മുസ്ലിംകള്‍ ഇനിയും കാമ്പുള്ള സിനിമകള്‍ ചെയ്യണം; വൈറലായി ഒരു പോസ്റ്റ്

പുതിയ സിനിമകളുടെ അണിയറ പ്രവര്‍ത്തകരുടെ മുസ്ലിം സ്വത്വം അന്വേഷിച്ച് സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി ശ്രീജ നെയ്യാറ്റിന്‍കര.
സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിനപ്പുറം സിനിമാ പ്രവര്‍ത്തകരെ തേജോവധം ചെയ്യുന്നിടം വരെയെത്തിയിരിക്കയാണ് കാര്യങ്ങള്‍. ഇതിന്റെ പിന്നില്‍ മുസ്‌ലിം വിരുദ്ധതയല്ലാതെ മറ്റെന്താണുള്ളത്.

വിമര്‍ശനങ്ങള്‍ വകവെക്കാതെ മുസ്ലിംകള്‍ ഇനിയുമിനിയും വ്യത്യസ്തങ്ങളായ സിനിമകള്‍ ചെയ്യണമെന്നും ആ സിനിമകളില്‍ കാമ്പുള്ള രാഷ്ട്രീയ മുണ്ടാകണമെന്നും ആ രാഷ്ട്രീയം സമൂഹം ചര്‍ച്ച ചെയ്യണമെന്നും അവര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ് വായിക്കാം

ഈ രോഗമത്ര നിസാരമല്ല... സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ വിജയം മുതല്‍ പൊട്ടിയൊലിക്കുന്ന വൃണമാണിത്... അതിനു കാരണം സിനിമ മുന്നോട്ടുവച്ച രാഷ്ട്രീയത്തെക്കാളുപരി ആ സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ മുസ്‌ലിം സ്വത്വം തന്നെയാണ് എന്നതില്‍ തെല്ലുമില്ല സംശയം ...

തുടര്‍ന്ന് 'വൈറസി'ലും 'തമാശ' യിലും 'തൊട്ടപ്പനി' ലും 'ഉണ്ട' യിലും ഒക്കെ ആ മുസ്‌ലിം സ്വത്വം പ്രകടമായി... മാത്രമോ സിനിമയുടെ രാഷ്ട്രീയം വ്യാപകമായും അങ്ങേയറ്റം പോസിറ്റിവായും ചര്‍ച്ചയായി... ഇത് കണ്ടു ഭ്രാന്ത് പിടിച്ച ശങ്കര്‍ ദാസിനെ പോലുള്ള സുധാ രാധികയെ പോലുള്ള ക്ഷുദ്ര ജീവികള്‍ മുസ്‌ലിം സ്വത്വമുള്ള അണിയറ പ്രവര്‍ത്തകരുടെ രാഷ്ട്രീയം, സംഘടനാബന്ധം ഒക്കെ തെരയാന്‍ തുടങ്ങി അവരെ തീവ്രവാദികളായും കള്ളപ്പണക്കാരായും വരെ ഇക്കൂട്ടര്‍ ചിത്രീകരിച്ചു...

സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിനപ്പുറം സിനിമാ പ്രവര്‍ത്തകരെ തേജോവധം ചെയ്യുന്നിടം വരെയെത്തി കാര്യങ്ങള്‍.. ഇതിന്റെ പിന്നില്‍ മുസ്‌ലിം വിരുദ്ധതയല്ലാതെ മറ്റെന്താണുള്ളത്...

എത്ര കാലമായി കാണുന്നു നമ്മള്‍, വളരെ ലളിതമായി സിനിമകളിലൂടെ സൃഷ്ടിച്ചെടുത്ത മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ ആഴം ... പ്രിയദര്‍ശനും ഷാജി കൈലാസും മേജര്‍ രവിയുമൊക്കെ ധൈര്യപൂര്‍വ്വം ഉത്പാദിപ്പിച്ചു വിട്ട സവര്‍ണ ബോധവും മുസ്‌ലിം വിരുദ്ധതയുമൊക്കെ എത്ര ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന നാടാണ് കേരളമെന്ന് സാമാന്യ രാഷ്ട്രീയ ബോധമുള്ള മനുഷ്യര്‍ക്കറിയാം..

മലപ്പുറത്തു ബോംബ് കിട്ടുമെന്ന് സൂപ്പര്‍ താരത്തെ കൊണ്ട് പറയിപ്പിക്കുന്ന സിനിമയുടെ രാഷ്ട്രീയം ഉദാത്തമാണെന്നു കരുതി കയ്യടിക്കുന്ന നെറികെട്ട മനുഷ്യരുടെ നാടാണിത്... അവിടേക്കാണ് ഒരു കൂട്ടം മുസ്‌ലിം ചെറുപ്പക്കാര്‍ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാകുന്നത്... സഹിക്കാന്‍ കഴിയുമോ പൊതുബോധത്തിന്...? പൊട്ടാതിരിക്കുമോ കുരുക്കള്‍?

സാംസ്‌കാരികയിടങ്ങളില്‍ സിനിമാ മേഖലകളില്‍ ഒക്കെ നിറയുന്ന മുസ്‌ലിം സാന്നിധ്യം നിങ്ങളെ അസ്വസ്ഥതപെടുത്തുന്ന ഈ രോഗമുണ്ടല്ലോ ആ രോഗത്തിന് നിങ്ങള്‍ തന്നെ ചികിത്സ കണ്ടെത്തുക..

മുസ്്‌ലിംകള്‍ അവര്‍ ഇനിയുമിനിയും വ്യത്യസ്തങ്ങളായ സിനിമകള്‍ ചെയ്യണം...ആ സിനിമകളില്‍ കാമ്പുള്ള രാഷ്ട്രീയ മുണ്ടാകണം... ആ രാഷ്ട്രീയം സമൂഹം ചര്‍ച്ച ചെയ്യണം

വാല്‍ക്കഷ്ണം: കണ്ടയിനര്‍ പണം കൊണ്ടാണ് ഈ സിനിമകളൊക്കെ നിര്‍മ്മിച്ചതെന്ന നികൃഷ്ടമായ ആരോപണം ഉന്നയിക്കുന്നവരെ കാണുമ്പോള്‍ ചിരിയാണ് വരിക ഇവറ്റകളുടെ മുസ്ലിം വിരുദ്ധതയുടെ ആഴം എന്തെന്ന് അറിയാന്‍ വലിയ പ്രയാസം ഒന്നുമില്ല ....അറബി കടലിലെ ഉപ്പാന്ന് പറഞ്ഞാല്‍ അന്ന് ചോറും കറിയും ഒഴിവാക്കി പട്ടിണി കിടക്കുന്നവരാ ഇവരൊക്കെ.... പോകാന്‍ പറ...

 

Latest News