Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപായ ഭീഷണി  മുഴക്കി ബൗളർമാർ

ബംഗ്ലാദേശ് ആറിന് 22, ഇന്ത്യക്ക് 240 റൺസ്

ഓവൽ - ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ എതിരാളികൾക്ക് വീണ്ടും അപായ ഭീഷണി നൽകി ഇന്ത്യൻ പെയ്‌സ് നിര നിറഞ്ഞാടി. രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 240 റൺസിന് ഇന്ത്യ തുരത്തി. 7.3 ഓവറിൽ ആറിന് 22 ലേക്ക് തകർന്ന ബംഗ്ലാദേശ് 23.5 ഓവറിൽ 84 ന് ഓളൗട്ടായി. നേരത്തെ ദിനേശ് കാർത്തികിന്റെയും (77 പന്തിൽ 94) ഹാർദിക് പാണ്ഡ്യയുടെയും (54 പന്തിൽ 80 നോട്ടൗട്ട്) ശിഖർ ധവാന്റെയും (67 പന്തിൽ 60) ഉശിരൻ അർധ ശതകങ്ങളിലൂടെ ഇന്ത്യ ഏഴിന് 324 റൺസ് സ്‌കോർ ചെയ്തു. ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെയും ഇന്ത്യ അനായാസം തോൽപിച്ചിരുന്നു. നാളെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടേണ്ട ബംഗ്ലാദേശ് ഇന്ത്യൻ ബൗളിംഗിനു മുന്നിൽ നിന്നു വിയർത്തു. 
ഉമേഷ് യാദവും (5-0-16-3) ഭുവനേശ്വർ കുമാറും (5-0-13-3) ബംഗ്ലാദേശ് മുൻനിരയെ നിലം തൊടാതെ പറത്തി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ അവർ പന്ത് മനോഹരമായി ചലിപ്പിച്ചു. നാലാം ഓവറിൽ സൗമ്യ സർക്കാറിനെയും (2) സാബിർ റഹ്മാനെയും (0) പുറത്താക്കി ഉമേഷാണ് തുടങ്ങിയത്. ഹുക്ക് ചെയ്യാനുള്ള അനാവശ്യ വികാരം കാണിച്ച ഇംറുൽ ഖൈസും (7) ശാഖിബുൽ ഹസനും (7) ഭുവനേശ്വർ കുമാറിന് വിക്കറ്റ് സമ്മാനിച്ചു. മഹ്മൂദുല്ലക്കും മുസദ്ദിഖ് ഹുസൈനും അക്കൗണ്ട് തുറക്കാൻ പോലുമായില്ല. ഭുവനേശ്വറിന്റെയും ഉമേഷിന്റെയും അപായകരമാംവിധം കുത്തിയുയർന്ന പന്തുകളിൽ ഇരുവരും പുറത്തായി. ക്യാപ്റ്റൻ മുശ്ഫിഖുറഹീമും (13) നേരത്തെ നന്നായി പന്തെറിഞ്ഞ മെഹ്ദി ഹസൻ മിറാസും (24) സുൻസമുൽ ഇസ്‌ലാമും (18) മാത്രമാണ് രണ്ടക്കം കണ്ടത്. 
പാക്കിസ്ഥാനെതിരെ ശനിയാഴ്ച 341 റൺസെടുത്തിട്ടും ജയിക്കാനാവാതിരുന്നതിനാൽ ബൗളർമാർക്ക് കൂടുതൽ അവസരം നൽകാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്. ടോസ് നേടിയിട്ടും അവർ ബൗളിംഗ് തെരഞ്ഞെടുത്തു. ഒക്‌ടോബറിനു ശേഷം ഇന്ത്യക്ക് ആദ്യമായി കളിച്ച രോഹിത് ശർമ (1) മൂന്നു പന്തേ അതിജീവിച്ചുള്ളൂ. തുടർച്ചയായ രണ്ടാം മത്സരത്തിലും അജിൻക്യ രഹാനെയും (11) പരാജയപ്പെട്ടു. എന്നാൽ ശിഖറിന് ദിനേശ് കൂട്ടെത്തിയതോടെ ഇന്ത്യ കടിഞ്ഞാണേറ്റെടുത്തു. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ദിനേശ് ഇത്തവണയും തുടക്കത്തിൽ പരുങ്ങി. ക്രമേണ താളം കണ്ടെത്തിയ ദിനേശ് മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താൻ ശിഖറിനെ സഹായിച്ചു. ഹാർദിക്കിന് അവസരം നൽകാനായി 94 ലുള്ളപ്പോൾ ദിനേശ് പിന്മാറുകയായിരുന്നു. ഹാർദിക് നാല് സിക്‌സറുകൾ പറത്തിയതോടെ അവസാന പതിനഞ്ചോവറിൽ ഇന്ത്യ 116 റൺസടിച്ചു. 
മറ്റൊരു കളിയിൽ ശ്രീലങ്കയുടെ എട്ടിന് 356 നാലോവർ ശേഷിക്കേ നാലു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാന്റ് മറികടന്നു. ശ്രീലങ്കക്കു വേണ്ടി ഓപണർ ഉപുൽ തരംഗയും ന്യൂസിലാന്റിനു വേണ്ടി ഓപണർ മാർടിൻ ഗപ്റ്റിലും സെഞ്ചുറിയടിച്ചു. 
 

Latest News