Sorry, you need to enable JavaScript to visit this website.

മെസ്സിക്ക് പകരം ആര്,  തല പുകച്ച് ബാഴ്‌സ

ബാഴ്‌സലോണ കളിക്കാർ പരിശീലനത്തിൽ. 

ബാഴ്‌സലോണ- ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തരായ ഇന്റർ മിലാനെ നേരിടുമ്പോൾ ബാഴ്‌സലോണയുടെ പ്രധാന ആശങ്ക, മറ്റൊന്നുമല്ല. പരിക്കേറ്റ ലിയണൽ മെസ്സിക്ക് പകരം ആരെ ഇറക്കുമെന്നതാണ്. വലതു കൈമുട്ടിൽ പൊട്ടലുണ്ടായതിനെ തുടർന്ന് മൂന്നാഴ്ചത്തെ വിശ്രമം നിർദേശിച്ചിരിക്കെ, ബാഴ്‌സ അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയുടെ തുടക്കമാവും ഇന്ന് നൗകാംപിൽ ഇന്ററിനെതിരായ മത്സരം. മറ്റാരൊക്കെ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി മെസ്സിയെ ചുറ്റിപ്പറ്റിയായിരുന്നു ബാഴ്‌സയുടെ കുതിപ്പ്. അതുപോലെ ബാഴ്‌സയിൽ കളിക്കുന്നതു പോലുള്ള സ്വാതന്ത്ര്യം മെസ്സിക്ക് മറ്റെവിടെയും ലഭിച്ചതുമില്ല. അർജന്റീന ജഴ്‌സിയിൽ സൂപ്പർ താരം വൻ പരാജയമായതുതന്നെ ഉദാഹരണം.
മെസ്സിയുടെ അഭാവം പരിഹരിക്കാൻ കഴിയുമെന്ന് ബാഴ്‌സ കോച്ച് ഏണസ്റ്റോ വാൽവെർഡെ പറയുന്നുണ്ടെങ്കിലും പകരം ആര് എന്ന കാര്യത്തിൽ തീരുമാനമായില്ല. സെവിയക്കെതിരായ ലാലീഗ മത്സരത്തിൽ മെസ്സി പരിക്കേറ്റ് വീണശേഷം പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച് സ്‌ട്രൈക്കർ ഉസ്മാൻ ദെംബലെക്കാണ് ആദ്യ പരിഗണന. മെസ്സിയുടെ പൊസിഷനായ ആക്രമണ നിലയിലെ വലതു ഭാഗത്താണ് ദെംബലെക്കും ഏറ്റവും സൗകര്യപ്രദം. മെസ്സിയോടൊപ്പം മുമ്പ് ഇടതു ഭാഗത്ത് കളിപ്പിച്ചപ്പോഴെല്ലാം പൊരുത്തപ്പെടാൻ 21 കാരൻ പാടുപെടുകയായിരുന്നു. എങ്കിലും ഈ സീസണിൽ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ഗോളുകളടിക്കാൻ ദെംബലെക്ക് കഴിഞ്ഞിട്ടുണ്ട്.
പന്ത് കൈമോശം വരുത്തുന്ന സ്വഭാവമാണ് ദെംബലെയുടെ ഏറ്റവും വലിയ പോരായ്മ. വമ്പൻ മത്സരങ്ങളിൽ ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുകയും എതിരാളികൾ മിന്നൽ പ്രത്യാക്രമണം നടത്താൻ കാരണമാവുകയും ചെയ്യും. ഏറ്റവും ഉന്നത നിലവാരത്തിലുള്ള മത്സരങ്ങളുടെ അർഥമെന്താണെന്ന് അയാൾക്ക് മനസ്സിലായിട്ടില്ലെന്ന് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷോം മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. അയാൾ ഇനിയും പഠിക്കാനുണ്ടെന്നാണ് വാൽവെർഡെ കഴിഞ്ഞയാഴ്ച പറഞ്ഞത്.
ദെംബലെ അല്ലെങ്കിൽ വേറെയും ഒരുപിടി താരങ്ങൾ ബാഴ്‌സയുടെ ആവനാഴിയിലുണ്ട്. റഫീഞ്ഞ, മുനീർ അൽഹദ്ദാദി, മാൽക്കം, കാൾസ് അലേന, സെർജി റോബർട്ടോ എന്നിവർ. 20 കാരനായ അലേന അസാമാന്യ പ്രതിഭയാണ്. 21 കാരനായ മാൽക്കം ആവട്ടെ കഴിഞ്ഞ സീസണിൽ ബോർദോക്കു വേണ്ടി 12 ഗോളുകളടിച്ചു. പക്ഷെ ഇവരൊന്നും മെസ്സിക്ക് പകരമാവില്ലെന്നതാണ് സത്യം. മെസ്സിയുടെ സാന്നിധ്യം ബാഴ്‌സക്കു നൽകുന്ന മാനസിക മുൻതൂക്കവും, എതിരാളികളിൽ സൃഷ്ടിക്കുന്ന ഭയപ്പാടും മറ്റാര് വന്നാലും കിട്ടില്ല. 
ഗ്രൂപ്പ് ബിയിൽ കഴിഞ്ഞ മത്സരങ്ങളിൽ ടോട്ടനമിനെയും, പി.എസ്.വിയെയും തോൽപ്പിച്ച ബാഴ്‌സക്ക് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം. ഇന്ററും കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് തുല്യ പോയന്റ് നേടിയിട്ടുണ്ട്. നൗകാംപിൽ ഇന്ന് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നവംബർ ആറിന് നടക്കുന്ന എവേ മത്സരത്തിൽ ബാഴ്‌സക്ക് സമ്മർദമേറും.
സി ഗ്രൂപ്പിൽ നെയ്മാറിന്റെ പി.എസ്.ജി ഇറ്റാലിയൻ വമ്പന്മാരായ നാപോളിയെ ഇന്ന് നേരിടുന്നുണ്ട്. ഒരു ജയവും ഒരു തോൽവിയുമായി മൂന്നാം സ്ഥാനത്താണിപ്പോൾ പി.എസ്.ജി. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ലിവർപൂളിന് ആൻഫീൽഡിൽ നേരിടേണ്ടത് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ. ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ മുഹമ്മദ് സലാഹ് ഗോളടിച്ചത് ലിവർപൂളിന് പ്രതീക്ഷ നൽകുന്നു. എ ഗ്രൂപ്പിൽ അത്‌ലറ്റിക്കോ മഡ്രീഡും ബൊറൂഷ്യ ഡോർട്ട്മുണ്ടും തമ്മിലാണ് പ്രധാന മത്സരം.

Latest News