Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ; അറിയേണ്ടതെല്ലാം 

റിയാദ്- പരിഷ്‌കരിച്ച ഗതാഗത നിയമം അനുസരിച്ച് പ്രാബല്യത്തിൽ വന്ന പിഴകളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തി. നിയമ ലംഘനങ്ങളുടെ ഗൗരവത്തിന് അനുസൃതമായി 100 മുതൽ 150 റിയാൽ വരെ, 150 മുതൽ 300 റിയാൽ വരെ, 300 മുതൽ 500 റിയാൽ വരെ, 500 മുതൽ 900 റിയാൽ വരെ, 1000 മുതൽ 2000 റിയാൽ വരെ, 3000 മുതൽ 6000 റിയാൽ വരെ, 5000 മുതൽ 10,000 റിയാൽ വരെ എന്നിങ്ങനെയാണ് പിഴ ഈടാക്കുക. കൂടാതെ അമിത വേഗതക്കും പിഴ ഉയർത്തിട്ടുണ്ട്. ശിക്ഷയുടെ അടിസ്ഥാനത്തിൽ നിയമ ലംഘനങ്ങൾ ഇപ്രകാരം വായിക്കാം.  

പിഴ 100 മുതൽ 150 റിയാൽ വരെ 

1. വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത വാണിജ്യ കേന്ദ്രങ്ങളിൽ വാഹനമോടിക്കൽ
2. എൻജിൻ ഓഫാക്കാതെ, ഡോർ അടക്കാതെ ഇറങ്ങിപ്പോകൽ 
3. വാഹനങ്ങൾക്ക് കാലാവധിയുള്ള ഇൻഷുറൻസ് ഇല്ലാതിരിക്കൽ
4. നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ കാൽനട യാത്രക്കാർ റോഡുകൾ മുറിച്ചുകടക്കൽ
5. കാൽനട യാത്രക്കാർ സിഗ്നൽ പാലിക്കാതിരിക്കൽ
6. പാർക്കിംഗിന് നീക്കിവെക്കാത്ത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യൽ 
7. പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിലൂടെ റോഡുകൾ മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കൽ

പിഴ 150 മുതൽ 300 റിയാൽ വരെ 

1. വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ ഇൻഡിക്കേറ്റർ സിഗ്നൽ ഉപയോഗിക്കാതിരിക്കൽ
2. മെയിൻ റോഡിൽ 20 മീറ്ററിൽ കൂടുതൽ ദൂരം വാഹനം പിന്നോട്ടെടുക്കൽ
3. ബൈക്ക്, സൈക്കിൾ യാത്രികർ, മറ്റു വാഹനങ്ങളിൽ പിടിച്ചുതൂങ്ങി നിൽക്കൽ
4. ഹെഡ്‌ലൈറ്റ് ഉപയോഗ വ്യവസ്ഥകൾ ലംഘിക്കൽ
5. ഡ്രൈവിംഗിനിടെ ലൈസൻസ് കൈവശം വെക്കാതിരിക്കൽ
6. ഹോൺ ദുരുപയോഗം ചെയ്യൽ
7. വാഹനം പതിവ് പരിശോധനക്ക് ഹാജരാക്കാതിരിക്കൽ
8. റോഡുകളിലെ ഗതാഗത നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ
9. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ
10. ഡ്രൈവറുടെ കാഴ്ചക്ക് ഭംഗം വരുത്തുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ തടസ്സങ്ങൾ സ്ഥാപിക്കൽ
11. മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കാതിരിക്കൽ
12. ടയറുകളിൽ നിന്ന് ശബ്ദം പുറത്തുവരുന്ന നിലയിൽ വാഹനങ്ങൾ അതിവേഗത്തിൽ മുന്നോട്ടെടുക്കൽ
13. അപകട സ്ഥലത്ത് കൂട്ടംകൂടി നിൽക്കൽ
14. സിഗ്നലുകളിലും ചെക്ക് പോയിന്റുകളിലും നിയമ വിരുദ്ധമായി മറ്റു വാഹനങ്ങളെ മറികടക്കൽ
15. ട്രെയിലറുകളിൽ നിയമ, വ്യവസ്ഥകൾ പൂർണമല്ലാതിരിക്കൽ

പിഴ 300 മുതൽ 500 റിയാൽ വരെ 

1. മെയിൻ റോഡുകളിൽ അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്തേണ്ടിവരുമ്പോൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കൽ
2. വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയൽ
3. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലക്ക് വേഗം കുറച്ച് വാഹനമോടിക്കൽ 
4. ഡ്രൈവിംഗിനിടെ മറ്റു കാര്യങ്ങളിൽ മുഴുകൽ
5. അനാവശ്യമായി പെട്ടെന്ന് ബ്രേയ്ക്ക് ഉപയോഗിക്കൽ
6. ഇന്റർസെക്ഷനുകളിൽ ഗതാഗത നിയമം പാലിക്കാതിരിക്കൽ
7. പ്രത്യേക ട്രാക്കുകൾ പാലിക്കാതിരിക്കൽ
8. വാഹനത്തിനകത്തെ ഉപകരണങ്ങളിൽ നിന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കൽ, പൊതു സംസ്‌കാരത്തിന് നിരക്കാത്ത മറ്റു പ്രവൃത്തികൾ
9. കാലാവധി തീർന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ
10. കുട്ടികൾക്കുള്ള സുരക്ഷാ സീറ്റുകൾ ഉപയോഗിക്കാതിരിക്കൽ
11. ഇറക്കത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ വാഹനം നിർത്തിയിടൽ
12. പ്രായപൂർത്തിയായവർ ഒപ്പമില്ലാതെ പത്തു വയസിൽ കുറവ് പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കാക്കൽ

പിഴ 500 മുതൽ 900 റിയാൽ വരെ

1. പ്രത്യേക സൈറൺ മുഴക്കി കടന്നുപോകുന്ന എമർജൻസി വാഹനങ്ങളെ പിന്തുടരൽ
2. കൗതുകത്തിന് വേണ്ടി സൂക്ഷിക്കുന്നതിനുള്ള വാഹനങ്ങൾ റോഡിലൂടെ ഓടിക്കൽ
3. സ്റ്റോപ്പ് സിഗ്നലിൽ വാഹനം നിർത്താതിരിക്കൽ
4. പ്രത്യേക സിഗ്നലുള്ള സ്ഥലങ്ങളിൽ മുൻഗണനയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ വാഹനം നിർത്താതിരിക്കൽ 
5. ഒരേ മുൻഗണനയുള്ള ഇന്റർസെക്ഷനിൽ വലതു വശത്തു നിന്ന് വരുന്ന വാഹനത്തിന് മുൻഗണന നൽകാതിരിക്കൽ
6. മെയിൻ റോഡുകളിലൂടെ എത്തുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ
7. ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ പാലിക്കാതിരിക്കൽ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾക്ക് ട്രാഫിക് സിഗ്നൽ ലൈറ്റിനെക്കാൾ മുൻഗണന നൽകാതിരിക്കൽ
8. സിഗ്നലും ട്രാഫിക് പോലീസുകാരനും ഇല്ലാത്ത പക്ഷം റൗണ്ട് എബൗട്ടുകളിലുള്ള വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ
9. ലൈറ്റ് തെളിയിക്കാതെ ടണലുകളിൽ വാഹനമോടിക്കൽ
10. മിനി ലോറികളിൽ നിശ്ചിത അളവിൽ കൂടിയ ഭാരം കയറ്റൽ
11. എമർജൻസി വാഹനത്തിൽ അനിവാര്യമില്ലാത്ത സമയം സൈറൺ ഉപയോഗിക്കൽ
12. ഇന്റർസെക്ഷനുകളിൽ ആദ്യമെത്തുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ
13. റൗണ്ട് എബൗട്ടുകളിൽ വാഹനം പിന്നോട്ടെടുക്കുന്ന ഡ്രൈവർമാർ മറ്റു ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ
14. ഭാഗികമായി അടച്ച റോഡുകളിലെ ഡ്രൈവർമാർ മറ്റു റോഡുകളിലെ വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ
15. ട്രാക്ക് മാറുന്നതിന് ആഗ്രഹിക്കുന്ന ഡ്രൈവർ നേരായ ദിശയിൽ സഞ്ചരിക്കുന്ന വാഹന ഡ്രൈവർക്ക് മുൻഗണന നൽകാതിരിക്കൽ
16. മെയിൻ റോഡുകളും ശാഖാ റോഡുകളും സന്ധിക്കുന്ന സ്ഥലങ്ങളിൽ മെയിൻ റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ
17. ബസുകളും ട്രെയിനുകളും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ
18. വാഹനങ്ങളിൽ യാത്രാക്കാർക്ക് നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ ആളുകളെ കയറ്റൽ
19. ഡ്രൈവിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കൽ
20. ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗിൽ മറ്റുള്ളവർ വാഹനം നിർത്തൽ
21. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ വാഹനങ്ങളിൽ എഴുതൽ, ചിത്രം വരക്കൽ, പോസ്റ്റർ പതിക്കൽ
22. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കൽ
23. വ്യവസ്ഥകൾ പാലിക്കാതെ ചില്ലുകൾ കൂളിംഗ് ഫിലിം ഒട്ടിച്ച് മറക്കൽ
24. ലൈസൻസ് പ്രകാരമുള്ള ആവശ്യത്തിനല്ലാതെ വാഹനം ഉപയോഗിക്കൽ
25 ലോഡുകൾ മറക്കാതിരിക്കൽ, നന്നായി ബന്ധിക്കാതിരിക്കൽ
 
പിഴ 1000 മുതൽ 2000 റിയാൽ വരെ

1. അനുമതിയില്ലാത്ത സമയങ്ങളിൽ ലോറികൾ നഗരത്തിൽ പ്രവേശിക്കൽ, പുറത്തുപോകൽ
2. വാഹനത്തിന്റെ വലിപ്പത്തിനും ഉപയോഗത്തിനും അനുസൃതമല്ലാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ
3. റെയിൽവെ ട്രാക്കിൽ വാഹനം നിർത്തൽ
4. നിശ്ചിത പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റൽ
5. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡുകളും വാഹനത്തിന്റെ രേഖകളും കാണിക്കാൻ വിസമ്മതിക്കൽ
6. വ്യക്തമല്ലാത്തതും കേടായതുമായ നമ്പർ പ്ലേറ്റുകളോടു കൂടിയ വാഹനങ്ങൾ ഓടിക്കൽ 
7. മുൻവശത്ത് നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കൽ
8. വാഹനം ഉപയോഗിക്കുന്ന മേഖലയിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാതിരിക്കൽ
9. കയറ്റുമതിക്കുള്ള വാഹനങ്ങൾ നിശ്ചിത സമയത്തിനകം രാജ്യത്തു നിന്ന് പുറത്തേക്ക് കടത്താതിരിക്കൽ
10. ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതിരിക്കൽ 
11. ലൈസൻസ് ലഭിക്കുന്നതിനു മുമ്പായും ലൈസൻസ് പിൻവലിച്ച ശേഷവും വാഹനമോടിക്കൽ
12. പൊതുജന സുരക്ഷ അപകടത്തിലാക്കുന്ന വസ്തുക്കൾ മെയിൻ റോഡിൽ ഉപേക്ഷിക്കൽ
13. ഔദ്യോഗിക വാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും മുൻഗണന നൽകാതിരിക്കൽ
14. ഫുട്പാത്തുകളിലൂടെയും, ഡ്രൈവിംഗ് വിലക്കിയ ട്രാക്കുകളിലൂടെയും വാഹനം ഓടിക്കൽ
15. സഞ്ചരിച്ചുകൊണ്ടിരിക്കെ വാഹനങ്ങളിൽ ആളുകളെ കയറ്റൽ, ഇറക്കൽ
16. കാൽനട യാത്രക്കാർ എക്‌സ്പ്രസ് വേകൾ മുറിച്ചുകടക്കൽ
17. വളവുകൾ, കയറ്റങ്ങൾ പോലെ മറികടക്കൽ നിരോധിച്ച സ്ഥലങ്ങളിൽ ഓവർടേക്ക് ചെയ്യൽ
18. വാഹനങ്ങളിൽ സൈഡ് ലൈറ്റുകളും റിഫഌക്ടറുകളും ലോറികളിൽ സുരക്ഷാ ബാരിയറുകളും ഇല്ലാതിരിക്കൽ
19. രാത്രിയിലും ദൃശ്യക്ഷമത കുറഞ്ഞ മോശം കാലാവസ്ഥയിലും ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കൽ
20. നമ്പർ പ്ലേറ്റ് യഥാസ്ഥലത്ത് സ്ഥാപിക്കാതിരിക്കൽ
21. വാഹനാഭ്യാസ പ്രകടനം നടക്കുന്ന സ്ഥലത്ത് കൂട്ടംകൂടി നിൽക്കൽ
22. ഹെവി ലോറികളിൽ നിശ്ചിത വലിപ്പത്തിൽ കൂടിയ ഭാരം കയറ്റൽ
23. നിയമാനുസൃത നടപടികൾ പൂർത്തിയാക്കാതെ വാഹനത്തിന്റെ ബോഡിയിൽ മാറ്റം വരുത്തൽ
24. ബ്രെയ്ക്ക്, ലൈറ്റ് പോലുള്ള അടിസ്ഥാന സജ്ജീകരണങ്ങളില്ലാതെ വാഹനങ്ങൾ ഓടിക്കൽ
25. ബന്ധപ്പെട്ട വകുപ്പ് നൽകിയതല്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിക്കൽ

പിഴ 3000 മുതൽ 6000 റിയാൽ വരെ

1. റെഡ് സിഗ്നൽ കട്ട് ചെയ്യൽ
2. കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്‌കൂൾ ബസുകളെ മറികടക്കൽ
3. റോഡുകളിലെ സിഗ്നലുകളും റിഫഌക്ടറുകളും കേടുവരുത്തൽ
4. ചെക്ക് പോയിന്റുകളിൽ വാഹനം നിർത്താതിരിക്കൽ, വാഹനം നിർത്തുന്നതിനുള്ള പോലീസുകാരുടെ നിർദേശം പാലിക്കാതിരിക്കൽ
5. ലൈസൻസില്ലാത്ത ഉപകരണങ്ങൾ വാഹനങ്ങളിൽ ഉപയോഗിക്കൽ, പൊതു സംസ്‌കാരത്തിന് നിരക്കാത്ത സ്റ്റിക്കറുകളും മുദ്രാവാക്യങ്ങളും പതിക്കൽ
6. എതിർ ദിശയിൽ വാഹനമോടിക്കൽ
7. വാഹനങ്ങൾക്കിടയിലൂടെ അമിത വേഗത്തിൽ സാഹസികമായി കടന്നുപോകൽ
8. മത്സരയോട്ടം 
9. ട്രക്കുകളും ലോറികളും ഹെവി വാഹനങ്ങളും വലതു വശത്തെ ട്രാക്ക് പാലിക്കാതിരിക്കൽ
10. കാലികളെ ഉടമകൾ റോഡിൽ നിന്ന് അകറ്റി നിർത്താതിരിക്കൽ 
11. ഔദ്യോഗിക വാഹനങ്ങളിലേതു പോലുള്ള ഉപകരണങ്ങൾ വാഹനങ്ങളിൽ ഘടിപ്പിക്കൽ 
12. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ പൊതുമരാമത്ത് വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കൽ
13. പിൻവശത്ത് നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ ഓടിക്കൽ
14. നമ്പർ പ്ലേറ്റുകൾ മായ്ക്കൽ

പിഴ 5000 മുതൽ 10,000 റിയാൽ വരെ

1. മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിക്കൽ
2. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നതിനു മുമ്പായി റോഡുകളിൽ നിർമാണ ജോലികൾ നടത്തൽ
3. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ റോഡുകൾ മുറിച്ചുകടക്കുന്നതിന് കാലികളെ അനുവദിക്കൽ
4. വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കൽ
5. ഷാസി നമ്പർ മായ്ക്കൽ 

അമിത വേഗത്തിനുള്ള പിഴകൾ
 കൂടിയ വേഗമായി 120 കിലോമീറ്റർ നിശ്ചയിച്ച റോഡുകൾ

1. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 10 മുതൽ 20 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 150 റിയാൽ, കൂടിയ പിഴ 300 റിയാൽ 
2. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 20 മുതൽ 30 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 300 റിയാൽ, കൂടിയ പിഴ 500 റിയാൽ 
3. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 30 മുതൽ 40 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 800 റിയാൽ, കൂടിയ പിഴ 1000 റിയാൽ 
4. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 40 മുതൽ 50 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1200 റിയാൽ, കൂടിയ പിഴ 1500 റിയാൽ 
5. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 50 കിലോമീറ്ററും അതിൽ കൂടുതലും വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1500 റിയാൽ, കൂടിയ പിഴ 2000 റിയാൽ 

കൂടിയ വേഗമായി 140 കിലോമീറ്റർ നിശ്ചയിച്ച റോഡുകൾ

1. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ അഞ്ചു മുതൽ പത്തു വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 300 റിയാൽ, കൂടിയ പിഴ 500 റിയാൽ 
2. മണിക്കൂറിൽ 10 മുതൽ 20 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 800 റിയാൽ, കൂടിയ പിഴ 1000 റിയാൽ 
3. മണിക്കൂറിൽ 20 മുതൽ 30 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1200 റിയാൽ, കൂടിയ പിഴ 1500 റിയാൽ 
4. മണിക്കൂറിൽ 30 കിലോമീറ്ററും അതിൽ കൂടുതലും കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1500 റിയാൽ, കൂടിയ 2000 റിയാൽ.

ഹോൺ ദുരുപയോഗം: 500 റിയാൽ പിഴ 

 

സൗദിയിൽ പുതിയ ട്രാഫിക് പിഴകൾ പ്രാബല്യത്തിൽ; ഗതാഗത ലംഘനത്തിന് വൻ പിഴ

Latest News