Sorry, you need to enable JavaScript to visit this website.

ന്യൂസ്‌റൂമിലെ പുക 

കേന്ദ്ര ധനമന്ത്രി നിർമല സീതാ രാമൻ വെള്ളിയാഴ്ച പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ നേട്ടവും ന്യൂനതയും തിരിച്ചറിയാൻ സമയമെടുക്കും. മിക്ക മലയാളം ന്യൂസ് ചാനലുകളും ഇത് തൽസമയം സംപ്രേഷണം ചെയ്തിരുന്നു. എത്ര മനോഹരമായാണ് വനിതാ മന്ത്രി ബജറ്റ് പ്രസംഗം നടത്തിയത്. 
കോളേജ് പഠനകാലത്തെ സംവാദത്തിലും പ്രസംഗത്തിലും പ്രാഗത്ഭ്യം പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കും. പ്രഭാഷണ കലയിലെ ഇവരുടെ മിടുക്ക് ഇതിന് മുമ്പ് ഓഖി ദുരന്ത വേളയിൽ തിരുവനന്തപുരത്തെത്തിയപ്പോഴും പ്രകടമായതാണ്. കേരളത്തിലെ മന്ത്രിക്ക് മുമ്പിൽ പ്രതിഷേധിച്ച കടലിന്റെ മക്കളുടെ ഹൃദയം കീഴടക്കിയാണ് മധുരയിൽ ജനിച്ച മന്ത്രി തിരിച്ചുപോയത്. 
ഇന്ദിരാഗാന്ധിക്ക് ശേഷം നാല് ദശകങ്ങൾക്കിപ്പുറമാണ് ഒരു മഹിള ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചത്. 
സ്റ്റാർട്ട് അപ്പുകൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ  ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർട്ട് അപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ തുടങ്ങും. നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗ നിർദേശങ്ങൾ നൽകാനും നികുതി ഘടനകളെ കുറിച്ച് ബോധവത്കരിക്കാനും ഒക്കെയുള്ള പരിപാടികൾ ആയിരിക്കും ടിവി ചാനലുകളിൽ ഉണ്ടാവുക. സ്റ്റാർട്ട് അപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യും ഇതുവഴി. കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി മലയാളം ചാനലുകളിൽ ചർച്ചയുമുണ്ടായി. അതിഥികളിൽ ചിലർ കോർപറേറ്റിനെ കോർപറേഷനാക്കിയത് അരോചകമായി. 

***    ***    ***

മലയാളത്തിലെ പ്രശസ്ത വനിതാ മാസിക കുറെ മുമ്പ് ഒരു സർവേ നടത്തി. പ്രതിശ്രുത വരൻ ആരായിരിക്കണമെന്നറിയാനായിരുന്നു അഭിപ്രായ വോട്ടെടുപ്പ്. ജീവിതം റിവേഴ്‌സ് ഗിയറിലിടുന്ന സബ് എഡിറ്ററെ വേണ്ടെന്നാണ് ഭൂരിപക്ഷവും പറഞ്ഞത്. അതായത് എല്ലാവരും കിടന്നുറങ്ങുമ്പോൾ ജോലി ചെയ്യുന്ന പങ്കാളിയെ വേണ്ടെന്ന്. 
മാധ്യമ പ്രവർത്തനം ജോലിയായി സ്വീകരിച്ച റിപ്പോർട്ടറുടെ കാര്യവും ഇത് പോലെ തന്നെ. മറ്റു ജോലി ചെയ്യുന്നവരെ പോലെ കല്യാണങ്ങളിൽ പങ്കെടുക്കാനാവില്ല. അത് പോകട്ടെയെന്ന് വെക്കാം. കുഞ്ഞിന് സുഖമില്ലെന്ന് അറിയിച്ച് ഭാര്യയുടെ ഫോൺ വന്നാൽ പോലും അസൈൻമെന്റുകൾ വലിച്ചെറിഞ്ഞ് വീട്ടിലെത്താൻ പറ്റില്ല. എല്ലാം ഓഫ് ഡേയിലേക്ക് മാറ്റിവെക്കുന്ന കൂട്ടർ. 
സ്വകാര്യ ചാനലിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരെ മൊത്തത്തിൽ വിമർശിക്കുന്നവർക്ക് മറുപടിയായി പത്രപ്രവർത്തക മനില സി. മോഹൻ  എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. മാധ്യമ പ്രവർത്തകരെല്ലാം കഞ്ചാവിന് അടിമകളാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഒരു വിഭാഗം ആരോപിക്കുന്നത്.
'സംഭവം ശരിയാണ്, മാധ്യമ പ്രവർത്തനം വലിയ പ്രവർത്തനമൊന്നുമല്ല. തൊഴിലാണ്. ശമ്പളം കിട്ടുന്ന തൊഴിലാണ്. അത് കിട്ടാതായാൽ സേവനം ചെയ്യാനൊന്നും ആരും തയാറാവില്ല. മറ്റേതൊരു തൊഴിലും പോലെ -മനില പറയുന്നു.
പക്ഷേ ഒന്ന് പറയാം. ഒരു മാധ്യമ സ്ഥാപനത്തിനകത്ത് നടക്കുന്ന ആ ജോലി എന്താണ് എന്ന്, എന്തൊക്കെയാണ് എന്ന് അതിന് പുറത്ത് നിൽക്കുന്ന ഒരാൾക്കും അറിയില്ല, മനസ്സിലാവുകയുമില്ല. ന്യൂസ് റൂമുകളെപ്പറ്റി, അതേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവർ സിനിമകളിലും മറ്റും ഉണ്ടാക്കി വെച്ചിട്ടുള്ള അറു വഷളൻ ന്യൂസ് റൂം കാഴ്ചകളല്ല ഒരു ന്യൂസ് റൂമിന്റേതും. ന്യൂസ് റൂമുകളിലെ യാഥാർത്ഥ്യത്തെ അര ശതമാനമെങ്കിലും പ്രതിഫലിപ്പിച്ചിട്ടുള്ള ഏതെങ്കിലും ദൃശ്യ ആവിഷ്‌കാരങ്ങൾ ഇന്നു വരെ കണ്ടിട്ടില്ല. സിനിമയിലെ കോടതി ഹാൾ പോലെയാണ് ന്യൂദൽഹി, വാർത്ത എന്നിത്യാദി ചിത്രങ്ങളുണ്ടാക്കിയെടുത്ത പൊതുബോധവും. എഴുതിയ ശരികളുടെ പേരിൽ, ഒരു മികച്ച വാർത്തയുടെയോ തലക്കെട്ടിന്റെയോ പേരിൽ എഴുതിയ ആൾ കഞ്ചാവടിച്ചെഴുതിയതാണെന്ന് ആരും പറയാറില്ല. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ആങ്കറല്ല ന്യൂസ് ബുള്ളറ്റിൻ. വലിയൊരു കൂട്ടം മനുഷ്യരുണ്ട് സ്‌ക്രീനിൽ വരാത്തവരായി. 
ഇന്ത്യാ വിഷനിലും മംഗളത്തിലും ജോലി ചെയ്ത ധനുസുമോദും  ഒരു അനുഭവം ഉദ്ധരിക്കുന്നുണ്ട്. 
-എന്റെ നാട്ടിൽ പത്രക്കാരെ മൊത്തം പുഛം ആയിരുന്ന ഒരാളുണ്ടായിരുന്നു. വെറുതെ കോലും പിടിച്ചു വിവാദം ഉണ്ടാക്കലും നാട്ടിൽ കുത്തിത്തിരിപ്പ് നടത്തുന്നവരും എന്നതാണ് ചാനലുകാരെപ്പറ്റി അഭിപ്രായം. നെഗറ്റീവ് ആയതിനാൽ അങ്ങേരോട് ഞാൻ പതുക്കെ അകലം പാലിച്ചു. കഴിഞ്ഞ ഓഗസ്റ്റ് അവസാനം അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. ഏഷ്യാനെറ്റിലെ സുജയാ പാർവതിയെ അറിയുമോ എന്നായിരുന്നു ചോദ്യം. ജീവൻ ടിവിയിൽ ദൽഹിയിൽ ഉള്ളകാലം മുതൽക്കേ അറിയുമെന്ന് പറഞ്ഞു. അദ്ദേഹത്തിന് സുജയയുടെ ഫോൺ നമ്പർ വേണം. മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റം അറിയാവുന്നതിനാൽ ഫോൺ നമ്പർ ഇല്ലെന്നു പറഞ്ഞൊഴിയാൻ നോക്കി. ഒടുവിൽ അയാൾ കാര്യം പറഞ്ഞു- പ്രളയത്തിൽ ആളുകളെ രക്ഷിക്കാനായി മാധ്യമങ്ങൾ നടത്തിയ ഇടപെടലുകൾ കണ്ടു. അങ്ങേർക്ക് പഴയ ദേഷ്യം മാറിയത്രേ. വെള്ളം പോലും കുടിക്കാൻ പോലും ബ്രെയ്ക്ക് എടുക്കാതെ രക്ഷാപ്രവർത്തനം നടത്തുന്ന സുജയ പാർവതിയോട് അങ്ങേർക്ക് അതിരറ്റ ബഹുമാനമായി. പ്രളയത്തിൽ കുടുങ്ങിയ ആളുകളെ ആശ്വസിപ്പിക്കുകയും രക്ഷാപ്രവർത്തനത്തിനായി മറ്റ് ഏജൻസികളെ ബന്ധപ്പെടുകയും ചെയ്ത് അഭിനന്ദനീയർഹമായ സേവനമാണ് സുജയ ചെയ്തത് എന്ന് അയാൾ തുറന്നു പറഞ്ഞു.
ഇപ്പോൾ ഏഷ്യാനെറ്റുകാർ കഞ്ചാവ് വലിക്കാർ ആകുന്നത് ചില വാർത്തകൾ മൂലമാണെന്നും ഉദാഹരണ സഹിതം വ്യക്തമാക്കുന്നതാണ് പോസ്റ്റ്. 

***    ***    ***

ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മീഷന് ഇതുവരെ 1,84,76,933 രൂപ ചെലവായെന്ന് മുഖ്യമന്ത്രി. കാലാവധി അഞ്ച് തവണയായി  30 മാസം നീട്ടി നൽകിയെന്നും അദ്ദേഹം  നിയമസഭയെ അറിയിച്ചു. 
എത്ര തവണ കമ്മീഷന്റെ കാലാവധി നീട്ടിയെന്നുള്ള  കെ.സി. ജോസഫിന്റെ  ചോദ്യത്തിന് രേഖാമൂലം സമർപ്പിച്ച മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. എന്തിനാണ് ഇത്രയും വലിയ തുക ചെലവാക്കിയതെന്ന് മറുപടിയിൽ പറയുന്നില്ല. കമ്മീഷൻ അന്വേഷണം തുടരട്ടെ. 

***    ***    ***

സിനിമ പ്രൊമോഷന്റെ  ഭാഗമായി ഭർത്താവിനെ കാണാനില്ലെന്ന രീതിയിൽ ഫേസ്ബുക്ക് ലൈവിട്ട നടി ആശാ ശരത്ത് പുലിവാല് പിടിച്ചു. സംസ്ഥാനത്തെ ഒരു പോലീസ് സ്‌റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടി ശ്രീജിത്ത് പെരുമണ്ണയെന്ന അഭിഭാഷകനാണ് ആശാ ശരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി ലോക്‌സഭയിൽ പ്രസ്താവിച്ച അതേ ദിവസം തന്നെ  പരസ്യത്തിനായി പോലീസ് വകുപ്പിനെ ഉൾപ്പെടെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് അഭിഭാഷകൻ പരാതിയിൽ ചൂണ്ടിക്കാണിച്ചു.  തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞു പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പോലീസ് സ്‌റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പോലീസ് സ്‌റ്റേഷനിലേക്ക് വിവരങ്ങൾ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ ഫോൺ നമ്പറും സ്ത്രീയുടെ ഭർത്താവിന്റെ ചിത്രവും വെച്ച് നിരവധി അഭ്യർത്ഥനകൾ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ പറഞ്ഞു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഭർത്താവിനെ കാണാനില്ലെന്ന ആശാ ശരത്തിന്റെ ഫേസ്ബുക്ക് ലൈവിന്റെ അവസാനം ആ സിനിമയുടെ പ്രൊമോഷൻ കാർഡ് ഇല്ലായിരുന്നെങ്കിൽ അത്  ബ്രേക്കിങ്ങ് ന്യൂസായി മാറുമെന്ന് സംശയിക്കുന്നവരുമുണ്ട്. 

***    ***    ***

പാട്ടുകളോട് താൽപര്യമുള്ളവർ മൊബൈൽ ഫോണിൽ റിപ്പീറ്റ് ചെയ്ത് കേൾക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുന്നത് പതിവാണ്. ഇയർ ഫോൺ വെച്ച് കേൾക്കുമ്പോൾ അടുത്തുള്ള ആർക്കും അസൗകര്യവുമില്ല. ഇതേ രീതിയിൽ മലയാളം ടെലിവിഷൻ ചാനലിൽ നിന്ന് ഒരേ ഗാനം പത്തും പന്ത്രണ്ടും പ്രാവശ്യം കേൾക്കാനാവുമോ? 
ആരംഭ ദിവസം തന്നെ വിവാദം സൃഷ്ടിച്ച് റേറ്റിംഗിൽ റെക്കോർഡ് സൃഷ്ടിച്ച മംഗളം ടെലിവിഷനാണ് ഇക്കാര്യത്തിലും ചരിത്രം സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 'കളരിയടവും ചുവടിനഴകും.. എന്ന പാട്ട് സംപ്രേഷണം ചെയ്തു കൊണ്ടേയിരുന്നു. നിലയത്തിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെ ഇത് തുടർന്നുകൊണ്ടിരുന്നു. ശ്രേയാ ഘോഷലിന്റെ ശ്രവണ മധുരമായ ശബ്ദത്തിലെ പാട്ടായതിനാൽ ദിവസം മുഴുവൻ സംപ്രേഷണം ചെയ്താലും ആരും എതിർക്കാൻ സാധ്യതയില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റു ചാനലുകൾക്കും ഇതേ മാർഗം പിൻപറ്റാവുന്നതാണ്. 
2018 ഒക്‌ടോബറിൽ റിലീസ് ചെയ്ത ബിഗ് ബജറ്റ് മലയാള ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കേരളത്തിലെ സിനിമാ പരസ്യങ്ങളുടെ ചരിത്രത്തിൽ ഒരു ട്രെയിൻ ബ്രാൻഡ് ചെയ്തത് ഈ സിനിമയ്ക്ക് വേണ്ടി. പത്തൊമ്പതാം നൂറ്റാണ്ടിൽ മധ്യ തിരുവിതാംകൂറിൽ ജീവിച്ച കൊച്ചുണ്ണിയുടെ കഥ ഇതിന് മുമ്പും അഭ്രപാളിയിലെത്തിയിട്ടുണ്ട്. ഗോകുലം ഗോപാലന്റെ ബിഗ് ബജറ്റ് സംരംഭത്തിൽ പോയ കാല പുനരാവിഷ്‌കരിക്കാൻ ഉത്സാഹിച്ചിട്ടുണ്ട്. നിവിൻ പോളിയുടെ വേഷവും സഞ്ചരിക്കുന്ന വാഹനവുമെല്ലാം തെളിവ്. നായിക പ്രിയ ആനന്ദിന്റെ വസ്ത്രധാരണവും പഴയ കാലത്തിന്റെ ഓർമയുണർത്തുന്നതാണ്. പുരികം പ്ലക്ക് ചെയ്യുന്ന ഏർപ്പാടും അന്നേ ഉള്ളതായിരിക്കും. 
 

Latest News