Sorry, you need to enable JavaScript to visit this website.

അഭ്രപാളിയിൽ ആൽഫിത്തിളക്കം  

ആൽഫി പഞ്ഞിക്കാരൻ

തേൻമുട്ടായിയെ ഓർമയുണ്ടോ? ശിക്കാരി ശംഭു എന്ന ചിത്രം കണ്ടവരൊന്നും തേൻമുട്ടായിയെ മറക്കാനിടയില്ല. ചിത്രത്തിൽ തേൻമുട്ടായി ഏറെ ഇഷ്ടപ്പെടുന്ന രേവതി എന്ന കഥാപാത്രത്തെയാണ് ആൽഫി പഞ്ഞിക്കാരൻ അവതരിപ്പിച്ചത്. അങ്കമാലിയിൽ നിന്നും സിനിമയോട് ഇഷ്ടം കൂടിയ സോഫ്റ്റ്‌വെയർ എൻജിനീയർ. 
ഒരു സാധാരണ കുടുംബത്തിൽനിന്നാണ് ആൽഫിയുടെ വരവ്. അച്ഛൻ തോമസ് പഞ്ഞിക്കാരൻ ഫർണിച്ചർ ഷോപ്പ് നടത്തുന്നു. അമ്മ മോളിയാകട്ടെ അങ്കമാലി ഗവൺമെന്റ് ആശുപത്രിയിലെ റിട്ടയേർഡ് ഹെഡ് നഴ്‌സും. ചേച്ചി ദീപ വിവാഹിതയായി ഭർത്താവിനൊപ്പം കഴിയുന്നു. പാരമ്പര്യത്തിന്റെ പിൻബലമൊന്നുമില്ലാതെയാണ് ആൽഫി സിനിമയുടെ മായാലോകത്തിലെത്തിയത്. പഠനകാലത്തുതന്നെ മോഡലിംഗിൽ താൽപര്യമായിരുന്നു. അതിന് കളമൊരുങ്ങിയതാകട്ടെ വനിതാ മാഗസിനിൽ ഫോട്ടോ ക്യൂനായി തിരഞ്ഞെടുക്കപ്പെട്ടതും. നിരവധി പരസ്യചിത്രങ്ങളിൽ വേഷമിട്ടു. അപ്പോഴും ഈ അങ്കമാലിക്കാരിയുടെ മനസ്സുനിറയെ സിനിമയായിരുന്നു. ചെന്നൈ ഈറോഡിലെ ടെക്കുന്തർ കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം-ടെക് ബിരുദധാരിയാണ് ആൽഫി. തുടർന്ന് ചെന്നൈയിലെ അസന്റർ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി. അതിനിടയിലാണ് സിനിമയിൽ സജീവമാകുന്നത്. ഇപ്പോൾ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ അഭിനേതാവായിരിക്കുകയാണ് ആൽഫി. ആൽഫിയുടെ ആദ്യചിത്രം ജിസ് ജോയ് സംവിധാനം നിർവ്വഹിച്ച സൺഡെ ഹോളിഡെ ആയിരുന്നു. നായകനായ ആസിഫ് അലിയുടെ സഹോദരീവേഷം. എന്നാൽ ശ്രദ്ധിക്കപ്പെട്ടതാകട്ടെ ശിക്കാരി ശംഭുവിലും. പഠനകാലത്തും ജോലി ചെയ്യുമ്പോഴും വെറുതെ സമയം കളയുന്ന കൂട്ടത്തിലായിരുന്നില്ല ആൽഫി. അവധി ദിവസങ്ങളായ ശനിയും ഞായറും പുറത്ത് കറങ്ങാനിറങ്ങും. കൂടാതെ സിനിമയും കാണും ചെന്നൈയിൽ എല്ലാ മലയാള ചിത്രങ്ങളുമെത്തും. മലയാളം-തമിഴ് സിനിമകൾ മുടങ്ങാതെ കാണുമായിരുന്നു. ശിക്കാരി ശംഭുവിലേക്ക് അവസരം ലഭിച്ചത് അവിചാരിതമായിട്ടായിരുന്നു. സുഗീത് ചേട്ടന്റെ മധുരനാരങ്ങയുടെ ഓഡിഷന് കൊച്ചിയിൽ പോയിരുന്നു. എന്നാൽ കഥാപാത്രത്തിന് പറ്റിയ രൂപമല്ലെന്നു പറഞ്ഞ് മടക്കി അയച്ചു. ഏറെ പ്രതീക്ഷയോടെയാണ് പോയതെങ്കിലും അവസരം ലഭിക്കാതിരുന്നതിൽ ദുഃഖം തോന്നി. എന്നാൽ അവിടെവെച്ച് സുഗീത് ചേട്ടനേയും ഭാര്യ സരിതചേച്ചിയേയും പരിചയപ്പെട്ടു. അത് ഉപകാരമായി. പിന്നെയും രണ്ടുമൂന്ന് ഓഡിഷനുകൾക്ക് പോയെങ്കിലും ഒന്നിലും അവസരം ലഭിച്ചില്ല. ശിക്കാരി ശംഭു തുടങ്ങുന്നതിന് ദിവസങ്ങൾക്കുമുമ്പ് സരിതചേച്ചി വിളിച്ചിരുന്നു. പുതിയ ചിത്രത്തെക്കുറിച്ച് സംസാരിച്ചു. പിന്നാലെ സുഗീത് ചേട്ടനും വിളിച്ചു. കാടിനടുത്തുള്ള ഗ്രാമത്തിൽ കഴിയുന്ന ഒരു സാധാരണ പെൺകുട്ടിയുടെ വേഷം. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ടൈപ്പ് റൈറ്റിംഗ് പഠിക്കുകയാണവൾ. ഉയരം കുറഞ്ഞ ഒരു ചെറിയ പെൺകുട്ടി. വിഷ്ണുവിന്റെ ജോഡി. രേവതി എന്നാണ് കഥാപാത്രത്തിന്റെ പേര്. വരുന്നോ എന്നു ചോദിച്ചു. സത്യത്തിൽ എനിക്ക് വിശ്വാസം വന്നില്ല. 
ലൊക്കേഷനിലെത്തിയപ്പോൾ നല്ല പേടിയുണ്ടായിരുന്നു. എന്നാൽ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. സുഗീത് ചേട്ടനും വിഷ്ണുവുമെല്ലാം നന്നായി സഹായിച്ചു. രേവതിയെ ഭംഗിയാക്കിയതിനു പിന്നിൽ എല്ലാവരുടെയും സഹകരണമുണ്ടായിരുന്നു. സത്യത്തിൽ എനിക്കൊരു മേൽവിലാസമുണ്ടാക്കിത്തന്നത് ശിക്കാരി ശംഭുവിലെ വേഷമാണ്. 


കമ്പനിയിൽ ഒരു മാസത്തെ ലീവെടുത്താണ് ലൊക്കേഷനിലെത്തിയത്. എന്നാൽ ഷൂട്ടിംഗ് തീരാതെ വന്നപ്പോൾ ഒരു മാസം കൂടി അവധിയെടുക്കേണ്ടി വന്നു. അതോടെ പ്രശ്‌നമായി. ജോലിയും അഭിനയവും ഒന്നിച്ചുകൊണ്ടു പോകാൻ പ്രയാസമാണെന്നു മനസ്സിലായി. ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. പ്രൊഫഷനും പാഷനും ഒന്നിച്ചു കൊണ്ടു പോകാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും കമ്പനി പ്രശ്‌നമാക്കിയതോടെ ജോലി വിട്ടു. 
ജോലി കളഞ്ഞ് സിനിമയിൽ അഭിനയിക്കുന്നതിൽ അച്ഛന് നീരസമുണ്ടായിരുന്നു. എന്നാൽ അമ്മ കൂടെ നിന്നു. കലാപാരമ്പര്യമില്ലെങ്കിലും നന്നായി അവൾ അഭിനയിക്കുന്നില്ലേ. നമ്മളല്ലാതെ മറ്റാരാണ് അവളെ സപ്പോർട്ട് ചെയ്യുക എന്നെല്ലാം അമ്മ പറഞ്ഞപ്പോൾ അച്ഛനും പകുതി സമ്മതമായി. സിനിമകൾ കണ്ടു തുടങ്ങിയപ്പോൾ അച്ഛനും മാറിയിട്ടുണ്ട്. 
ഗിന്നസ് പക്രു നായകനായ ഇളയരാജയാണ് പുതിയചിത്രം. മാധവ് രാംദാസ് സാറാണ് സംവിധാനം. ചിത്രത്തിൽ ഗോകുൽ സുരേഷിന്റെ നായികയായിട്ടാണ് ഞാനെത്തുന്നത്.
സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിലാണ് വേഷമിടുന്നത്. ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു ബാങ്കിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥയാണിത്. ബാങ്കിലെ ജീവനക്കാരിയായ റീന എന്ന കഥാപാത്രമായാണ് ഞാനെത്തുന്നത്. ജയറാം ചേട്ടൻ അവതരിപ്പിക്കുന്ന മത്തായിയുടെയും ആത്മീയ അവതരിപ്പിക്കുന്ന അന്നയുടെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിൽ റീന ഇടപെടുന്നതാണ് കഥാസന്ദർഭം. വിജയ് സേതുപതിയും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 
നായികയായി മാത്രമേ അഭിനയിക്കൂ എന്നൊന്നുമില്ല. മനസ്സിനിണങ്ങിയ വേഷമാണെങ്കിൽ ഏതുതരം കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഒരുക്കമാണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരിക്കണം. നായികയായാൽ അത്തരം വേഷങ്ങൾ ലഭിക്കണമെന്നില്ല. വില്ലത്തി വേഷവും ഏറെയിഷ്ടമാണ്. ഒരു സിനിമയിലെങ്കിലും വില്ലത്തിയായി അഭിനയിക്കണമെന്നുണ്ട്. 
കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, മണിയൻപിള്ള രാജു, ഹരീഷ് കണാരൻ തുടങ്ങിയ താരനിരയായിരുന്നു ശിക്കാരി ശംഭുവിലേത്. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു ചാക്കോച്ചനെ നേരിട്ടു കാണണമെന്ന്. ശിക്കാരി ശംഭുവിലൂടെ ആ ആഗ്രഹം സഫലമായി. നേരിട്ടു കാണാനും കൂടെ അഭിനയിക്കാനും കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. 

Latest News