Sorry, you need to enable JavaScript to visit this website.
Tuesday , September   29, 2020
Tuesday , September   29, 2020

മിസ്റ്റർ ആനത്തലവട്ടം ആനന്ദൻ, ഇത് പോലൊരു അച്ഛനുണ്ടാകുക എന്നത് വലിയ കാര്യം തന്നെയാണ്. 

തിരുവനന്തപുരം- ചാനൽ ചർച്ചക്കിടെ രാജീവ് ഗാന്ധിയെ പറ്റി വിവാദപരാമർശം നടത്തിയ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മാഹിൻ അബൂബക്കർ എന്നയാളാണ് ആനത്തലവട്ടത്തിന് മറുപടിയുമായി എത്തിയത്. ഇന്നലെ മനോരമ ന്യൂസ് ചാനലിനെ ചർച്ചക്കിടെയാണ് രാജീവ് ഗാന്ധിയെ പറ്റി ആനത്തലവട്ടം വിവാദപരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയല്ല, അയാളുടെ അപ്പൻ കുഴിമാടത്തിൽനിന്ന് എണീറ്റ് വന്നാൽ പോലും സി.പി.എമ്മിനെ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു ആനത്തലവട്ടത്തിന്റെ വിവാദപരാമർശം.

മാഹിൻ അബൂബക്കറിന്റെ പോസ്റ്റ്:

മിസ്റ്റർ ആനത്തലവട്ടം ആനന്ദൻ, ഇത് പോലൊരു അച്ഛനുണ്ടാകുക എന്നത് വലിയ കാര്യം തന്നെയാണ്. ആ അച്ഛനെ ഒരു രാജ്യത്തെ ജനത ഹൃദയത്തിലേറ്റിയതാണെങ്കിൽ അത് തന്നെയാണ് ഏതൊരു മകനും മരണം വരെ ജീവിക്കുവാനുള്ള കരുത്ത്. 

മനോരമ ന്യൂസ് സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ, നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന വയനാട് സീറ്റ് ചർച്ച അരോചകമായി തോന്നിയെങ്കിൽ അതിനു മറുപടി പറയേണ്ടത് ഇത്രയും തരം താണല്ല. 

ബൊളീവിയൻ കാട്ടിലെ ചെഗുവേരയെ കുറിച്ച് കവല പ്രഭാഷണം നടത്തിയും, പാവപ്പെട്ട കുട്ടികളിലേക്ക് പർവതീകരിച്ചു വിപ്ലവമെന്ന് ചൊല്ലിക്കൊടുത്തും, റ്റി ഷർട്ടിലും, കഴുത്തിലെ മാലയിലും, ക്യാംപസിലെ ചുവരുകളിലും ചെഗുവേരയുടെ ചിത്രം കോറിയിട്ടു ഇതാണ് ജീവനേകിയ വിപ്ലവകാരി എന്ന് പറയുമ്പോൾ ഓർക്കുക. 

നിങ്ങൾ ആക്ഷേപിച്ച രാജീവിന്റെ കരങ്ങളിലേക്ക് ലഭിച്ചത് ചലനമറ്റ, ഇടനെഞ്ചു വെടിയേറ്റ് തുളഞ്ഞ സ്വന്തം മാതാവിന്റെ ശരീരമാണ്. കച്ചവട തർക്കമോ, അതിർത്തി തർക്കമോ അല്ല. ഈ നാടിന്റെ സുരക്ഷക്കായി, നാടിന്റെ ഐക്യത്തിനായി നിവർന്ന് നിന്നത് കൊണ്ട് കവർന്നെടുത്തതാണ് ആ ജീവിതത്തെ. പേര് ഇന്ദിരാ ഗാന്ധി. 

ആ ഇന്ദിരാ ഗാന്ധിയുടെ പുത്രനാണ് രാജീവ്. തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം വരെ ഏറ്റെടുത്തു ഈ നവയുഗ കാലത്തും ജനങ്ങളെ കബളിപ്പിക്കുമ്പോൾ പണ്ടത്തെ പോലെ ഏൽക്കുന്നില്ലല്ലോ, ഈ യുഗത്തിൽ അതിവേഗത്തിൽ അത് പൊളിഞ്ഞു വീഴുന്നുണ്ടല്ലോ, അത്രയും കാര്യക്ഷമമായ ഈ യുഗത്തിന്റെ ഉയർച്ചക്കായി ഇന്ത്യയുടെ വാതിൽ ലോക രാജ്യങ്ങൾക്ക് മുൻപിൽ തുറന്നിട്ട ഭരണാധികാരിയായിരുന്നു രാജിവ്. 

ശ്രീപെരുമ്പത്തൂരിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പോയപ്പോൾ മാലയിടാൻ വന്ന സ്ത്രീയെ പോലീസുകാർ തടയുകയും ഇത് കണ്ട രാജിവ് അവരെ കടത്തി വിടാൻ പോലീസിനോട് പറയുകയും ചെയ്തു. തനു എന്ന ഭീകരവാദി മാലയിട്ടു കാലിൽ തൊട്ടതോടെ ചിന്നിച്ചിതറി കഷ്ണങ്ങളായി പോയത് ഇന്ത്യയെ വളർച്ചയുടെ പടവുകളിൽ എത്തിക്കാൻ കഴിവുള്ള ഈ യുഗത്തിന്റെ പ്രതീക്ഷയായിരുന്നു. 

ആ രാജീവിന്റെ മകനാണ് രാഹുൽ. ടിപി ചന്ദ്രശേഖരന്റെ വിധവയെ വെർബൽ റേപ്പിനും സ്ലട് ഷെയിമിനും വിധേയയാക്കാൻ അണികളെ പറഞ്ഞു വിടുന്ന കമ്മ്യുണിസ്റ്റ് വേട്ടയാടലുണ്ടല്ലോ, ആ സ്ഥാനത്ത് അച്ഛനെ കൊന്നവരോട് ക്ഷമിക്കാൻ മനസ്സ് കാണിച്ച, അവരെ ജയിലിൽ പോയി സന്ദർശിക്കാൻ മനസ്സ് കാണിച്ച മക്കളാണ് രാജിവിനുള്ളത്. 

ആ രാജീവിന്റെ മഹത്വം ആനത്തലവട്ടത്തിനോ, സിപിഎം സഖാക്കൾക്കോ മനസ്സിലാകില്ല. കാരണം ജനിപ്പിച്ച അച്ഛനായാലും, തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെങ്കിലും, രക്തബന്ധമുള്ള ബന്ധുക്കളായാലും എതിർപ്പിന്റെ സ്വരം ഉയർത്തിയാൽ അരിഞ്ഞു തള്ളുന്ന പ്രത്യയ ശാസ്ത്രം പേറുന്ന കിംഗ് ജോംഗ് ഉന്നിനെ ആരാധിക്കുന്ന, ഏകാധിപത്യത്തിന്റെ കരിനിഴലിൽ കിടക്കുന്ന ചൈനയെ മാതൃ രാജ്യമായി പുൽകുന്ന കേരളത്തിലെ സിപിഎമ്മിന്റെ അടിവേരറുക്കുമെന്ന് കാണുമ്പോൾ അസ്വസ്ഥത സ്വഭാവികം. 

ഒന്ന് കൂടി ഓർമിപ്പിക്കുന്നു

ബംഗാളിൽ നിങ്ങൾ അണഞ്ഞു. 
ത്രിപുരയിലും നിങ്ങൾ അണഞ്ഞു 
പിന്നെയുള്ളത് കേരളമാണ്. ഈ കേരളത്തിൽ രാജീവ് ഗാന്ധിയുടെ മകൻ മത്സരിച്ചാലും ഇല്ലെങ്കിലും മെയ് 23 എന്നൊരു ദിനമുണ്ടെങ്കിൽ സിപിഎമ്മിന്റെ ശവക്കുഴി വെട്ടും. അതിനിങ്ങനെ കരഞ്ഞിട്ട് കാര്യമില്ല. 


 

Latest News