കൊച്ചി- 39 ാമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറത്തിന്. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആതിഥേയരായ എറണാകുളത്തെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തോൽപിച്ചാണ് മലപ്പുറം സബ്ജൂനിയർ കിരീടം നിലനിർത്തിയത്. കെ.അനസാണ് മലപ്പുറത്തിന്റെ ആറു ഗോളുകളും നേടിയത്.
13 ാം മിനിറ്റിൽ ഗോൾ വേട്ട തുടങ്ങിയ അനസ് 25, 30, 41, 45, 61 മിനിറ്റുകളിലും വല കുലുക്കി. ജോജോ (38), ആദിത്യൻ (57) എന്നിവരാണ് എറണാകുളത്തിന്റെ ആശ്വാസ ഗോളുകൾ നേടിയത്.
ജൂലൈയിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം കനത്ത മഴയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. യഥാക്രമം കണ്ണൂരിനെയും പാലക്കാടിനെയും തോൽപിച്ചാണ് മലപ്പുറവും എറണാകുളവും ഫൈനൽ പ്രവേശം നേടിയത്. കഴിഞ്ഞ മാസം കാസർകോട്ട് നടന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും കിരീടമണിഞ്ഞ മലപ്പുറത്തിന് സബ്ജൂനിയർ കിരീടം ഇരട്ടി മധുരമായി.






