പാരിസ് - നിലവിലെ ചാമ്പ്യന്മാരായ നോവക് ജോകോവിച്ചും ഗർബീൻ മുഗുരുസയും പത്താം കിരീടം ലക്ഷ്യമിടുന്ന റഫായേൽ നദാലും ഫ്രഞ്ച് ഓപൺ ടെന്നിസിൽ ആദ്യ കടമ്പ കടന്നു. മുൻ ഫ്രഞ്ച് ഓപൺ ചാമ്പ്യൻ ആന്ദ്രെ ആഗസിയുടെ പരിശീലനത്തിൽ ആദ്യമായി കളിച്ച നോവക് 6-3, 6-4, 6-2 ന് സ്‌പെയിനിന്റെ മാഴ്‌സെൽ ഗ്രാനൊലേഴ്‌സിനെയാണ് കീഴടക്കിയത്. എല്ലാ ഗ്രാന്റ്സ്ലാമുകളും രണ്ടു തവണ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ കളിക്കാരനാവാനുള്ള ശ്രമത്തിലാണ് നോവക്. ഗ്രാനൊലേഴ്‌സ് ഇഞ്ചോടിഞ്ച് പൊരുതി. സ്‌പെയിൻ താരത്തിന്റെ ഒരു മനോഹരമായ ഷോട്ടിനെ നോവക് നെറ്റിനടുത്തേക്ക് വന്ന് എതിരാളിക്ക് ഹൈഫൈവ് നൽകി അഭിനന്ദിച്ചു. 2010 ലെ ചാമ്പ്യൻ ഫ്രാൻസിസ്‌ക സ്‌കിയാവോണിയെ മുഗുരുസ 6-2, 6-4 ന് കീഴടക്കി. ഒരു ഘട്ടത്തിൽ മുഗുരുസ തുടർച്ചയായി 15 പോയന്റുകൾ നേടി.
പത്താം സീഡ് ഡേവിഡ് ഗോഫിൻ 6-2, 6-2, 6-2 ന് യോഗ്യതാ റൗണ്ടിലൂടെ വന്ന ആതിഥേയ താരം പോൾ ഹെൻറി മാതിയുവിനെ തകർത്തു. വനിതാ പതിനെട്ടാം സീഡ് കികി ബെർടിൻസ് ഒരു സെറ്റിന് പിന്നിലായ ശേഷം ഓസ്‌ട്രേലിയക്കാരി ആയ്‌ല ടോംല്യനോവിച്ചിനെ തോൽപിച്ചു. പുരുഷ പതിനാലാം സീഡ് ജാക്ക് സോക്കിനെ ജിറി വെസ്‌ലി നേരിട്ടുള്ള സെറ്റുകളിൽ കെട്ടുകെട്ടിച്ചു. രണ്ടാം സെറ്റ് കൈവിട്ടുവെങ്കിലും മുൻ ലോക ഒന്നാം നമ്പർ കരൊലൈന വോസ്‌നിയാക്കി 6-4, 3-6, 6-2 ന് ലോക 337 ാം റാങ്കുകാരി ജയ്മി ഫൂർലിസിനെ തോൽപിച്ചു. പതിനേഴുകാരി ഫൂർലിസിനെ റോളാങ്ഗാരോ കൈയടിച്ച് അഭിനന്ദിച്ചു.
മനോഹരമായ ഷോട്ടുകൾ കളിച്ച നദാൽ ആദ്യ റൗണ്ടിൽ ബെനോയ്റ്റ് പയ്‌റിയെ 6-1, 6-4, 6-1 ന് തകർത്തു. രണ്ടാം സെറ്റിൽ രണ്ടു തവണ നദാലിനെ ബ്രെയ്ക് ചെയ്ത പയ്‌റി 3-1 ലീഡ് നേടിയിരുന്നു.