ബേമിംഗ്ഹാം - സെമിയിൽ ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ ചതഞ്ഞരഞ്ഞതോടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ. രോഹിത് ശർമയുടെ അജയ്യ സെഞ്ചുറിയോടെ പത്തോവറോളം ശേഷിക്കേ ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിന് തകർത്ത ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ നാലാമത്തെ ഫൈനലാണ് കളിക്കുക. രണ്ടു തവണ സെമിയിൽ തോൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടറിലെന്ന പോലെ മുപ്പതോവറോളം ഇന്ത്യക്കൊപ്പം ബംഗ്ലാദേശ് പൊരുതിനിന്നു. ഒരു അമ്പയറിംഗ് പിഴവുമില്ലാതെ തന്നെ അതിനു ശേഷം അവർ ചിന്നിച്ചിതറി. ഇരുപത്തഞ്ചാം ഓവറിൽ രണ്ടിന് 142 ൽനിന്ന് 264 ന് ഓളൗട്ടായ ബംഗ്ലാദേശിന് പിന്നീട് ഇന്ത്യൻ ബാറ്റിംഗ് കരുത്തിനെ ഒന്നു ഭയപ്പെടുത്താൻ പോലുമായില്ല. രോഹിതും (129 പന്തിൽ 123 നോട്ടൗട്ട്) വിരാട് കോഹ്‌ലിയും (78 പന്തിൽ 96 നോട്ടൗട്ട്) ശിഖർ ധവാനും (34 പന്തിൽ 46) ബാറ്റിംഗ് മാസ്റ്റർ ക്ലാസോടെ ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. ബംഗ്ലാദേശിന്റെ തമീം ഇഖ്ബാലിൽനിന്ന് ധവാൻ ആദ്യം ടോപ്‌സ്‌കോറർ സ്ഥാനം തട്ടിയെടുത്തു. പിന്നീട് രോഹിതും തമീമിനെ മറികടന്നു. കോഹ്‌ലി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികച്ച ബാറ്റ്‌സ്മാനായി. കഴിഞ്ഞ നാല് ഐ.സി.സി ഏകദിന ടൂർണമെന്റുകളിൽ ഇന്ത്യയുടെ മൂന്നാമത്തെ ഫൈനലാണ് ഇത്. അവശേഷിച്ച ഒന്നിൽ സെമിയിലെത്തുകയും ചെയ്തു. ഏഴ് വർഷത്തിനിടെ ഐ.സി.സി ടൂർണമെന്റുകളിൽ ആറാം സെമി കളിക്കുന്ന ഇന്ത്യ ആ പരിചയ സമ്പത്തിന്റെ അനായാസത്തോടെയാണ് ബംഗ്ലാദേശ് സ്‌കോർ മറികടന്നത്.
വൻ മത്സരങ്ങളിലെ രാജാക്കന്മാരാണ് ഇന്ത്യ. എതിരാളികളെ കുഴിയിൽ ചാടിക്കുന്നതിൽ മിടുക്കർ. ആറാം തവണ സെമി കളിക്കുന്ന ഇന്ത്യക്കെതിരെ തങ്ങളുടെ ആദ്യ സെമി ഫൈനലിൽ ബംഗ്ലാദേശും ആവേശത്തോടെയാണ് തുടങ്ങിയത്.
ഭുവനേശ്വർകുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും തന്ത്രപൂർവമായ ബൗളിംഗിനു മുന്നിൽ സൗമ്യ സർക്കാരിനെയും (0) സാബിർ റഹ്മാനെയും (19) നഷ്ടപ്പെട്ട ശേഷം തമീം ഇഖ്ബാലും (82 പന്തിൽ 70) മുശ്ഫിഖുറഹീമും (85 പന്തിൽ 61) അവരെ ഇരുപത്തഞ്ചോവറിൽ 142 ലെത്തിച്ചതായിരുന്നു.
കേദാർ ജാദവ് സ്പിന്നുമായി വന്നതോടെ കളി തിരിഞ്ഞു. ആറോവറിൽ 22 റൺസ് വഴങ്ങിയ സ്പിന്നർ ഇരുവരെയും പുറത്താക്കി. അവസാന ഇരുപതോവറിൽ സ്‌കോർ ഇരട്ടിയാക്കുന്നതു പോവട്ടെ, ഇരുപത്തഞ്ചോവറിലെ സ്‌കോർ ആവർത്തിക്കാൻ പോലും ബംഗ്ലാദേശിനു സാധിച്ചില്ല. അവസാന അഞ്ചോവറിൽ 27 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ബുംറ അവരെ വരിഞ്ഞുകെട്ടി.
പ്രതിരോധത്തിനു ശ്രമിച്ച് ഇന്ത്യയെ കളി നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന തന്ത്രമായിരുന്നു ബംഗ്ലാദേശ് സ്വീകരിച്ചത്. ആദ്യ ഓവറിൽ ഡ്രൈവിനുള്ള ശ്രമത്തിലാണ് സൗമ്യയെ ഭുവനേശ്വർ ബൗൾഡാക്കിയത്. പകരം വന്ന സാബിർ റഹ്മാനും രണ്ടു ബൗണ്ടറിയുമായാണ് ആരംഭിച്ചത്. എന്നാൽ തന്ത്രപൂർവമായ ബൗൺസറുകളിലൂടെ ഭുവനേശ്വർ ബാറ്റ്‌സ്മാനെ നിയന്ത്രിച്ചു നിർത്തി. തുടർച്ചയായ 13 പന്തുകളിൽ റൺസ് പിറക്കാതിരുന്നതോടെ സാഹസം കാട്ടാൻ നിർബന്ധിതനായാണ് സാബിർ പുറത്തായത്.
തുടക്കത്തിൽ ഷോട്ടുകൾക്കായി തമീം ബുദ്ധിമുട്ടി. ഹാർദിക് പാണ്ഡ്യ ബൗൾഡാക്കിയെങ്കിലും നോബോളിന് കൈ ഉയർന്നു. അപ്പോൾ 38 പന്തിൽ 12 റൺസായിരുന്നു സമ്പാദ്യം. തമീമും മുശ്ഫിഖും പിന്നീട് ഇന്ത്യൻ സ്പിന്നർമാരെ സമർഥമായി നേരിട്ടു. സ്പിന്നർമാർ ആധിപത്യം നേടുമ്പോഴൊക്കെ അവർ കൗശലപൂർവം പന്ത് ബൗണ്ടറി കടത്തി. എന്നാൽ തമീമിനെ കേദാർ പുറത്താക്കിയതോടെ കളി ഇന്ത്യയുടെ വഴിയിലേക്ക് വന്നു. എം.എസ്. ധോണിയുടെ സെൻസേഷനൽ ക്യാച്ചിൽ ശാഖിബുൽ ഹസൻ (15) വീണു. കേദാർ ബൗളിംഗിനു വന്ന ശേഷം 10.2 ഓവറിൽ ഇന്ത്യ 37 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. അഞ്ചിന് 207 ൽ അവസാന പത്തോവറിലേക്ക് കടന്ന ബംഗ്ലാദേശിനെ ബുംറ വരുതിയിൽ നിർത്തി.
ഏറ്റവും മനോഹരമായ ഷോട്ട് ആര് കളിക്കുമെന്ന മത്സരമായിരുന്നു ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ തമ്മിൽ. ഒന്നിനൊന്ന് മികച്ച ഇന്നിംഗ്‌സുമായി മൂന്ന് ബാറ്റ്‌സ്മാന്മാർ കളം നിറഞ്ഞതോടെ നാൽപതോവറിൽ ബംഗ്ലാദേശിന്റെ കഥ കഴിഞ്ഞു.