Sorry, you need to enable JavaScript to visit this website.

റീ എൻട്രി കാലാവധി കഴിഞ്ഞാലും സൗദിയിലേക്ക് മടങ്ങിയെത്താം

ജിദ്ദ- റീ എൻട്രി കാലാവധി കഴിഞ്ഞ ശേഷവും ഇഖാമയുടെ കാലാവധിയുള്ളവർക്ക് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിന് അവസരം. റീ എൻട്രി കാലാവധി കഴിഞ്ഞ ആശ്രിത വിസയിലുള്ളവർക്ക് സൗദി എംബസിയെ സമീപിച്ച് നാട്ടിൽനിന്നു തന്നെ റീ എൻട്രി പുതുക്കാൻ കഴിയും. റീ എൻട്രി കഴിഞ്ഞ് പതിമൂന്നു മാസം വരെ പിന്നിട്ടവർക്ക് എംബസിയെ സമീപിച്ച് മതിയായ കാരണങ്ങൾ ബോധിപ്പിച്ചാൽ റീ എൻട്രി പുതുക്കി സൗദിക്ക് മടങ്ങാൻ സാധിക്കും. ഇഖാമക്ക് കാലാവധി ഉണ്ടെങ്കിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. നിശ്ചിത സമയത്തേക്കു മാത്രമായിരിക്കും പുതുക്കി നൽകുക. 
റീ എൻട്രി കഴിഞ്ഞ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ റീ എൻട്രി കാലാവധി കഴിഞ്ഞ് ഏഴു മാസത്തിനകം എംബസിയെ സമീപിക്കണം. ഏഴു മാസത്തിനു ശേഷമാണെങ്കിൽ വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുക്കണം. ഇതിൽ കമ്പനിയുടെയും ചേംബറിന്റെയും സീൽ പതിച്ച് വിദേശ മന്ത്രാലയത്തിൽ വീണ്ടും സമർപ്പിക്കണം. മന്ത്രാലയം പരിശോധിച്ച് നിശ്ചിത സമയത്തേക്ക് റീഎൻട്രി കാലാവധി പുതുക്കി നൽകും. വിദേശങ്ങളിൽ കഴിയുന്നവരുടെ റീ-എൻട്രി വിസാ കാലാവധി ദീർഘിപ്പിക്കൽ ജവാസാത്തിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്ക് നാലു വർഷ കാലാവധിയോടെ ഇഖാമ പുതുക്കി ലഭിക്കുമെന്നും ഇതിന് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കൽ നിർബന്ധമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജവാസാത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്ക് രണ്ടു വർഷ കാലാവധിയോടെ ഇഖാമ പുതുക്കാൻ സാധിക്കും. ഒരു വർഷത്തേക്ക് ഇഖാമ ഫീസ് ആയി 500 റിയാൽ തോതിലാണ് അടയ്‌ക്കേണ്ടത്. 
റീ-എൻട്രി വിസ റദ്ദാക്കുന്ന പക്ഷം വിസ ഫീസ് തിരികെ ലഭിക്കില്ല. ഫൈനൽ എക്‌സിറ്റ് വിസയുടെ കാലാവധി 60 ദിവസമാണ്. ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കുന്നതു മുതൽ 60 ദിവസത്തിനകം ഉടമകൾ രാജ്യം വിട്ടിരിക്കണം. ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കുന്നവർ ഇഖാമയിൽ കൂടുതൽ കാലം ശേഷിക്കുന്ന കാര്യം പറഞ്ഞ് 60 ദിവസത്തിൽ കൂടുതൽ കാലം രാജ്യത്ത് തങ്ങാൻ പാടില്ല. ഇഷ്യൂ ചെയ്ത് 90 ദിവസത്തിനകം കൈപ്പറ്റാത്ത പക്ഷം സൗദി പാസ്‌പോർട്ടുകൾ റദ്ദാക്കപ്പെടും. ഇവർക്ക് പാസ്‌പോർട്ട് ഫീസ് തിരികെ ലഭിക്കില്ല. വിദേശികളുടെ ഇഖാമ കാലാവധി തീരുന്നതിനു മൂന്നു മാസം മുമ്പ് പുതുക്കാൻ സാധിക്കും. കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനു ശേഷം ഇഖാമ പുതുക്കുന്നതിന് വൈകിയതിനുള്ള പിഴ ചുമത്തും. 

Latest News