Sorry, you need to enable JavaScript to visit this website.

തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും ബാഴ്‌സക്ക് ഡ്രോ

തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലും സമനില വഴങ്ങിയത് ബാഴ്‌സലോണയില്‍ ആശങ്ക ഉയര്‍ത്തി. അത്‌ലറ്റിക്കൊ ബില്‍ബാവോക്കെതിരായ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഗോള്‍രഹിത സമനിലയുമായി നിലവിലെ ചാമ്പ്യന്മാര്‍ രക്ഷപ്പെട്ടത് ഗോള്‍കീപ്പര്‍ ടെര്‍ ആന്ദ്രെ ടെര്‍‌സ്റ്റേഗന്റെ രണ്ട് കിടിലന്‍ സെയവുകള്‍ കൊണ്ടു മാത്രമാണ്. റയല്‍ മഡ്രീഡിനെതിരെ അവരുടെ ലീഡ് ആറ് പോയന്റിലേക്ക് കുറഞ്ഞു. 
ആദ്യ പകുതിയില്‍ കളിക്കാര്‍ തമ്മില്‍ ഒട്ടും ആശയവിനിമയമുണ്ടായിരുന്നില്ലെന്നും വിളിച്ച് പന്ത് സ്വീകരിക്കാതിരിക്കുന്നത് വലിയ അബദ്ധമാണെന്നും ലൂയിസ് സോറസ് പറഞ്ഞു. ലിയണല്‍ മെസ്സി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയിട്ടും ബാഴ്‌സലോണക്ക് ഒരു വ്യക്തമായ അവസരം പോലും സൃഷ്ടിക്കാനായില്ല. കഴിഞ്ഞ 36 ദിവസത്തിനിടെ 11 മത്സരങ്ങള്‍ കളിക്കേണ്ടി വന്നതിന്റെ ക്ഷീണം പ്രകടമായിരുന്നു. 

കഴിഞ്ഞ കളിയില്‍ നൗകാമ്പില്‍ കോപ ഡെല്‍റേ സെമി ആദ്യ പാദത്തില്‍ റയല്‍ മഡ്രീഡുമായി 1-1 സമനില പാലിച്ച ബാഴസലോണ വലന്‍സിയക്കെതിരായ സ്പാനിഷ് ലീഗ് മത്സരത്തില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം 2-2 സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. റയലിനെതിരെയും ബാഴ്‌സലോണയാണ് ആദ്യം ഗോള്‍ വഴങ്ങിയത്. 
 

Latest News