ഒരു സത്യം പറയാലോ ഈ പറയുന്ന 'ലോബി' എന്തെന്ന് പോലും അറിയില്ല, ഇന്ന ഇന്ന വിമാനം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഒരു പാട് വിമാനങ്ങള്‍ മാറി മാറി അവിടെ ഇറങ്ങുമ്പോള്‍ 'ഞങ്ങളാണ് ഇത് കൊണ്ടു വന്നതെന്ന് ' എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വീതം വെച്ചു എടുത്തോളൂ ,പോരുന്ന വഴികളിലെല്ലാം ഫ്‌ളക്‌സുകളും കൊടികളും നിറച്ചോളൂ..
പ്രവാസ ലോകത്ത് ഒരു മനുഷ്യന്‍ ഉമ്മ മരിച്ചു എന്നറിഞ്ഞു കട്ടിലില്‍ കാലു തൂക്കിയിട്ടിരുന്നു രണ്ടു കയ്യും കുത്തി തലതാഴ്ത്തി ഇരുന്നു കുറെ ആളുകള്‍ക്ക് മുന്‍പില്‍ കരയുന്നത് ഒന്ന് ഓര്‍ത്തു നോക്കു...
വര്‍ഷങ്ങളോളം കാണാതെ നിന്ന ആ മനുഷ്യന്‍ ഉമ്മയെ അവസാനമായി കാണാന്‍ സമയത്തിനു നാട്ടില്‍ എത്താന്‍ വിമാനം ഇല്ലാ എന്നറിഞ്ഞു കിടന്നു കരയുന്നത് ഒന്ന് ഓര്‍ത്തു നോക്കു...
ഈ അവസ്ഥ നിങ്ങള്‍ക്ക് ആണ് വന്നത് എങ്കില്‍ ആ നിമിഷത്തെ ഒന്നാലോചിച്ചു നോക്കൂ...
അദ്ദേഹത്തിനു പോകാനുള്ള ടിക്കറ്റ് കയ്യിലെടുത്തു നോക്കുമ്പോള്‍ പിറ്റേന്ന് രാവിലെ എട്ട് മണിക്ക് ഇവിടെ നിന്ന് ഒമാനില്‍ ഒക്കെ പോയി തിരിഞ്ഞു മറിഞ്ഞു വൈകിട്ട് 6.55 നു കോഴിക്കോട് എത്തുന്നു. കോഴിക്കോട് ബസ്റ്റാന്റില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് എത്താന്‍ എറണാകുളംപോയി അവിടെ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു തൃശൂര്‍ ,പെരിന്തല്‍മണ്ണ, മലപ്പുറം വഴി വീട്ടില്‍ എത്തുന്ന പോലെ. ആകാശം ആയത് കൊണ്ട് അടുത്തു അടുത്തു നിര്‍ത്തില്ലെന്നു മാത്രം.
അന്ന് വൈകിട്ട് ആറു മണിക്ക് മരണ വിവരം അറിയുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ പള്ളിയിലേക്ക് കൊണ്ടു പോകും മുന്‍പേ ഉമ്മയെ കാണാന്‍ പോകാന്‍ 17 മണിക്കൂര്‍ ബാക്കി ഉണ്ടായിരുന്നു. ജിദ്ദയില്‍ നിന്ന് നാട്ടില്‍ എത്താന്‍ 5.30 മണിക്കൂറേ ഉള്ളു താനും..
ആ സമയം ടിക്കറ്റ് ഉള്ളത് വെച്ച് കൊച്ചിയിലേക്കു നോക്കിയപ്പോള്‍ കൊച്ചിയില്‍ എത്തി മലപ്പുറത്തെ വീട്ടില്‍ എത്തുമ്പോള്‍ വൈകിട്ട് മൂന്നു മണിയാകും. കൊച്ചിയിലാണ് വീടെങ്കില്‍ അദ്ദേഹത്തിനു ഒരു പക്ഷെ എത്താമായിരുന്നു. അവസാനമായി ഒന്നു കാണാന്‍ പറ്റുമായിരുന്നു. അല്ലെങ്കിലും ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാള്‍ക്കിവിടെ നില്‍ക്കാന്‍ ഉള്ള സമയം വേറാരുടെയോ കയ്യില്‍ ആണല്ലോ..
അച്ഛനോ അമ്മയോ മരിച്ചു വിമാനം കിട്ടാതെ ഒരു രാത്രി മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്ന കഥയൊന്നും ഞങ്ങള്‍ പ്രവാസി ആകും മുന്‍പേ വോട്ടു ചെയ്ത് വിജയിപ്പിച്ച ഒരു നേതാവും പറഞ്ഞതായി ഇത് വരെ കേട്ടിട്ടില്ല. ഇനി കേള്‍ക്കാന്‍ ഇടയുമില്ല.
സൗദി എയര്‍ലൈന്‍സിന് പിന്നാലെ മറ്റു വിമാനങ്ങള്‍ നേരിട്ടു പോകുന്നത് കാത്തു നില്‍ക്കുന്ന ഞങ്ങള്‍ വിവരം ഉള്ള ആരോടെങ്കിലും 'എന്താ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പ്രശ്‌നമെന്ന് ' ചോദിച്ചാല്‍ മലപ്പുറത്തിനോടുള്ള അവഗണന,കൊച്ചി ലോബി, രാഷ്ട്രീയ ലോബി,കണ്ണൂര്‍ ലോബി..അങ്ങിനെ...അങ്ങിനെ...
ഒരു സത്യം പറയാലോ ഈ പറയുന്ന 'ലോബി' എന്തെന്ന് പോലും അറിയില്ല, ഇന്ന ഇന്ന വിമാനം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഒരു പാട് വിമാനങ്ങള്‍ മാറി മാറി അവിടെ ഇറങ്ങുമ്പോള്‍ 'ഞങ്ങളാണ് ഇത് കൊണ്ടു വന്നതെന്ന് ' എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വീതം വെച്ചു എടുത്തോളൂ ,പോരുന്ന വഴികളിലെല്ലാം ഫ്‌ളക്‌സുകളും കൊടികളും നിറച്ചോളൂ
ഒരിക്കലും ആളില്ലെന്നു പറഞ്ഞു കാടും പൊന്തയും നിറഞ്ഞു കിടക്കില്ലെന്നു ഉറപ്പുള്ള 'ജിദ്ദ ടു കരിപ്പൂര്‍'വഴിയൊന്നു നേരെയാക്കി തരൂ..
തിരിച്ചു പോരാനുള്ള ആകാശമുണ്ട് ,ഇറങ്ങാനുള്ള സ്ഥലവുമുണ്ട്, നിര്‍ത്താനുള്ള റോഡുമുണ്ട് , എന്റെ ഉമ്മ പറയുന്ന 'ഏറോപ്ലെയിന്റെ ബസ്റ്റോപ്പും' ഉണ്ട്..ഞങ്ങള്‍ക്ക് വേണ്ടത് ഒന്നേ ഉള്ളൂ നേരിട്ടു വീട്ടിലെത്താനുള്ള കുറെ'വണ്ടികളാണ്. അത് വലുതായാലും... ചെറുതായാലും...!