രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങളുടെ ആവേശം കെട്ടടങ്ങും മുമ്പ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിന ടെസ്റ്റിനു വേദിയാകുന്നു. നാളെ മുതല്‍ 10 വരെയാണ് മത്സരം. അങ്കിത് ഭാവനെ നയിക്കുന്ന ടീമിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് പരിശീലിപ്പിക്കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ കെ.എല്‍. രാഹുലിനും ടെസ്റ്റ് ടീമില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന പെയ്‌സ്ബൗളര്‍ വരുണ്‍ ആരണിനും പരമ്പര നിര്‍ണായകമായിരിക്കും.
ഷഹബാസ് നദീം, കേരളത്തിന്റെ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന, പ്രിയങ്ക് പഞ്ചാല്‍, ശാര്‍ദുല്‍ താക്കൂര്‍, റിക്കി ഭുയി, അവേശ് ഖാന്‍, നവദീപ് സൈനി, മായങ്ക് മാര്‍ഖണ്ഡെ, ശ്രീകര്‍ ഭരത്, സിദ്ദേശ് ലാധ്, മലയാളി അഭിമന്യൂ ഈശ്വരന്‍ എന്നിവര്‍ ടീം അംഗങ്ങളാണ്. കേരളത്തിന്റെ അതിഥി താരമായ ജലജ് രഞ്ജി ക്വാര്‍ട്ടറിലും സെമിയിലും കൃഷ്ണഗിരിയില്‍ കളിച്ചിരുന്നു.
സിംബാബ്‌വെയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരു ആന്‍ഡി ഫഌവറാണ് ഇംഗ്ലണ്ട് ലയണ്‍സ് ടീം പരിശീലകന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിംഗ്‌സാണ് നായകന്‍. ഡൊമനിക് ബെസ്, സാക് ചാപ്പല്‍, ഡാനി ബ്രിഗ്‌സ്, ബെ്ന്‍ ഡുക്കറ്റ്, ലൂയിസ് ഗ്രിഗറി, സാം ഹെയ്ന്‍, ജയ്മി ഓവര്‍ടന്‍, ഓലി പോപ്പ്, ജയിംസ് പോര്‍ട്ടര്‍, ടോം ബെയ്‌ലി, വില്‍ ജാക്ക്‌സ്, സ്റ്റീവന്‍ മുല്ലെനി, മാത്യു കാര്‍ട്ടര്‍, അലക്‌സ് ഡേവിസ് എന്നിവര്‍ ടീമിലുണ്ട്. ടീമുകള്‍ വയനാട്ടിലെത്തി. രാവിലെ ഒമ്പതു മുതല്‍ ഉച്ചവരെ ഇന്ത്യന്‍ ടീമും ഉച്ചകഴിഞ്ഞ് ഇംഗ്ലണ്ട് ടീമും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.