രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം ജ്യോതിബസുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചരിത്രപരമായ മണ്ടത്തരമാണ്. അതിന് കാരണങ്ങള്‍ പലതാണ്.
ഒന്ന്: ബിജെപിക്കെതിരില്‍ ദേശീയ പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ഒരാള്‍ ബിജെപി പേരിനു പോലുമില്ലാത്ത ഒരു മണ്ഡലത്തില്‍ മത്സരിക്കുന്നത് പരാജയഭീതിയായേ വ്യാഖ്യാനിക്കപ്പെടൂ.
രണ്ട്: ഇടതുപക്ഷവുമായി കൊമ്പുകോര്‍ക്കലല്ല ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ഗണന, അവരുമായി സഹകരണം സ്ഥാപിക്കലാണ്.
മൂന്ന്: മുസ്ലിംകള്‍ക്ക് പാര്‍ലമെന്റില്‍ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഈ ഘട്ടത്തില്‍ ഒരു മുസ്ലിം പ്രതിനിധ്യത്തിനെ കോണ്‍ഗ്രസ് പ്രസിഡന്റ് തന്നെ ഇല്ലാതാക്കുന്നത്, വിശിഷ്യാ അതൊരനിവാര്യത അല്ലെന്നിരിക്കെ, നല്ല സന്ദേശമല്ല നല്‍കുന്നത്.
നാല്: രാഹുല്‍ ഗാന്ധി വന്നിട്ടുള്ള ആവേശം കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആവശ്യമേയല്ല. കേരത്തിലെ ഇരുപതു എംപിമാരും ഒരു സെക്കുലര്‍ ഭരണത്തിന്റെ കൂടെയേ നില്‍ക്കൂ.
അഞ്ച്: കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിലപ്പെട്ട സമയം ബിജെപിയെ തോല്‍പ്പിക്കാനാണ് ബിജെപി തോല്‍ക്കുമെന്നുറപ്പുള്ള ഒരു സംസ്ഥാനത്തല്ല ചിലവഴിക്കേണ്ടത്.
ആറ്: രാഹുല്‍ ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനി പോലുള്ള ഒരു വിഷജന്മം രംഗത്തെത്തുന്നത് കേരളത്തിന് മൊത്തത്തില്‍ ഉപദ്രവകരമാണ്.
ഏഴ്: ജയിച്ചാല്‍ ഉടന്‍ തന്നെ ഗാന്ധി രാജി വെക്കുമെന്ന് നമുക്കറിയാം. അത് വായനാട്ടുകാരോടുള്ള അവഹേളനവും അവജ്ഞയുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
എട്ട്: മുഖസ്തുതി മുഖമുദ്രയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സകല നേതാക്കളും - ദേശീയ സംസ്ഥാന നേതാക്കള്‍ -വയനാട്ടില്‍ അടിഞ്ഞു കൂടുകയും അത് യുഡിഎഫിനെയും മറ്റു സംസ്ഥാനങ്ങളിലെ സെക്കുലര്‍ സ്ഥാനാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കാനും ബിജെപിക്ക് ഗുണം ചെയ്യാനും ഇടയാക്കുകയും ചെയ്യും.
ഒമ്പത്: രാഹുല്‍ സ്ഥാനാര്‍ത്ഥിയായാല്‍ കേരളത്തിനു മേലുള്ള ദേശീയ മാധ്യമ ശ്രദ്ധ പതിന്മടങ്ങു വര്‍ദ്ധിക്കും. ഇത് യുഡിഎഫ് എല്‍ഡിഎഫ് പ്രശ്‌നനങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടുവരികയും മോദിയുടെ പരാജയങ്ങളെ മൂടി വക്കാനുള്ള മറയാവുകയും ചെയ്യും.
പത്ത്: എല്‍ഡിഎഫ് യുഡിഎഫ് വിമര്ശനങ്ങളെന്തായാലും രാഹുല്‍ ഗാന്ധി ഇടതു വിമര്‍ശനങ്ങള്‍ക്കു ശരവ്യനാകാതിരിക്കുന്നതാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് നല്ലതു. ഈ തീരുമാനത്തിന്റെ ഫലം എല്‍ഡിഎഫ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാന്‍ നിര്ബന്ധിതരാകുമെന്നതാണ്. അത് തെരഞ്ഞെടുപ്പിന് ശേഷം ഇടതു കോണ്‍ഗ്രസ് സഹകരത്തിനു അരങ്ങൊരുങ്ങുമ്പോള്‍ തെല്ലൊന്നുമല്ല ഇരുകൂട്ടരേയും വിഷമിപ്പിക്കുക.
ചുരുക്കത്തില്‍ വിനാശകാലേ വിപരീതബുദ്ധി എന്നേ പറയാനാവൂ. ദൈവമേ കോണ്‍ഗ്രസിന് സല്ബുദ്ധി നല്‍കണേ എന്ത് കൊണ്ടെന്നാല്‍ ചെകുത്താനും കടലിനുമിടയില്‍ വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ കടല്‍ തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണ് ഞങ്ങള്‍.