പോർട് ഓഫ് സ്‌പെയിൻ - വെസ്റ്റിൻഡീസിനെതിരായ അഞ്ചു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ നല്ല തുടക്കം മഴ തടസ്സപ്പെടുത്തി. ഓപണിംഗ് ജോടി അജിൻക്യ രഹാനെയും (78 പന്തിൽ 62) ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച ഫോം ആവർത്തിച്ച ശിഖർ ധവാനും (92 പന്തിൽ 87) നൽകിയ നല്ല തുടക്കത്തിനു ശേഷം ഇന്ത്യ അവസാന കുതിപ്പിനൊരുങ്ങുമ്പോഴാണ് മഴയെത്തിയത്. നാൽപതാം ഓവറിൽ മൂന്നിന് 199 ലെത്തിയിരുന്നു സന്ദർശകർ.
ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിന് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ ഇന്ത്യ പെയ്‌സ്ബൗളർ ഉമേഷ് യാദവിനെയും ടീമിലുൾപെടുത്തി. സ്പിന്നർ രവീന്ദ്ര ജദേജയെ പുറത്തിരുത്തി. ടോസ് നേടിയ വിൻഡീസ് ടീം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിശ്രമമനുവദിച്ച രോഹിത് ശർമക്കു പകരം ഓപണറായി തിരിച്ചെത്തിയ രഹാനെയും ശിഖറും ശ്രദ്ധാപൂർവം തുടങ്ങിയ ശേഷം ഇരുപത്തഞ്ചോവറിൽ ഇന്ത്യയെ 132 ലെത്തിച്ചു. നാലാം തവണയാണ് ശിഖർ-രഹാനെ കൂട്ടുകെട്ട് സെഞ്ചുറി തികക്കുന്നത്. രഹാനെയെ അൾസരി ജോസഫിന്റെ ബൗളിംഗിൽ ക്യാപ്റ്റൻ ജെയ്‌സൻ ഹോൾഡർ മിഡ്‌വിക്കറ്റിൽ കൈയിലൊതുക്കുകയായിരുന്നു.
എട്ട് ബൗണ്ടറിയുണ്ടായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സിൽ. സെഞ്ചുറിയിലേക്ക് നീങ്ങിയ ശിഖറിനെ ദേവേന്ദ്ര ബിഷൂ വിക്കറ്റിനു മുന്നിൽ കുടുക്കി. രണ്ട് സിക്‌സറും എട്ട് ബൗണ്ടറിയുമുണ്ടായിരുന്നു ശിഖറിന്റെ ഇന്നിംഗ്‌സിൽ. യുവരാജ് സിംഗ് (4) സ്‌ക്വയർലെഗിൽ മികച്ച ക്യാച്ചിൽ ഒതുങ്ങി. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (47 പന്തിൽ 32 നോട്ടൗട്ട്) മഹേന്ദ്ര ധോണിയുമാണ് (9 പന്തിൽ 9 നോട്ടൗട്ട്) ക്രീസിൽ.