സൗദി അറേബ്യയിലെത്തിയ കാലത്ത് കൊച്ചിക്കാരനായ മലയാളി സുഹൃത്ത് പറഞ്ഞു തന്ന എളുപ്പ വഴിയുണ്ട്. ആരെങ്കിലും അടുത്ത് വന്ന് അറബിയിൽ എന്തെങ്കിലും അന്വേഷിക്കാൻ തുടങ്ങിയാൽ തപ്പിപ്പിടിച്ച് അറബി ഭാഷയിൽ മറുപടി പറയാൻ നിൽക്കരുത്. ചിലപ്പോൾ സംശയാലുക്കളിൽ ഇൻസ്റ്റന്റ് ഉത്തരം കിട്ടാത്തതിന്റെ പേരിൽ ക്ഷോഭിക്കുന്നവരുമുണ്ടാവും.
എല്ലാറ്റിനും ഒറ്റ മൂലിയുണ്ട്. അന മാ ആരിഫ്, അന ജദീദ്. (എനിക്കറിയില്ല, ഞാൻ ഇവിടെ പുതിയ ആളാണ്.) എത്ര കാലം കഴിഞ്ഞാലും ഈ മറുപടി പ്രയോഗിക്കാമെന്ന സൗകര്യം കൂടിയുണ്ട്. ഈ വാരത്തിൽ ദൃശ്യ മാധ്യമങ്ങളിലെ താരം ആലപ്പുഴയിൽ നിന്ന് ജയിച്ച ഏക കനൽ തരിയാണ്. കേരളത്തിലെ എം.പിമാർ ദില്ലിക്ക് വണ്ടി കയറുന്ന സമയത്ത് രണ്ട് ഉപദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലുയർന്നത്. ആലത്തൂരിലെ പെങ്ങളൂട്ടിയെ പൊന്നു പോലെ നോക്കണം. അതേ പോലെ തരംഗത്തിനിടയിലും ജയിച്ചു കയറിയ എ.എം. ആരിഫിനെ ഉപദ്രവിക്കരുത്.
സ്വന്തമെന്ന് കരുതി കന്നി എം.പിയെ ശ്രദ്ധിക്കണമെന്നൊക്കെയായിരുന്നു മറ്റൊരു അഭ്യർഥന. കാർഷിക കടം വിഷയത്തിൽ കേരളം പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ ആരിഫിനെ വിളിച്ചില്ല. കൊടിക്കുന്നിൽ സുരേഷായാലും ഡീൻ കുര്യാക്കോസായാലും ചെയ്തത് ശരിയായില്ല. ആലപ്പുഴ എം.പി ചാനലുകളെ വിളിച്ചു വരുത്തി പരിഭവം അറിയിച്ചു. എന്തൊരു സുന്ദരനാണീ ജനപ്രതിനിധി? ഫേഷ്യലൊക്കെ മിന്നി തിളങ്ങുകയല്ലേ വെറുതെയല്ല ആലപ്പുഴയിൽ മാത്രം കാറ്റ് മാറി വീശിയത്.
അതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആരിഫ് എം.പി ആദ്യമായി പാർലമെന്റിൽ പ്രസംഗിച്ചു. കേരളത്തിലെ കടൽ ഭിത്തി ഇല്ലാത്തതാണ് പ്രശ്നം. ജനപ്രതിനിധി നോക്കി വായിക്കാൻ ഏറെ ക്ലേശിക്കുന്നു. സായിപ്പിന്റെ ഭാഷയിലാണ് ഡയലോഗ്. ശ്രീമതി ടീച്ചർ, ഇന്നസെന്റ് എന്നീ പ്രഗത്ഭരുടെ അസാന്നിധ്യം വലുതായി അനുഭവപ്പെടില്ലെന്ന് ചുരുക്കം. കേരളത്തിലെ രണ്ടു പക്ഷത്തുമുള്ള മുതിർന്ന രാഷ്ട്രീയ പ്രമുഖരെ പോലെ ഇദ്ദേഹത്തിനുമുണ്ട് എൽ.എൽ.ബി. പഠിച്ചത് പാചക റാണിയുടെ കലാലയത്തിലാണോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും അന്വേഷിക്കുന്നത്.
*** *** ***
ഇത്രയും നല്ല പ്രതിപക്ഷത്തെ ലഭിച്ചത് കേരളം ഭരിക്കുന്ന എൽ.ഡി.എഫിന്റെ ഭാഗ്യമാണെന്ന് വേണം മനസ്സിലാക്കാൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുങ്കാറ്റുണ്ടാക്കാൻ പാകത്തിൽ എന്തെന്ത് വിഷയങ്ങളാണ് ഉയർന്നു വന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വനിതാ തടവുകാർ തലസ്ഥാന നഗരിയിലെ ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഐ.പി.എസ് ഓഫീസർ ഋഷിരാജ് സിംഗ് ജയിലുകളിൽ മിന്നൽ പരിശോധന നടത്തി അത്യാധുനിക മൊബൈൽ ഫോണുകൾ, ലഹരി വസ്തുക്കൾ എന്നിവ കണ്ടെത്തി. കൊട്ട മെടയുന്ന കോർപറേഷന്റെ എം.ഡിയാക്കിയാലും തിളങ്ങാൻ കഴിയുന്ന വ്യക്തിയാണ് രാജസ്ഥാനിൽ നിന്നുള്ള ഈ ഉദ്യോഗസ്ഥൻ. ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി രാജ്യാന്തര തലത്തിലല്ലേ സ്വർണ ഇടപാട് നടത്തിയത്?
സംസ്ഥാന ഭരണ കക്ഷിയിലെ പ്രമുഖന്റെ മകൻ ബിഹാറിൽ നിന്ന് ഗൾഫിലേക്ക് ചേക്കേറിയ കലാകാരിയുടെ നൃത്താഭിരുചി കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ റണ്ണിംഗ് കമന്ററി പോലെയല്ലേ മാതൃഭൂമി ഉൾപ്പെടെയുള്ള വാർത്താ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്നത്. നൈജീരിയയിലെ അധ്വാന ഫലം തളിപ്പറമ്പിനടുത്ത ഗ്രാമമായ ആന്തൂരിൽ
കൺവെൻഷൻ സെന്ററാക്കാൻ പുറപ്പെട്ട ഹതഭാഗ്യനായ പ്രവാസിയുടെ ഗതികേട്. അങ്ങനെ എത്രയെത്ര വിഷയങ്ങൾ? വ്യവസായിയുടെ വിധവയെ ആശ്വസിപ്പിക്കാൻ ആദ്യമെത്തിയത് തളിപ്പറമ്പ് എം.എൽ.എ ജെയിംസ് മാത്യു. അതു കണ്ടപ്പോഴാണ് കെ.പി.സി.സിയും പ്രതിപക്ഷ നായകനുമെല്ലാം അവിടേക്ക് പുറപ്പെടുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ ഡയരക്റ്റ് മാർക്കറ്റിംഗ് പ്രതിനിധിയായ സംയുക്ത വർമ ജയറാമിന് ബുദ്ധി വളരാനുള്ള ഒരു യന്ത്രം വിൽക്കുന്നുണ്ട്. ഇത്തരം പ്രോഡക്റ്റ്സിന് നല്ല സ്കോപ്പായിരിക്കും നാട്ടിൽ.
*** *** ***
2015 ൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ സിറിയൻ ബാലൻ ഐലൻ കുർദിയുടേതിന് സമാനമായൊരു ചിത്രം അമേരിക്കയിൽ നിന്ന്. അഭയം തേടിയുള്ള യാത്രയിൽ പാതിവഴിയിൽ ജീവൻ പൊലിയുന്നവരുടെ കൂട്ടത്തിൽ പെടുന്നതാണ് ഹൃദയഭേദകമായ ഈ ചിത്രം. കുടിയേറ്റ ശ്രമത്തിനിടെ പാതിവഴിയിൽ ജീവൻ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. അമേരിക്ക - മെക്സിക്കൻ അതിർത്തിയിൽ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്. എൽസാൽവദോറിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിച്ച അഭയാർത്ഥികളായ ഓസ്കാർ ആൽബർടോ മാർടിനസ് രെമിരസും മകൾ വലേറിയയുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹം. അച്ഛന്റെ വസ്ത്രത്തിനുള്ളിൽ അദ്ദേഹത്തെ ചേർത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി.
മകളുമായി നീന്തി അവളെ അമേരിക്കയുടെ സമീപം എത്തിച്ചു. ഭാര്യയെ കൊണ്ടുപോകാനായി തിരിക്കുന്നതിനിടെ മകൾ വെള്ളത്തിൽ വീഴുകയായിരുന്നു. അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ചുഴിയിൽ പെടുകയായിരുന്നു.
ഏപ്രിൽ മൂന്നിനാണ് എൽ സാൽവദോറിൽ നിന്ന് ഓസ്കർ കുടുംബവുമായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. ഭർത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂവെന്ന് രെമിരസിന്റെ ഭാര്യ പറഞ്ഞു. മാധ്യമ പ്രവർത്തക ജൂലിയ ലെ ദുക് എടുത്ത ചിത്രം മെക്സിക്കൻ പത്രം ലാ ജോർനാദയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ നൊമ്പരമായ അച്ഛന്റെയും മകളുടെയും ചേതനയറ്റ ശരീരങ്ങളുടെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി. ഈ ചിത്രം തന്നെയും വേദനിപ്പിച്ചുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. അല്ലെങ്കിലും റെഡ് ഇന്ത്യൻസ് അല്ലാതെ ആരാണ് യു.എസിൽ കുടിയേറ്റക്കാരല്ലാത്തതായുള്ളത്?
*** *** ***
തമിഴിൽ ബിഗ് ബോസിന്റെ മൂന്നാം സീസൺ തുടങ്ങി. ഉലകനായകൻ കമൽഹാസൻ അവതാരകനായി എത്തുന്ന പരിപാടിയുടെ ആദ്യ രണ്ട് പതിപ്പുകളും വലിയ വിജയം നേടിയിരുന്നു. അടുത്തിടെയായിരുന്നു തമിഴ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പിനും തുടക്കമായത്. ബിഗ് ബോസ് തമിഴിന്റേതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിഗ് ബോസ് തമിഴിൽ ഇത്തവണ പതിനഞ്ച്
മൽസരാർത്ഥികളാണ് പങ്കെടുക്കാൻ എത്തിയിരുന്നത്. വിവിധ മേഖലകളിൽ ശ്രദ്ധേയരായ സെലിബ്രിറ്റികളാണ് ഷോയിൽ മൽസരിക്കുന്നത്. നൂറ് ദിവസം നീളുന്ന പരിപാടിയിൽ മൽസരാർത്ഥികളുടെ പ്രകടനവും സ്വഭാവ മാറ്റങ്ങളുമെല്ലാം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒരാഴ്ച പിന്നിടുന്നതിന് മുൻപേ തന്നെ ബിഗ് ബോസിൽ അടിപിടി തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ പിതാവ് വിജയകുമാറിനെതിരെയുളള പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച നടി വനിത വിജയകുമാറും മോഡലായ മീര മിഥുനും തമ്മിലാണ് വഴക്കുണ്ടായത്.
*** *** ***
ലോക്സഭയിൽ തീപ്പൊരി പ്രസംഗം നടത്തിയ മഹുവ മൊയിത്ര ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് അര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവരെ നിശ്ശബ്ദയാക്കാൻ സഭയിൽ വലിയ ശ്രമമുണ്ടായെങ്കിലും ഒരിടത്ത് പോലും തളർന്നില്ല തൃണമൂൽ കോൺഗ്രസിലെ യുവ എം.പി.
അസമിലും കൊൽക്കത്തയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹുവ പതിനാറാം വയസ്സിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ഈ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്ന മഹുവ 2009 ൽ കോൺഗ്രസിൽ ചേർന്നു. എന്നാൽ, വളരെ വേഗം പ്രവർത്തന മണ്ഡലം തൃണമൂൽ കോൺഗ്രസിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി തൃണമൂലിന്റെ എം.എൽ.എയാണ്. ടെലിവിഷൻ ചർച്ചയ്ക്കിടയിൽ അവതാരകൻ അർണബ് ഗോസ്വാമിയെ മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത് വലിയ വാർത്തയായിരുന്നു. 'നിങ്ങൾ സ്വയം സംസാരിക്കണം അർണബ്, അല്ലാതെ നിങ്ങളുടെ ചർച്ചയ്ക്ക് മറ്റാരെയും ക്ഷണിക്കരുത്. ഇത് ഒരു വൺമാൻ ഷോയാണ്' അർണബിനെ വിമർശിക്കുന്നതിനിടയിൽ മഹുവ നടുവിരൽ ഉയർത്തിക്കാണിക്കുകയായിരുന്നു
സിൽചാർ വിമാനത്താവളത്തിൽ പോലീസുകാർ തടഞ്ഞതിനെത്തുടർന്ന് മഹുവ മോയ്ത്ര ഒരു വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചത് വലിയ വിവാദമായിരുന്നു. ഇതൊക്കെ ഹീറോയിസമാണെന്ന് പറഞ്ഞ് വാഴ്ത്തുന്നവർ ദിവ്യ സ്പന്ദനയെ മറന്നിട്ടില്ലെന്ന് കരുതാം.
*** *** ***
കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന തീരുമാനം ആശങ്കാജനകമാണ്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ദി ഹിന്ദു, ടെലിഗ്രാഫ് തുടങ്ങിയ മാധ്യമങ്ങൾക്കാണ് കേന്ദ്ര സർക്കാർ പരസ്യത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എബിപി ഗ്രൂപ്പിന് കീഴിൽ വരുന്ന ടെലിഗ്രാഫിന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി കേന്ദ്ര സർക്കാർ പരസ്യം നൽകുന്നില്ല. റഫാൽ വിമാന ഇടപാടിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് 'ദി ഹിന്ദു'വിന് വിലക്ക് വീണിരിക്കുന്നത്.
2014 മുതൽ 2018 വരെ സർക്കാർ പരസ്യങ്ങൾക്കായി മോഡി സർക്കാർ ചെലവഴിച്ചത് 5200 കോടി രൂപയാണ്. ഇതിൽ 2282 കോടി രൂപയുടെ പരസ്യം പത്രമാധ്യമങ്ങൾക്കാണ് ലഭിച്ചിരുന്നത്. 2,312.59 കോടി രൂപയുടെ പരസ്യം ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾക്കും ലഭിക്കുകയുണ്ടായി.






