Sorry, you need to enable JavaScript to visit this website.

മത്സ്യകൃഷിയിലെ പെൺപെരുമ

രേഖാ രശ്മിക്ക്‌
രേഖയും ഭർത്താവും

പ്രതിസന്ധികളിൽ തളർന്നിരിക്കാതെ ആത്മവിശ്വാസം കൈമുതലാക്കി വിജയപഥത്തിലെത്തിയ കഥയാണ് കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജിനടുത്ത ചുള്ളിപ്പറമ്പ് അന്നപൂർണ അക്വാപോണിക്‌സ് ഉടമയായ രേഖാ രശ്മിക്കിന്റേത്. 

വ്യക്തമായ തിരിച്ചറിവില്ലാതെ ഒരു കർമമണ്ഡലത്തിൽ എത്തിപ്പെടുകയും നഷ്ടങ്ങളുടെയും സമൂഹത്തിന്റെ അവഹേളനങ്ങളുടെയും നിലയില്ലാക്കയത്തിൽ ആണ്ടു മുങ്ങുകയും ചെയ്തപ്പോൾ പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിൽ ജീവിതം വെട്ടിപ്പിടിച്ച ഒരു ധീരവനിതയുടെ കഥയാണിത്.
ഗണിതശാസ്ത്ര ബിരുദധാരിണിയായ രേഖ സോഫ്റ്റ്‌വെയർ ഡെവലപ്പിംഗ് കോഴ്‌സ് പൂർത്തിയാക്കി നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യവേയാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ ജോലി രാജിവെച്ചത്. ജോലിയുടെ സമ്മർദവും കുടുംബപരമായ പ്രശ്‌നങ്ങളും കൊണ്ട് തുടരാനാവാത്ത സ്ഥിതി വന്നപ്പോഴാണ് വീട്ടിലിരുന്ന് എന്തെങ്കിലും ജോലി ചെയ്ത് വരുമാനമുണ്ടാക്കാൻ രേഖ തീരുമാനിക്കുന്നത്.


ഭർതൃവീട്ടിൽ ആകെയുണ്ടായിരുന്ന മുപ്പത്തിനാല് സെന്റ് സ്ഥലത്ത് എന്തു ചെയ്യും എന്നായി ചിന്ത. ആടും പശുവും കോഴിയുമൊക്കെ മനസ്സിലുടക്കിയെങ്കിലും വേനലിൽ കടുത്ത ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് അവയൊന്നും പ്രായോഗികമായിരുന്നില്ല. വെള്ളം ആവർത്തിച്ചുപയോഗിക്കാവുന്ന ഹൈഡ്രോപോണിക്‌സിനെക്കുറിച്ച് അറിഞ്ഞത് ഇതിനിടയിലാണ്. മണ്ണിന്റെ ആവശ്യമില്ലാതെ കൃഷി ചെയ്യാവുന്ന ഹൈഡ്രോപോണിക്‌സ് സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതലറിയാൻ ഇന്റർനെറ്റിൽ പരതിയപ്പോൾ അക്വാപോണിക്‌സ് കൃഷിരീതിയെക്കുറിച്ചും മനസ്സിലായി. സ്വന്തം വീട്ടുമുറ്റത്തെ കുറഞ്ഞ സ്ഥലത്ത് മീനും പച്ചക്കറിയും കൃഷി ചെയ്യാമെന്ന് മനസ്സിലായപ്പോൾ അക്വാപോണിക്‌സിലൂടെ ജീവിതം കണ്ടെത്താമെന്ന് രേഖ മനസ്സിലുറച്ചു. ഭർത്താവിന്റെ ശക്തമായ പിന്തുണ കൂടിയായപ്പോൾ മറ്റെല്ലാ എതിർപ്പുകളെയും മറികടന്ന് രേഖ തന്റെ കൃഷിരീതി പ്രായോഗികമാക്കാൻ തീരുമാനിച്ചു.

 


എന്നാൽ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അറിയുമായിരുന്നില്ല. കൃഷി വകുപ്പിനോ ഫിഷറീസ് വകുപ്പിനോ അക്വാപോണിക്‌സ് എന്ന കൃഷിരീതിയെക്കുറിച്ച് അക്കാലത്ത് വ്യക്തമായ അറിവുമുണ്ടായിരുന്നില്ല. കൃഷിരീതിയെക്കുറിച്ച് കൃത്യമായ അവഗാഹമില്ലെങ്കിലും ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്നു. മത്സ്യകൃഷി നടത്തുമ്പോൾ കുളത്തിൽ നിക്ഷേപിക്കേണ്ട മത്സ്യത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. അവയ്ക്ക് വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കണം എന്നെല്ലാം ഫിഷറീസ് വകുപ്പിന്റെ മത്സ്യ കൃഷിയെക്കുറിച്ചുള്ള പഠനക്ലാസിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഒടുവിൽ അക്വാപോണിക്‌സ് കൃഷിയെക്കുറിച്ച് അറിയാവുന്ന ഒരു കൺസൾട്ടന്റിന്റെ നിർദേശമനുസരിച്ച് നാലു ലക്ഷം രൂപ ചെലവിട്ട് കുളവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. അഞ്ചര മീറ്റർ വിസ്തൃതിയും രണ്ടര മീറ്റർ ആഴവുമുള്ള കുളമൊരുക്കി. കുളത്തിൽ നാൽപതിനായിരം ലിറ്റർ വെള്ളം സംഭരിച്ചു. സ്വന്തമായി യാതൊരു അറിവുമില്ലാതെ കൺസൾട്ടന്റിന്റെ നിർദേശമനുസരിച്ചായിരുന്നു ഓരോ പ്രവൃത്തിയും. 2014 ജൂൺ മാസത്തിൽ അന്നപൂർണ അക്വാപോണിക്‌സ് രൂപംകൊണ്ടു. ആദ്യമായി 2500 സാദാ തിലാപ്പിയയായിരുന്നു കുളത്തിൽ നിക്ഷേപിച്ചത്.


ആദ്യത്തെ രണ്ടു വർഷം ശരിക്കും കഷ്ടപ്പെടേണ്ടി വന്നു. ആദായമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, ചെലവ് താങ്ങാവുന്നതിലും അധികവും. വൈദ്യുതി ബിൽ മുപ്പതിനായിരവും അതിൽ കൂടുതലുമായി. കുളത്തിലെ വെള്ളത്തിൽ ഓക്‌സിജൻ ലഭിക്കാതെ മീനുകൾ കൂട്ടത്തോടെ ഉപരിതലത്തിൽ വാ പൊളിച്ചു നിൽക്കുന്ന അവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. എട്ടുമാസം കഴിഞ്ഞ് വിളവെടുത്തപ്പോൾ കിട്ടിയത് മുന്നൂറ് കിലോ മത്സ്യം. പച്ചക്കറിയും തുണച്ചില്ല. ഒരേക്കർ സ്ഥലമില്ലാത്തതിനാൽ കാർഷികാവശ്യങ്ങൾക്കു വൈദ്യുതി നൽകുന്ന ഗണത്തിൽ രേഖയുടെ അക്വാപോണിക്‌സ് കൃഷിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഒടുവിൽ അധികൃതരുമായി നിരന്തരം ഇടപെട്ടതിനെ തുടർന്നാണ് അക്വാപോണിക്‌സ് ഒരു കാർഷിക സംരംഭമായി വൈദ്യുതി ബോർഡ് അംഗീകരിച്ചത്.
അടുത്ത വർഷം 3000 തിലാപ്പിയ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. നല്ല പരിചരണവും നൽകി. അതിന് ഫലമുണ്ടായി. ഉൽപാദനം വർധിച്ച് 500 കിലോ മീൻ കിട്ടി. പച്ചക്കറിയിലുമുണ്ടായി വർധന. മുന്നൂറ് കിലോ പച്ചക്കറി വിളവെടുത്തു. എന്നാൽ ഇതുകൊണ്ടൊന്നും മുന്നോട്ടു പോകാനാകുമായിരുന്നില്ല. കാരണം തീറ്റയ്ക്കും വൈദ്യുതി ചെലവിനുമായി തന്നെ മാസം തോറും നല്ലൊരു തുക ചെലവാകുമായിരുന്നു.


എങ്കിലും തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന പുതിയ മത്സ്യകൃഷിക്കാണ് രേഖ തയാറായത്. അനാബാസ് എന്ന മത്സ്യമാണ് ഇക്കുറി കുളത്തിൽ നിക്ഷേപിച്ചത്. തന്റെ ഗർഭാവസ്ഥയിൽ കൂടുതൽ അധ്വാനം വേണ്ട എന്ന കാഴ്ചപ്പാടിലായിരുന്നു പുതിയ പരീക്ഷണം. എന്നാൽ ഈ മത്സ്യത്തിന്റെ രുചി ആർക്കും ഇഷ്ടമല്ലെന്ന് തിരിച്ചറിയുമ്പോൾ ഏറെ വൈകിയിരുന്നു. വെട്ടി വൃത്തിയാക്കാനും പ്രയാസമായിരുന്നു. ഒടുവിൽ പരിചയക്കാർക്ക് സൗജന്യമായാണ് മത്സ്യം നൽകിയത്. എന്നിട്ടും കുറേ ബാക്കിയായി. ഫലമോ പണവും നഷ്ടമായി, മാനവും പോയി. ആ സീസൺ കഴിയുമ്പോൾ സാമ്പത്തികമായി ഏറെ നഷ്ടം സംഭവിച്ചു.
വേദന തിരിച്ചറിഞ്ഞ് തുണയ്ക്കായി കൂടെ നിന്നത് ഫിഷറീസ് വകുപ്പാണ്. പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലേയ്ക്ക് അവർ രേഖയെ തിരഞ്ഞെടുത്തു. കേരളത്തിൽനിന്ന് ആകെ പത്തു പേരെയാണ് അവർ തെരഞ്ഞെടുത്തത്. മത്സ്യക്കുഞ്ഞുങ്ങളെയും സാമ്പത്തിക പിന്തുണയും നൽകാമെന്ന് ഫിഷറീസ് വകുപ്പ് വാഗ്ദാനം നൽകി. അതുമാത്രം പോരായിരുന്നു. കൃഷിയുടെ സാങ്കേതിക വിദ്യയായിരുന്നു ബലഹീനത. ഫിഷറീസ് വകുപ്പിനും ഇക്കാര്യത്തിൽ തികഞ്ഞ ഗ്രാഹ്യമുണ്ടായിരുന്നില്ല. കൃഷിനേട്ടമുണ്ടായാൽ ആദരിക്കാൻ അവർ എത്തുമായിരുന്നു.
എന്തായാലും ഫിഷറീസ് വകുപ്പിന്റെ സഹായം തിരസ്‌കരിക്കാൻ രേഖ തയാറായില്ല. മുന്തിയ ഇനം ഗിഫ്റ്റ് വിഭാഗത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് അവർ നൽകിയത്. കുളത്തിലുണ്ടായിരുന്ന അനാബസിനെ ഒഴിവാക്കി കരിമീനിന് തുല്യമായ ഗിഫ്റ്റ് തിലോപ്പിയ നിക്ഷേപിച്ചു. ഒപ്പംതന്നെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. അതിന് വിദേശത്തു നിന്നുള്ള ഓൺലൈൻ സാങ്കേതികവിദ്യയാണ് രേഖ ഉപയോഗിച്ചത്. ഓൺലൈൻ പരിശീലനത്തിലൂടെ ലഭിച്ച അറിവുകൾ കൃഷിയിൽ പ്രാവർത്തികമാക്കി. വെള്ളത്തിന്റെ നിലവാരം ഉയർത്താൻ ചെറിയ ഗ്രോബെഡുകൾക്കാവില്ലെന്നും കുളത്തിന്റെ സംഭരണ ശേഷിയുടെ മൂന്നിരട്ടിയെങ്കിലും ശേഷിയുള്ള ഗ്രോബെഡുകളാണ് അക്വാപോണിക്‌സ് കൃഷിക്ക് വേണ്ടതെന്നതും പുതിയ അറിവായിരുന്നു. സ്ഥലപരിമിതിയായിരുന്നു മറ്റൊരു പ്രധാന പ്രശ്‌നം. വെറും നാലു സെന്റു മാത്രമായിരുന്നു ഫാമിന്റെ വിസ്തീർണം. പരിഹാരമെന്നോണം ബയോ ഫിൽറ്ററുകൾക്ക് രൂപം നൽകി. പലതരം അരിപ്പകളിലൂടെ വെള്ളം കടത്തിവിട്ട് ശുദ്ധീകരിച്ചാലേ മത്സ്യകൃഷി വിജയത്തിലെത്തുകയുള്ളൂ എന്നും കണ്ടെത്തി. സ്വന്തമായി രൂപകൽപന ചെയ്ത ഏഴ് ഫിൽറ്ററുകളാണ് ഇപ്പോൾ രേഖ കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്.


അടുത്ത കടമ്പ വൈദ്യുതി ബില്ല് ക്രമാതീതമായി ഉയരുന്നത് തടയുക എന്നതായിരുന്നു. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന ബ്‌ളോവറുകൾ വേണ്ടെന്നുവച്ചു. എന്നാൽ മത്സ്യങ്ങൾക്ക് പ്രാണവായു വേണ്ടത്ര നൽകാൻ പകരം സംവിധാനമൊരുക്കണം. എൻജിനീയർ കൂടിയായ രേഖയുടെ ഭർത്താവ് രശ്മിക് പോംവഴി കണ്ടെത്തി. മാലിന്യ സംസ്‌കരണ പ്ലാന്റുകളിൽ വായു പ്രവാഹം സാധ്യമാക്കുന്ന എയർ വെഞ്ചുറിയെന്ന ഉപകരണം സ്ഥാപിച്ചു. ചെലവും കുറവ്. വൈദ്യുതി കുറച്ചു മാത്രം ഉപയോഗിക്കുന്ന ഈ സംവിധാനം കുളത്തിലേയ്ക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിൽ വായു കലർത്തുന്ന വിദ്യയാണ്.
വൈദ്യുതി തടസ്സപ്പെടുന്ന സമയത്ത് പമ്പിംഗ് കൃത്യമായി നടക്കാതെ മീനുകൾ ചത്തൊടുങ്ങുന്നത് തടയാൻ ജനറേറ്റർ സ്ഥാപിച്ചു. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ സൗരോർജത്തിലേയ്ക്കു വഴിമാറി. അതോടെ വൈദ്യുതി ബില്ലിന്റെയും ഭാരം ഒഴിഞ്ഞു.
ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ ശേഷം നാലായിരം ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെയാണ് രേഖ കുളത്തിൽ നിക്ഷേപിച്ചത്. ഏഴുമാസം കൊണ്ട് ഒന്നരയിഞ്ചു വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങൾ 600 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുള്ളവയായി. കിലോയ്ക്ക് 300 രൂപ ലഭിച്ചതോടെ നഷ്ടം കുറേ നികത്തി. നഷ്ടക്കഥ പറഞ്ഞ് നോവിക്കുന്ന വിമർശകരുടെ വായടപ്പിക്കാനും രേഖയ്ക്ക് കഴിഞ്ഞു. മത്സ്യക്കൃഷിക്കൊപ്പം വീട്ടിലേയ്ക്ക് ആവശ്യമായ മുഴുവൻ പച്ചക്കറിയും ഉത്പാദിപ്പിക്കാനും ഈ കർഷകയ്ക്ക് കഴിഞ്ഞു.
ഒരു തരത്തിലുള്ള രാസപദാർഥങ്ങളും ചേർക്കാത്തതിനാൽ രേഖയുടെ മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്. കോഴിക്കോട്ടെ നിരവധി ഫ്‌ളാറ്റുകളിൽ നിത്യേന നൽകുന്നുണ്ട്. കൂടാതെ രണ്ട് മൊത്ത വിതരണം ഏജൻസികൾക്കും നൽകുന്നു. മുറിച്ചു വൃത്തിയാക്കി അരപ്പു പുരട്ടിയ മീൻ പായ്ക്ക് ചെയ്തു നൽകുന്ന റെഡി ടു കുക്ക് മത്സ്യമാണ് മറ്റൊരു ആകർഷണം. നേരിട്ടു വന്ന് മത്സ്യം വാങ്ങുന്നവരും കുറവല്ല.


ഓരോ വിളവെടുപ്പിനു ശേഷവും ആറുമാസത്തോളം കാത്തിരിക്കേണ്ടി വരുന്നത് സ്ഥിരം ഉപഭോക്താക്കളെ നഷ്ടമാക്കി. ഇതൊഴിവാക്കാൻ വർഷം മുഴുവൻ മീൻ പിടിക്കാവുന്ന ക്രമീകരണമുണ്ടാക്കി. ഫിഷറീസ് വകുപ്പിൽനിന്നും പത്തു രൂപ നിരക്കിൽ വാങ്ങുന്ന മീനുകളെ കുളത്തിനടുത്തുള്ള പടുത കൊണ്ടുണ്ടാക്കിയ ടാങ്കിലാണ് ആദ്യം നിക്ഷേപിക്കുന്നത്. അവിടെ നിന്നും മൂന്നു മാസം കഴിയുമ്പോൾ കുളത്തിലേയ്ക്കു മാറ്റും. തുടർച്ചയായ ഉത്പാദനമായിരുന്നു ഇതിലൂടെ ലക്ഷ്യമാക്കിയത്.
ഇന്ന് സ്ത്രീ സമൂഹത്തിനാകെ ഒരു മാതൃകയാണ് ഈ വീട്ടമ്മ. എന്തു കാര്യവും മനസ്സർപ്പിച്ച് ചെയ്തുകഴിഞ്ഞാൽ വിജയപഥത്തിലെത്താൻ കഴിയുമെന്ന് രേഖ പറയുന്നു. മത്സ്യങ്ങളെ നിക്ഷേപിച്ച് വെറുതെയിരുന്നാൽ ഫലം ലഭിക്കില്ല. നിത്യവും രണ്ടു മണിക്കൂറെങ്കിലും പരിചരണം നൽകാൻ തയാറായാൽ മാത്രമേ ഈ രംഗത്ത് വിജയിക്കാനാവൂ. വിപണി കണ്ടെത്തുക എന്നതാണ് മറ്റൊരു വെല്ലുവിളി.
പ്ലാന്റിലെ ചെലവുകളെല്ലാം കഴിഞ്ഞ് മാസം മുപ്പതിനായിരത്തോളം രൂപ വരുമാനം നേടുന്ന വീട്ടമ്മയാണ് രേഖ. നേരിട്ടും ഓൺലൈനിലൂടെയും മത്സ്യം വിപണനം ചെയ്യുന്നു. കൂടാതെ ഈ രംഗത്തേയ്ക്കു കടന്നുവരുന്നവർക്ക് പരിശീലനം നൽകുന്ന അധ്യാപികയും കൂടിയാണവർ. താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും ചതിക്കുഴികളെ തുറന്നു കാണിച്ചും അക്വാപോണിക്‌സ് എന്ത്, എങ്ങനെ എന്നൊരു പുസ്തകവും ഇവർ രചിച്ചിട്ടുണ്ട്. നൂതന മത്സ്യകൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും അംഗീകാരത്തിനും രേഖ അർഹയായി. കൂടാതെ ദൂരദർശൻ കേന്ദ്രം 2018 ലെ കിസാൻ മഹിളാ പുരസ്‌കാരം നൽകിയും ആദരിച്ചു.
ഓട്ടിസ് എലിവേറ്റർ കമ്പനിയുടെ മലബാർ ഏരിയാ മേധാവിയായ ഭർത്താവ് രശ്മിക്കും മക്കളായ വിനായകനും സിബി മാധവിയും തികഞ്ഞ പിന്തുണയുമായി രേഖയ്ക്കു പിന്നിലുണ്ട്. അക്വാപോണിക്‌സ് കൃഷിരീതിയെക്കുറിച്ച് ക്ലാസുകൾ നൽകാനും ഈ രംഗത്തേയ്ക്ക് പുതുതലമുറയെ ആകർഷിക്കാനും രേഖ മുൻപന്തിയിലുണ്ട്. വിളിക്കേണ്ട നമ്പർ: 9400801966.

Latest News