ശിശുഹത്യയുടെ കേരളം

ഒരു മാസത്തിനിടെ കൊല ചെയ്യപ്പെട്ടത് മൂന്ന് കുട്ടികൾ, മുലപ്പാൽ കൊടുത്തവർ തന്നെ സ്വന്തം 
കുഞ്ഞുങ്ങൾക്ക് മരണശയ്യയൊരുക്കുന്ന ദുരന്തക്കാഴ്ച

ആഴ്ചകളുടെ വ്യത്യാസത്തിൽ നാം കണ്ട ദുരന്തമാണ് ആദിഷ എന്ന ഒന്നര വയസ്സുകാരി  പെൺകുഞ്ഞിന്റെ ദാരുണാന്ത്യം. ചേർത്തല പട്ടണക്കാട് പഞ്ചായത്തിലെ കൊല്ലംവെളി കോളനിയിൽ ഷാരോൺ-ആതിര ദമ്പതിമാരുടെ മകൾ ആദിഷയെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് സ്വന്തം മാതാവ് ആതിര തന്നെ. വിദ്യാസമ്പന്നതയിലും, രാഷ്ട്രീയ പ്രബുദ്ധതയിലും പൂർണരെന്ന് അഹങ്കരിക്കുന്ന കേരളത്തിൽ, 'ബാലാവകാശം' എന്ന പദത്തിനെ പോലും ലജ്ജിപ്പിച്ചു കൊണ്ട് ഒരു മാസത്തിനിടെ മൂന്ന് കുഞ്ഞുങ്ങളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശരീരത്തിലെ അസ്ഥികൾ ഉറയ്ക്കും മുമ്പെ പിഞ്ചു ശരീരങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലുള്ള അതി ക്രൂരതയേറ്റ് ശ്വാസം നിലച്ച് പോകുന്ന നിർഭാഗ്യ ജന്മങ്ങളുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് വർധിച്ച് വരികയാണ്. കേവലം നാലാഴ്ചകൾക്കുള്ളിലാണ് മനസ്സാക്ഷിയെ ചുട്ട് നീറ്റിക്കുന്ന മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ദാരുണാന്ത്യമുണ്ടാകുന്നത്. തെരഞ്ഞെടുപ്പ് കോലാഹലങ്ങളിൽക്കിടയിൽ നാമാരും ഇത് കാര്യമായി ശ്രദ്ധിച്ചതുമില്ല. അമ്മയുടെ 'ശയനപങ്കാളി'യായ ഒരു നരാധമന്റെ ക്രൂര മർദ്ദനത്തിൽ തലയോട് തകർന്ന് കണ്ണുകൾ പുറത്തേയ്ക്ക് തള്ളി തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ ആശുപത്രിയിലെ തീവ്ര പരിചരണ മുറിയിൽ ദിവസങ്ങളോളം മരണത്തോട് മല്ലടിച്ച് കിടന്ന ശേഷമാണ് മരണം വരിച്ചത്. ആ കുരുന്ന് ബാലൻ ബാക്കി വെച്ച വേദന മാറും മുമ്പെ, ആലുവായിൽ മറ്റൊരു മൂന്ന് വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടത് സ്വന്തം അമ്മയുടെ ക്രൂരമായ കൈകൾ കൊണ്ടാണ്. അബദ്ധത്തിൽ സംഭവിച്ച കയ്യബദ്ധം കൊണ്ടോ, ക്ഷണിക നേരത്തേക്കുണ്ടായ പ്രകോപനം കൊണ്ട് സംഭവിച്ച പിഴവോ അല്ല  ഈ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടാനിടയായത്. 
അമ്മയുടെ കൂടെപ്പൊറുതിക്കാരൻ അരുൺ എന്ന പിശാച് തൊടുപുഴയിൽ ഏഴു വയസ്സുകാരനെ തറയിലടിച്ചും, നിലത്തിട്ട് ചവിട്ടിയും, ക്രൂരമായി മർദ്ദിച്ചുമൊക്കെയാണ് കൊലപ്പെടുത്തിയതെങ്കിൽ, ആലുവയിലെ മൂന്ന് വയസ്സുകാരനെ മാതാവ് 'ശിക്ഷിച്ചത്' ചപ്പാത്തിമാവ് പരത്തുന്ന തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചും, ചട്ടുകം കൊണ്ട് പൊള്ളിച്ചുമൊക്കെയാണ്. ചേർത്തലയിൽ 15 മാസം മാത്രം പ്രായമായ ആദിഷ എന്ന പെൺകുഞ്ഞിന്റെ ശ്വാസം നിലച്ചത് സ്വന്തം മാതാവ് തന്നെ കുട്ടിയുടെ കഴുത്തിൽ തുണിമുറുക്കി ശ്വസം മുട്ടിച്ചതിന്റെ ഫലമായാണ്. 
ജൻമം നൽകിയവർ തന്നെ സ്വന്തം വീടിനുള്ളിൽ നടത്തിയ ഈ മൂന്ന് കൃത്യങ്ങളും തീർത്തും വധോദ്ദേശ്യത്തോടെയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യാഗസ്ഥർ വ്യക്തമാക്കുന്നത്. എന്തിനാണ് ഈ കുട്ടികൾ ഇപ്രകാരം ശിക്ഷിയ്ക്കപ്പെട്ടത്? പ്രതികളുടെ ഭാഷയിൽ അനുസരണക്കേട് കാട്ടിയതിനുള്ള ശിക്ഷ. പണ്ട് കാലത്ത് യജമാനനെ അനുസരിക്കാത്തതിന് അടിമകളോട് ചെയ്തിരുന്ന ക്രൂരത. ഈ കുട്ടികളെല്ലാം മാസങ്ങളോളം കൊടിയ പീഡനങ്ങൾ അനുഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 

എവിടെ കമ്മീഷൻ റിപ്പോർട്ട്?
ഇടുക്കി-കുമളിയിലെ ഷെഫീഖ് എന്ന 5 വയസ്സുകാരനെ കേരളം അത്ര പെട്ടെന്ന് മറക്കാനിടയില്ല. 2013-ൽ പിതാവിന്റേയും രണ്ടാനമ്മയുടേയും ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ജീവച്ഛവമായി മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ഷെഫീഖിന്റെ ദുരനുഭവങ്ങൾക്ക് സമാനമായിട്ടാണ് ഇപ്പോൾ തൊടപുഴയിലും, ആലുവയിലും, ചേർത്തലയിലും കുരുതി കൊടുക്കപ്പെട്ട കുഞ്ഞുജൻമങ്ങൾ. സ്വന്തം പിതാവും, രണ്ടാനമ്മയും ചെർന്നാണ് ഷെഫീഖിനെ മരണവക്ത്രത്തോളമെത്തിച്ചത്. ഷെഫീഖിനിപ്പോൾ പതിനൊന്നു വയസ്സുണ്ട്. ദേഹത്തേറ്റ മർദ്ദനങ്ങളുടെ കാഠിന്യം കാരണം പൂർണ ആരോഗ്യവാനല്ല. എങ്കിലും ഡോക്ടർമാരുടെ സഹായത്തോടെ ജീവിതത്തിലേക്ക് പിച്ച വെക്കുകയാണിപ്പോൾ. ഷെഫീഖ് അന്ന് തൊട്ട് ഇന്ന് വരെ ബാലാവകാശ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്. അന്ന് ഷഫീക്കിന്റെ ദുരനുഭവം ഉറങ്ങിക്കിടന്ന സർക്കാർ ഏജൻസികളെ പലതിനേയും താത്ക്കാലികമായിട്ടെങ്കിലും പ്രവർത്തനക്ഷമമാക്കി. ഈ അനുഭവം സംസ്ഥാനത്ത് ഇനിയൊരു കുട്ടിക്കും ഉണ്ടാവില്ലെന്ന് ഭരണാധികാരികൾ അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടെന്തായി..?
ഷെഫീഖ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാനും അവരുടെ സംരക്ഷണത്തിനുള്ള പദ്ധതികൾ നിർദ്ദേശിക്കാനുമായി 'മാസ്റ്റർ ഷെഫീഖ് കമ്മിറ്റി'ക്കും ബന്ധപ്പെട്ടവർ രൂപം നൽകിയിരുന്നു. ഇത് പ്രകാരം 'സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി' യുദ്ധ കാലാടിസ്ഥാനത്തിൽ 2014-ൽ ഒരു സമഗ്ര റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായ ശേഷം കൈ കൊള്ളേണ്ട നടപടിയെക്കുറിച്ചല്ല പ്രതിപാദിച്ചത്. മറിച്ച് അപകടങ്ങളില്ലാതെ സൂക്ഷിക്കാനുള്ള വഴികളെക്കുറിച്ചാണ് ചർച്ചയാക്കിയത്. 

പൈശാചിക കൃത്യങ്ങൾ 
ചേർത്തലയിലെ കുഞ്ഞിനെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് മാതാവ് ആതിര കൊലപ്പെടുത്തിയത്. എന്താണിതിന് കാരണമെന്ന് ആതിര ഇത് വരെ പോലീസിനോട് വ്യക്തമാക്കിയിട്ടില്ല. മുത്തച്ഛന്റെ മടിയിലിരിക്കുകയായിരുന്ന കുട്ടിയെ ഉറക്കാനെന്ന് പറഞ്ഞാണ് ആതിര എടുത്തു കൊണ്ടു പോയത്. 
പിന്നീട് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തോളിലിട്ട് അയൽവാസികളുടെ സഹായത്തോടെ കുഞ്ഞിന്റെ ജഡവുമായി ആതിര ആശുപത്രിയിലെത്തുകയായിരുന്നു. കുട്ടിയുടെ ചുണ്ടിലുള്ള ചെറിയ മുറിവാണ് സംശയത്തിനിട നൽകിയത്. പിന്നീട് വായും മൂക്കും ഭാഗത്ത് എന്തോ അമർന്നത് പോലുള്ള പാടുകൾ പോസ്റ്റ്‌മോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും കണ്ടെത്തുകയും ചെയ്തതോടെയാണ് പോലീസ് അന്വഷണം ആരംഭിച്ചതും, ആതിര കുറ്റമേറ്റ് പറഞ്ഞതും. നേരത്തെ കുട്ടിക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ ഉപദ്രവിച്ചതിന് ആതിരയ്‌ക്കെതിരെ അമ്മൂമ്മ പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ആതിരയേയും, പരാതിക്കാരിയേയും വിളിച്ച് വരുത്തി പോലീസ് വിഷയം ഒത്തു തീർപ്പാക്കി. അന്ന് ശക്തമായ നടപടി പോലീസ് കൈകൊണ്ടിരുന്നെങ്കിൽ ഈ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട് പത്താം ദിവസമാണ് മരണത്തിനു കീഴടങ്ങുന്നത്. തലച്ചോറിനേറ്റ മാരകമായ പരിക്കായിരുന്നു മരണ കാരണം. കുഞ്ഞിന്റെ നാലു വയസ്സുകാരനായ ഇളയ സഹോദരൻ കിടക്കയിൽ മൂത്രമൊഴിച്ചെന്ന് പറഞ്ഞാണ് അരുൺ ആനന്ദ് എന്ന പിശാച് ഏഴ് വയസ്സുകാരനെ കാലുകളിൽ പിടിച്ച് ചുഴറ്റി എറിഞ്ഞത്. വീഴ്ചയുടെ ശക്തിയിൽ കുട്ടിയുടെ തലയോട്ടി പൊട്ടുകയും, കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ച് വരികയും ചെയ്തു. ശ്വാസകോശത്തിനും ഹൃദയത്തിനും പരിക്കേറ്റു.
കുട്ടികളുടെ പിതാവ് മരണപ്പെട്ടതോടെ രണ്ട് കുഞ്ഞുങ്ങളേയും കൂട്ടി ഇവരുടെ മാതാവ്, സുഹൃത്തായ അരുണിനോടൊപ്പം താമസിച്ച് വരികയായിരുന്നു. ഇവർ നിയമ പ്രകാരം വിവാഹം കഴിച്ചിട്ടുമില്ല. അന്യ സംസ്ഥാനക്കാരാണ് ആലുവായിൽ കൊല ചെയ്യപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾ. ഇവർ കൊല്ലപ്പെട്ട കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടർന്ന് വരികയാണ്. ചപ്പാത്തിമാവ് പരത്തുന്ന തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചാണ് മാതാവ് ഈ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിൽ, നമ്മുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണ്? തെരുവുകളിലേയും, പൊതുയിടങ്ങളിലേയും കാര്യമല്ല ഇവിടെ പ്രതിപാദിക്കുന്നത്. സ്വന്തം വീടിനുള്ളിലെ കാര്യമാണ്. കൊച്ചു കുട്ടികളുടെ ഇത്തരത്തിലുള്ള ദാരുണാന്ത്യങ്ങളെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി നമുക്ക് ലഘൂകരിക്കാനില്ല. പുറംലോകമറിയുന്നതും, അറിയാത്തതുമായി ധാരാളം സംഭവങ്ങളുണ്ട്. രണ്ടാനച്ഛനോ, രണ്ടാനമ്മയോ പ്രതികളാകുന്ന സംഭവങ്ങളാണ് മാധ്യമങ്ങൾ കൂടുതലായും വാർത്തകളാക്കുന്നത്. ഈ ഗണത്തിൽ ഉൾപ്പെടുന്ന കേസുകൾ വിവിധ ജില്ലകളിലായി ഇടയ്ക്കുണ്ടാകുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പലതും. 
വീടിനുള്ളിലെ അസ്വാരസ്യങ്ങളുടെ പ്രതിഫലനങ്ങൾ കുട്ടികളുടെ മേൽ കെട്ടി വെക്കുന്ന ഒരു വിഭാഗം. അച്ഛൻ വേറെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയിലെ കുട്ടിയെ ഉപദ്രവം ഏൽപ്പിക്കുന്ന സംഭവങ്ങൾ. തിരിച്ച് അമ്മയുടെ ഭാഗത്ത് നിന്നും ഇതേ അനുഭവം നേരിടുന്ന കുട്ടികൾ. കുട്ടികളെ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാൽ എങ്ങനെയെങ്കിലും അവരെ ഒഴിവാക്കാൻ നോക്കുന്നവർ. അവിഹിത ബന്ധങ്ങളിലേക്കു നീങ്ങാൻ കുട്ടികൾ തടസ്സമായി വരുമ്പോൾ മർദ്ദിച്ചും അവഗണിച്ചും അവരെ മാറ്റി നിർത്താൻ ശ്രമിക്കുന്നവർ എന്നിങ്ങനെയൊക്കെ മുതിർന്നവരുടെ സംഘർഷങ്ങൾക്ക് ഇരകളായി മാറുന്ന കുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 
ഇത്തരം കുട്ടികൾ അനുഭവിക്കുന്ന അവഗണനയും പീഡനങ്ങളും അങ്ങേയറ്റമാണ്. തത്ഫലമായി വിഷാദരോഗം, ഉത്കണ്ഠ, അക്രമണ വാസന തുടങ്ങിയ പ്രശ്‌നങ്ങൾ കുട്ടികളിൽ ഉടലെടുക്കുകയും ചെയ്യുന്നു. 
അടുത്തിടെ സാമൂഹിക നീതി വകുപ്പ് നടത്തിയ സർവ്വേയിലെ വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ ശരിയായ രീതിയിൽ കുട്ടികൾക്ക്  സുരക്ഷയില്ലെന്നും, അവർക്ക് നേരെ വിവിധ തരത്തിലുള്ള അതിക്രങ്ങൾക്ക് സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. മനോ ദൗർബല്യമുള്ള മാതാപിതാക്കൾ, ലഹരിയ്ക്കടിമപ്പെട്ട മാതാപിതാക്കളുള്ള കുട്ടികൾ, ക്രിമിനൽ പശ്ചാത്തലമുള്ള സഹോദരങ്ങളോ, മാതാപിതാക്കളോ ഉള്ള കുടുംബങ്ങൾ, അച്ഛനോ, അമ്മയോ മരണപ്പെട്ട കുട്ടികൾ, വിവാഹ മോചിതരായ മാതാപിതാക്കളിൽ അമ്മയുടെ കൂടെയോ, അച്ഛന്റെ കൂടെയോ താമസിക്കേണ്ടി വരുന്ന കുട്ടികൾ, സാമ്പത്തികമായി അതീവ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങൾ എന്നിങ്ങനെയുള്ള വീടുകളിലാണ് കുട്ടികൾ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകേണ്ടി വരുന്നതെന്നും, ഇത്തരം  കുട്ടികൾ സുരക്ഷാ ഭീഷണി നേരിടുന്നതായും സാമൂഹിക നീതി വകുപ്പ് സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ സ്വന്തം വീടുകളിൽ എത്രത്തോളം അപകടാവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ടെന്ന് വ്യക്തമാകും.
2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ 333.38 ലക്ഷം കുട്ടികളാണ്. അതായത് 10.4 ശതമാനം. കുട്ടികൾക്കെതിരെയുള്ള ക്രൈം നിരക്കാകട്ടെ 4.4 ശതമാനവും. കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ കേരളത്തിന് ഒമ്പതാം സ്ഥാനവുമുണ്ട്. കാലം 2019-ലെത്തുമ്പോൾ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചതല്ലാതെ കുറഞ്ഞിട്ടുമില്ല. ഉയർന്ന സാക്ഷരതയും, സാമൂഹ്യ ബോധവുമുള്ള, ശിശുക്ഷേമ സംവിധാനങ്ങൾ ഏറെയുണ്ടെന്ന് അവകാശപ്പെടുന്ന ശിശു സൗഹൃദ സംസ്ഥാനമായ നമ്മുടെ കേരളത്തിൽ മാനസികമായും ശാരീരികമായും
ലൈംഗികമായും ലക്ഷക്കണക്കിനു കുട്ടികളാണ് ഓരോ വർഷവും പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നത്. എന്ത് കൊണ്ടാണിത്? കുടുംബ ബന്ധങ്ങളിലെ ദൃഢത നാം അവകാശപ്പെടുമ്പോൾ തന്നെ, നമ്മുടെ കുട്ടികളെ നാം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. 
മാനസികവും ശാരീരികമായും കുട്ടികളുടെ സുരക്ഷിതത്വവും അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട കാര്യത്തിലും ഭരണകൂടത്തിനും കാര്യമായ ഉത്തരവാദിത്വമുണ്ട്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ തടയാനെന്ന് പറഞ്ഞ് സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും ഭരണകൂടത്തിന്റെ ചുമതലയാണ്. ബാലാവകാശ നയങ്ങൾക്ക് ഒരു കുറവുമില്ലാതെ നമ്മുടെ കുട്ടികൾ കടന്ന് പോകുന്നത് കൊടിയ അവകാശ നിഷേധത്തിലൂടെയും, മറ്റ് പ്രതിസന്ധികളിലൂടെയുമാണ്. എല്ലാ ജില്ലകളിൽ നിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.  എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. വീടുകളിൽ ചെറിയ കാര്യങ്ങൾക്ക് വലിയ ശിക്ഷകൾ കൊടുക്കുക എന്നത് പോലുള്ള കാര്യങ്ങളാണ് പിന്നീട് ക്രൂരമായ ചെയ്തികളിലൂടെ മുന്നേറുന്നത്. കുടുംബങ്ങളിലെ അശുഭകരമായ സാഹചര്യങ്ങൾ തിരിച്ചറിയാനുള്ള അവസരങ്ങൾ വളരെ ചുരുക്കമാണ്. 
അയൽവീടുകളിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുണ്ടോ എന്ന കാര്യം അടുത്ത വീട്ടുകാർ പോലും ശ്രദ്ധിക്കാറില്ല. വെറുതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടേണ്ടല്ലോ എന്ന് അയൽവാസികളും ചിന്തിക്കുന്നുണ്ടാകണം. കുട്ടികളേയും അയൽ വീട്ടുകാരേയും ഇത് തിരിച്ചറിയാനും പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ട് വരാനും പ്രാപ്തരാക്കുക എന്നത് ഒരു വലിയ ഘടകം തന്നെയാണ്. ബാലാവകാശം ഒരു നയമാക്കി നടപ്പിലാക്കിയ കേരളത്തിൽ ഇത്തരം ചെയ്തികൾ ഇനിയുണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാൻ ആർക്കുമാകില്ല. ഇതാണ് കേരളം നേരിടുന്ന വലിയ ശാപവും.

Latest News