അവസാന പന്തിൽ ഇന്ത്യ
ദുബായ് - അവസാന പന്ത് വരെ ആവേശം നുരഞ്ഞ ഫൈനലിൽ വാലറ്റത്തിന്റെ കരുത്തിൽ ബംഗ്ലാദേശിനെ ഒരു വിധം മൂന്നു വിക്കറ്റിന് മറികടന്ന് ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി. നന്നായി തുടങ്ങിയ ബംഗ്ലാദേശിനെ 48.3 ഓവറിൽ 222 ന് പുറത്താക്കിയ നിലവിലെ ചാമ്പ്യന്മാർ വിജയം നേടാൻ വല്ലാതെ വിയർത്തു. റൂബുൽ ഹുസൈന്റെയും മുസ്തഫിസുറഹ്മാന്റെയും ബൗളിംഗിനു മുന്നിൽ ഓരോ റണ്ണിനും ഇന്ത്യക്ക് പൊരുതേണ്ടി വന്നു. എന്നാൽ അവസാന ഓവറിൽ ആറ് റൺസ് വേണമെന്നിരിക്കെ മഹ്മൂദുല്ലയെ ബൗൾ ചെയ്യിക്കേണ്ടി വന്നത് ഇന്ത്യക്ക് തുണയായി. അവസാന പന്തിൽ കേദാർ ജാദവ് (27 പന്തിൽ 23 നോട്ടൗട്ട്) ജയിക്കാനാവശ്യമായ ഒരു റൺ നേടി. 19 റൺസെടുത്തു നിൽക്കെ പരിക്കേറ്റു മടങ്ങിയ കേദാർ രണ്ടോവർ ശേഷിക്കെയാണ് തിരിച്ചുവന്നത്. നേരത്തെ ഓപണർ ലിറ്റൻ ദാസാണ് (117 പന്തിൽ 121) ബംഗ്ലാദേശ് സ്കോറിന്റെ പകുതിയിലേറെയും സ്കോർ ചെയ്തത്.
ഇഴഞ്ഞ് നീങ്ങിയ ശേഷം മുപ്പത്തേഴാം ഓവറിൽ മഹേന്ദ്ര ധോണി (67 പന്തിൽ 36) പുറത്താവുകയും അടുത്ത ഓവറിൽ കേദാർ പരിക്കേറ്റു മടങ്ങുകയും ചെയ്തതോടെ നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 56 റൺസ് വേണമായിരുന്നു. ഭുവനേശ്വർകുമാറും (31 പന്തിൽ 21) രവീന്ദ്ര ജദേജയും (33 പന്തിൽ 23) പൊരുതിനിന്നു. എന്നാൽ നാൽപത്തെട്ടാം ഓവറിൽ ജദേജയെ റൂബുലും നാൽപത്തൊമ്പതാം ഓവറിൽ ഭുവനേശ്വറിനെ മുസ്തഫിസും പുറത്താക്കിയതോടെ കളി ആരും ജയിക്കാമെന്നായി. എന്നാൽ അവസാന ഓവറിൽ കേദാറിനൊപ്പം കുൽദീപ് യാദവ് വിജയം പൂർത്തിയാക്കി.
ഏഴാം തവണയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇത്തവണ പരാജയമറിയാതെയായിരുന്നു കുതിപ്പ്. ബംഗ്ലാദേശ് നാലാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്. ശ്രീലങ്കയിലെ നിദാഹാസ് ട്രോഫിയിലും അവസാന പന്തിലെ സിക്സറിൽ അവർ ഇന്ത്യയോട് തോറ്റിരുന്നു.
ബംഗ്ലാദേശിന്റെ ചെറിയ ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം കുതിപ്പ് തുടങ്ങിയതായിരുന്നു. രോഹിത് ശർമയും (55 പന്തിൽ 48) ശിഖർ ധവാനും (14 പന്തിൽ 15) മത്സരിച്ചടിച്ചു. എന്നാൽ ശിഖറിനെ അഞ്ചാം ഓവറിൽ നസ്മുൽ ഇസ്ലാം പുറത്താക്കി. ടൂർണമെന്റിലാദ്യമായി ഇന്ത്യൻ ഓപണർമാർ 50 റൺസ് കൂട്ടുകെട്ടില്ലാതെ പിരിഞ്ഞു. സ്കോർ 100 പിന്നിടും മുമ്പെ അമ്പാട്ടി രായുഡുവും (2) രോഹിതും പുറത്തായി. ദിനേശ് കാർത്തികും (61 പന്തിൽ 37) ധോണിയും നാലാം വിക്കറ്റിൽ 54 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും അതിന് പതിനാലോവറോളം ചെലവിടേണ്ടി വന്നു. മുപ്പത്തൊന്നാം ഓവറിൽ ദിനേശിനെ മഹ്മൂദുല്ല വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഇന്ത്യക്ക് ജയിക്കാൻ പത്തൊമ്പതോവറിൽ 86 റൺസ് വേണമായിരുന്നു.
നേരത്തെ ധോണിയുടെ രണ്ട് എണ്ണം പറഞ്ഞ സ്റ്റമ്പിംഗുകളും ഇന്ത്യൻ ഫീൽഡർമാർ നേടിയെടുത്ത മൂന്ന് റണ്ണൗട്ടുകളും ബംഗ്ലാദേശിന്റെ കുതിപ്പ് തടഞ്ഞു. കുൽദീപിന് മൂന്നും കേദാറിന് രണ്ടും വിക്കറ്റ് കിട്ടി.
ടോസ് നേടിയ ശേഷം ബംഗ്ലാദേശിനെ ബാറ്റിംഗിന് വിട്ട ഇന്ത്യക്ക് പിഴച്ചുവെന്ന പ്രതീതിയായിരുന്നു തുടക്കത്തിൽ ലിറ്റൻ ദാസിനൊപ്പം ഓപണറുടെ വേഷം കെട്ടിയ സ്പിന്നർ മെഹ്ദി ഹസൻ മിറാസ് (59 പന്തിൽ 32) ഇന്ത്യൻ ബൗളിംഗിനെ സമർഥമായി ചെറുത്തുനിന്നു. ഇരുപതോവറിൽ അവർ 120 റൺസ് പിന്നിട്ടു. ടൂർണമെന്റിൽ ഇതുവരെ ബംഗ്ലാദേശിന്റെ ഉയർന്ന ഓപണിംഗ് കൂട്ടുകെട്ട് 16 റൺസായിരുന്നു. എന്നാൽ മെഹ്ദിയെ കേദാർ ജാദവ് തന്റെ ആദ്യ ഓവറിൽ പുറത്താക്കിയ ശേഷം ഇന്ത്യ പിടിമുറുക്കി.
ലിറ്റൻ 33 പന്തിൽ അർധ ശതകം പിന്നിട്ടു. 31 റൺസ് ചേർക്കുന്നതിനിടെ അവർക്ക് നാലു വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. ടൂർണമെന്റിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച മുശ്ഫിഖുറഹീമിനെയും (5) മുഹമ്മദ് മിഥുനെയും (2) ചെറിയ സ്കോറിൽ ഇന്ത്യ ഒതുക്കി. ഇംറുൽ ഖൈസ് (2), മഹ്മൂദുല്ല (4) എന്നിവരും വന്ന വഴി മടങ്ങി.
ലിറ്റന് സൗമ്യ സർക്കാരാണ് (45 പന്തിൽ 33) പിന്നീട് പിന്തുണ നൽകിയത്. 52 ലുള്ളപ്പോൾ രവീന്ദ്ര ജദേജയുടെ ബൗളിംഗിൽ ലിറ്റനെ യുസ്വേന്ദ്ര ചഹൽ കൈവിട്ടു. 87 പന്തിൽ സെഞ്ചുറി പിന്നിട്ടു. ലിറ്റന്റെ പതിനേഴാം മത്സരമാണ് ഇത്. നാൽപതാം ഓവറിൽ കുൽദീപിന്റെ ബൗളിംഗിൽ ധോണിയുടെ മിന്നൽ സ്റ്റമ്പിംഗാണ് ലിറ്റന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. തലനാരിഴക്ക് ലിറ്റന്റെ കാലിൽ വരക്കു പുറത്തായിരുന്നു.
സ്കോർ ബോർഡ്
ബംഗ്ലാദേശ്
ലിറ്റൻ സ്റ്റമ്പ്ഡ് ധോണി ബി കുൽദീപ് 121 (117, 6-2, 4-12), മെഹ്ദി സി അമ്പാട്ടി ബി കേദാർ 32 (59, 4-3), ഇംറുൽ എൽ.ബി ചഹൽ 2 (12), മുശ്ഫിഖ് സി ബുംറ ബി കേദാർ 5 (9, 4-1), മിഥുൻ റണ്ണൗട്ട് (ജദേജ/ചഹൽ) 2 (4), മഹ്മൂദുല്ല സി ബുംറ ബി കുൽദീപ് 4 (16), സൗമ്യ റണ്ണൗട്ട് (രായുഡു/ധോണി) 33 (45, 6-1, 4-1), മശ്റഫെ സ്റ്റമ്പ്ഡ് ധോണി ബി കുൽദീപ് 7 (9), നസ്മുൽ റണ്ണൗട്ട് (സബ് മനീഷ്) 7 (13), മുസ്തഫിസ് നോട്ടൗട്ട് 2 (5), റൂബുൽ ബി ബുംറ 0 (2)
എക്സ്ട്രാസ് - 7
ആകെ (48.3 ഓവറിൽ) - 222
വിക്കറ്റ് വീഴ്ച: 1-120, 2-128, 3-137, 4-139, 5-151, 6-188, 7-196, 8-213, 9-222
ബൗളിംഗ്: ഭുവനേശ്വർ 7-0-33-0, ബുംറ 8.3-0-39-1, ചഹൽ 8-1-31-1, കുൽദീപ് 10-0-45-3, ജദേജ 6-0-31-0, കേദാർ 9-0-41-2
ഇന്ത്യ
രോഹിത് സി നസ്മുൽ ബി റൂബുൽ 48 (55, 6-3, 4-3), ശിഖർ സി സൗമ്യ ബി നസ്മുൽ 15 (14, 4-3), അമ്പാട്ടി സി മുശ്ഫിഖ് ബി മശ്റഫെ 2 (7), ദിനേശ് എൽ.ബി മഹ്മൂദുല്ല 37 (61, 6-1, 4-1), ധോണി സി മുശ്ഫിഖ് ബി മുസ്തഫിസ് 36 (67, 4-3), കേദാർ നോട്ടൗട്ട് 23 (27, 6-1, 4-1), ജദേജ സി മുശ്ഫിഖ് ബി റൂബുൽ 23 (33, 4-1), ഭുവനേശ്വർ സി മുശ്ഫിഖ് ബി മുസ്തഫിസ് 21 (31, 4-1, 6-1), കുൽദീപ് നോട്ടൗട്ട് 5 (5)
എക്സ്ട്രാസ് - 13
ആകെ (ഏഴിന്) - 223
വിക്കറ്റ് വീഴ്ച: 1-35, 2-46, 3-83, 4-137, 5-160, 6-212, 7-214
ബൗളിംഗ്: മെഹ്ദി 4-0-27-0, മുസ്തഫിസ് 10-0-38-2, നസ്മുൽ 10-0-56-1, മശ്റഫെ 10-0-35-1, റൂബുൽ 10-2-26-2, മഹ്മൂദുല്ല 6-0-33-1