Sorry, you need to enable JavaScript to visit this website.

സൗദിയിൽ തീവണ്ടി യാത്രയിൽ  സീറ്റ് നിഷേധിച്ചാൽ നഷ്ടപരിഹാരം

റിയാദ് - സീറ്റ് നിഷേധിച്ചാൽ ട്രെയിൻ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ട്രെയിൻ യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമാവലി. ട്രെയിൻ യാത്രക്കാരുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന നിയമാവലിയുടെ സംഗ്രഹം പൊതുഗതാഗത അതോറിറ്റി ഇന്നലെ പുറത്തിറക്കി. ഏപ്രിൽ ആദ്യത്തിൽ പുറത്തിറക്കിയ, ട്രെയിൻ യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമാവലിയുടെ സംഗ്രഹമാണ് അതോറിറ്റി പുറത്തിറക്കിയത്. 
ട്രെയിൻ സേവനം നൽകുന്ന ഓപ്പറേറ്ററും ഉപയോക്താക്കളും തമ്മിലുള്ള ബന്ധം ഈ നിയമാവലി പ്രതിപാദിക്കുന്നതായി പൊതുഗതാഗത അതോറിറ്റി വൈസ് പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് അൽശബ്‌റമി പറഞ്ഞു. റെയിൽവെ സ്റ്റേഷനിൽ എത്തുന്നതു മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ യാത്രക്കാരന് ആവശ്യമായ സഹായങ്ങൾ നൽകേണ്ടതിന്റെ ഉത്തരവാദിത്തം ഓപ്പറേറ്റർക്കാണ്. ഓപ്പറേറ്റർ ബാധകമാക്കിയ വ്യവസ്ഥകൾ ലംഘിക്കുകയോ നിശ്ചിത സമയത്ത് സ്റ്റേഷനിൽ എത്താതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാരെ പരിചരിക്കുന്നതിന് ഓപ്പറേറ്റർക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ടിക്കറ്റ് വാങ്ങുമ്പോഴുള്ള നയ, വ്യവസ്ഥകൾ ലംഘിക്കാത്തപക്ഷം കൺഫേം ചെയ്ത ബുക്കിംഗുള്ള യാത്രക്കാരന് സീറ്റ് നിഷേധിക്കരുത്. നിയമ, വ്യവസ്ഥകൾ ലംഘിക്കാത്ത യാത്രക്കാരന് സീറ്റ് നിഷേധിച്ചാൽ ടിക്കറ്റ് നിരക്ക് പൂർണമായും തിരിച്ചുനൽകുന്നതിന് ഓപ്പറേറ്റർ ബാധ്യസ്ഥമാണ്. കൂടാതെ റദ്ദാക്കിയ ടിക്കറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി യാത്രക്കാരന് കൈമാറുകയും വേണം. അതല്ലെങ്കിൽ ഒറിജിനൽ ടിക്കറ്റിന്റെ തുകക്ക് തുല്യമായ മറ്റൊരു സൗജന്യ ടിക്കറ്റ് നഷ്ടപരിഹാരമായി നൽകിയിരിക്കണമെന്ന് നിയമാവലി വ്യക്തമാക്കുന്നു. 
ടിക്കറ്റ് ക്ലാസ് കുറക്കുന്നത് സീറ്റ് നിഷേധിക്കലായി കണക്കാക്കപ്പെടില്ല. ബുക്ക് ചെയ്ത ക്ലാസിലും കുറഞ്ഞ ക്ലാസിലുള്ള സീറ്റ് അതേ സർവീസിൽ ലഭ്യമാണെങ്കിൽ ആ സീറ്റുകൾ യാത്രക്കാർക്ക് അനുവദിക്കൽ നിർബന്ധമാണ്. ഇത്തരം സാഹചര്യങ്ങളിൽ കുറഞ്ഞ ക്ലാസിലുള്ള ബദൽ സീറ്റ് ലഭ്യമാണെന്ന കാര്യം യാത്രക്കാരെ അറിയിച്ചിരിക്കണം. കുറഞ്ഞ ക്ലാസിലുള്ള സീറ്റുകൾ ബദൽ സീറ്റായി അനുവദിക്കുമ്പോൾ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമാവലി അനുശാസിക്കുന്ന മറ്റു നടപടികൾ ഓപ്പറേറ്റർ സ്വീകരിച്ചിരിക്കണം. 
സുരക്ഷാ കാരണങ്ങളുടെ പേരിലല്ലാതെ സർവീസുകൾ റദ്ദാക്കുന്നതിന് ഓപ്പറേറ്റർക്ക് അവകാശമില്ല. ഇങ്ങനെ സർവീസുകൾ റദ്ദാക്കുമ്പോൾ യാത്രാ സമയത്തിന് ആറു മണിക്കൂർ മുമ്പ് അക്കാര്യം യാത്രക്കാരെ അറിയിച്ചിരിക്കണം. സുരക്ഷാ കാരണങ്ങളുടെ പേരിൽ സർവീസുകൾ റദ്ദാക്കുമ്പോൾ ഉപയോഗിക്കാത്ത ടിക്കറ്റിന്റെ പൂർണ നിരക്ക് തിരികെ ലഭിക്കുന്നതിന് യാത്രക്കാർക്ക് അവകാശമുണ്ടാകും. എന്നാൽ സർവീസ് റദ്ദാക്കിയ കാര്യം ട്രെയിൻ സമയത്തിന്റെ ആറു മണിക്കൂറിലും കുറഞ്ഞ സമയത്താണ് അറിയിക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്ക് പൂർണമായും യാത്രക്കാർക്ക് തിരിച്ചുനൽകുന്നതിനു പുറമെ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകുകയും വേണം. അതല്ലെങ്കിൽ റദ്ദാക്കിയ ട്രെയിൻ സമയത്തിന്റെ മൂന്നു മണിക്കൂറിനകം ബദൽ യാത്രാ സൗകര്യം ഏർപ്പെടുത്തി നൽകണം. ഇങ്ങനെ ബദൽ യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് വരുന്ന അധിക ചെലവ് ട്രെയിൻ ഓപ്പറേറ്റർ വഹിക്കണം. ബദൽ യാത്രാ സൗകര്യം ഏർപ്പെടുത്തി നൽകിയാലും ട്രെയിൻ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകലും നിർബന്ധമാണ്. 
ഓപ്പറേറ്റർ ഏതെങ്കിലും അവകാശങ്ങളോ കടമകളോ ലംഘിക്കുന്നപക്ഷം യാത്രക്കാർക്ക് പരാതി നൽകാവുന്നതാണ്. രാജ്യത്തെ മുഴുവൻ ട്രെയിൻ ഓപ്പറേറ്റർമാരും പരാതികൾക്ക് തങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രത്യേക കോളം നീക്കിവെച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വഴി പരാതി നൽകി പതിനഞ്ചു ദിവസത്തിനകം മറുപടി നൽകുന്നതിന് ഓപ്പറേറ്റർ ബാധ്യസ്ഥരാണ്. നിശ്ചിത സമയത്തിനകം മറുപടി നൽകാത്ത പരാതികൾ പൊതുഗതാഗത അതോറിറ്റി പരിശോധിക്കുമെന്നും എൻജിനീയർ മുഹമ്മദ് അൽശബ്‌റമി പറഞ്ഞു. 
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് നിയമാവലി പ്രത്യേക ശ്രദ്ധ നൽകുന്നതായി പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അൽമുതൈരി പറഞ്ഞു. റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും വീൽചെയറുകളും സൂചനാ ചിഹ്നങ്ങളും ലഭ്യമാക്കിയിരിക്കണം എന്നതും, ട്രെയിനുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും ആവശ്യമായ സഹായം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ഭിന്നശേഷിക്കാർക്ക് സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിരിക്കണം എന്നതുമാണ് ഇതിൽ ഏറ്റവും പ്രധാനം. ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ട്രെയിനുകളിലും സ്റ്റേഷനുകളിലും പ്രത്യേക ടോയ്‌ലെറ്റ് ഒരുക്കലും നിർബന്ധമാണെന്ന് അബ്ദുല്ല അൽമുതൈരി പറഞ്ഞു. 

Latest News