റിയാദ്- സൗദി അറേബ്യയിൽ ആദ്യമായി നടക്കുന്ന ഫോർമുല ഇ-പ്രി കാറോട്ട മത്സരം കാണാനെത്തിയത് പ്രശസ്ത ഫുട്‌ബോൾ താരം വെയ്ൻ റൂണിയടക്കം ആയിരത്തിലേറെ വിദേശ ടൂറിസ്റ്റുകൾ. എൺപതോളം രാജ്യങ്ങളിൽ നിന്നുള്ള കാറോട്ട പ്രേമികളായിരുന്നു ഇവർ. മലിനീകരണമില്ലാത്ത ഇലക്‌ട്രോണിക് കാറുകൾ വേഗത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കുന്നതിന് അവർ സാക്ഷിയായി. ഒപ്പം സൗദി അറേബ്യയുടെ വിസ്മയകരമായ രാജ്യത്തിന്റെ വൈവിധ്യത്തിലും ആതിഥേയത്വത്തിലും അവർ ആഹ്ലാദം പ്രകടിപ്പിച്ചു.
ഇ-പ്രി മത്സരത്തിനായി പ്രത്യേകം അനുവദിച്ച ഷാരിക് വിസ ഉപയോഗിച്ചാണ് വിദേശ ടൂറിസ്റ്റുകൾ സൗദിയിലെത്തിയത്. പ്രഥമ റെയ്‌സിംഗിൽ തന്നെ വളരെയധികം ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിഞ്ഞതോടെ വരും വർഷങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിലവിൽ ന്യൂയോർക്ക്, ഹോങ്കോംഗ്, പാരീസ് എന്നിവിടങ്ങളിലാണ് ഫോർമുല വൺ ഇ-പ്രി മത്സരങ്ങൾ പ്രധാനമായും നടക്കുന്നത്.
സൗദി അറേബ്യയിൽ എത്താൻ കഴിഞ്ഞതിലും ഇ-പ്രി റെയ്‌സിംഗിന് സാക്ഷിയാവാൻ കഴിഞ്ഞതിലും വെയ്ൻ റൂണി അത്യധികം ആഹ്ലാദം പ്രകടിപ്പിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ് റൂണി ആരാധകരുമായി തന്റെ സന്തോഷം പങ്കുവെച്ചത്. റെയ്‌സിംഗ് കാറിൽ ഇരിക്കുന്നതിന്റെയും, കാറോട്ട താരം സാം ബേഡിന് ഫുട്‌ബോളിലും ജഴ്‌സിയിലും ഒപ്പിട്ടു നൽകുന്നതിന്റെയും ചിത്രങ്ങളും റൂണി പോസ്റ്റ് ചെയ്തു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ താരമായ റൂണി ഇപ്പോൾ അമേരിക്കൻ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്.