സുഹൈർ അമീൻ ഫത്താനി തേനീച്ചകളുടെ സ്വന്തം തോഴനാണ്. തേനീച്ചകളെ ആകർഷിക്കാനും ശരീരത്തിൽ കുടിയിരുത്താനുമുള്ള പ്രത്യേക കഴിവുണ്ട് സുഹൈറിന്. ഈ കഴിവുപയോഗിച്ച് ഒരു ലോക റെക്കോർഡിട്ടാലോ എന്ന മോഹമാണ് അദ്ദേഹത്തെ ഒരു ഗിന്നസ് ശ്രമത്തിനു പ്രേരിപ്പിച്ചത്. നിലവിൽ 63.7 കിലോഗ്രാം തൂക്കത്തിൽ തേനീച്ചകളെ ശരീരത്തിൽ കുടിയിരുത്തിയതാണ് ലോക റെക്കോർഡ്. ഇതു തകർക്കാനായിരുന്നു സുഹൈറിന്റെ ശ്രമം. ഒരു മണിക്കൂർ 20 മിനിറ്റ് നേരം നീണ്ട ശ്രമത്തിനിടെ സുഹൈർ 49 കിലോ, അതായത് 3.43 ലക്ഷത്തോളം തേനീച്ചകളെ ശരീരത്തിലേക്ക് ആകർഷിച്ചെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ശ്രമം പൂർത്തിയാക്കാനായില്ല. തബൂക്കിലായിരുന്നു സുഹൈറിന്റെ ലോക റെക്കോർഡ് ശ്രമം. ആദ്യ തവണ പൂർത്തിയാക്കാനായില്ലെങ്കിലും പുതിയ റെക്കോർഡിടുമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. പിന്മാറില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
തബൂക്കിലെ ഒരു പ്രദേശത്തുനിന്നാണ് തേനീച്ചകളെ ശേഖരിച്ചത്. ഗിന്നസ് അധികൃതരെ അറിയിച്ച് പരീക്ഷണം തുടങ്ങിയെങ്കിലും ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അസുഖം കാരണം മുഴുമിപ്പിക്കാനായില്ല, പരീക്ഷണം മാറ്റിെവച്ച് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് തേനീച്ചകളെ ശരീരത്തിലിരുത്തുന്നത് പ്രയാസമേറിയ കാര്യമാണ്. തേനിച്ചകളുടെ കുത്തേൽക്കേണ്ടി വരും. നൂറുകണക്കിന് കുത്താണ് പരീക്ഷണത്തിനിടെ തനിക്കേറ്റതെന്ന് സുഹൈർ പറയുന്നു. എന്നാൽ എത്ര കുത്തേറ്റാലും അതു താങ്ങാനുള്ള ശേഷി തന്റെ ശീരരത്തിനുണ്ടെന്നാണ് തേനീച്ച വളർത്തുകാരൻ കൂടിയായ സുഹൈർ പറയുന്നത്.
100 കിലോ തേനീച്ചകളെ ശരീരത്തിൽ വഹിച്ച് പുതിയ റെക്കോർഡ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. തേനീച്ചകളുടെ സ്പർശനം അത്രമേൽ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. 1,500 കൂടുകളിലായി നാടൻ തേനീച്ചകളെ സുഹൈർ വളർത്തുന്നുണ്ട്. തബൂക്ക്മേഖലയിൽനിന്നാണ് വിവിധയിനം നാടൻ തേനീച്ചകളെ ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഗിന്നസ് റെക്കോർഡ് ശ്രമം വീണ്ടും നടത്തും. തബൂക്കിൽ അനുയോജ്യമായ സാഹചര്യമുണ്ട്. ഇത്തവണ പ്രതികൂലമായി ബാധിച്ചത് ഉയർന്ന താപനിലയാണ്. ചൂട് കാരണം റാണി തന്റെ ശരീരത്തിലിരിക്കാതെ പാറിപ്പോയി. ഇതോടെ മറ്റു തേനീച്ചകളും പോയെന്നും അദ്ദേഹം പറഞ്ഞു.






