Sorry, you need to enable JavaScript to visit this website.

വിമര്‍ശകര്‍ അറിയണം; കഞ്ചാവടിച്ചാല്‍ ഇപ്പണി ചെയ്യാന്‍ പറ്റില്ല

സ്വകാര്യ ചാനലിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകരെ മൊത്തത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി പത്രപ്രവര്‍ത്തക മനില സി. മോഹന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മാധ്യമ പ്രവര്‍ത്തകരെല്ലാം കഞ്ചാവിന് അടിമകളാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്.

മനിലയുടെ പോസ്റ്റ് വായിക്കാം.

http://malayalamnewsdaily.com/sites/default/files/2019/07/01/manilas.png

സംഭവം ശരിയാണ്, മാധ്യമ പ്രവര്‍ത്തനം വലിയ പ്രവര്‍ത്തനമൊന്നുമല്ല. തൊഴിലാണ്. ശമ്പളം കിട്ടുന്ന തൊഴിലാണ്. അത് കിട്ടാതായാല്‍ സേവനം ചെയ്യാനൊന്നും ആരും തയ്യാറാവില്ല. മറ്റേതൊരു തൊഴിലും പോലെ.

പക്ഷേ ഒന്ന് പറയാം. ഒരു മാധ്യമ സ്ഥാപനത്തിനകത്ത് നടക്കുന്ന ആ ജോലി എന്താണ് എന്ന്, എന്തൊക്കെയാണ് എന്ന് അതിന് പുറത്ത് നില്‍ക്കുന്ന ഒരാള്‍ക്കും അറിയില്ല, മനസ്സിലാവുകയുമില്ല. ന്യൂസ് റൂമുകളെപ്പറ്റി, അതേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ സിനിമകളിലും മറ്റും ഉണ്ടാക്കി വെച്ചിട്ടുള്ള അറു വഷളന്‍ ന്യൂസ് റൂം കാഴ്ചകളല്ല ഒരു ന്യൂസ് റൂമിന്റേതും. ന്യൂസ് റൂമുകളിലെ യാഥാര്‍ത്ഥ്യത്തെ അര ശതമാനമെങ്കിലും പ്രതിഫലിപ്പിച്ചിട്ടുള്ള ഏതെങ്കിലും ദൃശ്യ ആവിഷ്‌കാരങ്ങള്‍ ഇന്നു വരെ കണ്ടിട്ടില്ല.

ഐ.ടി പണിയെടുക്കുന്നവരുടെ ജോലി എന്താണെന്ന് അതിന് പുറത്തുള്ളവര്‍ക്ക് മനസ്സിലാവാത്തതുപോലെത്തന്നെയാണത്.

ഒരു പത്രം ഇറങ്ങുന്നതിനു പിന്നില്‍ നൂറുകണക്കിന് ആളുകളുടെ അധ്വാനമുണ്ട്. ആ അധ്വാനത്തിന് തന്നെയാണ് കാശ് കിട്ടുന്നത്. ഒരു പത്രത്തില്‍ ഒരു ദിവസം എത്ര വാര്‍ത്തകളുണ്ടാവും! തലക്കെട്ടുകളുണ്ടാവും! അതൊന്നും തനിയെ ഉണ്ടാവുന്നതല്ല. ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരുടെ ജോലിയുടെ ഒരു ഭാഗമാണത്. അവര്‍ ചിന്തിച്ചും തിരുത്തിയും എഴുതുന്നവ തന്നെയാണത്.

തെറ്റൊക്കെ പറ്റും. രാഷ്ട്രീയ ശരികേടുകളുമുണ്ടാവും. തെറ്റുകളൊക്കെയും വിമര്‍ശിക്കപ്പെടുകയും വേണം. പക്ഷേ എഴുതിയ ശരികളുടെ പേരില്‍, ഒരു മികച്ച വാര്‍ത്തയുടേയോ തലക്കെട്ടിന്റെയോ പേരില്‍ എഴുതിയ ആള്‍ കഞ്ചാവടിച്ചെഴുതിയതാണെന്ന് ആരും പറയാറില്ല. ഓരോ പത്രത്തിലും ആനുകാലികങ്ങളിലും ടെലിവിഷനിലും കാണാം മികച്ച വാര്‍ത്താ ഉത്പന്നങ്ങളുടെ കൂമ്പാരങ്ങള്‍. അഭിനന്ദിക്കപ്പെടുകയോ പരാമര്‍ശിക്കപ്പെടുക പോലുമോ ചെയ്യാറില്ല ആരും ഒന്നും. എഴുതുന്നവരും ഉണ്ടാക്കുന്നവരും പ്രസിദ്ധീകരിക്കുന്നവരും അതൊട്ട് പ്രതീക്ഷിക്കുന്നുമില്ല. കാരണം അത് ശമ്പളം കിട്ടുന്ന ജോലിയാണ്.

ഒരു ലൈവ് ന്യൂസ് ബുള്ളറ്റിന്‍ പുറത്തു വരുന്നത് എങ്ങനെയാണെന്നാണ് ? സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആങ്കറല്ല ന്യൂസ് ബുള്ളറ്റിന്‍. വലിയൊരു കൂട്ടം മനുഷ്യരുണ്ട് സ്‌ക്രീനില്‍ വരാത്തവരായി. ഓരോ ന്യൂസ് പോര്‍ട്ടലുകളിലും ഓരോ നിമിഷവും വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതെങ്ങനെയാണെന്നാണ് ?

ശമ്പളം കിട്ടുന്നവര് തന്നെയാണ്.
കഞ്ചാവടിച്ചാലൊന്നും ഇപ്പണി ചെയ്യാന്‍ പറ്റില്ലെന്നേ. കഞ്ചാവടിച്ച് ഐ.ടി. പണി ചെയ്യാന്‍ പറ്റാത്ത പോലെത്തന്നെയാണ്. കഞ്ചാവടിച്ചാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ പറ്റാത്ത പോലെത്തന്നെയാണ്.

മാധ്യമങ്ങളോ ജേണലിസ്റ്റുകളോ വിമര്‍ശിക്കപ്പെടേണ്ടവരല്ലെന്നോ വിമര്‍ശനാതീതരാണെന്നോ അല്ല. നിലപാടുകളുടേയും നയങ്ങളുടേയും രാഷ്ട്രീയത്തിന്റെയുമൊക്കെ പേരില്‍ വിമര്‍ശിക്കുമ്പോള്‍ അത് വിമര്‍ശിക്കപ്പെടുന്നവര്‍ക്കും ചിന്തിക്കാനുള്ള അവസരമാണ്. പക്ഷേ വിമര്‍ശനങ്ങള്‍ക്കും ഒരു നിലവാരമുണ്ട്.

ഐ.ടിപ്പണിക്കാര്‍ ശമ്പളം വാങ്ങിച്ചെയ്യുന്ന പണികളിലെ ഭീമാബദ്ധങ്ങളും അധ്യാപകപ്പണിക്കാര്‍ ക്ലാസ് മുറികളില്‍ പറയുന്ന രാഷ്ട്രീയ ശരികേടുകളും പത്രത്തിലോ ന്യൂസ് പോര്‍ട്ടലുകളിലോ ചാനലുകളിലോ വരാത്തതു കൊണ്ട് നാട്ടുകാരോ ഫേസ് ബുക്കിലുള്ളവരോ അറിയുന്നില്ല എന്നേയുള്ളൂ.

ജേണലിസ്റ്റുകള്‍ ചെയ്യുന്ന ജോലികളത്രയും മറ്റു മനുഷ്യര്‍ കാണാനും വായിക്കാനും കേള്‍ക്കാനും പാകത്തിലുള്ളതാണ്. ആ ഒരു വ്യത്യാസമുണ്ട്. അത് തന്നെയാണ് വ്യത്യാസം.

 

Latest News