രക്താർബുദബാധിതരായ കുട്ടികൾ, സമാനരീതിയിലുള്ള ക്യാൻസർ രോഗികൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ തുടങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാസമയത്ത് താമസിക്കാനൊരിടം. തീർത്തും സൗജന്യമായി ഇത്തരമൊരു സേവനം നൽകുന്ന ഈ സ്ഥാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
രക്താർബുദ ബാധിതരായ കുട്ടികൾക്ക് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ ലഭിക്കുന്നതുപോലുള്ള ചികിത്സാസൗകര്യങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഭിക്കുന്നുണ്ടെങ്കിലും കീമോ തെറാപ്പിപോലുള്ള ചികിത്സകൾ നടത്തുന്ന സമയത്ത് അണുവിമുക്തമായ സാഹചര്യങ്ങളിൽ ജീവിക്കാത്തതിനാൽ പലർക്കും രോഗത്തെ അതിജീവിക്കാൻ ഏറെ ക്ലേശിക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ.
മെഡിക്കൽ കോളേജ് ക്യാൻസർ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ അഞ്ചുവർഷം മുൻപാണ് ഈയൊരു ദുരവസ്ഥ ഹെൽപിംഗ് ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർക്ക് മുന്നിൽ വെച്ചത്. മെഡിക്കൽ റിലീഫ് രംഗത്ത് വ്യത്യസ്തമായ ആശയങ്ങളുമായി രണ്ടരപതിറ്റാണ്ടുകാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രസ്റ്റിന്റെ പ്രവർത്തകരുടെ മനസ്സിലെ കനലായി മാറി ഈ വാക്കുകൾ. അന്ന് രണ്ട് കൈവിരലിൽ എണ്ണിയാൽ തീരുന്ന, ദൈവവിശ്വാസം മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട് റിലീഫ് പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന ഹെൽപിംഗ് ഹാന്റ് പ്രവർത്തകർ ഒരു തീരുമാനമെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സ്വപ്‌നത്തിലുള്ള ക്യാൻസർ രോഗികളടക്കമുള്ളവർക്ക് താമസിക്കാനുള്ള ഒരു ഭവനം- കെയർ ഹോം. ഏതാനം ചെറുപ്പക്കാരുടെ പരിശ്രമത്തിലൂടെ ആ സ്വപ്‌നം ഇന്ന് മാർച്ച് 31ന് നിർമാണം തുടങ്ങി നാലാംവർഷത്തിൽ പൂർത്തീകരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഹോമിന്റെ ഉദ്ഘാടനം ഇന്ന് ഔപചാരികമായി നിർവഹിക്കുന്നത്.രക്താർബുദബാധിതരായ കുട്ടികൾ, സമാനരീതിയിലുള്ള ക്യാൻസർ രോഗികൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ തുടങ്ങി മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാസമയത്ത് താമസിക്കാനൊരിടം. ഒരു പക്ഷേ കേരളത്തിലെ മെഡിക്കൽ കോളേജുകൾക്ക് അടുത്ത് തീർത്തും സൗജന്യമായി പാവപ്പെട്ടവരായ രോഗികൾക്ക് ഇത്തരമൊരു സൗകര്യം നൽകുന്ന ഇത്രയും സൗകര്യങ്ങളുള്ള സംസ്ഥാനത്തെ ഏക കേന്ദ്രങ്ങളിലൊന്ന് കെയർ ഹോമായിരിക്കും. ആറു നിലകളിലായി മെഡിക്കൽ കോളെജ് ക്യാംപസിൽ തന്നെ നിർമാണം പൂർത്തിയായ കെയർ ഹോമിന്റെ താഴത്തെ നിലയിൽ കിച്ചനും ഗ്രൗണ്ട് ഫ്‌ളോറിൽ ക്ലിനിക്കൽ ഹാൾ, ഒന്നാംനിലയിൽ ലൂക്കിമിയ ബാധിതരുടെ വാർഡ്, മിനി പാർക്ക്, ലൈബ്രറി കെയർ ഹോം ഓഫീസ്, രണ്ടാം നിലയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയടക്കമുള്ളവക്ക് വിധേയമായവരുടെ വാർഡ്, മൂന്നാംനിലയിൽ ക്യാൻസർ രോഗികളായ മുതിർന്നവർക്കുള്ള വാർഡ്, ഇത് കൂടാതെ ജനറൽ വാർഡ്, നഴ്‌സിങ് റൂം, ഫാർമസി, കൗൺസലിങ്‌റൂം, സ്റ്റഡി റൂം, ബയോഗ്യാസ് പ്ലാന്റ്, വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയാണ് ഉള്ളത്. കെയർഹോമിന്റെ രൂപകൽപന നടത്തിയത് പൂർണമായും സൗജന്യമായി കോഴിക്കോട്ടെ നാസർ അസോസിയേറ്റ്‌സാണ്. മലയാളികളും അല്ലാത്തവരുമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദാരമതികളിൽ നിന്ന് ലഭിച്ച 12 കോടി രൂപ ചെലവിട്ടാണ് കെയർഹോമിന്റെ പണി പൂർത്തീകരിച്ചത്.

മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേതുപോലെ തികച്ചും ആധുനിക സംവിധാനങ്ങളുപയോഗിച്ചാണ് ലൂക്കിമിയ ക്യാൻസർ രോഗികളുടെ റൂമും മറ്റും വൃത്തിയാക്കുന്നത്. പൂർണമായും ജെം ഫ്രീയായുള്ള ക്ലോസറ്റ് പോലുമാണ് അവർക്കായി ഒരുക്കിയിരിക്കുന്നത്. ഇതുപോലെ ക്ലീനിംഗിനായുള്ള കെമിക്കൽസ് പോലും ഈ ലക്ഷ്യം മുൻനിറുത്തിയുള്ളതാണ്.
ആരോഗ്യ, സാമൂഹിക ജീവകാരുണ്യമേഖലയിൽ 24 വർഷമായി പ്രവർത്തിച്ചുവരുന്ന ഹെൽപിംഗ് ഹാന്റ് ചാരറ്റബിൾ ട്രസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങളിൽ പതിനാലാമത്തേതാണ് കെയർഹോം. സൗജന്യമരുന്നുവിതരണവുമായാണ് ഇവർ രണ്ടരപതിറ്റാണ്ട് മുൻപ് ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 660 ഓളം രോഗികൾക്കാണ് വീട്ടിലും മെഡിക്കൽ കോളേആശുപത്രയിലുമായി ഇവർ മരുന്നുവിതരണം നടത്തുന്നത്. മെഡിക്കൽ കോളേജ്, കോഴിക്കോട് ഗവ. ബീച്ചാശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, ചേവായൂർ ത്വക്ക് രോഗാശുപത്രി എന്നിവിടങ്ങളിലായി 500 ഓളം പേർക്കാണ് ഇവർ ഭക്ഷണവിതരണം നടത്തുന്നത്. ഇതുപോലെ ട്രസ്റ്റിന്റെ വളണ്ടിയർമാർ ദിവസവും ഈ ആശുപത്രികൾ സന്ദർശിച്ച് രോഗികൾക്ക് വേണ്ട സഹായങ്ങളും വർഷത്തിലൊരിക്കൽ ശുചീകരണവും നവീകരണവും നടത്തി വരുന്നുണ്ട്. കൂടാതെ ആവശ്യമായ രോഗികൾക്ക് വീൽചെയർ, വാട്ടർ ബെഡ്, ക്രച്ചസ്, എയർബെഡ് എന്നിവ നല്കുന്നുണ്ട്. കൂടാതെ ഓക്‌സിജൻ കോൺസെൻട്രേറ്റർ, എൻ ഐ വി ഉപകരണങ്ങളും രോഗികൾക്കായി ലഭ്യമാക്കുന്നുണ്ട്. കിഡ്‌നി ഏർളി ഇവാലുവേഷൻ(കീ) വൃക്കരോഗം നേരത്തെ കണ്ടെത്തുന്നതിനാവശ്യമായി സഞ്ചരിക്കുന്ന ലാബ് സംവിധാനം, ജന്മാനാ ഹൃദയ വൈകല്യം സംഭവിച്ച കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയകൾ ചെയ്തുകൊടുക്കുന്ന സുഹൃദയ, ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങൾ, റൂഫ് (ശൗചാലയ- ഭവന നിർമാണ പദ്ധതി) ഇങ്ങനെ ജീവകാരുണ്യമേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് പത്തഞ്ഞൂറോളം വരുന്ന സന്നദ്ധരായ വളണ്ടിയർമാരുടെ നേതൃത്വത്തിൽ കോഴിക്കോടിന്റെ ആരോഗ്യമേഖലയിൽ നടക്കുന്നത്. ട്രസ്റ്റിന്റെ കീഴിൽ ഒരു വനിതാവിംഗുമുണ്ട്.
ആശുപത്രികളിലെ ഭക്ഷണ വിതരണത്തിനായുള്ള പണം സ്വരൂപിക്കുന്നത് വനിതാവിംഗിന്റെ പ്രവർത്തകരാണ്. വിവിധ പ്രവർത്തനങ്ങൾക്ക് സബ് കമ്മിറ്റികളുണ്ടെങ്കിലും മുഖ്യട്രസ്റ്റിന്റെ പ്രസിഡന്റ് കെ.വി നിയാസും, സെക്രട്ടറി എം.കെ നൗഫലുമാണ്.






