ബംഗളൂരു- ആദിത്യ താരെയുടെ (71) ഒഴുക്കുള്ള അർധസെഞ്ചുറിയും, സിദ്ദേശ് ലാഡിന്റെ (48) ചെറുത്തുനിൽപും ഫലം കണ്ടതോടെ ദൽഹിയെ നാല് വിക്കറ്റിന് തോൽപിച്ച മുംബൈക്ക് വിജയ് ഹസാരെ ട്രോഫി. തുടക്കത്തിൽ ഒന്നു പതറിയെങ്കിലും 35 ഓവറിൽ മുംബൈ, വിജയലക്ഷ്യമായ 178 മറികടന്നു. ഇത് മൂന്നാം തവണയാണ് മുംബൈ വിജയ് ഹസാരെ ഏകദിന ചാമ്പ്യന്മാരാവുന്നത്.
ആദ്യം ബാറ്റ് ചെയ്ത ദൽഹി 45.4 ഓവറിൽ 177ന് പുറത്തായപ്പോൾ മുംബൈ അനായാസം ആറ് വിക്കറ്റിന് 180 എടുത്തു. പ്രിഥ്വി ഷാ (8), അജിങ്ക്യ രഹാനെ (10), സൂര്യകുമാർ യാദവ് എന്നിവരെ തുടക്കത്തിൽ തന്നെ പുറത്താക്കി നവദീപ് സെയ്ന മുംബൈയെ ഞെട്ടിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യരെ (7) ഖെജ്റോലിയയും പുറത്താക്കിയതോടെ എട്ടാമത്തെ ഓവറിൽ നാല് വിക്കറ്റ് 40 എന്ന നിലയിൽ പരാജയത്തെ അഭിമുഖീകരിക്കുകയായിരുന്നു മുംബൈ. എന്നാൽ താരെയും ലാഡും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കളിയുടെ ഗതി മാറ്റി. 105 റൺസിന്റെ കൂട്ടുകെട്ട് 31-ാം ഓവറിൽ പിരിയുമ്പോൾ മുംബൈ വിജയ പാതയിൽ എത്തിക്കഴിഞ്ഞു. 89 പന്ത് നേരിട്ട് 13 ബൗണ്ടറികളും ഒരു സിക്സറും പായിച്ച താരെ അവസരത്തിനൊത്തുയരുകയായിരുന്നു. 68 പന്തിൽ നാല് ബൗണ്ടറികളും രണ്ട് സിക്സറുമായാണ് ലാഡ് 48 ലെത്തിയത്.
താരെയെ മനൻ ശർമ എൽ.ബിയിൽ കുടുക്കിയെങ്കിലും, മുംബൈയുടെ വിജയക്കുതിപ്പ് തടയാനായില്ല. പിന്നീട് വന്ന ശിവം ദുബേ 19 (നോട്ടൗട്ട്) സ്കോറിംഗ് വേഗം കൂട്ടിയതേയുള്ളൂ. 12 പന്ത് നേരിട്ട ദുബേ ഒരു ബൗണ്ടറിയും രണ്ട് സിക്സറും പായിച്ചു. അർധസെഞ്ചുറിക്ക് രണ്ട് റൺസ് മാത്രമുള്ളപ്പോൾ ലാഡ് പുറത്തായതു മാത്രമാണ് ഈ ഘട്ടത്തിൽ മുംബൈക്കുണ്ടായ ഏക തിരിച്ചടി. പിന്നീട് വന്ന ധാവൽ കുൽക്കർണിക്ക് (0) കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.
നേരത്തെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുൽക്കർണിയും, ദുബേയുമാണ് ദൽഹിയെ 200നു താഴെ ഒതുക്കിയത്. തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റെടുത്തു. ടൂർണമെന്റിലുടനീളം മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ദൽഹി ക്യാപ്റ്റൻ ഗൗതം ഗംഭീറിനെ (1) രണ്ടാം ഓവറിൽ തന്നെ പുറത്താക്കി ദേശ് പാണ്ഡെ, കളിയുടെ ഗതി എന്തായിരിക്കുമെന്ന് സൂചന നൽകി. അപകടകാരിയായ മനൻ ശർമയെ (5) പുറത്താക്കിയതും ദേശ് പാണ്ഡെയാണ്. ഓപണർ ഉന്മുഖ്ത് ചന്ദിനെ പുറത്താക്കിയതു കുൽക്കർണിയും. മൂന്നിന് 21 ആയിരുന്ന ദൽഹിക്കു വേണ്ടി രക്ഷാപ്രവർത്തനം നടത്തിയത് ഹിമ്മത് സിംഗും (41), ധ്രുവ് ഷിറോയിയുമാണ് (31). എന്നാൽ ഇരുവർക്കും സ്കോറിംഗ് വേഗം കാര്യമായി ഉയർത്താനായില്ല. പവൻ നേഗി (19 പന്തിൽ 21) പരിക്കേറ്റ് റിട്ടയർ ചെയ്തതും സുബോധ് ഭട്ടി പെട്ടെന്ന് പുറത്തായതും ദൽഹിക്ക് തിരിച്ചടിയായി.