Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെങ്കല്ല് ചുമക്കുന്ന എഴുത്തുകാരൻ  

ഷാഫി ചെറുമാവിലായി
മഹാകവി ഉള്ളൂർ സ്മാരക അവാർഡ് സ്വീകരിക്കുന്നു.
ഷാഫി പരിഭാഷപ്പെടുത്തിയ പുസ്തകങ്ങൾ.
തമിഴ് എഴുത്തുകാരി സൽമയോടൊപ്പം
തമിഴ് നോവലിസ്റ്റ് സുബ്രഭാരതി മണിയനൊപ്പം
തമിഴ് നോവലിസ്റ്റ് തോപ്പിൽ മുഹമ്മദ് മീരാനോടൊപ്പം

ജീവിതം കെട്ടിപ്പടുക്കാൻ ഭാരമുള്ള ചെങ്കല്ലുകൾ ചുമലിലേറ്റി ശരീരം തളരുമ്പോഴും മനസ്സ് തളരാതെ അക്ഷരങ്ങളെ ആത്മാവിൽ ആവാഹിക്കുന്ന എഴുത്തുകാരനാണ് ഷാഫി ചെറുമാവിലായി. അന്തർമുഖത്വവും പ്രശസ്തിയോട് പ്രകടമായ വൈമുഖ്യവുമുള്ള ഈ എഴുത്തുകാരൻ പൊതുവേദികളിലോ പത്രത്താളുകളിലൊ പ്രത്യക്ഷപ്പെടുക എന്നതും അപൂർവം. അതുകൊണ്ടു തന്നെ മലയാളികൾക്ക് അദ്ദേഹം അത്ര പരിചിതനുമല്ല. എന്നാൽ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തമിഴിൽ നിന്നും മലയാളത്തിലേക്ക് ഷാഫി വിവർത്തനം ചെയ്തത് 250-ലേറെ കൃതികൾ. 


ഇത് ഷാഫി ചെറുമാവിലായി. തമിഴ് ഭാഷയിലെ പ്രശസ്ത എഴുത്തുകാരായ തോപ്പിൽ മുഹമ്മദ് മീരാൻ, പെരുമാൾ മുരുകൻ, ജി.തിലകവതി, ചോ.ധർമ്മൻ, ചാരുനിവേദിത തുടങ്ങിയവരുടെ കഥകളും ലേഖനങ്ങളും നോവലുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ,  വിവർത്തന രംഗത്തെ പുതുവാഗ്ദാനം. ഷാഫിയെ തേടി കണ്ണൂർ മുഴപ്പിലങ്ങാട്, കണ്ണംവയലിലെ ആയിഷ മൻസിലിൽ എത്തുന്ന തമിഴ് എഴുത്തുകാരും പ്രസാധകരും ഇന്ന് ഏറെയാണ്. 
പരിഭാഷയിൽ ഷാഫി പുലർത്തുന്ന കഴിവും കാര്യക്ഷമതയും ആത്മാർഥതയും തന്നെയാണ് പ്രധാനമായും അവരെ ആകർഷിക്കുന്ന ഘടകം. ത ങ്ങളുടെ കൃതികളുടെ ആശയം ഒട്ടും ചോരാതെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാൻ പ്രാപ്തിയുള്ളവനാണ് അദ്ദേഹമെന്ന വിശ്വാസം അവർക്കുണ്ട്. എന്തിന്, കേന്ദ്ര സാഹിത്യ അക്കാദമി പോലും വിവർത്തനം ചെയ്യാനായി അദ്ദേഹത്തെ സമീപിക്കുന്നു എന്നു പറയുമ്പോൾ പരിഭാഷയിലെ അദ്ദേഹത്തി ന്റെ പ്രാഗൽഭ്യവും പ്രാധാന്യവും ഊഹിക്കാമല്ലൊ.


വിവർത്തന രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഈ എഴുത്തുകാരൻ പക്ഷെ, പത്താം ക്ലാസിനപ്പുറം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ആളാണെന്ന് പറഞ്ഞാലോ? സംശയിക്കേണ്ട, സംഗതി സത്യമാണ്. എന്നാൽ, മലയാള-തമിഴ് ഭാഷകളെ ആത്മാർഥമായി അധ്വാനിച്ച് ആഴത്തിൽ അറിഞ്ഞും പഠിച്ചും ഗവേഷണം നടത്തിയും ആ പോരായ്മയെ അദ്ദേഹം മറികടക്കുന്നു. മൂലകൃതിയോട് തികഞ്ഞ കൂറും കാര്യക്ഷമതയും പുലർത്തിക്കൊണ്ട് പരിഭാഷയിൽ ശ്രദ്ധിക്കുന്നു എന്നതാണ് ഷാഫിയുടെ പ്രത്യേകത. ബഹുഭാഷാ പണ്ഡിതരും അക്കാഡമീഷ്യൻസും വിലസുന്ന ഈ മേഖലയിൽ അദ്ദേഹം പിടിച്ചു നിൽക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.


കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ, ചെറുമാവിലായിലെ മീൻകച്ചവട ക്കാരനായ താഴക്കണ്ടി മൊയ്തീന്റെയും മെട്ടയ്ക്ക് താഴെ ആമിനയുടെയും അഞ്ച് മക്കളിൽ നാലാമനായിരുന്നു ഷാഫി. മമ്മാക്കുന്ന് മാപ്പിള എൽ.പി.സ് കൂൾ, ചെറുമാവിലായി യു.പി.സ്‌കൂൾ, പെരളശ്ശേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് വായന യിൽ കമ്പം കയറുന്നത്. വീട്ടിൽ വായിക്കുന്നവരോ വായനയെ പ്രോത്സാഹിപ്പിക്കുന്നവരോ ആയി ആരുമുണ്ടായിരുന്നില്ല. സ്‌കൂളിലെ പണ്ഡിറ്റ് നാണുമാഷായിരുന്നു വായിക്കാൻ പ്രധാന പ്രചോദനം. നാട്ടിലെ എകെജി സ്മാരക വായനശാലയാണ് മറ്റൊരു പ്രേരണ. ബഷീറും തകഴിയും പൊറ്റക്കാടും, കേ ശവദേവും എം.ടിയും മാധവിക്കുട്ടിയും പിന്നെ ഒ.വി.വിജയനും കാക്കനാടനും സേതുവും പുനത്തിലും എം. മുകുന്ദനുമൊക്കെ പതിയെ വായനയിലേ ക്ക് കടന്നു വന്നു. ഹരംപിടിച്ചുള്ള ആ വായനക്കാലത്തെപ്പൊഴോ ആണ് എ ഴുതാൻ തുടങ്ങിയത്. ക്രിസ്തുവിന്റെ വസ്ത്രം എന്ന പേരിലെഴുതിയ കഥ ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിന്റെ ബാലപംക്തിയിൽ അച്ചടിച്ചു വന്നത് തുടർന്ന് കഥകളും കവിതകളും ലേഖനങ്ങളുമെഴുതാൻ ആവേശം തന്നു.


വീട്ടിലെ  കൊടിയ ദാരിദ്ര്യമായിരുന്നു പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കാൻ ഷാഫിയെ നിർബന്ധിതനാക്കിയത്. കുടുംബത്തിന് കൈത്താങ്ങാകാൻ ഒരു തൊഴിൽ തേടിയുള്ള അന്വേഷണം അദ്ദേഹത്തെ പൂനയിലെത്തിച്ചു. അവിടെ ഒരു പലചരക്കു കടയിൽ ഒന്നര വർഷക്കാലം. വലിയ ഗുണ മില്ലാത്തതിനാൽ തിരികെ നാട്ടിലെത്തി. അതിനിടയിൽ വിവാഹിതനുമായി. ജീവിക്കാൻ ഒരു ജോലി കൂടിയേ തീരൂ എന്നു വന്നപ്പോൾ ബാംഗ്ലൂരിലെത്തി. 1985-ലായിരുന്നു അത്. അവിടെ വിവേക് നഗറിൽ ഒരു ബന്ധുവിന്റെ ചായക്കടയിൽ സഹായിയായി പത്തു വർഷക്കാലം നിന്നു. അവിടുത്തെ ജീവിതമാ ണ് ഷാഫിയെ മാറ്റി മറിക്കുന്നത്. തമിഴർ ധാരാളമായി വരുന്ന അവിടെ അവരോട് നന്നായി ഇടപഴകാൻ ഷാഫിക്ക് തമിഴ് പഠിക്കേണ്ടി വന്നു. ഒരുവിധം തമിഴ് സംസാരിക്കാം എന്നായപ്പോൾ പിന്നെ അത് വായിക്കാനായി ശ്രമം. ആരും നിർബന്ധിച്ചിട്ടല്ല, ഒരു നിയോഗം പോലെ താനതു ചെയ്യുകയായി രു ന്നു എന്നാണ് ഷാഫി അതിനെ കുറിച്ചു പറയുന്നത്.
അന്ന്, ബാംഗ്ലൂർ നഗരത്തിലെ ഭിത്തികളിലും മറ്റും ധാരാളം തമിഴ് സി നിമാ പോസ്റ്ററുകൾ പതിക്കാറുണ്ടായിരുന്നു. അതിൽ, തമിഴിലും ഇംഗ്ലീഷി ലും സിനിമാ പേരുകളെഴുതാറുണ്ട്. അത് നോക്കി ഷാഫി തമിഴ് വാക്കുകൾ വായിക്കാൻ തുടങ്ങി. പിന്നെ തമിഴ് പത്രങ്ങളും വാരികകളും തപ്പിത്തടഞ്ഞ് വായിക്കാൻ പഠിച്ചു. പതുക്കെ തമിഴ് വായനയും വശമായി. ആയിടെ ഒരു ത മിഴ് വാരികയിൽ വന്ന റഷ്യൻ കഥ മലയാളത്തിലേക്ക് തർജമ ചെയ്ത് അദ്ദേ ഹം ജനയുഗം വാരികയ്ക്ക് അയച്ചു. പത്രാധിപർ ആര്യാട് ഗോപി അത് നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് ഷാഫിക്ക് വലിയ ആവേശമായി. പരിഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് അദ്ദേഹത്തിന് ആത്മവിശ്വാസം നൽ കി. പിന്നെ തമിഴിൽ നിന്നും മലയാളത്തിലേക്ക് ഒട്ടേറെ മികച്ച കൃതികൾ അ ദ്ദേഹം മൊഴിമാറ്റി. പ്രഭാതരശ്മി ഉൾപ്പടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ പരിഭാഷകൾ ഇതിനോടകം വന്നു കഴിഞ്ഞു.


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മൂന്നു പ്രസിദ്ധ തമിഴ് നോവലുകൾ അവരുടെ നിർദ്ദേശമനുസരിച്ച് ഷാഫി മലയാളത്തിലേക്ക് മൊ ഴിമാറ്റം നടത്തുകയുണ്ടായി. നോവൽ പരിഭാഷയുടെ തുടക്കം അതായിരുന്നു. സാ. കന്തസ്വാമിയുടെ വിചാരണ കമ്മീഷൻ എന്ന നോവൽ അന്വേഷണ കമ്മീഷൻ എന്ന പേരിലും, മേലാൺമൈ പൊന്നുച്ചാമിയുടെ മിൻസാരപൂ എന്ന നോവൽ വൈദ്യുതിപുഷ്പം എന്ന പേരിലും ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ജി.തിലകവതിയുടെ കൽമരം എന്ന നോവൽ അതേ പേരിലുമായിരുന്നു പരിഭാഷപ്പെടുത്തിയത്. തുടർന്ന് ചോ.ധർമ്മന്റെ മൂങ്ങ എന്ന വലിയൊരു നോവലിന്റെ തർജമയും അദ്ദേഹം നിർവഹിച്ചു. മലയാളത്തിൽ നല്ലതു പോലെ ശ്രദ്ധിക്കപ്പെട്ട വിവർത്തന ഗ്രന്ഥങ്ങളായിരുന്നു അവ.  
ആയിടയ്ക്കാണ് തമിഴിലെ പ്രമുഖ എഴുത്തുകാരനായ തോപ്പിൽ മുഹമ്മദ് മീരാന്റെ അനന്തശയനം കോളനി എന്ന കഥാസമാഹാരം ഷാഫി വായി ക്കുന്നത്. കഥകൾ മികച്ചതാണ് എന്ന് ബോധ്യമായപ്പോൾ അത് വിവർത്തനം ചെയ്യാൻ മുഹമ്മദ് മീരാനുമായി ബന്ധപ്പെട്ടു. ഷാഫി മുമ്പ് ചെയ്ത തമിഴ് വി വർത്തനങ്ങളെ കുറിച്ച് അറിയാമായിരുന്ന അദ്ദേഹം ഉടനെ അനുവാദം നൽ കി. തുടർന്ന് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും ഷാഫി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. എന്നു മാത്രമല്ല അവർ തമ്മിൽ ഊഷ്മളമായ ഒരു സൗഹൃദബന്ധം ഉടലെടുക്കുകയും ചെയ്തു. ഒരിക്കൽ ഒരാവശ്യത്തിന് കുടുംബസമേതം കണ്ണൂരിലെത്തിയ തോപ്പിൽ മുഹമ്മദ് മീരാൻ, ഷാഫിയുടെ വീട് തേടിപ്പിടിച്ച് അവിടെ എത്തുകയുണ്ടായി. ഷാഫിയെ, അദ്ദേഹം തന്റെ തിരുന്നൽവേലിയിലൂള്ള വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ ചെ ന്ന ഷാഫി, അദ്ദേഹത്തിനൊപ്പം രണ്ടാഴ്ചയോളം താമസിക്കുകയുണ്ടായി. 


തമിഴിലെ മറ്റൊരു പ്രസിദ്ധ കഥാകാരനായ പെരുമാൾ മുരുകനുമായും അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ട്, ഷാഫി. അദ്ദേഹത്തിന്റെ അർധനാരി എന്ന നോവലും കുറേ ചെറുകഥകളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. മുരുകന് ഏറെ ഇഷ്ടമാണ് ഷാഫി എന്ന പരിഭാഷകനെ. നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് എന്ന കാര്യം അദ്ദേഹം ഷാഫി യെ അറിയിച്ചിരുന്നു. മുരുകൻ, തന്റെ ഏറ്റവും പുതിയ നോവലായ കഴിമുഖ ത്തിന്റെ ഒരു കോപ്പി ഷാഫിക്ക് അയച്ചു കൊടുക്കാം എന്ന് ഉറപ്പു നൽകിയിട്ടുമുണ്ട്. വായിച്ചു നോക്കി നല്ലതാണെങ്കിൽ അത് വിവർത്തനം ചെയ്യണം എ ന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനിടയിൽ ചാരുനിവേദിതയുടെ ഒരു ലേഖന സമാഹാരത്തിന്റെ വിവർത്തനം ഷാഫി നിർവഹിക്കുകയുണ്ടായി. പ്ര ണയം സംഗീതം കലഹം എന്ന പേരിൽ കഴിഞ്ഞ ഷാർജ പുസ്തകോത്സവത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പെടത്. 1993-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ജേതാവായ എം.വി.വെങ്കിട്ടറാമിയുടെ കാതുകൾ എന്ന കൃതിയാണ് നിലവിൽ ഷാഫി വിവർത്തനം ചെയ്യുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി  ആവശ്യപ്പെട്ടതു പ്രകാരമാണത്. 


തമിഴർക്ക് പ്രിയപ്പെട്ട ഈ പരിഭാഷകനെ തേടി ചില അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. 2010-ൽ തോപ്പിൽ മുഹമ്മദ് മീരാന്റെ 'അനന്തശയനം' കോളനിയുടെ വിവർത്തനത്തിന് നല്ലി ദിശൈ എട്ടും പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. തമിഴിൽ, പരിഭാഷകർക്ക് നൽകുന്ന ഏറ്റവും പ്രസിദ്ധമായ അവാർഡുകളിലൊന്നാണത്. കൂടാതെ വിവർത്തനത്തിനുള്ള മഹാകവി ഉള്ളൂർ പരമേശ്വര അയ്യർ അവാർഡ്, ബഹുജന സാഹിത്യ അക്കാദമി അവാ ർഡ്, നവോഥാന സംസ്‌കൃതി പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 
എങ്കിലും അദ്ദേഹത്തെ മലയാളമോ മലയാളിയോ വേണ്ട വിധം തിരിച്ചറിയുകയോ അർഹതപ്പെട്ട അംഗീകാരം നൽകി ആദരിക്കുകയോ ചെയ്തിട്ടില്ല എന്നത് വേദനാജനകമാണ്. അംഗീകാരങ്ങൾ ഇന്ന് പെരുമഴയായി പെയ് തിറങ്ങുന്ന മലയാളത്തിൽ അർഹതപ്പെട്ടവൻ അംഗീകരിക്കപ്പെടാതെ പോകുന്നതിന് മികച്ച ഉദാഹരണമാണ് ഷാഫി. അദ്ദേഹത്തോട് അതേ കുറിച്ച് ചോ ദിച്ചപ്പോൾ നിർവികാരമായൊരു ചിരി മാത്രമായിരുന്നു മറുപടി. അതേസമ യം വിവർത്തകനെ രണ്ടാം തരം എഴുത്തുകാരായി മാത്രം കണക്കാക്കുന്ന മ ലയാളികളുടെ മനോഭാവത്തോട് വലിയ പരിഭവമുണ്ട് ഷാഫിക്ക്. അവർക്ക് കിട്ടുന്ന പ്രതിഫലവും താരതമ്യേന കുറവാണ്. ആറു മാസമെടുത്ത് വിവർ ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കൃതിക്ക് ഒരു രൂപ പോലും പ്രതിഫലം നൽ കാത്ത പ്രസാധകരുമുണ്ട് എന്നദ്ദേഹം ദു:ഖത്തോടെ പറയുന്നു. 
പരിഭാഷകരുടെ യജ്ഞം ഏറെ അധ്വാനവും ആത്മാർഥതയും കഴിവും ആവശ്യപ്പെടുന്ന ഒന്നാണ് എന്ന് ഷാഫി അഭിപ്രായപ്പെടുന്നു. രണ്ടു ഭാഷകളി ലും നല്ല പ്രാവീണ്യമുള്ളവരായിരിക്കണം വിവർത്തകൻ. മറ്റൊരു ഭാഷയിലെ പ്രമുഖമായൊരു കൃതിയെ, അതിന്റെ സത്തയും തനിമയും ചാരുതയും ചോ രാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ നമ്മുടെ ഭാഷയേയും സാഹിത്യത്തേയും സമ്പന്നമാക്കുന്ന മഹത്തായ കർമ്മമാണ് പരിഭാഷകർ നി ർവഹിക്കുന്നത്. മലയാളി ആ പ്രാധാന്യം തിരിച്ചറിയാതെ പോകുന്നു എന്ന ത് ഖേദകരമാണ് എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.


പരിഭാഷ, ഷാഫിക്ക് ഒരു പാഷൻ ആണ്. പക്ഷെ, അതിൽ നിന്ന് കിട്ടു ന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാനാകില്ല എന്നദ്ദേഹം തുറന്നു പറയുന്നു. 35 -40 കിലോ ഭാരമുള്ള ചെങ്കല്ലുകൾ ചുമന്ന് സൈറ്റിൽ എത്തിക്കുന്നതിലൂടെയാണ് അദ്ദേഹം നിത്യ ജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. നിർമാണ തൊഴിലാളിയായി ദിവസവും ഏഴും എട്ടും മണിക്കൂ ർ കഠിനാധ്വാനം ചെയ്യുന്നു. ക്ഷീണിച്ച് അവശനായി വൈകുന്നേരം വീട്ടിലെത്തിയാൽ പിന്നെ ഒന്നും ചെയ്യാൻ ശരീരത്തിന് ത്രാണിയുണ്ടാവില്ല. നേരെ ചെന്ന് കിടക്കയിലേക്ക് വീഴാനാണ് തോന്നുക. എന്നാൽ ആ തളർച്ചയിലും തലേന്ന് എഴുതി ബാക്കിവെച്ച ഏതെങ്കിലും കഥയുടെ, കവിതയുടെ, നോവലിന്റെ പരിഭാഷയുണ്ടെങ്കിൽ അത് തുടരാനുള്ള ഒരു ഊർജം മനസ്സിൽ വന്നു നിറയും. അതു നൽകുന്ന ആനന്ദത്തിൽ എല്ലാ ക്ഷീണവും ഷാഫി മറക്കും.


ഭാര്യ ആയിഷ, മക്കൾ ഷബീർ, ജംഷീർ, ജസ്‌ന എന്നിവരുടെയും ആ ശ്രയം ഇന്നും ഷാഫി തന്നെ. ഇപ്പോൾ 56 വയസായി. പ്രായം കൂടുന്നതിന്റെ യും കഠിനമായി അധ്വാനിക്കുന്നതിന്റെയും അവശതകൾ പലതരം വേദനകളായും വയ്യായ്കയായും ശരീരം കാട്ടിത്തുടങ്ങി. ജോലി മുടങ്ങിയാൽ കുടുംബം പട്ടിണിയാകും. അതുകൊണ്ട് പതിവായി പ്രാർഥിക്കുന്നത് രണ്ടേ രണ്ടു കാര്യങ്ങളാണ്. ആവുന്ന കാലത്തോളം അധ്വാനിക്കാനുള്ള ശേഷി തരണേ എന്ന്-ശാരീരികമായ ശേഷി, കുടുംബത്തെ നിലനിർത്താനും എഴുതാനുള്ള ശേഷി തന്നെ നിലനിർത്താനും!

 

Latest News