സംസ്ഥാനത്ത് ദിനംപ്രതി എന്നോണമാണ് നെറികെട്ട കാമപ്പേക്കൂത്തുകളുടെ വിവരങ്ങൾ ലഭ്യമാകുന്നത്. സെപ്റ്റംബർ ഏഴിന് മലപ്പുറം പരപ്പനങ്ങാടിയിൽ 16-കാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത് സ്വന്തം പിതാവിനെ തന്നെയാണ്. സ്വന്തം മകളെ വർഷങ്ങളായി ഇയാൾ ലൈംഗിക ചൂഷണം നടത്തി വരികയായിരുന്നു.
ലൈംഗിക പീഡനത്തിന് ആത്മീയതയുടെ മറ
കേരളത്തിന്റെ പൊതു വ്യക്തിത്വം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഏത് മതവിഭാഗത്തിലെ പുരോഹിതർക്കും ബഹുമാനവും ആദരവും സമൂഹം നൽകിയിരുന്നു. അതത് സമുദായത്തിനോ, പൊതുസമൂഹത്തിനോ ഇവർ നൽകുന്ന നന്മയും വിശ്വാസവും സേവനങ്ങളുമൊക്കെയായിരുന്നു ഇതിനുള്ള നിദാനം. അഭിനവ സിദ്ധന്മാരും ബീവിമാരും ളോഹ ധാരികളും കന്യാസ്ത്രീ വേഷമണിഞ്ഞവരും കാവിയിൽ പൊതിഞ്ഞ കള്ള സ്വാമിമാരുമൊക്കെ പുരോഹിത വേഷം കെട്ടിയാടി ദുർനടത്തക്കാരായതോടെ പുരോഹിത വിഭാഗം പൊതുസമൂഹത്തിന് മുന്നിൽ തീർത്തും വിലകെട്ടവരായി മാറുകയാണ്. ആത്മീയത എന്നത് പല തരത്തിലുള്ള ചൂഷണങ്ങൾക്കുമുള്ള വിളനിലമായി മാറുകയും സ്ത്രീകൾ പുരോഹിതൻമാരുമായി നേരിട്ടിടപഴകാൻ സാഹചര്യമൊരുങ്ങുന്നതോടെ പിന്നീടത് ലൈംഗിക ചൂഷണത്തിനും അവിഹിത ഗർഭത്തിനുമൊക്കെ നിമിത്തമായി മാറുകയും ചെയ്യുന്നു. അടുത്തിടെ തിരുവനന്തപുരത്തെ ഒരു യുവതി തന്റെ ആധ്യാത്മിക ഗുരുവായ സ്വാമിജിയുടെ ലിംഗം ഛേദിച്ച വാർത്ത വൻ കോലാഹലം സൃഷ്ടിച്ചിരുന്നു. തന്റെയടുക്കൽ ആധ്യാത്മിക ചികിത്സ തേടിയെത്തിയ യുവതിയെ ഗർഭിണിയാക്കിയ തിരുവനന്തപുരത്തെ അറിയപ്പെടുന്ന പ്രശസ്ത ഇമാമിനെ യുവതിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്ത സംഭവം അരങ്ങേറിയതും അടുത്ത കാലത്ത് തന്നെയാണ്. പുറത്തറിയുന്ന കാര്യങ്ങൾ ആയിരത്തിലൊന്ന് മാത്രമാണ്. മാനക്കേട് ഭയന്നും, വിശ്വാസത്തിന്റെ പേരിലുള്ള ഭീക്ഷണിക്ക് വഴങ്ങിയും, പണം കൈപ്പറ്റിയുമൊക്കെ ഒട്ടുമിക്ക സംഭവങ്ങളും പുറത്തറിയാതെ പോകുന്നു.
ലൈംഗിക ചൂഷണത്തിലൂടെ അവിഹിത ഗർഭം ധരിക്കുന്നവരിൽ ഒരു പങ്ക് ഗർഭഛിദ്രത്തിന് വിധേയമാകുമ്പോൾ, മറ്റൊരു വിഭാഗം സ്വകാര്യ ആശുപത്രികളിലായി രഹസ്യ പ്രസവം നടത്തുന്നു. എന്നാൽ ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പിന്നീടെന്താണ് സംഭവിക്കുന്നത് എന്ന കാര്യം ചോദ്യചിഹ്നമായി മാറുകയാണ്. ഈ കുട്ടികളെല്ലാം എവിടേക്ക് പോകുന്നു എന്നതിനും ഉത്തരമില്ല. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന പട്ടണങ്ങളിലെ ചില സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളെ ഏജന്റുമാർ വഴി രഹസ്യമായി കൈമാറ്റം ചെയ്യുന്ന ഏർപ്പാട് നിലനിൽക്കുന്നുണ്ട്. മുഖ്യമായും അനാഥശാലകളിലേക്കെന്ന നിലയിലേക്കാണ് ഇത്തരം കുട്ടികളെ കൈമാറുക. അവിഹിത ഗർഭത്തിലൂടെ പിറക്കുന്ന കുട്ടികളെ തേടി പിന്നീടൊരിക്കലും അമ്മമാരെത്തില്ല എന്നത് ഇത്തരം ഇടപാടിനുള്ള സൗകര്യവും വർധിപ്പിക്കുന്നു. പ്രസവം സംബന്ധിച്ച് ആശുപത്രി രേഖകളിൽ ഒന്നും തന്നെ രേഖപ്പെടുത്തുകയുമില്ല. ഇത്തരത്തിലുള്ള അനധികൃത അഡോപ്ഷൻ സെന്ററുകൾ വർധിത ലാഭമുള്ള വ്യാപാര കേന്ദ്രങ്ങളാണ്. കുഞ്ഞുങ്ങളെ ദത്തു കൊടുക്കുകയോ വിൽക്കുകയോ ചെയ്യുന്നത് വഴി ലക്ഷങ്ങളാണ് മറിയുന്നത്.
ആത്മീയതയിലെ പീഡന വൃത്താന്തം
കുപ്രസിദ്ധമായ 'അഭയ കേസിലൂടെ'യാണ് ക്രിസ്തീയ മഠങ്ങളിൽ നടക്കുന്ന ലൈംഗിക ചൂഷണ വൃത്താന്തങ്ങൾ നിരന്തരം പുറംലോകമറിയാൻ തുടങ്ങുന്നത്. അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പുതൃക്കയും പിടിക്കപ്പെട്ടു. അഭയാ കേസിന് മുമ്പും കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും, അഭയാ കേസോട് കൂടിയാണ് മഠങ്ങളിൽ അരങ്ങേറുന്ന ലൈംഗിക ചൂഷണങ്ങൾ സാമാന്യവത്കരിക്കപ്പെട്ട് നിരന്തരം പുറത്ത് വരാൻ തുടങ്ങിയത്. വിശ്വസിക്കാൻ കൊള്ളാവുന്ന പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും എണ്ണം ക്രിസ്തീയ സഭകളിൽ കുറഞ്ഞ് വരികയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ലൈംഗിക കുറ്റവാസനയുള്ള വൈദികർ നിർധന സാഹചര്യത്തിലുള്ള സ്ത്രീകളേയും കുട്ടികളേയുമാണ് മുഖ്യമായും ഇരകളാക്കുന്നത്.
തൃശൂർ സാൻജോസ് ഹോസ്റ്റലിൽ മരണപ്പെട്ട ജിസാമോൾ കേസിൽ സമ്മർദവുമായി സഭാ നേതൃത്വം ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. സിസ്റ്റർമാരായ ജോസ് മരിയ, അമല, ലിസ ജ്യോതിസ തുടങ്ങി പതിനെട്ടോളം കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങളിൽ ഏറ്റവും ഒടുവിലത്തേത് പത്തനാപുരം മൗണ്ട് തബോർ ദയറയിലെ കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ സൂസമ്മയാണ്. സെപ്റ്റംബർ ഒമ്പതിനാണ് അധ്യാപികയും കൊല്ലം സ്വദേശിനിയുമായ സൂസമ്മ (56)യുടെ ജഡം സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടത്. തൃശൂർ സെന്റ് പോൾസ് വികാരി ഫാദർ രാജു കൊക്കൻ 9 വയസ്സുള്ള കുട്ടിക്ക് ആദ്യ കുർബാനക്കുള്ള ഉടുപ്പ് നൽകി, കുട്ടിയുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് നഗ്ന ചിത്രമെടുക്കുകയും, പള്ളി മുറിയിൽ വെച്ച് പല തവണ കാമദാഹം തീർക്കുകയും ചെയ്തു. സംഭവം നാട്ടുകാരറിയാൻ ഇടയാവുകയും പരാതിയെ തുടർന്ന് അച്ചനെ പോലീസ് അകത്താക്കുകയും ചെയ്തു. പാലക്കാട് സെന്റ് സ്റ്റാനിസ്ലാവോസ് പള്ളിയിൽ വെച്ച് 17-കാരിയായ സോഫിയായെ ബലാൽസംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ ഫാ.മെൽക്യൂർ, ഫാ.ലോറൻസ് എന്നിവരും അറസ്റ്റിലായി. ആലപ്പുഴയിൽ സൺഡേ സ്‌കൂൾ വിദ്യാർഥിനി ശ്രേയ കൊല്ലപ്പെട്ട സംഭവം ഇന്നും ഒരു സമസ്യയായി തുടരുകയാണ്.
14-കാരിയെ പള്ളി മേടയിൽ വെച്ച് നിരവധി തവണ പീഡിപ്പിച്ച പുത്തൻവേലിക്കര ലൂർദ് മാതാ പള്ളി വികാരി ഫാ.എഡ്വിൻ ഫിഗറസും അകത്തായിരുന്നു. കണ്ണൂർ സെമിനാരിയിൽ വൈദിക വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണം നടത്തിയ ഫാ.ജയിംസ് എന്ന പുരോഹിതനും അറസ്റ്റിലായി. ബാല ലൈംഗിക പീഡനത്തിന്റെ പേരിൽ മുൻ വത്തിക്കാൻ അംബാസഡറും ആർച്ച് ബിഷപ്പുമായ ഫാ.ജോസഫ് നടപടി നേരിട്ടതായി നേരത്തെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഒരു മലയാളി വൈദികന്റെ നേതൃത്വത്തിൽ ഇറ്റലിയിൽ നടത്തിയിരുന്ന പഞ്ചനക്ഷത്ര വേശ്യാലയത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി ഓൺലൈൻ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ ആരേയും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു. കേരളത്തിൽ നിന്നുള്ള ചില കന്യാസ്ത്രീകളാണ് ഇവിടേക്ക് യുവതികളെ എത്തിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നതത്രേ. ഈയിടെ ജമ്മു കശ്മീരിൽ കത്‌വ ജില്ലയിൽ മലയാളിയായ പാസ്റ്റർ ആന്റണി തോമസ് എന്ന വൈദികൻ അനധികൃതമായി നടത്തിയിരുന്ന അനാഥാലയത്തിൽ റെയ്ഡ് നടത്തി എട്ട് പെൺകുട്ടികൾ ഉൾപ്പെടെ 19 കുട്ടികളെയാണ് പോലീസ് രക്ഷിച്ചത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചു മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്. കുട്ടികൾ നൽകിയ പരാതിയിലാണ് പോലീസ് നടപടിയുണ്ടായത്. പോക്‌സോ നിയമ പ്രകാരം പാസ്റ്റർ ആന്റണി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അശ്ലീല സി.ഡികളും പോലീസ് റെയ്ഡിൽ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പാസ്റ്റർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ പ്രവർത്തകർ ജമ്മുവിൽ പ്രകടനവും നടത്തിയിരുന്നു.

കൊട്ടിയൂരും ജലന്ധറും
നടപ്പുകാലത്ത് സംസ്ഥാനത്ത് ലൈവായി നിലകൊള്ളുന്ന ഫാദർ റോബിൻ മുഖ്യ പ്രതിയായ കുപ്രസിദ്ധമായ കൊട്ടിയൂർ പീഡനക്കേസിലും, ജലന്ധർ ബിഷപ്പിന്റെ പീഡനക്കേസിലും എന്തെല്ലാം മറിമായങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്? 16-കാരി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കി പെൺകുട്ടിയെ ഗർഭിണിയാക്കിയ കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ 10 ലക്ഷം രൂപയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് 'പാരിതോഷികമായി' നൽകിയത്. ഇരയുടെ ഗർഭത്തിനുത്തരവാദി പെൺകുട്ടിയുടെ സ്വന്തം പിതാവ് തന്നെയാണെന്ന് പറയുന്നതിന് വേണ്ടിയായിരുന്നു ഈ പാരിതോഷികം. വികാരിയുടെ നീച പ്രവൃത്തി, ഇരയുടെ സ്വന്തം പിതാവിന്റെ തലയിൽ കെട്ടിവെച്ച അതിക്രൂരമായ സംഭവം ഒരുപക്ഷേ, ലോകത്ത് തന്നെ ആദ്യമായിരുന്നിരിക്കണം.
ഇരകൾക്ക് വേണ്ടി നില കൊള്ളേണ്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയും, കന്യാസ്ത്രീകളും, ആശുപത്രി അധികൃതരുമൊക്കെ ഫാ.റോബിന് കൂട്ടു നിൽക്കുകയായിരുന്നു എന്നതും പൊള്ളുന്ന യാഥാർഥ്യം. കേസിന്റെ വിചാരണ വേളയിൽ പീഡനത്തിനിരയായി ഒരു കുഞ്ഞിനെ പ്രസവിച്ച ഇരയും, കേസിൽ മുഖ്യ സാക്ഷിയായ ഇരയുടെ മാതാവും കൂറുമാറി എന്നതും ഈ കേസിന്റെ പ്രത്യേകതയാണ്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്നാണ് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയത്. പ്രതിക്കെതിരെ തങ്ങൾക്ക് പരാതിയില്ലെന്നാണ് കുട്ടിയുടെ മാതാവിന്റെ മൊഴിയും. പെൺകുട്ടിയേയും മാതാവിനേയും കൂറു മാറിയവരായി കോടതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇവരുടെ മൊഴികൾ കേസിനെ പ്രതികൂലമായി ബാധിക്കും. ഫാ.റോബിന്റെ കുഞ്ഞിന് പകരം മറ്റേതെങ്കിലും കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനാ ഫലം ഇനി കോടതിയിൽ സമർപ്പിക്കുകയാവും അടുത്ത പടി.
കന്യാസ്ത്രീ ഉന്നയിച്ച ലൈംഗിക ചൂഷണ പരാതിയിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ കന്യാസ്ത്രീകൾ പ്രത്യക്ഷ സമരത്തിലാണിപ്പോൾ. സഭയും സർക്കാരും തങ്ങളെ കൈവിട്ടുവെന്നും, കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു വരുന്നതായും നീതി നിഷേധിക്കപ്പെട്ടതിനാൽ ഇരയോടൊപ്പം ഉറച്ച് നിൽക്കുന്നതായുമാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ പരിതപിക്കുന്നത്. ലൈംഗിക ചുവയോടെയുള്ള ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം പരാതി നൽകിയപ്പോൾ സഭയിൽ നിന്നും ബിഷപ്പിൽ നിന്നും കടുത്ത സമ്മർദമുണ്ടായതായും, ഇതിൽ മനം മടുത്ത് തിരുവസ്ത്രം ഉപേക്ഷിക്കാൻ നിർബന്ധിതരായെന്ന് മറ്റ് മൂന്ന് കന്യാസ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളിലേയും പ്രതികൾ പുരോഹിതരായതിനാൽ അവരെ ശിക്ഷിക്കുന്നതിന് സഹായകരമായ നിലപാട് കൈക്കൊണ്ടാൽ അത് തങ്ങളുടെ സഭയെ മൊത്തത്തിൽ അപമാനിക്കുന്നതിന് തുല്യമാകും എന്ന സമ്മർദത്തിനാലാണ് ഇത്തരം പുരോഹിതൻമാരെ നിയമത്തിന് മുന്നിലേക്കെത്തിക്കാൻ സഭ മടിക്കുന്ന കാരണവും. ഒരു കത്തോലിക്കാ വൈദികൻ ലൈംഗിക പീഡനക്കേസിലകപ്പെട്ട് ജയിൽവാസമനുഭവിക്കേണ്ടി വന്നാൽ അതിന്റെ നാണക്കേട് സഭക്ക് മൊത്തത്തിലുണ്ടാകുമെന്നും സഭ ഭയക്കുന്നു. പുരോഹിതൻമാരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരാക്കി പ്രതിഷ്ഠിക്കുന്ന സഭാ സങ്കൽപങ്ങൾക്ക് ഇളക്കം തട്ടാതിരിക്കാൻ വിശ്വാസികൾക്ക് മേൽ ചുമത്തുന്ന സമ്മർദങ്ങളെ മറികടക്കാൻ ക്രിസ്ത്യൻ സമൂഹത്തിന് കഴിയാതെ വരികയും ചെയ്യുന്നു എന്നതാണ് ഇത്തരം പീഡന വാർത്തകളിലൂടെ സമൂഹം വിലയിരുത്തപ്പെടുന്നത്. വരും കാലങ്ങളിൽ കുട്ടികളും സ്ത്രീകളും പുരോഹിതരിൽ നിന്ന് അകന്നു നിൽക്കണമെന്ന സന്ദേശമാണ് ഇത്തരം ക്രൂരമായ സംഭവങ്ങൾ നൽകുന്ന സന്ദേശവും.
പുരോഹിതൻമാരുടെ ലൈംഗിക പീഡനക്കേസുകൾ അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക പീഡനക്കേസുകളിൽ ആരോപണ വിധേയരായ പുരോഹിതരുടെ പട്ടിക വത്തിക്കാൻ പുറത്ത് വിടണമെന്നും, ഫെഡറൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇരകളെ പ്രതിനിധീകരിക്കുന്ന അമേരിക്കയിലെ എസ്.എൻ.എ.പി എന്ന സംഘടനയുടെ അഭിഭാഷക പമേല സ്പീസ് സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടത് ഈയിടെയാണ്. ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ച കർദിനാൾ തിയോഡർ മക്കാരിക്കിനെ സംരക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ ശ്രമിച്ചുവെന്ന് വത്തിക്കാനിലെ മുൻ പ്രതിനിധി സഭാംഗം ആർച്ച് ബിഷപ് കാർലോ മരിയ വിഗാനോയും ആരോപിച്ചിരുന്നു. ചില പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾ മറച്ചുവയ്ക്കാൻ ഫ്രാൻസിസ് മാർപാപ്പയും പോപ്പുമാരും ശ്രമിച്ചതായും കാർലോ മരിയ വിഗനോ ആരോപിച്ചിരുന്നു. പോപ്പിനെതിരെ മുൻ പ്രതിനിധി സഭാംഗം പരസ്യമായി രംഗത്ത് വന്നതോടെ ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടുണ്ട്. അതേസമയം, പുരോഹിതരുടെ ലൈംഗിക പീഡനക്കേസുകളിൽ ശക്തമായ നിലപാടെടുക്കുന്ന ഫ്രാൻസിസ് മാർപാപ്പ്‌ക്കെതിരെ യാഥാസ്ഥിതിക പുരോഹിത സംഘം നടത്തുന്ന ഗൂഢ നീക്കത്തിന്റെ ഭാഗമായാണ് ആരോപണമെന്നും പറയപ്പെടുന്നുണ്ട്.
കേരളത്തിന്റെ കാമപ്പേക്കൂത്ത്
2012 മുതൽ 2018 ഏപ്രിൽ വരെയുള്ള കണക്കുകളനുസരിച്ച് 9349 കുട്ടികളാണ് കേരളത്തിൽ പീഡിപ്പിക്കപ്പെട്ടത്. സംസ്ഥാന പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2012-ൽ 77 ബാലപീഡന കേസുകൾ മാത്രമാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നതെങ്കിൽ, 2013-ൽ അത് പന്ത്രണ്ടിരട്ടി വർധിച്ച് 1016 എണ്ണത്തിലെത്തി. 2014-ൽ 1472-ലേക്കുയർന്നു. 2015-ൽ 1,583 എണ്ണവും, 2016-ൽ 2122-ഉം ആയി കണക്കുകൾ ഉയർന്നു. 2017-ൽ 2697 എണ്ണം കുട്ടികൾ ലൈംഗിക ചൂഷണം ഉൾപ്പെടെ വിവിധ തരത്തിലുള്ള പീഡനത്തിനിരയായി എന്നതാണ് കണക്കുകളിൽ വ്യക്തമാക്കുന്നത്. പീഡനത്തിനിരയായവരിൽ 40 ശതമാനം പേർ ആൺകുട്ടികളാണ്. തലസ്ഥാനത്ത് നിന്നാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും.
സംസ്ഥാനത്ത് നടക്കുന്ന ബാലപീഡനങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടുന്നതിന്റെ 80 ശതമാനം കേസുകൾ മാത്രമാണ് കോടതിയിലെത്തുന്നതെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. പീഡന വിവരം പോലീസിൽ പരാതിപ്പെട്ടാൽ തന്നെ കേസ് കോടതിയിൽ എത്താതിരിക്കാനാണ് കൂടുതലായും ശ്രദ്ധ നൽകുന്നത്. പെൺകുട്ടികളാണ് പീഡനത്തിനിരയായതെങ്കിൽ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുത്തി കേസ് നടപടികളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാന പോലീസ് സേനയുടെ കഴിവിൽ ഗീർവാണം മുഴക്കുന്നവർ, അധികാരം നഷ്ടപ്പെട്ട് പ്രതിപക്ഷത്താകുമ്പോൾ പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന ഇടത്-വലത് മുന്നണികൾ ബാലപീഡനത്തിന്റെ കേസുകളുടെ എണ്ണത്തിലുണ്ടായ പെരുപ്പത്തെക്കുറിച്ച് ഒരുപോലെ ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്ന് തന്നെ പറയാം.
സംസ്ഥാനത്ത് ദിനംപ്രതി എന്നോണമാണ് നെറികെട്ട കാമപ്പേക്കൂത്തുകളുടെ വിവരങ്ങൾ ലഭ്യമാകുന്നത്. സെപ്റ്റംബർ ഏഴിന് മലപ്പുറം പരപ്പനങ്ങാടിയിൽ 16-കാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത് സ്വന്തം പിതാവിനെ തന്നെയാണ്. സ്വന്തം മകളെ വർഷങ്ങളായി ഇയാൾ ലൈംഗിക ചൂഷണം നടത്തി വരികയായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ഇടക്ക് ഗൾഫിൽ പോയ പിതാവ് നാട്ടിൽ വരുമ്പോൾ പോലും ലൈംഗിക ചൂഷണം ചെയ്തിരുന്നതായും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പീഡന വിവരം ഉൾപ്പെടെ രേഖപ്പെടുത്തിയ പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ യാദൃഛികമായി വായിക്കാൻ അവസരം കിട്ടിയ മദ്രസാ അധ്യാപകനും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനേയും മദ്രസാ അധ്യാപകനേയും പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.
രാജ്യത്ത് ഓരോ ആറ് മണിക്കൂറിലും ഒരാൾ വീതം ബലാൽസംഗത്തിനിരയാകുന്നുണ്ടെന്നാണ് ഈയടുത്ത് സുപ്രീം കേടതി നിരീക്ഷിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദൽഹി സംസ്ഥാന സമിതി പ്രസിഡന്റ് മൈമൂന മൊള്ള, ജനറൽ സെക്രട്ടറി ആശ ശർമ എന്നിവരുടെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ ഈയിടെ പ്രക്ഷോഭം നടത്തിയിരുന്നു. സുരക്ഷാ ബാരിക്കേഡുകളും മറ്റ് സന്നാഹങ്ങളും മറികടന്ന് പ്രധാന ഗേറ്റിലേക്ക് നിരവധി സ്ത്രീകളാണ് മാർച്ച് നടത്തിയത്.






