കടൽ കാറ്റെടുത്ത കാലത്തിന്റെ ഓർമ

ഓഖി എന്ന് ബംഗ്ലാദേശുകാർ പേർ ചൊല്ലി വിളിച്ച ചുഴലിക്കൊടുങ്കാറ്റ് കേരളത്തെയും പിടിച്ചു കുലുക്കി കടന്നുപോയിട്ട് ഒരു വർഷം കഴിയുന്നു; കഴിഞ്ഞ കൊല്ലം നവംബർ 30 നായിരുന്നു കടൽ തീരങ്ങളെ ഭയപ്പെടുത്തിയും മുന്നറിയിപ്പ് നൽകിയും ഓഖി ഭീകര രൂപിയായത്. കാറ്റും കാറ്റിന്റെ ഭീകരതക്കൊത്ത മഴയും തീരങ്ങളുടെ മഹാഭയമായി പെയ്തിറങ്ങി. സുനാമി വന്നു പോയി പതിമൂന്ന് കൊല്ലങ്ങൾക്ക് ശേഷമായിരുന്നു ഓഖി. 2004 ഡിസംബറിലായിരുന്നു സുനാമി. ചെറിയ കാറ്റും മഴയും മാത്രം കണ്ട് ശീലിച്ച നവകാല മനുഷ്യരെ വെള്ളത്തിന്റെയും കാറ്റിന്റെയും മഹാ ശക്തി ഓർമപ്പെടുത്തിത്തന്ന നാളുകളായിരുന്നു സുനാമിക്കാലം. സുനാമി ഭീകരത ഓർമയിൽ നിന്ന് മായും മുമ്പായിരുന്നു ഓഖി. 
ഓഖി വന്ന് പോയപ്പോഴാണ് അതിന്റെ ഭീകരത എല്ലാവരും തിരിച്ചറിഞ്ഞത്. ഏഴര പതിറ്റാണ്ടിന് മുമ്പായിരുന്നു അതുപോലൊരു ചുഴലിക്കാറ്റു വന്നതെന്ന് ദുരന്ത നിവാരണ രംഗവുമായി ബന്ധപ്പെട്ടവർ ഓഖി കാലത്തെ താരതമ്യം ചെയ്തപ്പോഴാണ് അനുഭവിച്ചത് മഹാദുരന്തമായിരുന്നുവെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. 77 കൊല്ലം മുമ്പായിരുന്നു തീരങ്ങളിൽ ഓഖിക്ക് സമാനമായ കാറ്റടിച്ചതെന്ന് പഴമക്കാർ അന്നാളുകളെ ഓർത്തെടുക്കുകയായിരുന്നു. അന്നത്തെ അവസ്ഥ വ്യക്തമായി പറയാൻ പറ്റുന്നവർ ഓഖിയുടെ നാളുകളിൽ ജീവിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആർക്കും ഒന്നും വ്യക്തമായി അറിയില്ലായിരുന്നു. കാണെ, കാണെ പല തീരങ്ങളിൽ മൃതദേഹങ്ങൾ വന്നടിഞ്ഞുകൊണ്ടിരുന്നു. മരണ സംഖ്യ കൂടുന്നതിനനുസരിച്ച് തീര ദേശത്തിന്റെ വേദനയും കടൽ തിരകൾക്കൊപ്പം വളർന്നു കൊണ്ടേയിരുന്നു. നിരവധിയാളുകൾ, തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ലക്ഷദ്വീപിലെയുമൊക്കെ തീരങ്ങളിൽ സുരക്ഷിതരായി എത്തിയെന്ന വിവരം അന്നത്തെ വലിയ ആശ്വാസ വാർത്തകളായിരുന്നു. അവരിൽ വിഴിഞ്ഞത്തു നിന്നും പൂന്തുറയിൽ നിന്നും അടിമലത്തുറയിൽ നിന്നും കൊച്ചിയിൽ നിന്നും കോഴിക്കോട്ടു നിന്നുമൊക്കെ പോയവരുണ്ടായിരുന്നു. 


കൂട്ടത്തിൽ പ്രിയപ്പെട്ടവരുണ്ടോ, ഉണ്ടെങ്കിൽ തന്നെ അവർ ജീവനോടെയുണ്ടോ എന്ന ആകാംക്ഷ നിറഞ്ഞ അന്വേഷണങ്ങൾ. ഉണ്ടെന്ന് അറിയുമ്പോൾ ആശ്വാസം. ഇല്ലെന്നറിഞ്ഞാൽ പൊട്ടിക്കരച്ചിൽ. ലോകത്തെ ഏതെങ്കിലും ഒരു തീരത്ത് സുരക്ഷിതരായി എത്തിപ്പെട്ടവരുടെ കൂട്ടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമുണ്ടാകണേ എന്ന പ്രാർത്ഥന. ഇല്ല അവർ മരിച്ചിരിക്കുന്നു എന്നറിയുമ്പോൾ വീണ്ടും കടൽ തീരങ്ങളിൽ കൂട്ട നിലവിളി. ദുരിതാശ്വാസ ക്യാമ്പുകൾ, നഷ്ടപരിഹാര പ്രഖ്യാപനം. മുഖ്യമന്ത്രിയെ തടയൽ, പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ തീര ജനതയുടെ ഹൃദയം കവർന്ന സന്ദർശനം, പതിവ് പോലെ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ നിവേദനം. അതെല്ലാം ഇപ്പോഴും കേരളത്തിന്റെ ഓർമയിലുണ്ട്. ഓഖിക്ക് ശേഷം കേരളം വലിയ പ്രളയവും അനുഭവിച്ചറിഞ്ഞു. 
ഇതൊക്കെ രേഖപ്പെടുത്തി വെക്കേണ്ടതാണെന്ന ചിന്ത ഇപ്പോൾ, സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയുമെല്ലാം മനസ്സിലുമെത്തിയിരിക്കുന്നു. ഓഖി വന്ന് പോയപ്പോഴും അങ്ങനെയൊരു മൂർത്ത ചിന്ത നമുക്കുണ്ടായിരുന്നോ എന്ന് സംശയമാണ്. അവിടെയാണ് ഓഖി അനുഭവം, 45 മിനിറ്റ് നീണ്ട ഡോക്യുമെന്ററിയാക്കിയ (ഓഖി ദുരന്തത്തേയും അതിന്റെ കാണാപ്പുറങ്ങളേയും ആധാരമാക്കി നിർമ്മിച്ച 'ഓഖി: കടൽ കാറ്റെടുത്തപ്പോൾ' എന്ന ഡോക്യുമെന്ററി) കേരള പൊതുജന സമ്പർക്ക വകുപ്പ് (പി.ആന്റ് ആർഡി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും തീര ജനതയുമായി ആത്മബന്ധമുള്ള വ്യക്തിയുമായ വാൾട്ടർ ഡിക്രൂസിന്റെ സേവനം പ്രശംസനീയമാകുന്നത്. 
 ലോകത്തെ നടുക്കിയ ഓഖി ദുരന്തം അരങ്ങേറിയിട്ട് ഒരു വർഷമാകുന്ന മാസത്തിന്റെ ആദ്യ പകുതിയിൽ (നവംബർ 14) തിരുവനന്തപുരം വഴുതക്കാട്ടുള്ള ലെനിൻ ബാലവാടിയിലെ അനാർഭാട വേദിയിലാണ് തീര ജനതയെ കണ്ണീരിലാഴ്ത്തിയ സംഭവത്തിന്റെ ക്യാമറ വായനയുടെ ആദ്യ പ്രദർശനം നടന്നത്. വാൾട്ടർ ഡിക്രൂസ് സംവിധാനം നിർവ്വഹിച്ച ഡോക്യുമെന്ററിയുടെ നിർമ്മാണം സിക്സ്റ്റസ് പോൾസൺ. ക്യാമറ കെ.ജി.ജയൻ, രചന എസ്.എൻ.റോയ്, എഡിറ്റിങ് രാഹുൽ രാജീവ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
പ്രകൃതിക്ഷോഭം അതിന്റെ എല്ലാ രൂക്ഷതയോടെ വന്നു ഭവിക്കുമ്പോൾ മനുഷ്യർ നിസ്സഹായരായി പോകും. ഒരു പക്ഷേ എത്രയോ കാലം കഴിഞ്ഞാകാം ദുരന്തങ്ങൾ ആവർത്തിക്കുന്നത്. അപ്പോഴേക്കും പ്രകൃതി ക്ഷോഭത്തിന്റെ ഓർമകളും കാറ്റും കടലുമെടുത്തിരിക്കും. ഓഖിയുടെ നേർ ചിത്രീകരണമായ ഡോക്യുമെന്ററി കൂടുതൽ പ്രസക്തമാകുന്നതിവിടെയാണ്. പ്രകൃതി ദുരന്തങ്ങൾ ശരിയാംവണ്ണം രേഖപ്പെടുത്തി വെക്കേണ്ടത് അനിവാര്യമാണ് എന്ന വാൾട്ടറിന്റെ വാക്കുകൾ ഒരു സംവിധായകന്റേത് മാത്രമല്ല, കേരള സർക്കാറിന്റെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഉദ്യേഗസ്ഥന്റേത് കൂടിയാണ്. ഓഖി കഴിഞ്ഞെത്തിയ മഹാപ്രളയം പല തലത്തിൽ രേഖപ്പെട്ടു കഴിഞ്ഞു. യു.എൻ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയടക്കമുള്ളവരുടെ നിരന്തര ഓർമപ്പെടുത്തലുകളാണ് ഈ വഴിക്ക് ചിന്തിക്കാൻ സർക്കാർ സംവിധാനത്തെ പ്രേരിപ്പിക്കുന്നതെന്ന് വേണം കരുതാൻ. 
അതിനൊക്കെ മുമ്പാണ് ഓഖി ഡോക്യുമെന്ററിയെക്കുറിച്ച് അതിന്റെ സംരംഭകർ ആലോചിച്ചതെന്നതാണ് ശ്രദ്ധേയമായ സംഗതി. ഓഖിയുണ്ടായി രണ്ട് മാസം തികയും മുമ്പ് തന്നെ (58 ദിവസത്തിനകം ) ചിത്രീകരണം തുടങ്ങിയിരുന്നു. അതു കാരണം അത്യാഹിതത്തിന്റെ യഥാർഥ ചിത്രം വരച്ചിടാനായി. പൂന്തുറ, വിഴിഞ്ഞം, പൂവാർ, അടിമലത്തുറ എന്നിവയാണ് ചിത്രീകരണം നടന്ന മത്സ്യത്തൊഴിലാളി മേഖലകൾ. കടൽ ജീവിതത്തിന്റെ പരുക്കൻ അവസ്ഥകളോട് പോരാടി ജീവിക്കുന്ന ജനത അനുഭവിച്ചു തീർത്ത ദുഃഖത്തിന്റെയും ദുരിതത്തിന്റെയും രേഖപ്പെടുത്തലാണ് ഡോക്യുമെന്ററി. ഓഖിയുടെ കാലത്ത് കേരളത്തിന്റെ പൊതു ഇടത്തിൽ കടലോരത്തിന്റെ വേദന വേണ്ടത്ര എത്തിയിരുന്നില്ല. 
അവരായി അവരുടെ കടലായി എന്ന ഉദാസീന ഭാവമായിരുന്നു പുറത്തുള്ളവർക്കെന്നത് പറയാൻ മടിക്കുന്നതാണ് കാപട്യം. കടൽ പോലെ വിശാലമായ മനസ്സുള്ള കടലോര ജനത, പ്രളയ കാലത്ത് അവരുടേതായ മഹാനന്മകൾ കൊണ്ട് പകരം വീട്ടിയ കാലത്താണ് തീരജനത ഏറെക്കുറെ സ്വന്തമായി അനുഭവിച്ച ഓഖികാലം ഓർമിക്കുന്നതെന്നതിന് ഏറെ സവിശേഷതയുണ്ട്. ഓഖി അനുഭവിച്ച ജനതയുടെ കൈതാങ്ങില്ലായിരുന്നുവെങ്കിൽ പ്രളയ കാലത്തെ മരണം എത്രയാകുമായിരുന്നുവെന്നത് കേരളത്തിനിപ്പോഴും നടുങ്ങുന്ന ഓർമയാണ്. ഓഖി എന്ന ബംഗാളി വാക്കിനർഥം കണ്ണ് എന്നാണ്. പിന്നാലെ വരുന്ന ജനതയെ അവർ കണ്ടിട്ടില്ലാത്ത ദുരന്തത്തിന്റെ നേർക്കാഴ്ചയിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഓഖി: കടൽ കാറ്റെടുത്തപ്പോൾ' എന്ന ദൃശ്യാനുഭവം.  


 

Latest News