Sorry, you need to enable JavaScript to visit this website.

വൻകര പിടിക്കാൻ നാട്ടിലെ വമ്പന്മാർ

ലണ്ടൻ - ഇറ്റലിയിൽ ലീഗ് ഫുട്‌ബോൾ കിരീടമുറപ്പിച്ച യുവന്റസും സ്‌പെയിനിൽ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ബാഴ്‌സലോണയും യൂറോപ്പിലെ ആധിപത്യം തിരിച്ചുപിടിക്കാനുള്ള നിർണായക പോരാട്ടം തുടങ്ങുന്നു. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഉറ്റുനോക്കുന്ന പോരാട്ടമാണ് ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുനൈറ്റഡും തമ്മിൽ. ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരാവുന്നത് പതിവാക്കിയ യുവന്റസിന് അയാക്‌സിന്റെ യുവനിരയാണ് എതിരാളികൾ. 
കഴിഞ്ഞ മൂന്നു സീസണിലും ബാഴ്‌സലോണയുടെ യാത്രയവസാനിച്ചത് ക്വാർട്ടർ ഫൈനലിലാണ്. 2015 ലാണ് അവസാനമായി ബാഴ്‌സലോണ യൂറോപ്യൻ ചാമ്പ്യന്മാരായത്. അതേസമയം യുനൈറ്റഡ് സമീപകാലത്തെ വലിയ ആശയക്കുഴപ്പത്തിനു ശേഷം യൂറോപ്പിലെ ആധിപത്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 2014 നു ശേഷം ആദ്യമായാണ് യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെത്തുന്നത്. 2014 ലെ തോൽവിയായിരുന്നു അലക്‌സ് ഫെർഗൂസന്റെ ആദ്യ പിൻഗാമിയായി വന്ന ഡേവിഡ് മോയസിന്റെ അന്ത്യം കുറിച്ചത്. പിന്നീട് ക്വാർട്ടറിലെത്തുന്നതു പോലും നേട്ടമെന്ന അവസ്ഥയിലേക്ക് യുനൈറ്റഡ് കൂപ്പുകുത്തി. കഴിഞ്ഞ മാസം പാരിസ് സെയ്ന്റ് ജർമാനെതിരായ നാടകീയ വിജയം ഓലെ ഗുണ്ണർ സോൾസ്‌ക്ജയറെ അടിയന്തരമായി സ്ഥിരം കോച്ചായി നിയമിക്കുന്നതിലേക്ക് നയിച്ചു. 


ഇന്ന് ഓൾഡ് ട്രഫോഡിലാണ് ക്വാർട്ടർ ആദ്യ പാദം. ഒരാഴ്ചയോളം വിശ്രമം കിട്ടിയ ആഡംബരത്തോടെയാണ് യുനൈറ്റഡ് ഒരുങ്ങിയത്. അതേസമയം അത്‌ലറ്റിക്കൊ മഡ്രീഡിനെതിരായ പ്രയാസകരമായ ലീഗ് മത്സരം കളിച്ചാണ് ബാഴ്‌സലോണ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ഏപ്രിൽ രണ്ടിന് അവസാന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരത്തിൽ വുൾവർഹാംപ്റ്റനോട് തോൽക്കുകയായിരുന്നു യുനൈറ്റഡ്. 
ആവശ്യത്തിന് വിശ്രമം കിട്ടിയില്ലെങ്കിലും അത്‌ലറ്റിക്കോക്കെതിരായ ജയം ടീമിന് ആവേശം പകർന്നിട്ടുണ്ടെന്ന് ബാഴസലോണ കോച്ച് ഏണസ്‌റ്റൊ വാൽവെർദെ പറഞ്ഞു. സ്പാനിഷ് ലീഗിൽ 11 പോയന്റ് ലീഡുണ്ട് ബാഴ്‌സലോണക്ക്. അതേസമയം പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് യുനൈറ്റഡ്. 
പരിക്ക് ഭേദമായി വരുന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് ഇന്ന് പകരക്കാരനായെങ്കിലും ഇറങ്ങാനായേക്കുമെന്ന പ്രതീക്ഷയിലാണ് യുവന്റസ്. അത്‌ലറ്റിക്കൊ മഡ്രീഡിനെതിരെ കഴിഞ്ഞ മാസം ക്രിസ്റ്റ്യോനോയുടെ ഹാട്രിക്കാണ് യുവന്റസിനെ ക്വാർട്ടറിലേക്ക് കൈപിടിച്ചുയർത്തിയത്. ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ യുവന്റസ് ആക്രമണത്തിന്റെ ചുക്കാൻ പത്തൊമ്പതുകാരൻ മോയ്‌സ് കീനിനായിരിക്കും. അവസാന അഞ്ചു മത്സരത്തിൽ അഞ്ച് ഗോളടിച്ച് കീൻ ലോക ഫുട്‌ബോളിലെ പുതുവാഗ്ദാനമായി ഉയർന്നിരിക്കുകയാണ്. 
ഇറ്റാലിയൻ ലീഗിൽ സ്വന്തം റെക്കോർഡ് തകർക്കുന്ന തിരക്കിലാണ് യുവന്റസ്. എട്ടാമത്തെ ലീഗ് കിരീടത്തിന് ഒരു ജയം അരികിലാണ് അവർ. ഡച്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് അയാക്‌സിന്റെ ത്രസിപ്പിക്കുന്ന യുവനിര. മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗ് അടുത്ത സീസണിൽ ബാഴ്‌സലോണയിൽ ചേരുകയാണ്. എന്ത് കഴിയുമെന്ന് യൂറോപ്പിനെ തെളിയിക്കുമെന്ന് ഡി ജോംഗ് പറഞ്ഞു. 
1995 ലാണ് അയാക്‌സ് അവസാനം യൂറോപ്യൻ ചാമ്പ്യന്മാരായത്. 1996 ൽ ഫൈനലിൽ തോറ്റ ശേഷം അവർ തകർച്ചയിൽ നിന്ന് തകർച്ചയിലേക്കു പോയി. 2003 ൽ എ.സി. മിലാനോട് തോറ്റ ശേഷം ക്വാർട്ടർ കളിച്ചിട്ടില്ല. ഇത്തവണ യോഗ്യതാ റൗണ്ടിലൂടെ കടന്നു വരികയായിരുന്നു. 
മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്ന ഇരുപത്തിരണ്ടംഗ ടീമിനെ ബാഴ്‌സലോണ പ്രഖ്യാപിച്ചു. പരിക്ക് കാരണം കളിയിൽനിന്ന് മാറിനിന്ന ഡെംബാലയും ടീമിലുണ്ട്. ഡെംബാല പൂർണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും ബാഴ്‌സ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. സൂപ്പർതാരം ലയണൽ മെസ്സി, കുട്ടീഞ്ഞോ, സുവാരസ്, റാക്കിട്ടിച്ച് തുടങ്ങിയ വമ്പൻതാരങ്ങളെല്ലാം ടീമിലുണ്ട്.  ബുധനാഴ്ച രാത്രി പത്തിനാണ്  മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബാഴ്‌സ നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിലാണ് മത്സരം.

Latest News