Sorry, you need to enable JavaScript to visit this website.

ലൈക്കുകള്‍ വാരിക്കൂട്ടുന്നത് എങ്ങനെ? കെ.എല്‍.മോഹനവര്‍മ വിശദീകരിക്കുന്നു

സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നതിന്റെ പിന്നാമ്പുറം അന്വേഷിക്കുകയാണ് പ്രശസ്ത എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒരു പോസ്റ്റും വായിക്കാതെ പ്രശസ്തനായ ഒരാളെ പരിചയപ്പെടുത്തുകയാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍.

സമൂഹ മാധ്യമങ്ങള്‍ വായിക്കാനുള്ളതല്ല, എഴുതാനുള്ളതാണെന്ന ധാരണ തിരുത്തേണ്ടതാണെന്ന് വിശദീകരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.

എനിക്കു വായിക്കാന്‍ സമയമില്ല
                               --------------------------
                  എന്റെ സുഹ്യത്ത് അനവധി വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്. എല്ലാറ്റിലും സജീവമാണ്. അതും വെറും സുപ്രഭാതവും ഹാപ്പി ആനിവേഴ്സറിയും ബര്‍ത്ത് ഡേ ഗ്രീറ്റിംഗ്സും ഫോട്ടോകളും മാത്രമല്ല, മിക്ക ദിവസവും മഹാന്മാരുടെ ക്വൊട്ടേഷനുകളും പുരാണ കഥകളും ഉപദേശങ്ങളും പിന്നെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തികരംഗത്തെ എല്ലാ അന്നന്നത്തെ വാര്‍ത്തകളെക്കുറിച്ചുള്ള തന്റെ വ്യക്തമായ  നിഗമനങ്ങളും കടുത്ത ഭാഷയില്‍ എഴുതി വിടും. പല തവണ ഞാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തോട് താഴ്മയായും പിന്നീട് കര്‍ശനമായും പലരും വാട്സാപ്പില്‍ നിര്‍ദ്ദേശിച്ചു. താങ്കളുടെ കമന്റുകള്‍ അതിരു വിടുന്നു. ഈ ഗ്രൂപ്പിന്റെ ലക്ഷ്യത്തിന് പറ്റാത്തതോ തികച്ചും വ്യക്തിപരമായി മറ്റുള്ള മെമ്പറന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നവയോ ആയ പോസ്റ്റിംഗുകള്‍ നിര്‍ത്തണം. ചില ഗ്രൂപ്പ്  അഡ്മന്‍കാര്‍ വ്യക്തമായി എഴുതി. പക്ഷെ അദ്ദേഹം കണ്ടതായി ഭാവിച്ചില്ല. പിന്നെ അദ്ദേഹത്തെ ചില ഈ നടത്തിപ്പുകാര്‍ കുറച്ചു നാളേക്ക് ഗ്രൂപ്പില്‍ നിന്നും സസ്പെന്‍ഡു ചെയ്തു. അദ്ദേഹം തെറ്റു മനസ്സിലാക്കിക്കാണുമെന്ന് തീര്‍ച്ചയാക്കി പിന്നീട് അവര്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചപ്പോള്‍ അദ്ദേഹം പഴയ രീതിയില്‍ത്തന്നെ ഒരു വ്യത്യാസവുമില്ലാതെ എഴുത്തു തുടങ്ങി.
            പെട്ടെന്നാണ് എനിക്കു ഭൂതോദയമുണ്ടായത്. ഈ സോഷ്യല്‍ മീഡിയായുടെ മനോഹരമായ പ്രത്യേകത ഓര്‍മ്മിച്ചത്. നമുക്ക് വാട്സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും എല്ലാം എന്തും എഴുതാം. പക്ഷെ അതില്‍ വരുന്നതൊന്നും വായിക്കേണ്ട. സോഷ്യല്‍ മീഡിയാ വാസ്തവത്തില്‍ എഴുതാനുള്ളതാണ്. വായിക്കാനുള്ളതല്ല. വെറും ലൈക്കടിച്ചാല്‍ എഴുതിയവന്‍ ധരിക്കും താന്‍ എഴുതിയതിന് വായനക്കാരനെ ലഭിച്ചു എന്ന്. അവന്‍ ഹാപ്പി. അവന്‍ വീറോടെ പിന്നെയും എഴുതും. മാത്രവുമല്ല, ഒരു
വായനക്കാരനുമില്ലാതെ ഈ സോഷ്യല്‍ മീഡിയ എന്ന പുതിയ പാതയിലൂടെ എഴുതിയവന്‍ പ്രസിദ്ധനാകും. അവന്റെ മേഖലയില്‍ രാഷ്ട്രീയമോ, ആത്മീയമോ, സിനിമയോ, സ്പോര്‍ട്സോ, ബിസിനസ്സോ, കലയോ, സാഹിത്യമോ, എന്തിന് മറ്റു പരമ്പരാഗത മീഡിയയില്‍പ്പോലും അവന് മത്സരം ജയിക്കാന്‍ ഈ വായിക്കാത്ത ഫോളോവേഴ്സിന്റെ എണ്ണം ഏറെ സഹായിക്കും. ഡൊനാള്‍ഡ്
ട്രംപും, പുട്ടിനും മോദിജിയും കേജ്രിവാളും രാഹുല്‍ജിയും അമിതാഭ്  ബച്ചനും സച്ചിന്‍ തെന്ദൂല്‍ക്കറും ശശി തരൂരും മാത്രമല്ല,  വത്തിക്കാനും ശ്രീ ശ്രീ രവിശങ്കറും എന്തിന് നമ്മുടെ ജേര്‍ണലിസ്റ്റ് നോവലിസ്റ്റ് സിംഹങ്ങള്‍ ദിലീപ് സര്‍ദേശായിയും ചേതന്‍ ഭഗത്തും വരെ തങ്ങളുടെ പ്രശസ്തിയുടെ അളവായി ഈ സോഷ്യല്‍ മീഡിയായിലെ തങ്ങളെ വായിക്കാത്ത വായനക്കാരുടെ എണ്ണം അളവുകോലാക്കിക്കഴിഞ്ഞു. വര്‍ത്തമാനപ്പത്രങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും സിനിമകളുടെയും പ്രചാരം കൂട്ടിക്കാണിക്കാന്‍ പെടുന്ന പാട് അനുഭവിക്കുന്നവര്‍ക്കറിയാം. സോഷ്യല്‍ മീഡിയായില്‍ ഫോളോവേഴ്സിനെ കൂട്ടുന്നതും എന്തിനും ലൈക്കടിപ്പിക്കുന്നതും ഇന്ന് കുറഞ്ഞ ചിലവില്‍ ചെയ്തു തരുന്ന അനവധി എത്തിക്ക് സെല്‍ഫ് ബിസിനസ് ടെക്കി കുട്ടികളുണ്ട്. അതില്‍ മിടുക്കര്‍ ലൈക്കു മാത്രമല്ല, കുറഞ്ഞ ചിലവില്‍ എഴുത്തു പോലും ചെയ്തു തരും. എഴുത്തുകാരന്‍, അച്ചടി ദ്യശ്യ മാദ്ധ്യമങ്ങളിലെ ഉടമയുടെ ലക്ഷ്യവും ഉദ്ദേശവും അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ശൈലി തന്നെ ഇവിടെയും കാട്ടും.

ഞാന്‍ രഹസ്യമായി അനവേഷിച്ചു. എന്റെ സുഹ്യത്ത് ഭാഷാ സ്വാധീനമുള്ള ഒരു മിടുക്കന്‍ പയ്യനെ ഈ പണി ഏല്‍പ്പിച്ചിരിക്കുകയാണ്. എന്നും അതിരാവിലെ പതിനഞ്ചു മിനിട്ട്. ടോയ്ലറ്റു സമയത്ത് ശാന്തനായി ഇരുന്നു കൊണ്ട് തനിക്കു ലോകത്തോടു  പറയാനുള്ളതെല്ലാം സുഹ്യത്ത് പയ്യനോട് ഫോണില്‍ പറയും. പയ്യനത്  റെക്കാര്‍ഡ് ചെയ്ത് കൈവശം വയ്ക്കും. പിന്നീട് അവന്‍ നല്ല ഭാഷയില്‍ വിവിധ ഗ്രൂപ്പുകളില്‍ നേരത്തേതന്നെ സേവ് ചെയ്തു വച്ചിരിക്കുന്ന മനോഹരമായ ചിത്രങ്ങളും വീഡിയോയും രുചികരമാക്കി ഗുഡ് മോര്‍ണിംഗും മറ്റും  ചേര്‍ത്ത് ക്യത്യമായി പോസ്റ്റു ചെയ്യും.         
         സുഹ്യത്തിന് സമയമില്ല. അദ്ദേഹം താന്‍ അംഗമായ ഒരു ഗ്രൂപ്പിലെയും തന്റെ പേരില്‍ എഴുതിയതുപോലും വായിക്കാറില്ല. അദ്ദേഹത്തെ വാട്സാപ്പിലെ ഗ്രൂപ്പ് അഡ്മെന്‍മാര്‍ സസ്പെന്‍ഡു ചെയ്തതും തിരിച്ചെടുത്തതും പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല.
         സുഹ്യത്തിന് നന്ദി. ഇതെഴുതിയത് അദ്ദേഹം വായിക്കില്ല. ഷുവറാണ്. മിക്കവാറും ലൈക്കും കിട്ടും. ഇന്ന് ഞായറാഴ്ച്ച ആയതു കൊണ്ട് ഷുവറില്ല. പയ്യന് അവധിയായിരിക്കാം. നാളെ പറയാം.

 

 

 

Latest News