ധോണിയുടെ കണ്ണീര്‍ 'ഹിറ്റാ'യി, ഇനി കളിക്കുമോയെന്ന് ചോദ്യം

മാഞ്ചസ്റ്റര്‍ - ന്യൂസിലാന്റിനെതിരായ ലോകകപ്പ് സെമിയില്‍ വിജയത്തിനരികെ റണ്ണൗട്ടായി മടങ്ങുന്ന മഹേന്ദ്ര ധോണിയെ ആരാധകര്‍ക്ക് മറക്കാനാവില്ല. പ്രത്യേകിച്ചും അത് ധോണിയുടെ അവസാന രാജ്യാന്തര മത്സരമാണെങ്കില്‍. പുറത്തായി മടങ്ങുമ്പോഴുള്ള ധോണിയുടെ കണ്ണീരായിരുന്നു സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ഐറ്റം. 
ഈ ലോകകപ്പോടെ മഹേന്ദ്ര ധോണി വിരമിക്കുമെന്നാണ് ഏവരും കരുതുന്നത്. ധോണി ഒരിക്കലും അതെക്കുറിച്ച് പറഞ്ഞിട്ടില്ലെങ്കിലും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം പോലും അവസാന നിമിഷം വരെ ധോണി രഹസ്യമാക്കി വെക്കുകയായിരുന്നു. ധോണി വിരമിക്കുമോയെന്ന് സെമി ഫൈനലിലെ പരാജയത്തിനു ശേഷം ചോദിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മറുപടി അതെക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ലെന്നായിരുന്നു. 
കാലത്തെ പിന്നോട്ട് ചലിപ്പിച്ച് ധോണി ഒരിക്കല്‍കൂടി ഇന്ത്യക്ക് വിജയം കൊണ്ടുവരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിക്കറ്റിനിടയില്‍ മിന്നല്‍ വേഗത്തില്‍ ഒാടുന്ന ധോണി ലോകകപ്പിലെങ്കിലും അവസാനം പുറത്തായത് റണ്ണൗട്ടായാണ് എന്നത് കാലം ആരെയും കാത്തുനില്‍ക്കില്ലെന്നതിന്റെ സൂചനയായി.
 

Latest News