എനിക്കറിയാത്ത, അല്ലെങ്കിൽ ഞാനിതുവരെ തേടിയിട്ടില്ലാത്ത ചില കാരണങ്ങളാൽ ഓർമ്മവെച്ചക്കാലം മുതലേ കണക്കെനിക്ക് ഇഷ്ടമേയല്ലായിരുന്നു. കണക്കുപുലികൾക്കിടയിലെ വാസമാകും ഈ വെറുപ്പ് രൂപപ്പെടാൻ കാരണം.
ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണ് എന്ന് വിശ്വസിച്ചിരുന്ന സ്ഫടികത്തിലെ ചാക്കോമാഷെപ്പോലെയായിരുന്നു ഉമ്മ. എന്ത് പഠിച്ചില്ലെങ്കിലും കണക്കിൽ മുഴുവൻ മാർക്കും നേടണമെന്ന് നിർബന്ധം. കണക്കു പരീക്ഷയുടെ രണ്ടുദിനം മുമ്പേ അടി, പിച്ച്, തുടങ്ങിയ കലാപരിപാടികൾ തുടങ്ങും. എന്നിട്ടും ഞാൻ കണക്കു പഠിച്ചില്ല എന്ന് മാത്രമല്ല കണക്ക് എന്ന് കേട്ടാലേ കലിയിളകാനും തുടങ്ങി. അക്കാലത്താണ് പഠനം മെച്ചപ്പെടുത്താൻ വേണ്ടി കോൺവെന്റ് സ്കൂളിലേക്ക് മാറ്റുന്നത്. അതുവരെ ഗ്രാമത്തിലെ ടാഗോർ സ്കൂളിലാണ് പഠിച്ചിരുന്നത്. അതൊരു വ്യത്യസ്ത ലോകമായിരുന്നു. ഒന്നു മുതൽ നാലുവരെ അൻപതോളം കുട്ടികളും നാല് അധ്യാപകരും പിന്നെ സഹായിയായി ഒരുസ്ത്രീയും. ടോയ്ലറ്റില്ല, വെള്ളമില്ല. അല്ലെങ്കിലും അതെല്ലാം ആർഭാടമല്ലേ. മഴപെയ്താൽ വെള്ളം കൃത്യമായി ക്ലാസ് മുറികളിൽ വീഴുന്ന, ഒടിഞ്ഞു തൂങ്ങിയ കാലുകളുള്ള ബെഞ്ചും തെളിയാത്ത ബോർഡും. ഇല്ലായ്മയുടെ ഇത്തിരിവെട്ടത്തിൽ സ്നേഹത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച അധ്യാപകരും ഉള്ള പ്രിയമിടം ആയിരുന്നത്.തറവാട്ടുവക സ്കൂൾ നിർത്തലാക്കിയതിൽ പിന്നെ കുടുംബത്തിലെ എല്ലാവരും ഹരിശ്രീ കുറിച്ചത് അവിടെയായിരുന്നു എന്ന കാരണത്താൽ മാത്രമാണ് മകളെ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ പഠിപ്പിക്കുക എന്ന ഉമ്മയുടെ മോഹം തട്ടിതെറിപ്പിച്ചു എന്നെ ടാഗോർ സ്കൂളിൽ ചേർത്തത്. മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവ് എന്ന് പറഞ്ഞത് പോലെ ഞാനവിടെ തകർത്തു നാല് വർഷം. തീരെ ഇഷ്ടമുണ്ടായിരുന്നില്ല അവിടം വിടാൻ. എങ്കിലും വേറെ വഴിയുണ്ടായിരുന്നില്ല.
അന്നൊക്കെ പരിചയക്കാർ ഒട്ടൊരു അത്ഭുതത്തോടെ' മോളെ മൊട്ടച്ചോള്ടെ(കന്യാസ്ത്രീകളുടെ) സ്കൂളിൽ ചേർത്തൂലേ...? ' എന്ന് ചോദിക്കുമ്പോൾ അഭിമാനത്തോടെ ഉമ്മയുടെ മുഖം വിടരുമായിരുന്നു.
അതൊരു പറിച്ചുനടലായിരുന്നു. ശീലിച്ച ജീവിതരീതികളിൽനിന്നും മനുഷ്യരിൽനിന്നുമെല്ലാം മാറി പുതിയൊരു ലോകവും രീതികളും നിറഞ്ഞൊരു സ്കൂൾ. ഒരു ക്ലാസ്സിൽ തന്നെ എഴുപത്തിയഞ്ചിലെറെ കുട്ടികൾ. വലിയ കെട്ടിടങ്ങളും നോക്കെത്താദൂരത്തോളം പരന്നുക്കിടക്കുന്ന പറമ്പും. ഒന്നു ചിരിച്ചാൽ എന്തോ നഷ്ടമാണെന്ന് കരുതുന്ന കന്യാസ്ത്രീകളും നിറഞ്ഞ ലോകം. എനിക്കിവിടെ ഇഷ്ടമല്ല തിരികെക്കൊണ്ടുപോ എന്ന് പറയണമെന്ന് ആഗ്രഹിച്ചതാണ്. പറഞ്ഞില്ല. പുതിയ കൂട്ടുകാർ, അധ്യാപകർ, പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി , ചില്ലലമാരകളിൽ അസ്ഥിക്കൂടമുള്ള ലാബ്, ഇരുട്ടുറങ്ങുന്ന കോണിച്ചുവടുകളും ഇടനാഴികളും. അങ്ങിനെ പുതിയ ലോകം. പതിയെ ഞാനാ ലോകവുമായി ഇണങ്ങിച്ചേരാൻ തുടങ്ങി. മറ്റെല്ലാ വിഷയങ്ങളും എന്നോട് സൗഹൃദം സ്ഥാപിച്ചപ്പോഴും കണക്ക് മാത്രം ഉടക്കി നിന്നു.
ബാക്കിയുള്ള വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് കിട്ടുമ്പോളും കണക്കിൽ തോൽക്കുകയോ, അഥവാ ജയിക്കുകയാണെങ്കിൽ അൻപതിൽ പത്തൊൻപതു മാർക്ക് എന്ന ശീലം അവിടെയും തെറ്റിച്ചില്ല. എല്ലാ പ്രാവശ്യവും പരീക്ഷകൾ കഴിഞ്ഞു ഉത്തരക്കടലാസുമായി വീട്ടിൽ എത്തുമ്പോൾ ഉമ്മ ആദ്യം ചോദിക്കുക കണക്കിന്റെ മാർക്കാണ്. മനോഹരമായ മാർക്ക് കാണുമ്പോൾ ഇരച്ചു കയറുന്ന ദേഷ്യം തുടകളിൽ പാടുകൾ വീഴ്ത്തും. മുറ്റത്തെ ലാങ്കിലാങ്കി മരത്തിന്റെ ചില്ലകൾ വെച്ചാണ് അടി.
അതിനു ചൂരലിനേക്കാൾ വേദനയാണ്. തിണിർത്തു കിടക്കുന്ന വടുക്കളിൽ ഊതി ഊതി ഉറങ്ങാൻ കിടക്കുമ്പോൾ കണക്കിനെ കൂടുതൽ വെറുക്കുകയും ഒപ്പം എന്നെ വേദനിപ്പിക്കുന്ന ആ മരം ഉണങ്ങിപ്പോകണേയെന്നും പ്രാർത്ഥിച്ചിരുന്നു. മരത്തിൽ തുരുമ്പുള്ള ആണി തറച്ചുവെച്ചാൽ ഉണങ്ങിപ്പോകുമെന്നു കൂട്ടുകാരി പറഞ്ഞത് കേട്ട് അഞ്ചാറുആണികൾ തലങ്ങും വിലങ്ങും അടിച്ചു വെച്ചു. മരം ഉണങ്ങിയില്ല എന്ന് മാത്രമല്ല അടിതരാൻ മാത്രമായി തഴച്ചു വളർന്നു നിറയെ പൂക്കളുമായി പരിമളം പൊഴിച്ചു നിന്നു.
സഹോദരങ്ങളെല്ലാം കണക്കിൽ മിടുക്കരായിരുന്നിട്ടും ഞാൻ മാത്രമെന്തേ ഇങ്ങിനെയായി എന്ന ചിന്ത ഉമ്മയെ കുറച്ചൊന്നുമല്ല ആധി പിടിപ്പിച്ചത്. പത്താം ക്ലാസ്സ് ആയപ്പോൾ സ്കൂളിലെ എല്ലാ കുട്ടികളുടെയും പേടി സ്വപ്നമായ മദറിന്റെ ക്ലാസ്സിൽ എന്നെ നന്നാക്കുന്നതിന്റെ ഭാഗമായി ഉമ്മ പ്രത്യേകം പറഞ്ഞിരുത്തി. കണക്കധ്യാപിക റോസി ടീച്ചർ വിദ്യാർഥികൾ പഠിക്കണം എന്ന കാര്യത്തിൽ നിർബന്ധബുദ്ധി ഇല്ലാത്ത ആളായിരുന്നു.
ടീച്ചർ ഇന്ന് ഈ സാരിയിൽ സുന്ദരിയായിരിക്കുന്നു എന്ന് കൂടി പറഞ്ഞാൽ ഒരാഴ്ച ഹോം വർക്ക് ചെയ്തില്ലെങ്കിലും ക്ലാസിൽ ഇരിക്കാം. ഇത്തരം തുറുപ്പുചീട്ടുകൾ പയറ്റുന്നതിൽ അതിവിദഗ്ധയായതുകൊണ്ട് ടീച്ചറെ സോപ്പിട്ട് കുപ്പിയിലാക്കി സുഖമായി ജീവിച്ചു പോകുന്നതിനിടയ്ക്കാണ് മദർ ക്ലാസ് ടീച്ചർ ആകുന്നത്.
പഠനത്തിലെ കണിശതയിൽ ഒരു വിട്ടുവീഴ്ചക്കും മദർ തയ്യാറായിരുന്നില്ല. ഞാനാകട്ടെ സ്വപ്നലോകത്ത് പാറിപ്പറക്കുകയാണ്. പലപ്പോഴും ക്ലാസ്സുകളിൽ ഇരുന്നു ഉറക്കം തൂങ്ങി ചോക്കുകൊണ്ടുള്ള ഏറു കിട്ടി. പാതി ഉറക്കത്തിൽ, ഉണർവിൽ എന്തൊക്കെയോ ഞാൻ കേട്ടു. കണ്ണുതുറന്നിരുന്നു കൊണ്ട് മീനിനെപ്പോലെ ഉറങ്ങാൻ അതിനിടയിൽ ഞാൻ പരിശീലനം നേടി. പലപ്പോഴും ടെക്സ്റ്റ് ബുക്കിനുള്ളിൽ കഥാപുസ്തകം ഒളിപ്പിച്ചു വായിച്ചു രസിച്ചു. കണക്കിൽ മാർക്ക് കുറയുന്നതുകൊണ്ട് ടോട്ടൽ മാർക്ക് വരുമ്പോൾ ഞാൻ പുറകിൽ ആയിപ്പോകാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസ് കഴിഞ്ഞു വൈകുന്നേരം എനിക്ക് മാത്രമായി മദർ കണക്ക് ക്ലാസുകൾ വെച്ചു.
ഒരു രക്ഷയും ഇല്ലാത്ത ശിക്ഷാരീതികൾ. ചോദ്യപേപ്പർ ആവർത്തി ച്ചു ചെയ്തു പഠിക്കൽ, ഏതു ഉറക്കത്തിൽ ചോദിച്ചാലും പറയാൻ കഴിയത്തക്കവിധത്തിൽ സൂത്രവാക്യങ്ങൾ മനപ്പാഠമാക്കൽ. അങ്ങിനെയുള്ള കലാപരിപാടികൾ വെച്ചു കണക്കിൽ എന്നെയൊരു സംഭവം ആക്കാൻ മദർ പ്രയത്നിച്ചുകൊണ്ടേയിരുന്നു. രാവും പകലും കണക്കു തന്നെ കണക്ക്.
അരക്കൊല്ല പരീക്ഷ വന്നെത്തി. എല്ലാം പഠിച്ചു കഴിഞ്ഞതാണ് . ഓരോ കണക്കും ചെയ്യേണ്ട വിധവും സൂത്രവാക്യവുമെല്ലാം കാണാപാഠമാണ്. പക്ഷെ ഉത്തരമെഴുതാൻ കഴിയുന്നില്ല. ആകെ ഒരു പുകമയം. അക്കങ്ങൾ, ചിഹ്നങ്ങൾ, എല്ലാം കൺമുന്നിൽ നൃത്തം ചെയ്യുന്നത് പോലെ. എന്തൊെക്കയോ എഴുതിയെന്നു വരുത്തി എണീറ്റു.ഉത്തരപേപ്പറുകൾ പത്താം ക്ലാസ്സിൽ കുട്ടികളുടെ കയ്യിൽ തരില്ല. മാർക്ക് എഴുതിയ പ്രോഗ്രസ് കാർഡ് വീട്ടിലേക്കു തന്നു വിടും. പിറ്റേന്ന് മാതാപിതാക്കളിൽ ആരെങ്കിലും ഒരാളുമായി വന്നു പേപ്പറുകൾ കൈപ്പറ്റണം.
പ്രോഗ്രസ്സുമായി മദർ വന്നത് ഗൗരവത്തിലാണ്. സ്വതവേ ചിരിക്കാത്ത മുഖം ഒന്നുകൂടി വീർപ്പിച്ചു കയ്യിലുള്ള റിസൾട്ട് മേശമേൽ വെച്ചു. ക്ലാസ്സിന്റെ നടുവിലേക്ക് നീങ്ങി ഒരു കഥ പറഞ്ഞു.
'ഒരു കുട്ടയിൽ എഴുപത്തിഅഞ്ചു മാമ്പഴം ഉണ്ട്. അതിലൊന്ന് ചീഞ്ഞതാണ്. അത് ആ കുട്ടയിൽ തന്നെ ഇരുന്നാൽ ബാക്കിയുള്ള എല്ലാ മാമ്പഴത്തിനും കേടുവരും. അതിനാൽ ഞാനതിനെ പുറത്തുകളയാൻ തിരുമാനിച്ചു'.
എല്ലാവരും ശ്വാസം പിടിച്ചിരുന്നു കേൾക്കുകയാണ്. സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
'ആമീ... നീ എഴുന്നേൽക്കൂ...' മദർ പറഞ്ഞു.
ഇതൊക്കെ മുൻകൂട്ടി അറിയാവുന്നതിനാൽ യാതൊരു ഭാവഭേദവും ഇല്ലാതെ ഞാൻ എണീറ്റു.
'നീയാണ് ആ മാമ്പഴം. പലതവണ നിന്നെ നന്നാക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ രക്ഷയില്ല. നന്നാകില്ല എന്ന് നിനക്ക് വാശിയാണ്. അതല്ലേ കണക്കിലെ നിന്റെ കുട്ടയിൽ ചുമക്കാനുള്ള മാർക്ക് കാണിക്കുന്നത്. ബാക്കിയുള്ള വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് വാങ്ങാമെങ്കിൽ കണക്കിൽ വേണ്ടെന്നു വെച്ചിട്ടാണ്. ഗ്രൗണ്ടിൽനിന്നും കുറച്ചു മാവിലകളും ഈർക്കിലും എടുത്തു വരൂ . '
മദറിന്റെ പദ്ധതിയെക്കുറിച്ച് യാതൊരു രൂപവും എനിക്ക് ലഭിച്ചില്ല. എങ്കിലും ഒന്നും മിണ്ടാതെ ഞാൻ മാവിലയും ഈർക്കിലും എടുത്തു വന്നു. എന്നെക്കാൾ പുറകിലായ ഒരുപാട് കുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരുന്നിട്ടും എന്നെ മാത്രം ചീഞ്ഞ മാമ്പഴമാക്കിയതിന്റെ യുക്തി എനിക്ക് പിടികിട്ടിയില്ല.
ആ ഇലകളും ഈർക്കിലും വെച്ചു മദർ ഒരു തൊപ്പിയുണ്ടാക്കി. അതെന്റെ തലയിൽ വെച്ചു ക്ലാസ്സിന്റെ നടുവിൽ നിർത്തി. ചിരിയാണ് വന്നത്. എങ്കിലും ഞാനത് നിയന്ത്രിച്ചു. തൊപ്പിയും തലയിൽ വെച്ചു ഗ്രൗണ്ടിൽ ഒരു റൗണ്ട് നടന്നു വരാൻ മദർ ആവശ്യപ്പെട്ടു.
ക്ലാസ്സിൽ ഉള്ള കുട്ടികൾ എല്ലാവരും വെളിയിൽ ഇറങ്ങി നിന്നു , കൂടെ മദറും. ഒരു അനിഷ്ടവും കാണിക്കാതെ നടന്നുതുടങ്ങി. മദറിന്റെ ശിക്ഷ എന്നെ ആകെ തകർത്തു കളയുമെന്നും ഞാൻ കരയുമെന്നും അവരൊക്കെ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. പക്ഷെ ആ സ്കൂൾ എൻെറ സാമ്രാജ്യം ആണെന്നും ഞാനതിലെ രാജകുമാരിയാണെന്നും ആ നിമിഷത്തിൽ ഞാൻ ചിന്തിച്ചു.
അതുകൊണ്ടുതന്നെ ഓരോ കാലടിവെപ്പും ആസ്വദിച്ചുകൊണ്ട് തലയുയർത്തിപ്പിടിച്ചുകൊണ്ടുതന്നെ നടന്നു. മറ്റുള്ള ക്ലാസ്സുകളിലെയും കുട്ടികളും അധ്യാപകരും ഈ കാഴ്ച കണ്ടു എത്തിനോക്കി. അതെന്നെ കൂടുതൽ ഹരം പിടിപ്പിച്ചു .
നടത്തം പൂർത്തിയാക്കി മദറിന്റെ അടുത്ത് തിരിച്ചെത്തുമ്പോഴും എത്ര ഒളിപ്പിച്ചിട്ടും ഒരു പുഞ്ചിരി ചുണ്ടിൽ ഊറി നിന്നിരുന്നു. അതുകൂടി കണ്ടെത്തിയപ്പോൾ കൂടുതൽ ദേഷ്യം വന്നു മദറിന് .
'ചിലർക്കൊക്കെ ശിക്ഷ കൊടുക്കാൻ പാളതൊപ്പി നൽകിയാലും അതേതോ കിരീടമെന്നമട്ടിൽ അഭിമാനിക്കാൻ അറിയാം. അത്തരക്കാരെ നന്നാക്കാൻ ഈ ജന്മം ആർക്കും കഴിയില്ല. കണക്കു പഠിക്കാതെ എന്ത് ചെയ്യാനാണ് നിന്റെ ഭാവം? കണക്കില്ലാതെ ജീവിക്കാൻ കഴിയുമെന്ന് നീ കരുതുന്നുവോ? നീയൊരു വിഡ്ഢി പെൺകുട്ടിയാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയാത്ത വിഡ്ഢിക്കുട്ടി'
അന്ന് ഉച്ചവരെ പുറത്തെ വരാന്തയിൽ മുട്ടുകുത്തി ആ തൊപ്പി വെച്ചു എന്നെ നിർത്തി. അകത്തു ക്ലാസ്സ് നടക്കുന്ന ഒച്ച കേൾക്കാം. പക്ഷെ എന്റെ മനസ്സിൽ അതൊന്നും കയറുന്നേ ഉണ്ടായിരുന്നില്ല. ഒരു ചോദ്യം മാത്രം ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, 'കണക്കറിയാത്ത കുട്ടികൾ വിഡ്ഢികളാണോ?'. ഉച്ച ഭക്ഷണത്തിന് ബെൽ അടിച്ചപ്പോൾ സ്റ്റാഫ് റൂമിലേക്ക് എന്നെ വിളിപ്പിച്ചു.അവിടെ പല വിഷയങ്ങൾ പഠിപ്പിക്കുന്ന പന്ത്രണ്ടു ടീച്ചർമാരും ഉണ്ടായിരുന്നു. കണക്ക് പഠിക്കുന്നില്ല എന്നതിനു കാരണമായി എല്ലാവരും കണ്ടെത്തിയത് ഞാനൊരു സ്വപ്നജീവി ആണെന്നതാണ് . അവരുടെ ഉപദേശങ്ങളിൽ നിന്നും കണക്കു പഠിക്കുന്നില്ല എന്നതിനേക്കാൾ പ്രശ്നമാണ് ബാക്കിയുള്ള വിഷയങ്ങൾ പഠിക്കുന്നത് എന്നുപോലും തോന്നി. കണക്കുപോലെ ബാക്കിയുള്ളതും പഠിക്കാതിരുന്നാൽ ഈ ചോദ്യം ചെയ്യലും ശിക്ഷയും ഉണ്ടാകില്ലെന്ന് ബോധ്യമായി . ബാക്കി എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഞാനും മദറും തനിച്ചായി.
ആമീ ... നിനക്കെന്തിന്റെ കുറവാണ്?
എന്താണു നിന്റെ പ്രശ്നം?
ഞങ്ങൾ എല്ലാവരും നിന്നെ സഹായിക്കാൻ തയ്യാറാണ്. അത്രക്കും പ്രതീക്ഷയുണ്ട് നിന്നിൽ. നിന്റെ അമ്മയുടെയും അച്ഛന്റെയും പ്രതീക്ഷകൾ നിനക്ക് മനസ്സിലാകുന്നില്ലേ? അവരെന്തുമാത്രം ബുദ്ധിമുട്ടിയാണ് നിന്നെ യാതൊരു കുറവുകളും അറിയിക്കാതെ വളർത്തുന്നത്. മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്ന അച്ഛനെയാണ് നീ അപമാനിക്കുന്നത്. ഞാൻ നിനക്ക് വേണ്ടി ചെയ്യുന്നത് ഒന്നും കണക്കാക്കേണ്ട. പക്ഷെ നിന്റെ മാതാപിതാക്കളോട് എങ്കിലും ആത്മാർത്ഥത ഉണ്ടായിരിക്കണം. എന്തേ കുട്ടീ നീയിങ്ങനെ? '
എന്നെ മുറുക്കിചേർത്തുപ്പിടിച്ചു കൊണ്ട് അതുപറയുമ്പോൾ മദറിന്റെ സ്വരമൊന്ന് ഇടറി. കണ്ണുകൾ നിറഞ്ഞു. അപ്പോൾ മാത്രം ആദ്യമായി എനിക്ക് കുറ്റബോധം തോന്നി. മദറിനോട് ചേർന്നു നിൽക്കുമ്പോൾ ഞാൻ കരയാൻ തുടങ്ങിയിരുന്നു. തേങ്ങലിന് ഇടയിലും ഞാൻ പിറുപിറുത്തു. എനിക്ക് കണക്കു പഠിക്കേണ്ട. എനിക്കത് ഇഷ്ടല്യാ... രണ്ടാളും പിന്നെയൊന്നും പറഞ്ഞില്ല. വാത്സല്യത്തോടെ അവരെന്റെ മുടിയിൽ തലോടുക മാത്രം ചെയ്തു കൊണ്ടിരുന്നു. വര: ഷമീം ആർട്






