ഒന്നിനൊന്ന് തിളക്കമുള്ള മൂന്ന് വെള്ളി മെഡലുകളുമായാണ് കൊല്ലം സ്വദേശി മുഹമ്മദ് അനസ് ഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ അഭിമാനമായത്. ഏഷ്യൻ ഗെയിംസിൽ നിന്ന് തിരിച്ചെത്തിയിട്ടും അനസിന് വിശ്രമമില്ല. ദൽഹി ലോൺ ടെന്നിസ് അസോസിയേഷൻ ഗ്രൗണ്ടിൽ കോണ്ടിനന്റൽ കപ്പിനായി പരിശീലനത്തിലാണ് ഇരുപത്തിമൂന്നുകാരൻ. സാവധാനമാണെങ്കിലും അനസിന് രാജ്യം അറിഞ്ഞു തുടങ്ങി. പരിശീലനത്തിനിടെ ഒരാൾ സമീപിച്ച് അഭിനന്ദനമറിയിച്ചപ്പോൾ അനസ് നാണം കുണുങ്ങി.
400 മീറ്ററിലും 4-400 പുരുഷ റിലേയിലും 4-400 മിക്സഡ് റിലേയിലുമാണ് ആഫ്രിക്കക്കാർ അണിനിരന്ന ഗൾഫ് താരങ്ങളോട് മാത്രം അനസ് അടിയറവ് പറഞ്ഞത്. 400 മീറ്ററിൽ അനസിനെ തോൽപിച്ചത് ഖത്തറിന്റെ ആഫ്രിക്കൻ താരം അനസ് അബ്ദലെലയാണ്. ഒരു മാസം മുമ്പ് ചെക് റിപ്പബ്ലിക്കിൽ വെച്ച് അനസ് സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയിരുന്നു. കോമൺവെൽത്ത് ഗെയിംസിലൻ സെക്കന്റിന്റെ ഇരുനൂറിലൊരംശം വ്യത്യാസത്തിന് മെഡൽ നഷ്ടപ്പെട്ട നിരാശ അനസ് ഏഷ്യാഡിൽ തീർത്തു.
ഏഷ്യാഡിൽ 36 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ താരം വെള്ളി മെഡൽ നേടുന്നത്. 1982 ലെ ദൽഹി ഏഷ്യാഡിൽ മറ്റൊരു മലയാളി കെ.കെ പ്രേമചന്ദ്രനായിരുന്നു അവസാനം ഈ നേട്ടം കൈവരിച്ചത്.
മിക്സഡ് റിലേയിൽ എം.ആർ. പൂവമ്മ, ഹിമദാസ്, ആരോക്യ രാജീവ് എന്നിവർക്കൊപ്പമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബഹ്റൈനു പിറകിലായിരുന്നു ഇന്ത്യ. ബഹ്റൈനും അണിനിരത്തിയത് ആഫ്രിക്കൻ താരങ്ങളെയായിരുന്നു.
അനസിന്റെ ലക്ഷ്യം ടോക്കിയൊ ഒളിംപിക്സാണ്. അതിനായുള്ള തീവ്രപരിശീലനത്തിലാണ്. ഒന്നര വർഷമായി അനസ് കൊല്ലം നിലമേലിലെ വീട് സന്ദർശിച്ചിട്ട്. കുടുംബത്തെ വിട്ടുനിൽക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ അനസ് മെഡൽ വാരിക്കൂട്ടുന്നതറിയുമ്പോൾ കുടുംബം ആശ്വസിക്കുന്നു.






