ജാതിപ്പേരു ചേര്‍ത്ത പൂച്ചയുടെ ചരമവാര്‍ഷികം പത്രപര്യമായതോടെ സമൂഹ മാധ്യമങ്ങളില്‍ അത് ആഘോഷമായി. സാഹിത്യ സാംസ്‌കാരിക നായകരും എഴുത്തുകാരും മുതല്‍ സാധാരണക്കാര്‍വരെ ഈ പരസ്യത്തിന് വാട്‌സാപ്പിലും ഫേസ് ബുക്കിലും വന്‍ പ്രചാരമാണ് നല്‍കിയത്. പൂചക്കുപോലും ജാതിയില്‍നിന്ന് രക്ഷയില്ലെന്ന് ആരോപിക്കാനാണ് ചില ട്രോളന്മാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിലെ തമാശയുടെ സാധ്യത പരമാവധി കണ്ടെത്തുകയാണ് മറ്റു ചിലര്‍.
ചുഞ്ചുവിനെ ട്രോളിയവര്‍ക്ക് മറുപടിയുമായി എത്തിയ സാലി വര്‍മയുടെ ഫേസ് ബുക്ക് പോസ്റ്റും ചര്‍ച്ചയായി. കേരളത്തിലെ ഒരു കുടുംബം, തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ മരണത്തിന്റെ വാര്‍ഷികത്തിന് പത്രപ്പരസ്യം നല്‍കിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി എന്നു പറഞ്ഞുകൊണ്ടാണ് സാലിയുടെ പോസ്റ്റ് തുടങ്ങുന്നത്. കുടുംബാംഗമായി കണ്ടതിനാലാണ് പൂച്ചയുടെ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടാവുക. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. കുടുംബാംഗങ്ങളുടെ നല്ല പ്രവൃത്തിയെ പരിഹസിക്കുന്നതും എന്തിനാണ് പൂച്ചയ്ക്ക് ജാതിപ്പേര് ചേര്‍ത്തതെന്ന വര്‍ഗീയത പറയുന്നതുമാണ് പല ട്രോളുകളുമെന്ന് സാലി പരാതിപ്പെടുന്നു.
തന്റെ അച്ഛന് ഒരു നായയുണ്ടായിരുന്നെന്നും അമ്മു വര്‍മ എന്നായിരുന്നു അതിന്റെ പേരെന്നും സാലി പറയുന്നു. തന്റെ ഇളയ മകളായാണ് അച്ഛന്‍ ആ നായക്കുട്ടിയെ കണ്ടിരുന്നത്. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു അമ്മുവെന്നും സാലി പറയുന്നു. തങ്ങളുടെ കുടുംബപ്പേരായ വര്‍മ അമ്മുവിന്റെ പേരിനൊപ്പം ചേര്‍ത്തു. കുടുംബത്തിന്റെ ഭാഗമായി പരിഗണിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നും അതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്നും സാലി പറയുന്നു. അച്ഛന്‍ മരിച്ച് കുറച്ചുമാസങ്ങള്‍ക്കു ശേഷം അമ്മുവും മരിച്ചു. എനിക്കും എന്റെ സഹോദരിക്കും അമ്മു എന്നും സഹോദരിയായിരിക്കും-സാലി ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. കേരളമേ വളരൂ. മനസ്സിലാക്കൂ, മൃഗങ്ങള്‍ക്കും കുടുംബാംഗങ്ങളാകാന്‍ സാധിക്കും. നിങ്ങള്‍ക്ക് ആ വികാരം മനസ്സിലാകുന്നില്ലെന്ന് കരുതി അങ്ങനെ ചെയ്യുന്ന മറ്റുള്ളവരെ പരിഹസിക്കരുത്-സാലി അപേക്ഷിക്കുന്നു.
ചുഞ്ചു നായരെ ട്രോളിയ വിഷയത്തില്‍ പ്രതികരണവുമായി മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ ചേന്നക്കാട്ടും രംഗത്തുവന്നു.
വാലുള്ള പൂച്ചക്ക് വാലുള്ള പേരിടാനുള്ള സ്വാതന്ത്ര്യത്തെ ആദരിക്കണ്ടേ? മതപരമായ സൂചനകള്‍ ഉള്ള പേരുകള്‍ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോള്‍ ഇല്ലല്ലോ? എന്ന് അദ്ദേഹം ചോദിക്കുന്നു. പൂച്ചയുടെ ദേഹ വിയോഗത്തില്‍ ഇങ്ങനെയൊക്കെ ദുഃഖിക്കുന്ന പതിവ് വിദേശത്തുണ്ട്.സ്വത്തു വളര്‍ത്തു മൃഗങ്ങള്‍ക്കു എഴുതി വയ്ക്കുന്ന പുള്ളികള്‍ ഉണ്ട്. ചത്ത് പോകുമ്പോള്‍ കടുത്ത വിഷാദത്തില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവര്‍ പോലുമുണ്ട്. പ്രിയ പൂച്ചക്കായി ഒരു പരസ്യം കൊടുക്കുമ്പോള്‍ വര്‍ഗ്ഗീയ കണ്ണിലൂടെ ഇങ്ങനെ പരിഹസിക്കുന്നതില്‍ പ്രതിഷേധിച്ചു തല്‍പര കക്ഷികള്‍ പത്ര സമ്മേളനം നടത്തിയെന്നു വരുമെന്നും അദ്ദേഹം എഫ്.ബി പോസ്റ്റില്‍ പറയുന്നു.