സിഡ്‌നി-വരള്‍ച്ച കടുത്തതോടെ ഓസ്‌ട്രേലിയന്‍ പുഴകളില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. കഴിഞ്ഞ ദിവസം മെനിന്‍ഡി നഗരത്തിനടുത്തുളള ഡാര്‍ലിംഗ് പുഴയില്‍ ലക്ഷക്കണക്കിന് മല്‍സ്യങ്ങളാണ് ചത്തു പൊന്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കടുത്ത വരള്‍ച്ചയാണ് മല്‍സ്യങ്ങള്‍ ചാവാന്‍ കാരണമെന്ന് പ്രദേശം സന്ദര്‍ശിച്ച ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. വരള്‍ച്ചയോടെ പുഴയിലെ ഓക്‌സിജന്റെ അളവ് താഴ്ന്ന് പോയെന്നും ഇതാണ് ദുരന്തത്തിന് കാരണമെന്നും വിദഗ്ധര്‍ പറഞ്ഞു. വരുന്ന ദിവസങ്ങളില്‍ പ്രതിഭാസം തുടരുമെന്ന് വിദഗ്ധ സംഘം പ്രദേശ വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ ചൂട് കൂടുമെന്നും മഴക്ക് സാധ്യതയില്ലെന്നും വിദഗ്ധര്‍ പറയുന്നു. അതേ സമയം, പുഴയിലെ മലിനീകരണമാണ് പ്രതിഭാസത്തിന് കാരണമെന്ന് തദ്ദേശവാസികള്‍ ആരോപിക്കുന്നു. അധികൃതര്‍ പുഴയെയും ജലസമ്പത്തിനെയും രക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നാണ് പ്രാദേശിക പരിസ്ഥിതി വാദികളുടെ ആരോപണം.






