിയില്‍ ടീം ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. വെടിക്കെട്ട് ബാറ്റിംഗായിരുന്നു ഇംഗ്ലണ്ടിന്റെ വിജയരഹസ്യം. 300 കടക്കുന്നത് അവര്‍ പതിവാക്കി മാറ്റി. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും ജെയ്‌സന്‍ റോയ്-ജോണി ബെയര്‍സ്‌റ്റൊ കൂട്ടുകെട്ട് ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കി. 
ഓസ്‌ട്രേലിയ മുമ്പ് ഏഴു തവണ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിച്ചപ്പോഴും തോറ്റിരുന്നില്ല. 20 വര്‍ഷം മുമ്പ് ഇതേ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരായ സെമി ടൈ ആക്കിയതാണ് അപവാദം. സൂപ്പര്‍ സിക്‌സിലെ വിജയത്തിന്റെ ബലത്തില്‍ അത്തവണയും അവര്‍ ഫൈനലിലെത്തി. ഇംഗ്ലണ്ട് 1979, 1987, 1992 വര്‍ഷങ്ങളിലും ഫൈനലിലെത്തിയിരുന്നുവെങ്കിലും മൂന്നു തവണയും തോറ്റു. 
ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. എന്നാല്‍ അതിനു മുമ്പുള്ള 10 മത്സരങ്ങളിലും ഓസീസിനെ തോല്‍പിച്ചു. ഗ്രൂപ്പ് മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജെയ്‌സന്‍ ബെഹറന്‍ഡോര്‍ഫും ഒമ്പത് വിക്കറ്റ് പങ്കുവെച്ച് ഇംഗ്ലണ്ടിനെ തരിപ്പണമാക്കി. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ട് ഓപണര്‍മാര്‍ തുടക്കം മുതല്‍ ആക്രമിച്ചതോടെ ഓസീസ് പദ്ധതികള്‍ പാളം തെറ്റി. ഗ്രൂപ്പ് മത്സരത്തില്‍ പരിക്കു കാരണം ജെയ്‌സന്‍ റോയ് കളിച്ചിട്ടില്ലെന്നതും തോല്‍വിയുടെ കാരണമായിരുന്നു. ഓസ്‌ട്രേലിയയാണ് ഈ ലോകകപ്പില്‍ ആദ്യം സെമിയിലെത്തിയത്. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. 
 

Latest News