അബുദാബി - ബംഗ്ലാദേശിനു പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റതോടെ ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റിൽനിന്ന് പുറത്തായി. റഹ്മത് ഷായുടെയും (90 പന്തിൽ 72) ഓപണർ ഇഹ്‌സാനുല്ല ജന്നതിന്റെയും (65 പന്തിൽ 45) ബലത്തിൽ അമ്പതോവറിൽ 249 ലെത്തിയ അഫ്ഗാനിസ്ഥാൻ തുടക്കം മുതൽ ശ്രീലങ്കയെ വരുതിയിൽ നിർത്തി. 41.2 ഓവറിൽ 158 റൺസിന് ശ്രീലങ്ക ഓളൗട്ടായി.
ഇന്നിംഗ്‌സിലെ അവസാന പന്തിൽ അഫ്ഗാനിസ്ഥാൻ ഓളൗട്ടാവുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ മുഹമ്മദ് ശഹ്‌സാദും (34) ഇഹ്‌സാനുല്ലയും 11.4 ഓവറിൽ അഫ്ഗാനിസ്ഥാനെ 57 റൺസിലെത്തിച്ചിരുന്നു. ശഹ്‌സാദിനെ അകില ധനഞ്ജയ വിക്കറ്റിനു മുന്നിൽ കുടുക്കിയശേഷം ഇഹ്‌സാനുല്ലയും റഹ്മതും മറ്റൊരു 50 റൺസ് ചേർത്തു. പിന്നീട് ഹശ്മതുല്ല ശാഹിദിക്ക് (37) മാത്രമേ കാര്യമായി സ്‌കോർ ചെയ്യാനായുള്ളൂ. ശ്രീലങ്കൻ മീഡിയംപെയ്‌സർ തിസര പെരേര 55 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. അകിലക്ക് 39 റൺസിന് രണ്ടു വിക്കറ്റ് കിട്ടി.
രണ്ടാമത്തെ പന്തിൽ കുശാൽ മെൻഡിസിനെ (0) നഷ്ടപ്പെട്ട ശ്രീലങ്ക തകർച്ചയിൽനിന്ന് കരകയറിയില്ല. ഉപുൽ തരംഗ (36), ധനഞ്ജയ ഡിസിൽവ (23) കുശാൽ പെരേര (17), ആഞ്ചലൊ മാത്യൂസ് (22), ശെഹാൻ ജയസൂര്യ (14) എന്നിവരെല്ലാം ക്രീസിൽ ഒരുപാട് സമയം ചെലവിട്ടെങ്കിലും ആർക്കും ടീമിനെ കരകയറ്റാനായില്ല.